നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട നാല് ലേബര്‍ കോഡുകള്‍ സംബന്ധിച്ച ആശയക്കുഴപ്പം ഉന്നത ഭരണവൃത്തങ്ങളില്‍ത്തന്നെ മറനീക്കി പുറത്തുവരുന്നു. രാജ്യത്തെ 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ സംയോജിപ്പിച്ച് രൂപം നല്കിയ നാല് ലേബര്‍ കോഡുകള്‍ പ്രധാനമന്ത്രിയും തൊഴില്‍വകുപ്പടക്കം വിവിധ മന്ത്രാലയങ്ങളും അവകാശപ്പെടുംവിധം തൊഴില്‍ അവസരങ്ങള്‍ ഉത്തേജിപ്പിക്കുകയോ വ്യാവസായിക വളര്‍ച്ച ഉറപ്പുവരുത്തുകയൊ ചെയ്യില്ലെന്ന് ബിബേക് ഒബ്രോയ് അധ്യക്ഷനായുള്ള പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) പ്രധാനമന്ത്രിയുടെ ഓഫീസിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനങ്ങളിലെ തൊഴില്‍ പരിഷ്കാരങ്ങള്‍ സംബന്ധിച്ച് ഇഎസി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രിയുടെ തന്നെ അവകാശവാദങ്ങളെ നിരാകരിക്കുന്ന അഭിപ്രായ പ്രകടനം. നൂറ്റാണ്ടുകാലത്തോളം നീണ്ട എണ്ണമറ്റ സമരങ്ങളിലൂടെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നേടിയെടുത്ത തൊഴില്‍ അവകാശങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ നാല് കോഡുകളായി സമന്വയിപ്പിക്കാന്‍ ശ്രമിച്ചുവന്നത്. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ കേന്ദ്ര തൊഴില്‍ കോഡുകള്‍ക്ക് അനുയോജ്യമായ നിയമഭേദഗതികള്‍ ഇതിനകം ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. മതിയായ കൂടിയാലോചനകളൊ അഭിപ്രായ സമന്വയമോ കൂടാതെ നടത്തുന്ന നിയമഭേദഗതികള്‍ അംഗീകരിക്കാന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളൊ തൊഴിലാളികളുടെയും ജീവനക്കാരുടെയും സ്വതന്ത്ര സംഘടനകളൊ തയാറായിട്ടില്ല. മാത്രമല്ല അത്തരം തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരെ ശക്തമായ ചെറുത്തുനില്പാണ് രാജ്യത്ത് വളര്‍ന്നുവന്നിട്ടുള്ളത്. ഏകപക്ഷീയമായി രാജ്യത്തിന്റെ മേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ച കര്‍ഷക മാരണ നിയമങ്ങള്‍ പിന്‍വലിച്ചതുപോലെ തൊഴിലാളിവര്‍ഗത്തിന്റെ സംഘടിത ശക്തിക്കു മുമ്പില്‍ തൊഴില്‍ മാരണ നിയമങ്ങളും പിന്‍വലിക്കേണ്ടി വരുമെന്ന സൂചനയും ശക്തമാണ്.
