Site icon Janayugom Online

മരണഭീതി പരത്തുന്ന ജയിലുകള്‍

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ 84 കാരൻ സ്റ്റാന്‍ സ്വാമി മതിയായ ചികിത്സ കിട്ടാതെ ജൂലൈ മാസം മരണത്തിന് കീഴടങ്ങിയത് ആഗോളതലത്തിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വയോധികനും രോഗിയുമായിട്ടും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പോലും ലഭിക്കാതെ പ്രയാസത്തിലായ അദ്ദേഹം ധരിക്കുവാൻ ചെരുപ്പും വിറയൽ അനുഭവപ്പെടുന്നതിനാൽ കുടിക്കുമ്പോൾ ഉപയോഗിക്കുവാൻ സ്ട്രോയും അനുവദിച്ചു കിട്ടുന്നതിനായികോടതിയെ സമീപിക്കേണ്ടിവന്ന നിർഭാഗ്യവാനാണ്. കോവിഡ് ബാധിച്ചപ്പോൾ യഥാസമയം ചികിത്സ നല്കുന്നതിനും സന്നദ്ധമായില്ല. ഒടുവിൽ ഗുരുതരാവസ്ഥയിലായി ആശുപത്രിയിലെത്തിച്ചുവെങ്കിലും അദ്ദേഹം ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായി.
ഭീമകൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് വർഷങ്ങളായി ജയിലിൽകഴിയുന്നവരുടെ എണ്ണം ഇപ്പോൾ പതിനഞ്ചാണ്.

അതിൽ കവിയും സാമൂഹ്യ പ്രവർത്തകനുമായ വരവര റാവു ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിച്ച് ചികിത്സയില്‍ കഴിയുന്നു. ആ​രോ​ഗ്യ​വും പ്രാ​യാ​ധി​ക്യ​വും പ​രി​ഗ​ണി​ച്ചായിരുന്നു ഹൈക്കോടതി ആ​റു മാ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം നൽകിയത്. മുംബൈ നഗരം വിട്ടുപോകരുതെന്ന ഉപാധിയോടെ സെപ്റ്റംബര്‍ അഞ്ചുവരെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ചികിത്സ തുടരുന്നതിനാല്‍ താല്ക്കാലികമായി നീട്ടുകയായിരുന്നു. അദ്ദേഹത്തെ എത്രയും വേഗം ജയിലിൽ എത്തിക്കുന്നതിനുള്ള ശ്രമം ഇടയ്ക്കിടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തുന്നുണ്ടെങ്കിലും കോടതിയുടെ കനിവിലാണ് ചികിത്സ തുടരുന്നത്. മെഡിക്കൽ റിപ്പോർട്ടുകളിൽ അദ്ദേഹത്തിന് ഗുരുതരമായ അസുഖങ്ങളുള്ളതായി സൂചിപ്പിക്കുന്നില്ലെന്നും എൻഐഎ കഴിഞ്ഞ മാസം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ അദ്ദേഹത്തിന് ജയിലിൽതിരികെ എത്തുന്നതിന് നവംബർ 18 വരെ ബോംബെ ഹൈക്കോടതി സമയം നല്കിയിരിക്കുകയാണ്.

 


