വിവിധ സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെയും സംസ്ഥാനത്ത് രണ്ടുൾപ്പെടെ 48 നിയമസഭാ, വയനാടുൾപ്പെടെ രണ്ട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെയും ഫലങ്ങൾ ശനിയാഴ്ച പുറത്തുവന്നു. സംസ്ഥാനത്ത് രണ്ടിടങ്ങൾ യുഡിഎഫ് നിലനിർത്തിയപ്പോൾ ചേലക്കരയിൽ എൽഡിഎഫ് മിന്നുന്ന ജയം ആവർത്തിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തിലും വോട്ടുവിഹിതത്തിൽ വർധനയുണ്ടാക്കി എൽഡിഎഫ് നില മെച്ചപ്പെടുത്തി. ദേശീയ രാഷ്ട്രീയവും എട്ടുവർഷത്തിലധികമായി സംസ്ഥാനത്ത് തുടരുന്ന സർക്കാരിന്റെ ഭരണനേട്ടങ്ങളുമുൾപ്പെടെ ശക്തമായ രാഷ്ട്രീയ പ്രചരണത്തിനാണ് സംസ്ഥാനത്തെ മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് ഊന്നൽ നൽകിയത്. മൂന്നിടങ്ങളിലും ബിജെപിയുടെ വിദ്വേഷ, വര്‍ഗീയ ഫാസിസ്റ്റ് നയങ്ങൾ തുറന്നുകാട്ടുന്നതിന് എൽഡിഎഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം സർക്കാർ വിരുദ്ധ വികാരം നിലനിൽക്കുന്നുവെന്ന പ്രചരണവും വർഗീയമായി വോട്ടുകൾ സമാഹരിക്കുന്നതിനുള്ള ശ്രമങ്ങളുമാണ് യുഡിഎഫ് നടത്തിയത്. വർഗീയ ശക്തികളുമായി ഒരു സഖ്യത്തിനും തയാറാല്ലെന്ന ധീരമായ നിലപാട് പരസ്യമായി എൽഡിഎഫ് പ്രഖ്യാപിച്ചു. എന്നാൽ അത്തരമൊരു നിലപാട് പറയുന്നതിന് യുഡിഎഫ് സന്നദ്ധമായില്ലെന്ന് മാത്രമല്ല എസ്‍ഡിപിഐ പോലുള്ള വർഗീയ സംഘടനകൾ പരസ്യ പിന്തുണ പ്രഖ്യാപിച്ചപ്പോൾ അതിന്റെ നേട്ടമുണ്ടാക്കുന്നതിനാണ് ശ്രമിച്ചത്. യുഡിഎഫ് വിജയത്തിനുശേഷം അത്തരം സംഘടനകൾ ആഹ്ലാദപ്രകടനം നടത്തിയതും വർഗീയ സംഘടനകളുമായുള്ള ചങ്ങാത്തത്തിന്റെ തെളിവാണ്. ബിജെപിയുടെ കിട്ടാവുന്നത്ര വോട്ടുകൾ തങ്ങളുടെ പെട്ടിയിലെത്തട്ടെ എന്ന ധാരണയോടെ ബിജെപിക്കെതിരായ പ്രചരണത്തിൽ യുഡിഎഫ് നിസംഗത കാട്ടി.
പരസ്പര ധാരണയോടെയായിരുന്നു ഇതെന്നതും പകൽപോലെ വ്യക്തം. ചേലക്കരയിൽ സംസ്ഥാന സർക്കാരിനെതിരായ വിരുദ്ധവികാരം പ്രതിഫലിക്കുമെന്ന് യുഡിഎഫും ബിജെപിയും ഒരു പോലെ പ്രചരിപ്പിച്ചിരുന്നു. അത് തങ്ങൾക്ക് അനുകൂലമാകുമെന്നും അവർ അവകാശപ്പെട്ടു. ഇടതുമുന്നണിക്കകത്ത് പ്രശ്നങ്ങളാണെന്ന് വരുത്താൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള ശ്രമങ്ങളും ഇവിടെയുണ്ടായി. എന്നാൽ അതെല്ലാം തള്ളി സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്ക് ശക്തമായ പിന്തുണ നൽകി എൽഡിഎഫിനൊപ്പം നിൽക്കുകയാണ് ചേലക്കരയിലെ വോട്ടർമാർ ചെയ്തത്. പാലക്കാട് നിലനിർത്തുന്നതിന് ഏത് വഴിവിട്ട മാർഗവും സ്വീകരിക്കുമെന്ന് യുഡിഎഫ് തെളിയിച്ചു. വർഗീയ സംഘടനകൾ പരസ്യമായി ഇവിടെ രംഗത്തിറങ്ങി. ബിജെപി വോട്ടുകൾ ഗണ്യമായി കുറഞ്ഞതിന്റെ പങ്കും യുഡിഎഫ് വിജയത്തിന് കാരണമായെന്ന് ബോധ്യമാകുന്നതാണ്. അതേസമയം 2021ൽ സംസ്ഥാനത്ത് എൽഡിഎഫ് തുടർസർക്കാരിന്റെ രൂപീകരണത്തിലേയ്ക്ക് നയിച്ച തരംഗത്തിന്റെ കാലത്തും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും ലഭിച്ചതിനെക്കാൾ വോട്ട് പാലക്കാട് എൽഡിഎഫിന് നേടാനായി.
