Site iconSite icon Janayugom Online

മുതലാളിത്തത്തെ തള്ളി ഐപിസിസി റിപ്പോര്‍ട്ട്

ഒക്ടോബര്‍ 31 ന് ഗ്ലാസ്ഗോയില്‍ ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടി ഔപചാരികമായി അവസാനിക്കുന്നത് നവംബര്‍ 12നാണ്. ഈ ഉച്ചകോടിയുടെ ജയപരാജയങ്ങളെയും ദരിദ്ര — സമ്പന്ന രാജ്യങ്ങളുടെ ഉത്തരവാദിത്തങ്ങളെയും കുറിച്ചും ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. സംവാദത്തിന്റെ ഈ ഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ലോകരാജ്യങ്ങളുടെ സര്‍ക്കാര്‍തല സമിതി (ഐപിസിസി) യുടെ ആറാമത് റിപ്പോര്‍ട്ടിലെ പ്രസക്തമായ ഭാഗങ്ങളാണ്. ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും ഭാഗഭാക്കായുള്ള സമിതിയുടെ അടുത്ത മാര്‍ച്ചിന് ശേഷം മാത്രം പുറത്തിറക്കേണ്ട റിപ്പോര്‍ട്ടിലെ ഭാഗങ്ങളാണ് കുറച്ചു നാളുകള്‍ക്ക് മുമ്പ് ചോര്‍ന്ന് പുറത്തെത്തിയത്.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ പ്രതികൂലമായി ബാധിക്കുവാനിടയുള്ള രാജ്യങ്ങളും അതിസമ്പന്നരും കുത്തകകളും സ്വാധീനിക്കുവാനും അതുകൊണ്ടുതന്നെ മാറ്റം വരുത്തുവാനും ഇടയുണ്ടെന്നതിനാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശാസ്ത്രജ്ഞരില്‍ ചിലര്‍ ചോര്‍ത്തി നല്കിയതാണെന്നും കരുതാവുന്നതാണ്. എന്താണ് തങ്ങളുടെ യഥാര്‍ത്ഥ കണ്ടെത്തല്‍ എന്ന് ലോകജനതയെ അറിയിക്കുവാനുള്ള ഉത്തരവാദിത്തബോധത്തിന്റെ ഫലമായുള്ള നടപടിയാണ് ഈ ചോര്‍ത്തല്‍. പുറത്തായ റിപ്പോര്‍ട്ടില്‍തന്നെ രാജ്യങ്ങളും വാണിജ്യ താല്പര്യങ്ങളും റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെ സ്വാധീനിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളുമുണ്ട്. എല്ലാ മേഖലകളിലും അടിയന്തിരവും ദ്രുതവേഗത്തിലുള്ളതുമായ ലഘൂകരണ നടപടികളുടെ ആവശ്യകത തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സൗദി മന്ത്രാലയത്തിന്റെ ഉപദേശകന്‍ ആവശ്യപ്പെടുകയുണ്ടായി. അടുത്ത കുറേ ദശകത്തോളം രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിന്റെ ഭാഗമായുള്ള ഊര്‍ജോല്പാദനത്തില്‍ അനിവാര്യ ഘടകമായി കല്ക്കരി നിലകൊള്ളുമെന്നായിരുന്നു ഇന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞന്റെ നിലപാട്. ഈ വിധത്തില്‍ സ്വാധീനത്തിലൂടെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ അട്ടിമറിക്കപ്പെടാനിടയുണ്ടെന്നതാണ് പ്രസക്ത ഭാഗങ്ങള്‍ പുറത്തെത്തിക്കുന്നതിന് പ്രേരണയായത്.

 


ഇതുംകൂടി വായിക്കാം;  കാലാവസ്ഥാ ഉച്ചകോടി;സുസ്ഥിര കാര്‍ഷിക അ‍ജണ്ടയില്‍ ഒപ്പുവച്ച് ഇന്ത്യ


 

ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകത്തിന്റെ വികസന സങ്കല്പങ്ങള്‍ തന്നെ മാറ്റിയെഴുതണമെന്ന നിര്‍ദ്ദേശം പരോക്ഷമായി സൂചിപ്പിക്കുന്നുവെന്നതാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടിലെ മൂന്നാംഭാഗത്തിന്റെ പ്രത്യേകത. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ശാസ്ത്രം, പ്രത്യാഘാതങ്ങള്‍, ലഘൂകരണം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് ശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ധരുമടങ്ങുന്ന സമിതി പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ ലഘൂകരണം എന്ന വിഭാഗത്തില്‍പ്പെടുന്ന റിപ്പോര്‍ട്ടിലെ ഭാഗങ്ങളാണ് പുറത്തായത്. 1990ല്‍ തയ്യാറാക്കിയ ഐപിസിസി റിപ്പോര്‍ട്ട് പാരിസ്ഥിതികമായ മാറ്റങ്ങളാണ് അന്തരീക്ഷോഷ്മാവ് കൂടുന്നതിന് കാരണമെന്ന നിഗമനത്തിലെത്തുന്നുണ്ട്. അതിനുശേഷം പക്ഷേ ഈ നിഗമനം അവസാനിപ്പിച്ചു. അനിയന്ത്രിതമായ വളര്‍ച്ചയുടെ നിയന്ത്രണമല്ലാതെ കാലാവസ്ഥാ വ്യതിയാനം ഇല്ലാതാക്കുന്നതിന് മറ്റ് പോംവഴികള്‍ ഒന്നുംതന്നെയില്ലെന്നാണ് ആറാമത് റിപ്പോര്‍ട്ടിലെ പുറത്തായ ഭാഗം അടിവരയിടുന്നത്. അന്തരീക്ഷോഷ്മാവ് ഉയര്‍ത്തുന്ന വാതകങ്ങളുടെ നിര്‍ഗമനത്തില്‍ സാംസ്കാരികവും ചരിത്രപരവുമായ വ്യതിയാനങ്ങള്‍, ഗ്രാമ നഗരങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്നിവയെല്ലാം ഘടകങ്ങളാണ്. കുന്നുകൂടുന്ന സമ്പത്തും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ദരിദ്രരുടെ എണ്ണവും തമ്മിലുള്ള അന്തരവും പരിഗണിക്കപ്പെടണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 


ഇതുംകൂടി വായിക്കാം; ആഗോളതാപനം: പ്രധാനമന്ത്രി തിരുത്തലുകൾക്ക് തയാറാകുമോ?


 

അതുകൊണ്ടുതന്നെ ഇപ്പോള്‍ മുതലാളിത്തലോകവും രാജ്യങ്ങളും വാദിക്കുന്ന വികസന തന്ത്രങ്ങള്‍ക്ക് ബദല്‍ കണ്ടെത്തണമെന്ന വ്യക്തമായ നിര്‍ദ്ദേശമാണ് റിപ്പോര്‍ട്ടിലുള്ളത്. വ്യാവസായിക വികസനമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാന കാരണം. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ മുതലാളിത്ത സാമൂഹ്യ ഘടന സൃഷ്ടിക്കുന്ന സാമൂഹ്യ — സാമ്പത്തിക വികസന പ്രക്രിയയാണ് കാരണമാകുന്നത്. വികസനം നിരന്തരപ്രക്രിയയാണെന്നാണ് അതിന്റെ വക്താക്കള്‍ വാദിക്കുന്നത്. എന്നാല്‍ അതല്ലെന്ന് റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. കാര്‍ബണ്‍ ഡയോക്സൈഡിന്റെ നിര്‍ഗമനം 2025ഓടെ അതിന്റെ ഏറ്റവും ഉന്നതിയിലെത്തുമെന്നും 2050 ഓടെ അത് പൂജ്യത്തിലെത്തിക്കണമെന്നും റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നുണ്ട്. ഹരിതഗൃഹവാതക നിര്‍ഗമനത്തെ സംബന്ധിച്ച വന്‍കിട രാജ്യങ്ങളുടെ ഇപ്പോഴത്തെ നിലപാട് പാരിസ് ഉച്ചകോടിയുടെ ധാരണകള്‍ക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വികസനത്തെ സംബന്ധിച്ച മുതലാളിത്ത കാഴ്ചപ്പാട് നിരാകരിക്കണമെന്നും പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടേണ്ടതുണ്ടെന്നുമാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. ഇതിനര്‍ത്ഥം ലോകത്തെ അതിസമ്പന്നരും കുത്തകകളും അംഗീകരിക്കുന്ന മുതലാളിത്ത വികസന നയങ്ങള്‍ അവസാനിക്കുന്നുവെന്നും പുതിയതിലേക്ക് മാറണമെന്നുമാണ്. അങ്ങനെയൊരു പരിണതി ക്രമാനുഗതമോ എളുപ്പമോ അല്ലെങ്കിലും അത് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആത്യന്തികമായി മുതലാളിത്ത വികസന നയമാണ് കാലവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണമെന്നാണ് കണ്ടെത്തല്‍. അതിനാല്‍ റിപ്പോര്‍ട്ട് അതേ വികാരത്തോടെ അംഗീകരിക്കുവാന്‍ ലോകശക്തികളെന്ന് മേനി നടിക്കുന്ന രാജ്യങ്ങളും കുത്തക — വ്യവസായലോകവും തയ്യാറാകില്ല എന്നതിനാലാണ് യഥാര്‍ത്ഥ റിപ്പോര്‍ട്ട് ചോര്‍ത്തിയാണെങ്കിലും പൊതുജന ശ്രദ്ധയിലെത്തിക്കുവാന്‍ ഒരുകൂട്ടം ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്.

You may also like this video;

Exit mobile version