ഒരു സഹസ്രാബ്ദത്തിലേറെ ചരിത്രകുതുകികളെയും സന്ദര്‍ശകരെയും വിസ്മരിപ്പിച്ചിരുന്ന ചരിത്ര സ്മാരകങ്ങളായിരുന്നു മധ്യ അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ താഴ് വരയില്‍ തലയുയര്‍ത്തി നിന്നിരുന്ന രണ്ട് ബുദ്ധപ്രതിമകള്‍. 175 അടി ഉയരത്തില്‍ ബാമിയാന്‍ മലഞ്ചരിവില്‍ കൊത്തിയുണ്ടാക്കിയ ബുദ്ധപ്രതിമകള്‍ താലിബാന്‍ മേധാവിയുടെ ഉത്തരവിനെ തുടര്‍ന്ന് 2001ല്‍ തകര്‍ക്കപ്പെട്ടത് ലോകം ഞെട്ടലോടെയാണ് കണ്ടത്. അമൂല്യങ്ങളായ ആ സ്മാരകങ്ങളുടെ നാശം മാനവരാശിയുടെ ആര്‍ജിത സംസ്കാരത്തെയും ചരിത്ര പുരോഗതിയെയും നിഷേധിക്കാനും ഭൂമുഖത്തുനിന്നും അവയുടെ അടയാളങ്ങള്‍പോലും തുടച്ചുനീക്കാനുമുള്ള പ്രതിലോമ മതതീവ്രവാദ ശക്തികള്‍ നടത്തിയ വിധ്വംസക പ്രവര്‍ത്തിയായാണ് ചരിത്രം വിലയിരുത്തുക. രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം ഇവിടെ ഇന്ത്യ അത്തരമൊരു വിധ്വംസക പ്രവര്‍ത്തനത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ടായി രാഷ്ട്രതലസ്ഥാനത്ത് എത്തുന്ന സന്ദര്‍ശകര്‍ ആദരവോടെ നോക്കിക്കണ്ടിരുന്നതും ലോകചരിത്രത്തില്‍ ഇന്ത്യന്‍ ധീരദേശാഭിമാനികളുടെ സാന്നിധ്യത്തെയും പങ്കിനെയും അടയാളപ്പെടുത്തിയിരുന്നതുമായ അമര്‍ജവാന്‍ ജ്യോതി മോഡി ഭരണകൂടത്തിന്റെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അണയ്ക്കപ്പെട്ടു. 2014ല്‍ നരേന്ദ്രമോഡി അധികാരത്തില്‍ വന്നതിനു ശേഷം ഒന്നാം ലോകമഹായുദ്ധ സ്മാരകമായി തലയുയര്‍ത്തി നില്ക്കുന്ന ഇന്ത്യാഗേറ്റിന് സമീപത്ത് നിര്‍മ്മിച്ച യുദ്ധസ്മാരകത്തിലെ നിതാന്ത ജ്വാലയിലേക്ക് അമര്‍ജവാന്‍ ജ്യോതി ലയിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഭരണകൂടവും ബിജെപി-സംഘപരിവാര്‍ വൃത്തങ്ങളും ന്യായീകരിക്കുന്നത്. രണ്ട് സ്മാരക ജ്യാേതികള്‍ പരിപാലിക്കാനുള്ള അസൗകര്യം കണക്കിലെടുത്താണ് നടപടിയെന്നും അവര്‍ പറയുന്നു.
