ഭരണഘടനാ സ്ഥാപനങ്ങള്‍ അടക്കം രാഷ്ട്രത്തിന്റെയും ജനതയുടെയും നിലനില്പിലും സുരക്ഷയിലും നിര്‍ണായക സ്ഥാനം വഹിക്കുന്ന സ്ഥാപനങ്ങള്‍ ഓരോന്നിനെയും നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് അത്യന്തം അപകടകരമായ കലയും സംസ്കാരവുമാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. അതിന്റെ ഏറ്റവും പുതിയ പ്രകടനമായിരുന്നു 341 കിലോമീറ്റര്‍ ദെെര്‍ഘ്യമുള്ള ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ ഉദ്ഘാടനം. നരേന്ദ്രമോഡി ഉദ്ഘാടനത്തിന് എക്സ്പ്രസ്‌വേയില്‍ പറന്നിറങ്ങിയത് ഇന്ത്യന്‍ വായുസേനയുടെ സി-130 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ ആണെന്നതു മാത്രമല്ല സംഭവത്തെ അധികാര ദുര്‍വിനിയോഗമാക്കി മാറ്റുന്നത്. അതുവഴി മോഡി പൂര്‍വാഞ്ചല്‍ എക്സ്പ്രസ്‌വേയുടെ ഉദ്ഘാടനത്തെ ആസന്നമായ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നാന്ദി കുറിക്കല്‍ കൂടിയാക്കി മാറ്റുകയായിരുന്നു. ജനങ്ങളെ അമ്പരപ്പിക്കുകയും അത്ഭുതപരതന്ത്രരാക്കി മാറ്റുകയും ചെയ്യുക എന്നത് നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് ‘ജുംമ്‌ല’യുടെ ഭാഗമാണ്. രാഷ്ട്രീയ നിഷ്പപക്ഷത പാലിക്കുകയും ആഭ്യന്തര രാഷ്ട്രീയ വ്യവഹാരത്തില്‍ നിന്നും പൂര്‍ണമായും അകന്നുനില്‍ക്കുകയും ചെയ്യേണ്ട ഇന്ത്യന്‍ പ്രതിരോധ സേനയുടെ അവിഭാജ്യഘടകമായ വായുസേന കൂടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. പൂര്‍വാഞ്ചല്‍ എക്സ്പ്രസ്‌വേയുടെ ഉദ്ഘാടനം ഫലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത വെല്ലുവിളി നേരിടുന്ന ആദിത്യനാഥ് സര്‍ക്കാരിന്റെ മുഖം മിനുക്കാനുള്ള അവസരമാക്കി മാറ്റുകയായിരുന്നു ബിജെപിയും നരേന്ദ്രമോഡിയും. അത് വരാന്‍ പോകുന്ന അധികാര ദുര്‍വിനിയോഗ പരമ്പരകളുടെ തുടക്കം കുറിക്കല്‍ കൂടിയായിരുന്നു.
മോഡി സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കും വെെദ്യുതി ഭേദഗതി നിയമത്തിനും എതിരെയും കാര്‍ഷികോല്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം ആവശ്യപ്പെട്ടും കര്‍ഷകര്‍ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഉത്തര്‍പ്രദേശിലെ പ്രഭവകേന്ദ്രമാണ് പടിഞ്ഞാറന്‍ യുപി. ലഖിംപുര്‍ഖേരിയില്‍ കര്‍ഷകരുടെ ദാരുണ മരണത്തിന് ഇടയാക്കിയ സംഭവം കര്‍ഷകരെ അങ്ങേയറ്റം രോഷാകുലരാക്കിയിരുന്നു. യു പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ആദിത്യനാഥിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരായാണ് സംയുക്ത കിസാന്‍ മോര്‍ച്ച നിലയുറപ്പിച്ചിരിക്കുന്നത്. അവിടെയാണ് ഭോജ്പുരി മേഖല ഉള്‍പ്പെടുന്ന കിഴക്കന്‍ യുപി പ്രസക്തമാകുന്നത്. സംസ്ഥാനത്ത് ഉടനീളം അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടിയും സഖ്യകക്ഷികളും ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മുസ്‌ലിം മതന്യൂനപക്ഷത്തിന് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കുള്ള സംസ്ഥാനത്ത് അവര്‍ക്കെതിരെ ആദിത്യനാഥ് സര്‍ക്കാര്‍ പിന്തുടര്‍ന്നു വരുന്ന വിദ്വേഷ രാഷ്ട്രീയം ഇപ്പോള്‍ ബിജെപി പാളയത്തിന്റെ ഉറക്കം കെടുത്തുന്നു.
ഇതുംകൂടി വായിക്കാം:മോഡി ഭക്തര്‍ ഓര്‍മ്മിപ്പിക്കുന്നത് ഹിറ്റ്ലറുടെ കാലത്തെ
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ദളിത് ജനവിഭാഗങ്ങള്‍ക്കെതിരെ ബിജെപിയും സംസ്ഥാന ഭരണകൂടവും കെട്ടഴിച്ചുവിട്ട അതിക്രമങ്ങളുടെ പ്രത്യാഘാതവും ഭരണവൃത്തങ്ങളെ ആശങ്കപ്പെടുത്തുന്നു. കോവിഡ് മഹാമാരിയുടെ കെടുതികളും ഗംഗയില്‍ ഒഴുകി നടന്ന ശവശരീരങ്ങളും ബിജെപിയെ വേട്ടയാടുന്നു. ഈ പശ്ചാത്തലത്തിലാണ് ആദിത്യനാഥിന് വികസന നായക പരിവേഷം ചാര്‍ത്തി നല്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗപ്രവേശത്തിന് മുതിര്‍ന്നിരിക്കുന്നത്. അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ എല്ലാ രാഷ്ട്രീയ പ്രാതികൂലങ്ങളെയും അനുകൂലമാക്കി മാറ്റാമെന്ന കണക്കുകൂട്ടലാണ് ബിജെപിയേയും മോഡി-അമിത്ഷാ-ആദിത്യനാഥ് പ്രഭൃതികളെയും നയിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യം അനുവദിക്കുന്ന പ്രചാരണ തന്ത്രങ്ങള്‍ അവലംബിക്കുന്നതില്‍ നിന്ന് ബിജെപിയെ ആര്‍ക്കും തടയാനാവില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിനും ഭരണം നിലനിര്‍ത്താനും ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനയെ തന്നെയും അട്ടിമറിക്കുന്നതും സുരക്ഷാസേനയെ ദുരുപയോഗം ചെയ്യുന്നതും രാഷ്ട്രത്തിന്റെ നിലനില്പിനും ജനതയുടെ ഐക്യത്തിനും നേരെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതിര്‍ത്തികള്‍ കാക്കുകയും രാജ്യസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ട പ്രതിരോധ സേനാവിഭാഗങ്ങളെ ആഭ്യന്തര തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി ദുരുപയോഗം ചെയ്യുന്നത് ഉയര്‍ത്തുന്ന അപായ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടുകൂട.
You may also like this video;