ഒരാണ്ടുകൂടി അവസാനിക്കുകയാണ്. റിപ്പബ്ലിക് ദിനം ജനാധിപത്യത്തിന്റെ ആഘോഷങ്ങളിലേക്ക് നമ്മെ കൊണ്ടുപോകും. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുമെന്നും ഒപ്പം നിലകൊള്ളുമെന്നും സംരക്ഷിച്ച് മുന്നേറുമെന്നുമുള്ള പ്രതിജ്ഞ ജനുവരി 26ന് നാം നവീകരിക്കും. എന്നാൽ കേന്ദ്ര ഭരണകൂടമാകട്ടെ ഇവയെല്ലാം അട്ടിമറിക്കാനുള്ള ഓർഡിനൻസുകളുടെ പിന്നാലെയും അതിന് കുടപിടിക്കുന്ന നിയമങ്ങൾ പാസാക്കുന്ന തിടുക്കത്തിലുമാണ്. സിബിഐയുടെയും ഇഡിയുടെയും ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷം നീട്ടിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പാർലമെന്റ് സമ്മേളനം ഏതാനും ആഴ്ചകൾ മാത്രം അകലെയാണ്. എന്നാൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളും എതിർപ്പുകളും നേരിടാൻ സർക്കാർ തയാറല്ല. അതിനാലാണ് തിടുക്കം. സിബിഐയും ഇഡിയും, രണ്ട് ഏജൻസികളും ഇപ്പോൾ ഭരണകൂടത്തിന്റെ ചട്ടുകങ്ങളാണ്. കാലവധി നീട്ടാനുള്ള തീരുമാനവും ഓർഡിനൻസും അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷതയെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്ന് പൊതുസമൂഹം വിലയിരുത്തുന്നു. ഇഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടാനുള്ള തിടുക്കവും കേന്ദ്രതീരുമാനത്തിൽ വ്യക്തമാണ്. മിശ്രയുടെ കാലാവധി ഈ മാസം 17ന് അവസാനിക്കേണ്ടതായിരുന്നു. മേധാവികളുടെ കാലാവധി നീട്ടാനുള്ള കേന്ദ്ര തീരുമാനം പ്രധാന അന്വേഷണ ഏജൻസികളുടെ സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്നതാണ്.
ഇതുംകൂടി വായിക്കാം;ജനാധിപത്യം കാത്തുരക്ഷിക്കാൻ പോരാടാം
തുടർച്ചയായി മൂന്ന് തവണ ഓരോ വർഷത്തേക്ക് കാലാവധി നീട്ടാനുള്ള അവകാശമായിരുന്നു കേന്ദ്രത്തിന് മുമ്പുണ്ടായിരുന്നത്. ഓർഡിനൻസുകൾ ഡൽഹി പൊലീസ് സ്പെഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്യുന്നു. സിബിഐയുടെയും കേന്ദ്ര വിജിലൻസ് ആക്ടിന്റെയും മാതൃനിയമമാണിത്. ഇഡി ഡയറക്ടറുടെ നിയമനവും ഇതിൽ ഉൾക്കൊള്ളുന്നു. ‘പാർലമെന്റ് സമ്മേളനം നടക്കുന്നില്ല, ആവശ്യമായ നടപടി നിർവഹിക്കേണ്ട സാഹചര്യങ്ങൾ രാഷ്ട്രപതിക്ക് തൃപ്തികരവുമാണ്’ എന്ന് ഓർഡിനൻസ് പറയുന്നു. എസ് കെ മിശ്രയുടെ കാലാവധി 2020ൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ അന്ന് ഒരു വർഷത്തേക്ക് നീട്ടി. ഈ നടപടി തന്നെ ‘അസാധാരണവും കീഴ്‌വഴക്ക’മില്ലാത്തതുമായി വിശേഷിക്കപ്പെട്ടിരുന്നു. ഇപ്പോൾ അഞ്ചു വർഷത്തേക്ക് കാലാവധി നീട്ടിയിരിക്കുന്നു. ‘ഭേദഗതിയില്‍ രാഷ്ട്രപതി സംതൃപ്തനാണ്’. നടപടിയെ ന്യായീകരിച്ച് കേന്ദ്രം ഓർഡിനൻസിൽ പറയുന്നു. 