Site iconSite icon Janayugom Online

മുല്ലപ്പെരിയാര്‍ മുന്നോട്ടുവയ്ക്കുന്ന ജാഗ്രതാസന്ദേശം

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയര്‍ അണക്കെട്ടിലെ കൂടിവരുന്ന ജലനിരപ്പ് കുറയ്ക്കുന്നതിനുള്ള നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ആശങ്കയ്ക്ക് വകയില്ലാത്ത വിധം മുന്‍കരുതല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. മഴക്കാലം തുടങ്ങുന്നത് മുതല്‍ തന്നെ ഈ നടപടികളുണ്ടാകാറുള്ളതുമാണ്. ജലനിരപ്പുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എല്ലാ ദിവസവും മണിക്കൂറുകള്‍ ഇടവിട്ട് വിലയിരുത്തുകയും ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലും ആശയവിനിമയം നടത്തി, ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെടുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അറിയിച്ചത്.

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട്ടിലേക്ക് തുരങ്കം വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഞായറാഴ്ച പൂർണ്ണ ശേഷിയായ 2200 ക്യുസെക്സിലേക്ക് ഉയർത്തിയിട്ടുണ്ട്. നേരത്തേ ഇത് 1300 ക്യുസെക്സ് ആയിരുന്നു. ജല നിര്‍ഗമന മാര്‍ഗങ്ങളിലൂടെ ഒഴുക്കി വിടുകയാണെങ്കില്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഞായറാഴ്ച രാത്രിയിലെ കണക്ക് അനുസരിച്ച് ജലനിരപ്പ് 136.95 അടിയായി ഉയർന്നിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി ഇന്നലെ പരിഗണിക്കുന്ന വേളയില്‍ രാവിലെ ഒമ്പതുമണിവരെ 137.2 അടിയായെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ദശകങ്ങളുടെ പഴക്കമുണ്ട്.


ഇതുകൂടി വായിക്കൂ:മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; പരിസ്ഥിതി ആഘാത പഠനംപുരോഗമിക്കുന്നു: മന്ത്രി റോഷി അഗസ്റ്റിന്‍


1895ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 126 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കാലപരിധി കഴിഞ്ഞുവെന്ന മുന്നറിയിപ്പുകളാണ് അണക്കെട്ടിനെ സംബന്ധിച്ച പ്രധാന ആശങ്കയ്ക്ക് കാരണമാകുന്നത്. ഏറ്റവും ഒടുവില്‍ ഐക്യരാഷ്ട്രസഭ സര്‍വകലാശാല പഠന റിപ്പോര്‍ട്ടിലും അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള സൂചനകളുണ്ട്. 1979ലും 2011ലുമുണ്ടായ ഭൂകമ്പത്തെതുടര്‍ന്ന് നേരിയ വിള്ളലുകള്‍ രൂപപ്പെട്ടതായി പഠന റിപ്പോര്‍ട്ടിലുണ്ട്. 50 വര്‍ഷമായിരുന്നു അണക്കെട്ടിന് ആയുസ് നിര്‍ണയിച്ചിരുന്നത്. ഇപ്പോള്‍ അത് 126 വര്‍ഷമെത്തിയിരിക്കുന്നുവെന്നതാണ് ആശങ്കയ്ക്ക് പ്രധാന കാരണമായി കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ പുതിയ അണക്കെട്ട് എന്ന ആവശ്യത്തിനാണ് മുന്‍ഗണനയെങ്കിലും തമിഴ്‌നാട് അത് അംഗീകരിക്കുവാന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ സമവായശ്രമങ്ങളുടെ ഭാഗമായി 2014ല്‍ സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മേല്‍നോട്ട സമിതി ഉണ്ടാക്കിയത്. പ്രസ്തുത സമിതിയില്‍ കേന്ദ്ര ജല കമ്മിഷന്റെയും കേരള — തമിഴ്‌നാട് സര്‍ക്കാരുകളുടെയും പ്രതിനിധികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: മുല്ലപ്പെരിയാര്‍ സുരക്ഷിതമെന്ന് കേന്ദ്ര ജല കമ്മിഷന്‍


ഇതെല്ലാമാണെങ്കിലും ഇപ്പോഴും സംഭരണശേഷിയെചൊല്ലിയുള്ള അവകാശവാദമാണ്, കേരളത്തിന്റെ ആശങ്കകളല്ല തമിഴ്‌നാടിന്റെ പരിഗണനാ വിഷയമെന്നാണ് ഇന്നലെ പരമോന്നത കോടതിയില്‍ അവര്‍ സ്വീകരിച്ച സമീപനത്തില്‍ നിന്ന് വ്യക്തമാകുന്നത്. വെള്ളപ്പൊക്കം ഗുരുതരമായ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച 2018ല്‍ ഡാമിലെ ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്ന് പരമോന്നത കോടതി നിര്‍ദ്ദേശിച്ചിരുന്നതാണ്. ഇപ്പോഴും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതേ ഉത്തവുണ്ടാകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ സുപ്രീംകോടതി 2006ലും 2014ലും ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തിയിരുന്നുവെന്ന നിലപാടില്‍ ഉറച്ചുനില്ക്കുകയാണ് തമിഴ്‌നാട്. അതേ നിലപാടാണ് ഇന്നലെ പരമോന്നത കോടതിയില്‍ ഇതുസംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജികള്‍ പരിഗണിച്ച വേളയില്‍ അവര്‍ സ്വീകരിച്ചത്. അതേസമയം ശക്തമായ മഴ മുന്നറിയിപ്പുള്ള പശ്ചാലത്തിലും ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് പരിഗണിച്ചും 139 അടിയെന്ന മുന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കേരളം വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് പുറമേ തുരങ്കംവഴി വൈഗ അണക്കെട്ടിലേയ്ക്ക് പരമാവധി ജലം തുറന്നുവിടാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പ്


അധികജലം തുറന്നുവിടുന്ന പ്രക്രിയപോലും വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള ദുരന്തത്തിന് കാരണമായേക്കാവുന്നതാണ്. അതുകൊണ്ടാണ് 2018ല്‍ നിശ്ചയിച്ച 139 അടിയെന്ന നിരപ്പില്‍ നിര്‍ത്തുവാന്‍ നിര്‍ദ്ദേശിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. 2018ലേതുപോലുള്ള സാഹചര്യമുണ്ടായിട്ടില്ലെങ്കിലും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നാല്‍ അതുള്‍പ്പെടെ ചെയ്യുന്നതിനുള്ള മുന്‍കരുതലുകള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. തമിഴ്‌നാട് പറയുന്നതുപോലെ 2006, 2014 വര്‍ഷങ്ങളില്‍ സുപ്രീം കോടതി അനുവദിച്ച 142 അടി ജലനിരപ്പെന്ന സ്ഥിതിയിലേയ്ക്ക് പോകാതിരിക്കുവാനുള്ള നടപടി ആ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഇരു സംസ്ഥാനങ്ങളുടെയും താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള ജാഗ്രതയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായിട്ടുള്ളത്.

You may also like this video;

Exit mobile version