ഇതുംകൂടി വായിക്കാം;വരവരറാവുവിനെതിരെ ജാമ്യമില്ലാ വാറണ്ട്


ബാക്കിയുള്ളവർ ഇപ്പോഴും ദയനീയമായസാഹചര്യത്തിൽ ജയിലിൽതന്നെ തുടരുന്നു. ഇതില്‍ഉള്‍പ്പെട്ട സാമൂഹ്യ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയും ജയിലില്‍ ഗുരുതരമായ സ്ഥിതി വിശേഷമാണ് നേരിടുന്നതെന്നാണ് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പരാതിപ്പെട്ടിരിക്കുന്നത്. 70 വയസുകഴിഞ്ഞ അദ്ദേ ഹത്തെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കിലും അണ്ഡ സെല്‍ എന്നറിയപ്പെടുന്ന പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി പ്രയാസപ്പെടുത്തുകയാണെന്നാണ് ഭാര്യ സഹ്ബ പരാതിപ്പെട്ടിരിക്കുന്നത്. ഭീകരര്‍, ഗുണ്ടാസംഘാംഗങ്ങള്‍ എന്നിവരെ പ്രത്യേകമായി പാര്‍പ്പിക്കുന്നതിനാണ് ഇത്തരം സെല്ലുകള്‍ പണിതിരിക്കുന്നത്. ഏകാന്ത തടവ് മാത്രമല്ല ഇത്തരം കുറ്റവാളികള്‍ മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കുവാനും മസ്തിഷ്ക പ്രക്ഷാ ളനം നടത്താതിരിക്കുവാനും വേണ്ടിയാണ് ഇത്തരം സംവിധാനമുണ്ടാക്കിയത്. പുരാതനകാലത്തെ പൊലീസ് സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഇവിടങ്ങളില്‍ പിന്നീട് നക്സല്‍ ചിന്താഗതിക്കാരെയും പാര്‍പ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. അതേ സെല്ലിലേക്കാണ് നവ്‌ലാഖയെ മാറ്റിയത്.

അവിടെ മതിയായ ചികിത്സാ സൗകര്യങ്ങളും നേരിട്ട് കാണുന്നതിനുള്ള അവസരവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വിചാരണ തടവുകാരനായ നവ്‌ലാഖയുമായുള്ള ആശയവിനിമയം നടത്തുന്നതിന് ആകെയുള്ള സംവിധാനമായ ഫോണ്‍വിളികള്‍ പോലും അനുവദിക്കുന്നില്ല. വിവിധതലത്തിലുള്ള പരിശോധനകള്‍കഴിഞ്ഞ് രണ്ടാഴ്ചയെങ്കിലുമെടുത്ത് ലഭിക്കുന്ന കത്തുകള്‍ മാത്രമാണ് ആശയവിനിമയത്തിനുള്ള ഏക ഉപാധി.
ഈ വിധത്തില്‍ നഗ്നമായ മനുഷ്യാവകാശലംഘനമാണ് ജയിലില്‍കഴിയുന്ന വിചാരണ തടവുകാരോട് എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെയും ബിജെപി സര്‍ക്കാരുകളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നടത്തുന്നത്. മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, അധ്യാപകർ, കവികൾ, ആദിവാസി പ്രവർത്തകർ എന്നിങ്ങനെ നൂറുകണക്കിനുപേരാണ് ഭരണകൂട സംവിധാനങ്ങള്‍ നേരിട്ട് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളായി ജയിലുകളില്‍ കഴിയുന്നത്. ഭീമ കൊറേഗാവ് കേസില്‍ 16 പേരെ അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ ആരോപിക്കപ്പെട്ടിരുന്ന പല കുറ്റങ്ങളും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ഇല്ലായിരുന്നുവെന്നതുതന്നെ ഭരണകൂട രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ് ഇത്തരം കേസുകളെന്ന് വ്യക്തമാക്കുന്നു. ഇത്തരം നിരവധി കേസുകള്‍ നിലനില്ക്കുമ്പോഴാണ് നവ്‌ലാഖയുടെ ബന്ധുക്കളുടെ പരാതി അധികാരികളുടെ മുന്നിലെത്തുന്നത്. മതിയായ ചികിത്സയും മറ്റ് സൗകര്യങ്ങളും കിട്ടാതെ നരകിക്കുകയും മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളായിതീരുകയും ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് വിചാരണ കൂടാതെ മരണം വിധിക്കുന്ന ഇടങ്ങളായി നമ്മുടെ ജയിലുകള്‍ മാറാതിരിക്കുവാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നു.

You may also like this video;

Exit mobile version