ജനപ്രതിനിധി സഭകളിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും അവയ്ക്ക് കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ നൽകുകയുമെന്നത് കാലങ്ങളായി തുടർന്നുവരുന്ന പ്രക്രിയയാണ്. ലോക്‌സഭ, രാജ്യസഭ, നിയമസഭകൾ എന്നിവിടങ്ങളിലെല്ലാം ചോദ്യങ്ങൾ ഉന്നയിക്കുകയും അവയ്ക്ക് മറുപടി ലഭിക്കുകയുമെന്നത് അംഗങ്ങളുടെ അവകാശമാണ്. ഉത്തരങ്ങൾ ലഭ്യമാക്കുന്നതിന് കാലതാമസം ഉണ്ടാകാറുണ്ട്. എങ്കിലും അവ്യക്തമായും പരസ്പര വിരുദ്ധമായും അത് നൽകുക എന്നത് അസാധാരണവും ജനാധിപത്യവിരുദ്ധവുമാണ്. വിവരങ്ങൾ ലഭിക്കുകയെന്ന അവകാശത്തിന്റെ ലംഘനവുമാണ് അത്തരം നടപടി. എന്നാൽ അംഗങ്ങളുടെ അവകാശങ്ങൾ പല വിധത്തിൽ ലംഘിക്കുകയെന്നത് ബിജെപി സർക്കാർ പതിവാക്കുന്നുവെന്ന ആരോപണം വ്യാപകമായി അംഗങ്ങളിൽ നിന്ന് ഉന്നയിക്കപ്പെടുകയാണ്. 2014, 19 വർഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം തനിച്ച് ഭൂരിപക്ഷമില്ലാതെയാണ് അധികാരത്തിലെത്തിയത്. പക്ഷേ പാർലമെന്ററി സംവിധാനത്തെ കൂടുതൽ ജനാധിപത്യവിരുദ്ധമായാണ് അവർ ഉപയോഗിക്കുന്നതെന്നാണ് ഓരോ നടപടികളും തെളിയിക്കുന്നത്. പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതി നേരത്തെയും ഉണ്ടായിരുന്നു. ഇത്തവണ പാർലമെന്റിന്റെ കീഴ്‌വഴക്കങ്ങളെല്ലാം കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവിനെപ്പോലും സംസാരിക്കാൻ അനുവദിക്കാത്ത നിലപാടാണ് സ്പീക്കർ ലോക്‌സഭയിൽ സ്വീകരിക്കുന്നത്. രാജ്യസഭയിൽ അധ്യക്ഷനായ ഉപരാഷ്ട്രപതിയും പ്രതിപക്ഷ അംഗങ്ങളോട് കർക്കശമായ നിലപാടാണ് അവലംബിക്കുന്നത്. ഇതിനുപുറമേയാണ് ചോദ്യങ്ങളോടുള്ള നിഷേധാത്മകവും പരസ്പരവിരുദ്ധ മറുപടികൾ നൽകുന്നതുമായ സമീപനം. ചോദ്യങ്ങൾക്ക് വ്യക്തവും വിശദവുമായ മറുപടി നൽകുകയെന്ന രീതിയാണ് ലംഘിക്കപ്പെടുന്നത്.
സഭയിൽ മറുപടി നൽകുന്നതിൽ പുതിയ രീതി അവലംബിക്കുകയാണ് പല മന്ത്രിമാരും. ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാചകങ്ങളിൽ മറുപടി നൽകുകയും വിശദാംശങ്ങൾ ബന്ധപ്പെട്ട വെബ്സെറ്റുകളിൽ ചെന്ന് നേടണമെന്ന് നിർദേശിക്കുകയുമാണ് ചെയ്യുന്നത്. സാധാരണ നിലയിൽ ഉത്തരത്തിന്റെ വിശദാംശങ്ങൾ അനുബന്ധമായി നൽകുകയാണ് ചെയ്യാറുണ്ടായിരുന്നത്. അതിന് പകരം വിശദാംശങ്ങൾ വെബ്സൈറ്റിലെ ബന്ധപ്പെട്ട റിപ്പോർട്ടിൽ നിന്ന് കണ്ടെത്തിക്കൊള്ളണമെന്ന നിർദേശമാണ് നൽകുന്നത്. മറ്റൊരു അവകാശലംഘനം നടത്തുന്നത് പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയാണ്. ശാസ്ത്രനയം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നൽകിയ ഉത്തരം ഇതിന്റെ തെളിവാണ്. ഇത്തവണത്തെ സഭാസമ്മേളനത്തിൽ സിപിഐ നേതാവ് പി സന്തോഷ് കുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകിയ ബിജെപി സർക്കാർ നേരത്തെ മറ്റൊരു മറുപടിയായിരുന്നു നൽകിയത്. സ്വാതന്ത്ര്യത്തിനുശേഷം ശാസ്ത്രനയം ആദ്യം നടപ്പാക്കിയ സംസ്ഥാനം ഏതെന്നതായിരുന്നു ചോദ്യം. മാർച്ച് 13നുള്ള പ്രസ്തുത ചോദ്യത്തിന് 1974ൽ കേരളമായിരുന്നു ശാസ്ത്രനയം നടപ്പിലാക്കിയതെന്നായിരുന്നു മറുപടി. എന്നാൽ 2022ൽ സമാന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്താണ് നയം നടപ്പിലാക്കിയത് എന്ന മറുപടിയാണ് നൽകിയിരുന്നത്. 2018ലാണ് നടപ്പിലാക്കിയതെന്നായിരുന്നു മറുപടിയിൽ വ്യക്തമാക്കിയത്. മറ്റ് നിരവധി മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഉത്തരത്തിൽ പരസ്പര വിരുദ്ധമായ മറുപടികൾ നൽകുന്ന പ്രവണതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സന്തോഷ് കുമാർ പരാതി നൽകിയിരിക്കുകയാണ്.
