Site iconSite icon Janayugom Online

എആര്‍ടി, സറോഗസി ക്ലിനിക്കുകള്‍ക്കുള്ള അംഗീകാരം

കൃത്രിമ ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നല്കുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യ വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. കു‍ഞ്ഞ് എന്ന സ്വപ്നവുമായി ജീവിക്കുന്ന എത്രയോ പേരുടെ പ്രതീക്ഷകളെയാണ് ഇതിലൂടെ സംസ്ഥാന സര്‍ക്കാര്‍ അഭിസംബോധന ചെയ്യുന്നത്. കൃത്രിമ പ്രത്യുല്പാദന സാങ്കേതിക വിദ്യ (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്‌നോളജി-എആര്‍ടി), വാടക ഗര്‍ഭധാരണ (സറോഗസി) ക്ലിനിക്കുകള്‍ക്ക് സമയബന്ധിതമായി അംഗീകാരം നല്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചിത നിബന്ധനകള്‍ പാലിച്ചും നിരക്കുകള്‍ അടച്ചും വിവിധ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ കേന്ദ്ര നിയമങ്ങളായ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷന്‍) ആക്ട് 2021, സറോഗസി (റെഗുലേഷന്‍) ആക്ട് 2021 എന്നിവ അനുസരിച്ച് പരിശോധിച്ച ശേഷമായിരിക്കും അംഗീകാര നടപടികള്‍ പൂര്‍ത്തിയാക്കുക. ഇതിനായി വിവിധ ഭരണ സംവിധാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കിക്കഴിഞ്ഞിട്ടുണ്ട്. നിയമപ്രകാരം സംസ്ഥാന തലത്തില്‍ എആര്‍ടി-സറോഗസി ബോര്‍ഡ്, അപ്രോപ്രിയേറ്റ് അതോറിറ്റി എന്നിവ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഇവയുടെ യോഗങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്നാണ് അംഗീകാരം നല്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചത്. സംസ്ഥാന ബോര്‍ഡിന്റെ മൂന്ന് അംഗങ്ങളെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളിലായി നിയോഗിച്ചുകഴിഞ്ഞു. ഇവര്‍ പരിശോധന നടത്തി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്കുക. കൃത്രിമ ഗര്‍ഭധാരണം നടത്താനുദ്ദേശിക്കുന്നവര്‍ക്ക് വലിയ ആശ്വാസമേകുന്നതാണ് ഈ തീരുമാനങ്ങള്‍.

 


ഇതുകൂടി വായിക്കു; അക്രമസമരങ്ങള്‍ അപലപനീയം


പത്തുവര്‍ഷം മുമ്പ് ഇംഗ്ലണ്ടിലെ ബൗണ്‍ ഹാള്‍ ക്ലിനിക് നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ വന്ധ്യത വര്‍ധിക്കുന്ന പ്രവണതയുള്ളതായി കണ്ടെത്തിയിരുന്നു. ജീവിത രീതിയിലും ശൈലിയിലുമുണ്ടായ വ്യത്യാസങ്ങള്‍ക്കൊപ്പം വിവാഹപ്രായം വൈകുന്നതും ഇതിന് കാരണമായി പഠനത്തില്‍ വ്യക്തമാക്കി. 1970ല്‍ സംസ്ഥാനത്തെ ജനന നിരക്ക് 31 ആയിരുന്നത് പിന്നീട് കുറയുകയും 2007ല്‍ 14.7 ആവുകയും ചെയ്തുവെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് വന്ധ്യത കൂടിയതിന്റെ ഫലം കൂടിയാണെന്നാണ് ബൗണ്‍ ഹാള്‍ ക്ലിനിക് വിലയിരുത്തുന്നത്. 2019ലെ മറ്റൊരു കണക്കനുസരിച്ച് ജനന നിരക്ക് 13.8 എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏതായാലും സംസ്ഥാനത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വന്ധ്യതാ ചികിത്സയ്ക്കായുള്ള ക്ലിനിക്കുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റഡ് റീപ്രൊഡക്ടീവ് (ഐഎസ്എആര്‍) കേരള ചാപ്റ്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2012ല്‍ സംസ്ഥാനത്ത് 21 ക്ലിനിക്കുകള്‍ ഉണ്ടായിരുന്നത് 2017ല്‍ 41 ആയി. ഇപ്പോഴത് അമ്പതിലധികമാണ്. ശരാശരി 6,000 മുതല്‍ 7,000 വരെ ദമ്പതികള്‍ ചികിത്സ തേടുന്നതായും കൃത്രിമ മാര്‍ഗങ്ങളിലൂടെ രണ്ടായിരത്തോളം കുട്ടികള്‍ പിറക്കുന്നതായും പഠന റിപ്പോര്‍ട്ടുണ്ട്. ഇവയെല്ലാം ഏറ്റവും ലളിതമായ കൃത്രിമ മാര്‍ഗങ്ങളിലൂടെ ഉണ്ടായിട്ടുള്ളവയാണ്. പ്രധാനമായും ഐവിഎഫ് എന്ന മാര്‍ഗമാണ് സ്വീകരിച്ചുപോരുന്നത്. അടുത്തഘട്ടമായാണ് കൃത്രിമ പ്രത്യുല്പാദന സാങ്കേതിക വിദ്യ (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്‌നോളജി — എആര്‍ടി), വാടക ഗര്‍ഭധാരണ (സറോഗസി) രീതികള്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്. ദശലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സാരീതി ആയിട്ടും ഒരു കുഞ്ഞെന്ന സ്വപ്നവുമായി നിരവധി പേര്‍ ഇതിനെ ആശ്രയിക്കുന്നുണ്ട്.

