Site iconSite icon Janayugom Online

ഗാന്ധിസ്മൃതിയും കാത്തുസൂക്ഷിക്കപ്പെടണം

ദിനാചരണങ്ങള്‍ക്കപ്പുറം നിത്യസ്മരണയായി നിലകൊള്ളുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികമാണിന്ന്. ഓരോ ദിവസവും പ്രസക്തി വര്‍ധിക്കുന്ന ഗാന്ധിജീവിതം ഇന്ത്യയുടെ സംസ്കാരമായി തുടരണമെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഗാന്ധിസ്മൃതിയെന്നത് രാജ്യസ്നേഹത്തിന്റെ ദിനചര്യകൂടിയാവണം. ഇന്ന് ഇന്ത്യ മാത്രമല്ല, ലോകരാജ്യങ്ങള്‍ പലതും ഗാന്ധിജിയുടെ കൊലപാതകത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കുന്നത്, വലിയൊരാശങ്കയുടെ പശ്ചാത്തലത്തിലാണ്. ഒരേസമയം ഗാന്ധിനിന്ദയും ഗാന്ധിപ്രേമവും നാട്യമാക്കുന്ന ഗാന്ധിഘാതകരുടെ പിന്മുറക്കാരുടെ ചെയ്തികളിന്മേലാണത്, ഗാന്ധിജിയെ വീണ്ടും വീണ്ടും കൊലചെയ്തുകൊണ്ടിരിക്കുന്ന ആര്‍എസ്എസും സംഘ്പരിവാറും ആ മഹാത്മാവിന്റെ സാമൂഹിക സ്വപ്നങ്ങളെയെല്ലാം പുതിയ തലമുറയുടെ തലയില്‍ വൈകൃതമായി തിരുകിക്കയറ്റാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ ആത്മാവായ ഗാന്ധിജിയുടെ നന്മയാര്‍ന്ന ജീവിതം പിന്തുടരുന്ന ഓരോ വ്യക്തിയും ഈ കുത്സിതനീക്കത്തെ നിരീക്ഷിക്കുകയും നേരിടുകയും വേണം. പ്രത്യേകിച്ച് സംഘ്പരിവാര്‍ ഭരണത്തിലെ പുതിയ ഇന്ത്യയുടെ കാലഘട്ടത്തില്‍.

ഇന്ത്യ ഭരിക്കുന്ന ബിജെപി ഇന്ന് ഗാന്ധിജയന്തി ആഘോഷിക്കുമെന്ന പ്രചാരണം നടത്തിയിരുന്നു. അത് മനസുകൊണ്ടല്ല എന്നത് അവരുടെ മുദ്രാവാക്യം വീക്ഷിച്ചാലറിയാം. ‘ശുചിത്വം, അഹിംസ, സ്വദേശി, സ്വരാജ്, ലാളിത്യം’- ബിജെപിയുടെ ഈ ഗാന്ധിജയന്തി മുദ്രാവാക്യം ഏതുവിധേന പരിശോധിച്ചാലും അതിലെല്ലാം അപകടം മറഞ്ഞിരിക്കുന്നുവെന്ന് കാണാം. മഹാത്മാഗാന്ധിയുടെ ഏറ്റവും പ്രധാനമായ ആഹ്വാനങ്ങളിലൊന്നാണ് സാഹോദര്യവും സാമുദായിക സൗഹാര്‍ദ്ദവും എന്നത്. ഗാന്ധിവധത്തിന് നിദാനമായ അത്തരം ആശയങ്ങളെ സംഘ്പരിവാര്‍ ആസൂത്രിതമായി കുഴിച്ചുമൂടുന്നു. എന്നിട്ടും ‘ഗാന്ധിസ്മൃതി‘യിലൂടെ ബിജെപിയും ആര്‍എസ്എസും ജനങ്ങളുടെ മുന്നില്‍ അഭിനയം തുടരുകയാണ്. ഗാന്ധിവധത്തിനു തൊട്ടുപിറകെതന്നെ സംഘ്പരിവാര്‍ അവരുടെ ‘പ്രഥമസ്മരണീയ’ പട്ടിക പുതുക്കി. അതില്‍ ഗാന്ധിജിയുടെ നാമവും എഴുതിചേര്‍ത്തു. അന്ന് തുടങ്ങിയ കാപട്യത്തിന്റെ ആ യാത്ര അഹിംസ, ലാളിത്യം എന്നെല്ലാം തങ്ങള്‍ക്ക് ചേരാത്തവ തലക്കെട്ടുകളില്‍ നിരത്തിയുള്ള ഗാന്ധിസ്മൃതിയിലെത്തിനില്‍ക്കുന്നു.