അംഗങ്ങളുടെ അവകാശത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്ന സമീപനത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ബുധനാഴ്ച അർധ രാത്രിയിലെ സഭാനടപടികൾ. വഖഫ് ഭേദഗതി ബില്ലിന്റെ ചർച്ച നീണ്ടുപോയതും അർധരാത്രി വോട്ടെടുപ്പ് നടത്തിയതും അതാണ് വ്യക്തമാക്കുന്നത്. ഇതിനെതിരെ അംഗങ്ങളിൽ നിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്. ജനാധിപത്യവിരുദ്ധമാണ് ഈ നടപടിയെന്ന് എല്ലാ കോണുകളിൽ നിന്നും ആക്ഷേപമുയർന്നിരിക്കുകയാണ്. അതേരാത്രിയിൽ വഖഫ് ബിൽ പാസാക്കിയതിന് ശേഷമായിരുന്നു മണിപ്പൂരിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്തിയതിന് അംഗീകാരം നൽകുന്നതിനുള്ള പ്രമേയം അവതരിപ്പിക്കപ്പെട്ടത്. രണ്ട് മാസം മുമ്പ് പ്രഖ്യാപിക്കപ്പെട്ട രാഷ്ട്രപതി ഭരണത്തിന് ഇരുസഭകളുടെയും അംഗീകാരം വാങ്ങിയിരിക്കണമെന്ന വ്യവസ്ഥയുടെ മറവിൽ നട്ടപ്പാതിരയ്ക്ക് പ്രമേയം അവതരിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ വളരെ സുപ്രധാനമായ ഈ വിഷയത്തിലുള്ള ചർച്ചയ്ക്ക് കേവലം 20 മിനിറ്റ് മാത്രമാണ് അനുവദിക്കപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടിക്ക് 10 മിനിറ്റെടുക്കുകയും ചെയ്തു. നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ പലായനം ചെയ്യേണ്ടിവരികയും ചെയ്ത സംഘർഷത്തെക്കുറിച്ച് ചർച്ചയ്ക്ക് അവസരം നൽകാതിരിക്കുവാനായിരുന്നു ഈ അർധരാത്രി നാടകം. മണിപ്പൂരിൽ വംശഹത്യക്ക് സമാനമായ സംഘർഷങ്ങൾ ആരംഭിച്ചിട്ട് രണ്ട് വർഷം പൂർത്തിയാകാൻ ഏകദേശം ഒരുവർഷം മാത്രം ബാക്കിയിരിക്കെ അതുസംബന്ധിച്ച ചർച്ചയ്ക്ക് കൂടുതൽ സമയം അനുവദിക്കാതെ രാഷ്ട്രപതി ഭരണത്തിനുള്ള അംഗീകാരം നേടിയെടുക്കുകയായിരുന്നു ഭരണപക്ഷം. ഇങ്ങനെ അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുകയും ജനാധിപത്യപരമായ നടപടിക്രമങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സ്വേച്ഛാധിപത്യപരമായ സമീപനങ്ങൾ ആവർത്തിക്കുന്നത് പാർലമെന്ററി സംവിധാനത്തിന്റെ അന്തഃസത്തയെ തകർക്കുന്നതിന് തുല്യമാണ്.