ഇതുകൂടി വായിക്കാം; അസമത്വ ലോകവും ഇന്ത്യയിലെ അസമത്വത്തിന്റെ നേർക്കാഴ്ചയും
നിലവിലുള്ള 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ക്കും പകരം വേതനം സംബന്ധിച്ച 2019ലെ കോഡ്, 2020ലെ സാമൂഹിക സുരക്ഷാ കോഡ്, വ്യവസായ ബന്ധ കോഡ് 2020, തൊഴില്‍സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യം എന്നിവ സംബന്ധിച്ച 2020ലെ കോഡ് എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്കിയ നാല് തൊഴില്‍ നിയമങ്ങള്‍. വേതനം സംബന്ധിച്ച പുതിയ കോഡ് അടിസ്ഥാന വേതനമൊഴിച്ച് വേതനം സംബന്ധിച്ച മറ്റെല്ലാ വിഷയങ്ങളിലും നിശബ്ദമാണ്. വ്യവസായബന്ധ കോഡാവട്ടെ മുന്നൂറ് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നിരുപാധിക അധികാരം നല്കുന്നു. അമ്പതു വരെ തൊഴിലാളികളെ ഏര്‍പ്പാടു ചെയ്യുന്ന കരാറുകാരെ തൊഴില്‍സുരക്ഷാപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുന്നതാണ് മൂന്നാമത്തെ കോഡ്. സാമൂഹിക സുരക്ഷാപരമായ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ ഒഴിവാക്കുന്നതാണ് സാമൂഹിക സുരക്ഷാ കോഡ്. ഈ വസ്തുതകളുടെ പശ്ചാത്തലത്തിലാണ് തൊഴില്‍ കോഡുകള്‍ക്കെതിരെ ദേശീയ പണിമുടക്കടക്കം പ്രക്ഷോഭ സമരങ്ങളിലും പ്രതിഷേധത്തിലും ഏര്‍പ്പെടാന്‍ രാജ്യത്തെ മഹാഭൂരിപക്ഷം ട്രേഡ് യൂണിയനുകളും നിര്‍ബന്ധിതമായത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന അവസരത്തില്‍ ഫെബ്രുവരി 23–24 തീയതികളില്‍ 48 മണിക്കൂര്‍ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം നല്കുകയും അതിന്റെ വിജയത്തിനായി വിപുലമായ തയാറെടുപ്പുകള്‍ നടന്നുവരികയുമാണ്. ഈ പശ്ചാത്തലത്തില്‍ വേണം കേന്ദ്ര ഭരണത്തിന്റെ ഔന്നത്യങ്ങളില്‍ത്തന്നെ വിവാദ തൊഴില്‍ കോഡുകള്‍ സംബന്ധിച്ച് അഭിപ്രായ ഭിന്നതയും ആശയക്കുഴപ്പവും ഉടലെടുത്തിരിക്കുന്നത് വിലയിരുത്തപ്പെടാന്‍.
ഉന്നത മോഡി ഭരണവൃത്തത്തിലെ ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും ഏതെങ്കിലുംതരത്തില്‍ തൊഴിലാളികള്‍ക്കും അവരുടെ അവകാശസംരക്ഷണത്തിനും അനുകൂലമായ ഭിന്നതയല്ല, മറിച്ച് നിര്‍ദ്ദിഷ്ട ലേബര്‍ കോഡുകള്‍ കോര്‍പറേറ്റ് മൂലധന താല്പര്യങ്ങള്‍ക്ക് എത്രത്തോളം അനുകൂലവും സ്വീകാര്യവുമാണെന്ന തര്‍ക്കമാണ് ഉടലെടുത്തിരിക്കുന്നത്. കര്‍ഷക മാരണ നിയമങ്ങളുടെ അപമാനകരമായ പിന്‍വലിക്കല്‍ പോലെ മറ്റൊരു രാഷ്ട്രീയ നാണക്കേടില്‍ നിന്ന് മുഖംരക്ഷിക്കാനുള്ള തന്ത്രപരമായ നീക്കമായും പുതിയ തര്‍ക്കത്തെ വിലയിരുത്തുന്നതിലും തെറ്റില്ല. ഉന്നത മോഡി സര്‍ക്കാര്‍ വൃത്തങ്ങളില്‍ പ്രകടമാകുന്ന ആശയക്കുഴപ്പം രാജ്യത്തെ തൊഴിലാളിവര്‍ഗം ഇതിനകം കെെവരിച്ച ഉയര്‍ന്ന പ്രവര്‍ത്തന ഐക്യത്തിന് യാതൊരു കാരണവശാലും വിഘാതമായിക്കൂട.
You may also like this video;