Site icon Janayugom Online

ജനങ്ങളുടെ അവകാശമാകുന്ന സര്‍ക്കാര്‍ സേവനങ്ങള്‍

സാധാരണ ജനങ്ങളുടെ ഒപ്പമല്ല മുന്നിലാണ് സർക്കാർ എന്ന പ്രഖ്യാപനം കോവിഡ് മഹാമാരിക്കാലത്താണ് കേരള ജനതയുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടത്. പട്ടിണിയുമായി വീട്ടില്‍ കഴിഞ്ഞവര്‍ക്കും പാതിവഴിയില്‍ കുടുങ്ങിപ്പോയവര്‍ക്കും സാന്ത്വനമായി തീര്‍ന്ന സര്‍ക്കാരിന്റെ സ്നേഹസ്പര്‍ശങ്ങള്‍ പക്ഷേ പിന്നീടും തുടരുകയാണ്. കോവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ പിന്നിടുന്നതുവരെ തുടര്‍ന്ന ആ കൂട്ടിരിപ്പിന് ശേഷവും ജനങ്ങളുടെ മുന്നിലുള്ള പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതില്‍ ഒരു പക്ഷേ ഏറ്റവും സുപ്രധാനമായ ചുവടുവയ്പെന്ന് വിശേഷിപ്പിക്കാവുന്നതാണ് സര്‍ക്കാര്‍സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനം. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുള്ള ബോര്‍ഡുകളില്‍ എല്ലാം സേവനത്തെകുറിച്ചാണ് പറയുന്നത്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകള്‍ ആ നിലപാടുകളോട് പല തരത്തിലും ഒത്തുപോകുന്നില്ല. അത് ജീവനക്കാരില്‍ ചെറിയൊരു വിഭാഗത്തിന്റെ സമീപനത്തിന്റെ മാത്രം പോരായ്മയല്ല. എല്ലാ സേവനങ്ങള്‍ക്കും അപേക്ഷാഫീസ്, സ്റ്റാമ്പ് പതിക്കല്‍ എന്നിങ്ങനെ പണം നല്കേണ്ടിവരുന്നുണ്ട്. പല കാരണങ്ങളാല്‍ നിരവധി തവണ കയറിയിറങ്ങേണ്ട സ്ഥിതിയുമുണ്ട്. അക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസവും സഹായവുമാകുന്നതാണ് വ്യാപാര — വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളതല്ലാത്ത എല്ലാ അപേക്ഷാ ഫീസുകളും വേണ്ടെന്ന് വച്ചുകൊണ്ടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ഇതോടൊപ്പം വിവിധ സർട്ടിഫിക്കറ്റുകളും സേവനങ്ങളും നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കും, ഒരിക്കൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ മറ്റു സർക്കാർ ഓഫീസുകളിലെ ആവശ്യങ്ങൾക്കും ഉപയോഗിക്കാം (കാലയളവ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിഷ്കർഷിക്കാം. എന്നാൽ ഇവ ഏറ്റവും കുറഞ്ഞത് ഒരു വർഷക്കാലമായിരിക്കണം), വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് രേഖകള്‍ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണമെന്ന രീതി ഒഴിവാക്കി, രേഖകളുടെ പകർപ്പുകൾ സ്വയം സാ­­ക്ഷ്യപ്പെടുത്തിയാൽ മതിയാകും എന്നിങ്ങനെ തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്.


ഇതുകൂടി വായിക്കു:വിശ്വാസമർപ്പിച്ച ജനങ്ങളെ കൈവിടില്ലെന്ന ഉറപ്പ്‌, സാമ്പത്തിക ബുദ്ധിമുട്ടിലും ആശ്വാസവുമായി LDF സർക്കാർ


സാധാരണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നത് അപ്രാപ്യമാവുന്നതിനും വിലങ്ങുതടിയാവുന്നതിനും ഇടയാക്കുന്ന പല ഉപാധികളും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നത് വലിയ ആശ്വാസമാണ്. ഒരേ കാര്യത്തിന് പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന സ്ഥിതിയുമുണ്ട്. വിവിധസര്‍ക്കാര്‍സേവനങ്ങള്‍ക്ക് ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സ­ര്‍ട്ടിഫിക്കറ്റുകള്‍ വേ­ണമെന്ന ഉപാധി ഇത്തരത്തിലുള്ള ഒന്നാണ്. ഗസറ്റഡ് ഉദ്യോഗസ്ഥനെ കണ്ടെത്തി ഒപ്പിട്ടുവാങ്ങി മറ്റൊരു ഓഫീസിലേയ്ക്ക് പോകേണ്ടിവരുന്ന സാധാരണക്കാരുടെ ദുര്‍ഗതിക്കാണ് ഈ തീരുമാനത്തിലൂടെ അവസാനമുണ്ടാകുവാന്‍ പോകുന്നത്. സംസ്ഥാനത്ത് ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ നല്കിയാല്‍ അത് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുമെന്നതുപോലുള്ള തീരുമാനം വളരെയേറെ ആശ്വാസകരവും സഹായകരവുമാണ്. കേരളത്തിനു പുറത്തു ജനിച്ചവർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ തന്നെ നൽകും. റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും മതി. ഇവ ഇല്ലാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്. എസ്എസ്എൽസി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. ലൈഫ് സർട്ടിഫിക്കറ്റിന് കേന്ദ്രസർക്കാർ പെൻഷൻകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ‘ജീവൻ പ്രമാൺ’ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്. ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകർക്ക് നൽകാനും തീരുമാനമായി.


ഇതുകൂടി വായിക്കു: സംസ്ഥാനത്തെ 33 വില്ലേജുകള്‍ കൂടി സ്മാര്‍ട്ടാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി


സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണ ജനങ്ങളുടെ അവകാശമാണെന്ന അടിസ്ഥാന പ്രമാണം നടപ്പിലാക്കപ്പെടുന്നതിന്റെ സുപ്രധാനമായ ചുവടുവയ്പായി പരിഗണിക്കാവുന്നതാണ് ഇത്തരം തീരുമാനങ്ങള്‍. ഇതിലൂടെ സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയവും സൗകര്യവും ലഭിക്കുന്നു. നമ്മുടെ വില്ലേജ് ഓഫീസുകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രവര്‍ത്തനത്തിന്റെ വലിയൊരു ഭാഗം സമയം സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതിനായാണ് വിനിയോഗിക്കപ്പെടുന്നത്. ഈ ഘട്ടത്തില്‍ മറ്റു സേവനങ്ങള്‍ നല്കുവാന്‍ സാധിക്കാത്ത സ്ഥിതിയുമുണ്ടാകാറുണ്ട്. ഓരോ ആവശ്യത്തിനും സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നതിന് സാധാരണക്കാര്‍ പലതവണ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നുവെന്ന ഗതികേടിനും ശമനമാവുകയാണ്. ചെറുന്യൂനപക്ഷം ഉദ്യോഗസ്ഥരാണെങ്കില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുവാനും ശ്രമിക്കാറുണ്ട്. അതും ഇല്ലാതാകുന്നു. വളരെ സുപ്രധാനമായ, ജനങ്ങളോടുള്ള പ്രതിബദ്ധത അടിവരയിടുന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്. ഇതിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. അതോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതിനായി ചെലവഴിക്കപ്പെടുന്ന സമയംകൂടി സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിലുള്ള നിരീക്ഷണ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കേണ്ടതുണ്ട്.

You may also like this video;

Exit mobile version