Site iconSite icon Janayugom Online

ഓർമ്മകൾ സചേതനമാകണം

മഹാത്മാ ഗാന്ധി തന്റെ ജീവിതത്തിലുടനീളം സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നിരുന്നു. എന്നാൽ ഒരിക്കലും പരിപൂർണതയിൽ വിശ്വസിച്ചിരുന്നുമില്ല. സത്യാന്വേഷണം അദ്ദേഹത്തിന് നിരന്തരമായ മാറ്റത്തിലധിഷ്ഠിതമായിരുന്നു. സത്യത്തിനായി സ്വജീവൻ വെടിഞ്ഞ വേളയിലും ഇതുപ്രകടമായിരുന്നു. വെടിയുണ്ട ശരീരം തുളച്ചപ്പോൾ ഉച്ചരിച്ച അവസാന വാക്കുകൾ ‘ഹേ റാം’ എന്നത് ഒരു വിലാപമായിരുന്നില്ല. ഒരു ദുരന്തത്തിന്റെ സൂചനയായിരുന്നു. താൻ എന്തിനായി നിലകൊണ്ടുവോ അത് അതേ പൂർണതയിൽ സാമാന്യ ജനതയിലുടനീളം എത്തിച്ചേരാനായില്ല എന്ന വേദനയുടെ വിലാപം? ഔപചാരിക വസ്ത്രത്തിന്റെ ഭാഗമായി പുതച്ചിരുന്ന ഷാളില്‍ പതിച്ച പാടുകള്‍ ശൂന്യമായ ഇടങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രപിതാവിന്റെ മരണത്തോടെ, കൊലയാളികളിലും ആസൂത്രണം ചെയ്തവരിലും അടക്കം ഇരുട്ട് പടർന്നു. എല്ലായിടത്തും അവർക്ക് അക്രമാസക്തമായ ജനക്കൂട്ടത്തെ നേരിടേണ്ടി വന്നു. എന്നാൽ ബാപ്പു അമർത്ത്യതയിലാണ്. ജീവനോടെ നമ്മോടൊപ്പമുണ്ട്. ലോകമെങ്ങും ഒക്ടോബർ രണ്ടിന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നു. പ്രൊഫ. ഉലിയാനോവ്സ്കി പറഞ്ഞതുപോലെ, സാമൂഹിക സമത്വത്തിന്റെ ആദർശങ്ങളോട് അദ്ദേഹം സത്യസന്ധനായിരുന്നു. കർഷകരടക്കം ജനസാമാന്യത്തിന് അത് ബോധ്യപ്പെട്ടിരുന്നു. ദേശീയ പ്രസ്ഥാനത്തിൽ ശക്തമായ ജനകീയ ആഭിമുഖ്യത്തിന് ഇത് വഴിയൊരുക്കി.

1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ടുള്ള ഉദാഹരണം പരിശോധിക്കാം. നിസഹകരണ പ്രസ്ഥാനം മൂർധന്യതയിലായിരുന്ന കാലയളവായിരുന്നു അത്. പോരാളികളെക്കുറിച്ച് ഗാന്ധിജി പറഞ്ഞത് അവർ തീവ്രമായ പ്രകോപനത്താൽ നയിക്കപ്പെട്ട ‘ധീരരായ ആളുകൾ’ എന്നായിരുന്നു. അഹിംസയുടെ പ്രതിജ്ഞ ലംഘിച്ചതിന് അവർ ഉത്തരവാദികളല്ല. 1942 ലെ മുദ്രാവാക്യം ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’: ‘ഒന്നുകിൽ നിങ്ങളുടെ മാതൃരാജ്യത്തെ മോചിപ്പിക്കുക അല്ലെങ്കിൽ മരിക്കുക’ എന്നതാണ്. ബ്രിട്ടീഷുകാരോടും ‘ഇന്ത്യ വിടുക’ എന്ന സന്ദേശമുണ്ടായിരുന്നു. എവിടെയും നിഷ്ക്രിയത്വം കാണാനാകില്ല. നിരന്തരമായ പരിണാമത്തിലായിരുന്നു അദ്ദേഹത്തിന്റെ മഹത്വം. സത്യാന്വേഷണ പരീക്ഷണങ്ങൾ നിരന്തരം തുടർന്നു. അത് ദേശീയ പ്രസ്ഥാനത്തിലും സജീവമായിരുന്നു. 1930 മുതൽ 1936 വരെയുള്ള എല്ലാ വർഷങ്ങളില്‍ ഫൈസ്പൂരിലും 1945–46 കാലഘട്ടത്തിലും സത്യാന്വേഷണ പരീക്ഷണങ്ങൾക്ക് വ്യാപ്തിയേറിക്കൊണ്ടിരുന്നു. പൂർണ സ്വരാജിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, 1936 ഡിസംബർ 27 ന് ഫൈസ്പൂരിൽ നടത്തിയ പ്രസംഗത്തിൽ വിദേശ ശക്തികളിൽ നിന്നുള്ള സമ്പൂർണ സ്വാതന്ത്ര്യത്തിന് പുറമേ, സമ്പൂർണ സാമ്പത്തിക സ്വാതന്ത്ര്യവും അദ്ദേഹം ഉന്നയിച്ചു. ഇത് ഇടതുപക്ഷത്തിന്റെ ആവശ്യം ആയിരുന്നു. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഹിന്ദു, ഇസ്‌ലാം, ക്രിസ്തു തുടങ്ങി എല്ലാ മതങ്ങളും ഉൾക്കൊള്ളുന്ന ധാർമ്മികതയും ഇക്കാര്യങ്ങളിൽ അടങ്ങിയിരുന്നു. ഇത് സത്യമാണെന്നും സദാ മാറിക്കൊണ്ടിരിക്കുമ്പോഴും എല്ലാവരിലും നിലനിൽക്കുന്ന ജീവനുള്ള സത്യമാണെന്നും വിലയിരുത്തി. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി, ബോംബെയിലും നാഗ്പൂരിലും അവതരിപ്പിച്ച ഭരണഘടനയാണ് പ്രാഥമിക രൂപരേഖ, ഗാന്ധിജി പറഞ്ഞു.

സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച്, അത് അടിസ്ഥാനപരമായ സാമ്പത്തിക ഉന്നമനമാണ്, ഗാന്ധിജി വിശദീകരിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടത്ര വസ്ത്രം, പാല്‍, വെണ്ണ എന്നിവ ഉൾപ്പെടെ മതിയായ ഭക്ഷണം. ‘ഇത് ഞങ്ങളെ സോഷ്യലിസത്തിലേക്ക് എത്തിക്കുന്നു. ഭൂമിയും അതിന്റെ സമൃദ്ധിയും അതിനുവേണ്ടി പ്രവർത്തിക്കുന്നവന്റെതാണ്. സമ്പദ്‌വ്യവസ്ഥയുടെ ദൃശ്യവൽക്കരണവും വീക്ഷണവുമായിരുന്നു ഇത്. സ്വാശ്രയവും സ്വതന്ത്രവുമായ സമ്പദ്ഘടന. അധിനിവേശത്തിനെതിരെ രൂപപ്പെട്ട ദേശീയ പ്രസ്ഥാനം-ഒരു സാമൂഹിക‑സാമ്പത്തിക സംവിധാനത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഒരു പരിപാടിയിലാണ് നിർമ്മിക്കപ്പെട്ടത്. മതേതരമായ സമൂലവും വിശാലവുമായ കാഴ്ചപ്പാട് കെട്ടിപ്പടുക്കുകയും ചെയ്തു. രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ച് പറയുമ്പോൾ, താൻ പാശ്ചാത്യ വ്യവസ്ഥയിൽ വിശ്വസിക്കുന്നില്ലെന്ന് ഗാന്ധിജി ആവർത്തിച്ചിരുന്നു, എന്നാൽ ഒടുവിൽ സംഭവിച്ചത് അതായിരുന്നു. പാശ്ചാത്യ ജനാധിപത്യം വോട്ടുചെയ്യാനുള്ള സാർവത്രിക സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

 