വയനാട്ടിൽ ശക്തമായ രാഷ്ട്രീയ മത്സരമാണ് എൽഡിഎഫ് നടത്തിയത്. കാർഷിക മേഖലയെന്ന നിലയിൽ കോൺഗ്രസ് കാലത്തുൾപ്പെടെ കേന്ദ്ര സർക്കാർ സ്വീകരിച്ച തെറ്റായ നയങ്ങൾ വയനാടിന് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. അതേക്കുറിച്ച് പറയാനും ബിജെപിക്കെതിരെ ശക്തമായി ശബ്ദിക്കുവാനുമാണ് എൽഡിഎഫ് ശ്രമിച്ചത്. ജനങ്ങളുടെ വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിൽ ലോക്‌സഭാംഗമെന്ന നിലയിൽ ജനപ്രതിനിധിയുടെ അലംഭാവവും ഗുരുതരമായ വീഴ്ചയും കേരള സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും എൽഡിഎഫിന്റെ പ്രചരണ വിഷയമായി. എന്നാൽ ഇവിടെയും ഡൽഹിയിൽ നിന്നുള്ള സ്ഥാനാർത്ഥിയുടെ ഭർത്താവും ബിജെപിയുമായുള്ള അധാർമിക ബന്ധം കാരണം യുഡിഎഫ് രാഷ്ട്രീയമായ വിഷയങ്ങളല്ല ഉന്നയിച്ചത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ കാട്ടിയ കടുത്ത വഞ്ചന പോലും അവിടെ ചർച്ച ചെയ്യുന്നതിന് അവർ ഭയപ്പെട്ടു. പകരം ഗാന്ധികുടുംബത്തിന്റെ പാരമ്പര്യ മഹിമകളും നെഹ്രുവിന്റെയും ഇന്ദിരയുടെയും രക്തബന്ധങ്ങളും പ്രചരിപ്പിച്ച് വൈകാരികത മുതലെടുക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തിയത്. ഭൂരിപക്ഷത്തിലെ വർധന ചൂണ്ടിക്കാട്ടി മേനി നടിക്കാമെന്നല്ലാതെ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്കെതിരായ ദുർബലമായ പോരാട്ടത്തിന് പോലും അവസരമൊരുക്കാതെയുള്ള വിജയത്തിന് തിളക്കം തീരെ കുറവാണ്. പക്ഷേ വോട്ടിങ് ശതമാനത്തിലുണ്ടായ കുറവിന് ആനുപാതികമായല്ല എൽഡിഎഫ് വോട്ടുകളിൽ ഇവിടെ കുറവുണ്ടായതെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന്റെ വിജയം മതേതര ജനാധിപത്യ വിശ്വാസികളെ ഭയപ്പെടുത്തുന്നതാണ്. മഹാ വികാസ് അഘാഡിയുടെ പ്രവർത്തനങ്ങൾ കൂടുതൽ അവധാനതയോടെ വേണമെന്നാണ് ഇവിടത്തെ ഫലം വ്യക്തമാക്കുന്നത്. നേരത്തെ ആരംഭിച്ചുവെങ്കിലും സഖ്യശ്രമങ്ങൾ നീണ്ടുപോയി. അതുകൊണ്ടുതന്നെ അവസാനഘട്ടം വരെ ശക്തമായ യോജിപ്പ് ഉണ്ടാക്കുന്നതിന് സാധിച്ചില്ല. പാർട്ടികൾക്കിടയിലും പാർട്ടികൾ തമ്മിലും പരസ്പരം മത്സരിച്ച നിരവധി മണ്ഡലങ്ങൾ ഇവിടെയുണ്ടായി. ഝാർഖണ്ഡിൽ ബിജെപി വിരുദ്ധ സഖ്യത്തിന് ഭരണം നിലനിർത്താനായെന്നത് ശുഭകരമാണ്. എങ്കിലും ഇന്ത്യ സഖ്യമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള യോജിച്ച മത്സരം ഇവിടെയുണ്ടായില്ലെന്നത് ഗൗരവത്തോടെ കാണണം. ഇന്ത്യ സഖ്യമെന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതല്ലെന്നും ഓരോ പാർട്ടിയുടെയും പങ്കാളിത്തമുണ്ടാകുന്നത് രാഷ്ട്രീയമായ അനിവാര്യതയാണെന്നുമുള്ള ബോധ്യം സഖ്യത്തിലെ പ്രബല കക്ഷികൾക്ക് ഉണ്ടാകണമെന്ന സന്ദേശമാണ് ഈ രണ്ട് സംസ്ഥാനങ്ങളിലെയും ഫലങ്ങൾ നൽകുന്നത്.