 


ഇതുകൂടി വായിക്കു;സാമ്പത്തിക വളര്‍ച്ച: കണക്കുകള്‍ മൂടിവയ്ക്കാനാവില്ല


 

പ്രധാനമായും നിയമപരമായ തടസങ്ങളെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലുള്ള ക്ലിനിക്കുകളിലാണ് എആര്‍ടി, സറോഗസി രീതികള്‍ നടത്തുന്നത്. ചികിത്സയ്ക്കു പുറമേ മറ്റു ചെലവുകളും ഇടനിലക്കാശുമൊക്കെയായി വലിയ ചൂഷണത്തിനുമുള്ള അവസരമായി ഈ രീതി മാറിയിട്ടുമുണ്ട്. പലരും ഇടനിലക്കാര്‍ക്കുവേണ്ടി മാത്രം എത്രയോ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട സ്ഥിതിയുമുണ്ട്. കുഞ്ഞിക്കാലുകാണുകയെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി എന്തും ചെയ്യുമെന്ന മാനസികാവസ്ഥയുള്ളവര്‍ ചിലപ്പോഴൊക്കെ തട്ടിപ്പിനിരയാകുന്ന സാഹചര്യവുമുണ്ട്. മാര്‍ച്ച് മാസത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്താകെ 40,000ത്തിലധികം എആര്‍ടി ക്ലിനിക്കുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണത്തിനും മേല്‍നോട്ടത്തിനുമുള്ള സര്‍ക്കാര്‍ സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം രണ്ടു നിയമനിര്‍മ്മാണങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനത്തെ ദമ്പതികള്‍ക്ക് ഒരു സ്വകാര്യ വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ സഹായത്തോടെ വാടക ഗര്‍ഭധാരണ രീതി സ്വീകരിക്കുന്നതിന് അനുമതി നല്കി ഹൈക്കോടതിയുടെ വിധിയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തില്‍ ഈ ചികിത്സാരീതി ലഭ്യമാകുന്നത് വളരെയധികം പേര്‍ക്ക് ആശ്വാസമായിരിക്കുമെന്നതില്‍ സംശയമില്ല. വ്യാപകമായി നടത്തപ്പെടുന്ന ഐവിഎഫ് രീതിക്കു തന്നെ ഭീമവും വ്യത്യസ്തവുമായ നിരക്കുകളാണ് വിവിധ ക്ലിനിക്കുകള്‍ ഈടാക്കുന്നത്. ആദ്യഘട്ടത്തിലുള്ള സ്വാഭാവിക ചികിത്സാരീതികള്‍ക്കു പകരം ഐവിഎഫിന് നിര്‍ബന്ധിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എആര്‍ടി, സറോഗസി രീതികള്‍ക്ക് പതിനഞ്ചു ലക്ഷം മുതല്‍ മുകളിലോട്ടാണ് വിവിധയിനങ്ങളിലായി ഇപ്പോള്‍ ഈടാക്കുന്നത്. പണക്കൊയ്ത്തിനുള്ള വഴിയായി ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതുള്‍പ്പെടെ എആര്‍ടി, സറോഗസി രീതികള്‍ അവലംബിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും ക്ലിനിക്കുകള്‍ക്ക് അംഗീകാരം നല്കുന്നതിനൊപ്പം ഉണ്ടാകണം.

Exit mobile version