ഇതുകൂടി വായിക്കാം;ഗാന്ധിസ്മൃതിയും കാത്തുസൂക്ഷിക്കപ്പെടണം


പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവർത്തകനായ ലൂയിസ് ഫിഷറിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു, ”ഇന്ത്യയിൽ ഏഴ് ലക്ഷത്തോളം ഗ്രാമങ്ങളുണ്ട്. ഓരോന്നും അതിലെ പൗരന്മാരുടെ ഇച്ഛാനുസരണം സംഘടിപ്പിക്കും. എല്ലാവരും വോട്ട് ചെയ്യുന്നു. ഓരോ ഗ്രാമത്തിനും ഒരു വോട്ട് ഉണ്ടായിരിക്കും. നാല് ദശലക്ഷമല്ല, ഏഴ് ദശലക്ഷത്തിലധികം വോട്ടുകൾ ഉണ്ടാകും. ഓരോ ഗ്രാമവും അതിന്റേതായ പ്രതിനിധിയെ തിരഞ്ഞെടുക്കും. അവർ വീണ്ടും ഒരു പ്രസിഡന്റിനെ അല്ലെങ്കിൽ ചീഫ് എക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്ന പ്രവിശ്യാ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. അത് സോവിയറ്റ് സമ്പ്രദായം പോലെയാണെന്ന് ലൂയിസ് ഫിഷർ ചൂണ്ടിക്കാണിച്ചപ്പോൾ, അത് തനിക്ക് അറിയില്ലെന്ന് ഗാന്ധി പറഞ്ഞു. ഗാന്ധിയുടെ സത്യവുമായുള്ള പരീക്ഷണ യാത്രയെ ചേർന്ന് നിന്ന് വീക്ഷിച്ച വ്യക്തിയാണ് ലൂയിസ് ഫിഷർ. 1942 ജൂൺ എട്ടിന്, ആ പത്രപ്രവർത്തകൻ ഗാന്ധിജിയോട് ആസന്നമായ നിയമലംഘന പ്രസ്ഥാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി തികച്ചും അമ്പരപ്പിക്കുന്നതായിരുന്നു. കർഷകർ നികുതി അടയ്ക്കുന്നത് നിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിരോധനം ഉണ്ട്, എന്നാൽ അവർ ഉപ്പ് ഉണ്ടാക്കും. ഇത് ഒരു ചെറിയ സംരംഭം മാത്രമാണ്, കാരണം ബ്രിട്ടീഷുകാർക്ക് ഉപ്പ് നികുതി നിസ്സാരമാണ്, പക്ഷേ കർഷകർക്ക് അത് അവരുടെ ആത്മവിശ്വാസം ബലപ്പെടുത്തും. അവർക്ക് സ്വതന്ത്രമായ വലിയ പോരാട്ടങ്ങൾക്ക് കഴിയും. തുടർന്നുള്ള നടപടി ഭൂമി പിടിച്ചെടുക്കലായിരിക്കും. അക്രമം ഉണ്ടായേക്കാം അല്ലെങ്കിൽ ഭൂവുടമകൾ സഹകരിച്ചേക്കാം. ഭൂമിയിൽ നിന്ന് പലായനം ചെയ്യുകയായിരിക്കാം ആ സഹകരണം.

 

അവിടെ സന്നിഹിതനായിരുന്ന നെഹ്‌റു ലെനിന്റെ വാചകങ്ങളാണ് ഉദ്ധരിച്ചത്. ഓടിപ്പോകുന്ന ഭൂവുടമകളുടെ കാല്പാടുകള്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അംഗീകാരമായി മാറും. അവിടെ അക്രമം ഉണ്ടാകുമോ എന്ന് ചോദ്യവുമായി വീണ്ടും പത്രപ്രവർത്തകൻ. പതിനഞ്ചു ദിവസത്തെ കുഴപ്പമുണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. എന്നാ­ൽ കർഷകർ ഉടൻ തന്നെ കാര്യങ്ങൾ നിയന്ത്രണത്തിലാക്കും. തൊഴിലാളികളും തങ്ങളുടെ ഫാക്ടറികൾ ഉപേക്ഷിച്ച് തെരുവിലേക്ക് വരും. ട്രെയിനുകൾ പ്രവർത്തനം നിർത്തും. അതൊരു പൊതു പണിമുടക്കായിരിക്കും. അദ്ദേഹം പറഞ്ഞു, ‘എനിക്ക് സ്വാതന്ത്ര്യം വേണം, അങ്ങനെ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു. അടിമകൾക്ക് അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടാൻ കഴിയില്ല. ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാരെ പിൻവലിക്കുന്നതിനെക്കുറിച്ച് ഗാന്ധിജി പറഞ്ഞു, ‘അവർ ഇപ്പോൾ പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അപ്പോൾ എനിക്ക് ചൈനയെയും റഷ്യയെയും സഹായിക്കാനാകും. അവരെ സഹായിക്കുന്നതിന് ഇന്ന് എനിക്ക് കഴിയുന്നില്ല. ഇന്ത്യ ദൃഷ്ടിയിൽ നിന്നു പോലും അപ്രത്യക്ഷമാകുന്നു. ഇന്ത്യയുടെ പ്രയോജനത്തിനു വേണ്ടി മാത്രമായി എനിക്ക് സ്വാതന്ത്ര്യം വേണ്ട’. എന്തുകൊണ്ടാണ് ഗാന്ധിജിക്ക് മുമ്പ് അങ്ങനെ തോന്നാത്തത് എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ മറുപടി, ‘തികഞ്ഞ ആശയം എന്നിൽ പുഷ്പിച്ചുകൊണ്ടേയിരിക്കുന്നു’ എന്നായിരുന്നു. അത് ശാശ്വതമായ മാറ്റമായിരുന്നു.

You may also like this video;

Exit mobile version