ഇതുംകൂടി വായിക്കാം;വര്‍ഗീയ വിദ്വേഷത്തിന്റെ വിഷത്തൈ നടുന്നവര്‍
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രാജ്യരക്ഷയ്ക്കായി നടന്ന യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച മുഴുവന്‍ ജവാന്മാരുടെയും പേരുകള്‍ ആലേഖനം ചെയ്തതാണ് 2019ല്‍ പ്രധാനമന്ത്രി അനാവരണം ചെയ്ത ‘രാഷ്ട്രീയ സമര്‍ സ്മാരക്’ എന്ന ദേശീയ യുദ്ധ സ്മാരകം. അത് രാജ്യത്തിനുവേണ്ടി ജീവാര്‍പ്പണം നടത്തിയ വീരജവാന്മാര്‍ക്ക് ഉചിതമായ സ്മാരകം ആണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ 75 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ 50 വര്‍ഷക്കാലവും ഇന്ത്യന്‍ പൗരന്മാരെയും വിശിഷ്ട വ്യക്തികളടക്കം വിദേശികളായ സന്ദര്‍ശകരെയും ഒരുപോലെ ആകര്‍ഷിക്കുകയും അവര്‍ ആദരം അര്‍പ്പിച്ചു പോരുകയും ചെയ്ത ചരിത്ര സ്മാരകത്തെ ഒരു നിമിഷം കൊണ്ട് ചരിത്രത്തില്‍ നിന്നും നിഷ്കരുണം മായ്ച്ചുകളഞ്ഞത് തികഞ്ഞ രാഷ്ട്രീയ സങ്കുചിതത്വവും ചരിത്രത്തെ തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് അനുസൃതമായി വളച്ചൊടിക്കാനും ദുര്‍വ്യാഖ്യാനം ചെയ്യാനുമുള്ള മോഡി ഭരണകൂടത്തിന്റെയും ബിജെപി-സംഘ്പരിവാര്‍ ഫാസിസ്റ്റ് മാനസികാവസ്ഥയുടെയും അപകടകരമായ പ്രകടനമാണ്. അമര്‍ജവാന്‍ ജ്യോതി നിലനിന്നിരുന്ന ഇന്ത്യാഗേറ്റും അവിടെനിന്ന് ജ്യോതി പകര്‍ന്ന് ലയിപ്പിച്ച ദേശീയ യുദ്ധസ്മാരകവും തമ്മില്‍ മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചേരാവുന്ന ദൂരമേയുള്ളു. ചരിത്രത്തിലും സന്ദര്‍ശക സ്മരണകളിലും ഇടംപിടിച്ച അമര്‍ജവാന്‍ ജ്യോതി നിലനിര്‍ത്തുന്നത് ഒരു തരത്തിലും ദേശീയ യുദ്ധസ്മാരകത്തിന്റെ പ്രാധാന്യത്തെയോ പ്രസക്തിയേയോ കുറയ്ക്കില്ല.
ഇതുംകൂടി വായിക്കാം; ഇത് കപടനാട്യമോ അഹങ്കാരോന്മാദമോ?
ലോകത്ത് രണ്ടാമത്തെ ഏറ്റവും വലിയ പ്രതിരോധസേനയാണ് ഇന്ത്യയുടേത്. വസ്തുത അതായിരിക്കെ അമര്‍ജവാന്‍ ജ്യോതി അണയ്ക്കുന്നത് രണ്ട് സ്മാരകജ്യോതികള്‍ പരിപാലിക്കാനുള്ള അസൗകര്യം കണക്കിലെടുത്താണെന്ന ന്യായീകരണം രാജ്യത്തോടും ജനങ്ങളോടുമുള്ള കല്ലുവച്ച നുണയും വഞ്ചനയും അല്ലാതെ മറ്റൊന്നുമല്ല. മോഡി സര്‍ക്കാരും ബിജെപി-സംഘ്പരിവാര്‍ കേന്ദ്രങ്ങളും ഏര്‍പ്പെട്ടിരിക്കുന്ന ചരിത്ര നിഷേധത്തിന്റെയും ചരിത്ര ദുര്‍വ്യാഖ്യാനത്തിന്റെയും ഏറ്റവും പുതിയ ഇനം മാത്രമാണ് ഇത്. ഇന്ത്യയുടെ സൈനിക നേട്ടങ്ങളുടെ കുത്തകാവകാശം സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കാനാണ് നരേന്ദ്രമോഡി നേതൃത്വം നല്കുന്ന തീവ്രദേശീയത ലക്ഷ്യം വയ്ക്കുന്നത്. തികച്ചും മതനിരപേക്ഷവും പ്രത്യയശാസ്ത്ര നിഷ്പക്ഷതയും മുഖമുദ്രയും ഉള്ളടക്കവുമായുള്ള ഇന്ത്യയുടെ പ്രതിരോധ സേനയില്‍പ്പോലും വര്‍ഗീയതയും പൗരന്മാരെ അസ്വസ്ഥരാക്കുന്ന തീവ്ര ദേശീയതയും അടിച്ചേല്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളാണ് മോഡി ഭരണകൂടം നടത്തിവരുന്നത്. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ സ്മരണയെപ്പോലും തങ്ങളുടെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നത് അത്യന്തം വിനാശകരവും അപലപനീയവുമാണ്.