2018 നവംബർ 19നാണ് സഞ്ജയ് കുമാർ മിശ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറായി നിയമിച്ചത്. 1984 ബാച്ച് ഇന്ത്യൻ റവന്യു ആദായ നികുതി കേഡറിലെ ഓഫീസറായിരുന്നു ഇപ്പോൾ 61 വയസുള്ള മിശ്ര. ‘പ്രാരംഭ’ നിയമനത്തിൽ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച് ഒരു കാലയളവ് പൂർത്തിയാക്കിയ ശേഷം അനുവദിച്ച കാലയളവ് ഉൾപ്പെടെ ആകെ അഞ്ച് വർഷം പൂർത്തിയായ ശേഷം വീണ്ടും കാലയളവ് വിപുലീകരണം പാടില്ലെന്ന് മുൻകാല ഓർഡിനൻസുകൾ വ്യക്തമാക്കുന്നു. ‘അപൂർവവും അസാധാരണവുമായ സന്ദർഭങ്ങളിൽ’ മാത്രം ചിന്തിക്കേണ്ടത് എന്ന് മിശ്രയുടെ കാലാവധി വിപുലീകരണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ പരിഗണിക്കാതെയുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കം ആശങ്കാജനകമാണ്. കേന്ദ്രതീരുമാനം ജനാധിപത്യത്തിന്റെ ഭാവിയിൽ കരിനിഴൽ വീഴ്ത്തുന്നു.
ഇതുംകൂടി വായിക്കാം;ജനാധിപത്യം കാത്തുരക്ഷിക്കാൻ പോരാടാം
ജുഡീഷ്യറി ഭരണഘടനാ വിരുദ്ധ നടപടികളിൽ വെറും കാഴ്ചക്കാരാകില്ല. ഓർഡിനൻസുകൾ പാർലമെന്റിൽ ചോദ്യം ചെയ്യപ്പെടുകയും എതിർക്കപ്പെടുകയും ചെയ്യും. സുപ്രീം കോടതിയിലേക്കും കാര്യങ്ങൾ നീളും. 2021 ഡൽഹി സ്പെഷ്യൽ പൊലീസ് (സ്ഥാപനം) ഓർഡിനൻസ്, 2021 കേന്ദ്ര വിജിലൻസ് കമ്മിഷൻ (ഭേദഗതി) ഓർഡിനൻസ് എന്നിവ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി സ്പെഷ്യൽ പൊലീസ് (എസ്റ്റാബ്ലിഷ്മെന്റ്) ഉത്തരവിലും കേന്ദ്രം ഭേദഗതി വരുത്തിയിട്ടുണ്ട്. 2021ലെ ഓർഡിനൻസ് കേന്ദ്ര വിജിലൻസ് കമ്മിഷൻ ആക്ടിനും ഭേദഗതി നിർദ്ദേശിക്കുന്നു. കേന്ദ്ര ഭരണകൂടം തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഓർഡിനൻസുകൾ പുറത്തിറക്കുന്നത് അപൂർവമായിരുന്നില്ല. മുമ്പും ഇത്തരം മാറ്റങ്ങൾ വരുത്തിയിരുന്നു. സിബിഐ ഡയറക്ടറിൽ നിന്ന് വ്യത്യസ്തമായി, എൻഫോഴ്സ്മെന്റ് തലവനെ തെരഞ്ഞെടുത്തത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടണമെന്ന ശുപാർശ വരേണ്ടത് ചീഫ് വിജിലൻസ് കമ്മിഷണർ, വിജിലൻസ് കമ്മിഷണർ, ആഭ്യന്തര സെക്രട്ടറി, പേഴ്സണൽ വകുപ്പ് സെക്രട്ടറിമാർ, റവന്യു സെക്രട്ടറിമാർ എന്നിവരടങ്ങുന്ന വിപുലമായ സമിതിയിൽ നിന്നാണ്. ഒരു ഓർഡിനൻസ് വഴി ഇഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതിലൂടെ കേന്ദ്രസർക്കാർ ഈ സമിതിയെയും മറികടന്നു.
You may also like this video;