 


ഇതുകൂടി വായിക്കാം: രാജ്യത്തിന്റെ ചെലവില്‍ ഗുജറാത്ത് മോഡല്‍


 

‘മനസ്തേ സദാ വത്സലേ മാതൃഭൂമേ — ത്വയാ ഹിന്ദുഭൂമേ സുഖം വര്‍ധിതോഹം ‑മഹാമംഗലേ പുണ്യഭൂമേ ത്വദര്‍ത്ഥേ — പതത്വേഷ കായോ നമസ്തേ നമസ്തേ!’… തൂക്കിലേറ്റപ്പെടും മുമ്പ് ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെ എന്ന ഹിന്ദുതീവ്രവാദി ചൊല്ലിയ ഈ സ്തുതി, ഇന്ന് ആര്‍എസ്എസിന്റെ പ്രാര്‍ത്ഥനയുടെ ആ ദ്യ ഖണ്ഡികയാണെന്നോര്‍ക്കണം. ഗാന്ധിജിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തില്‍ ഗോഡ്സെയ്ക്ക് കീ ജെയ് വിളിച്ച് ഗാന്ധിവധം പുനരാവിഷ്കരിച്ച് ആഹ്ലാദിച്ച ഹിന്ദുമഹാസഭയുടേതുപോലുള്ള സംഘ്പരിവാര്‍ സംഘടനകളുടെ രാജ്യദ്രോഹ പ്രവൃത്തികള്‍ പലവിധത്തില്‍ തുടരുകയാണ്. വിഭജന രാഷ്ട്രീയത്തിന്റെ ആസൂത്രിതവേഷമണിയുന്ന നരേന്ദ്രമോഡിയടക്കം ഇന്ന് ഗാന്ധിയുടെ പേരില്‍ കള്ളക്കണ്ണീരൊഴുക്കുന്നു എന്നത് ആശ്ചര്യത്തേക്കാള്‍ ആശങ്കയാണ് ഉണ്ടാക്കുന്നത്.

 

വൈകാതെ ലാഹോറില്‍ ഇന്ത്യ ഗാന്ധിജയന്തി ആഘോഷിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ ആര്‍എസ്എസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ ഒളിഞ്ഞിരിക്കുന്ന ആപത്ത് നിസാരമൊന്നുമല്ല. 1947ന് മുമ്പുള്ള ലോകഭൂപടത്തില്‍ പാകിസ്ഥാന്‍ എന്നൊന്നുണ്ടായിരുന്നില്ല, അത് വീണ്ടും സംഭവിക്കാന്‍ പോവുകയാണെന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വാക്കുകള്‍, ഗാന്ധിജി പറഞ്ഞുപഠിപ്പിച്ച സാഹോദര്യത്തിനും സമാധാനത്തിനും ചേര്‍ന്നതേയല്ല. രാജ്യത്തിനകത്തുപോലും ഗാന്ധിജി എന്ത് നിഷിദ്ധമാണെന്ന് പറഞ്ഞുവോ, അതേറ്റവും കൂടുതല്‍ നടപ്പിലാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത്. മതമൈത്രിയെന്ന മഹാത്മാഗാന്ധിയുടെ മഹാകാവ്യം മറന്നാണ്, പുരാണകഥാപാത്രമായ രാമന്റെ ജന്മസ്ഥലമെന്ന് പ്രചരിപ്പിച്ച് മറ്റൊരു സമുദായത്തിന്റെ പ്രാര്‍ത്ഥനാലയം തന്നെ പൊളിച്ചുകളഞ്ഞത്. അവര്‍ ആഗ്രഹിക്കുന്നത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രം ആക്കി മാറ്റുവാനാണ്. പൂര്‍ണസ്വരാജ് ആഹ്വാനത്തെ സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചശേഷം, ആര്‍എസ്എസ് പതാക ഉയര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യദിനം ആഘോഷിച്ച ദേശവിരുദ്ധ പാരമ്പര്യമാണ് ഹെഡ്ഗേവാറിലൂടെ ആര്‍എസ്എസ് തുടങ്ങുന്നത്. ഗാന്ധിജി സ്വപ്നം കണ്ട രാമരാജ്യത്തിനെതിരായിരുന്നു ആ പതാകകള്‍. ആര്‍എസ്എസിന്റെ ഗോവധനിരോധ അജണ്ട രാജ്യമെങ്ങും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിലും ഗാന്ധി വിരുദ്ധതയുണ്ട്. ഇന്ത്യയില്‍ ഗോമാംസം ഭക്ഷിക്കുന്നവര്‍ ഏറെയുണ്ടെന്നതിനാല്‍ രാജേന്ദ്ര പ്രസാദിന്റെ ആവശ്യത്തെ എതിര്‍ത്ത വ്യക്തിത്വമാണ് ഗാന്ധി. അക്ഷരാര്‍ത്ഥത്തില്‍ ഗാന്ധിയെ ഇന്നും ഭയന്നുകൊണ്ടാണ് സംഘ്പരിവാര്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഗാന്ധിസത്തെ ഊര്‍ജ്ജമായി കാണുന്ന പ്രസ്ഥാനങ്ങളും വ്യക്തിത്വങ്ങളുമാണ് അവരുടെ ശത്രുക്കള്‍. കര്‍ഷകരിലും വിദ്യാര്‍ത്ഥികളിലും തൊഴിലാളികളിലും അവര്‍ കാണുന്ന ശത്രുക്കളുടെ എണ്ണം പെരുകുന്നു എന്നത് ഗാന്ധിജിയുടെ പ്രസക്തി കൂട്ടുന്നുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഗാന്ധിജി ഓര്‍മ്മപ്പെടുത്തുന്ന മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ ആ ശത്രുസൈന്യം രാജ്യത്തിന്റെ കാവല്‍പ്പടയായി പെരുകണം.

Exit mobile version