കണ്ണ് നനയിക്കുന്ന രണ്ട് കാഴ്ചകൾ. ഒന്ന് മഹാരാഷ്ട്രയിൽ നിന്ന്, മറ്റൊന്ന് ജമ്മു കശ്മീരിൽ നിന്ന്. ഇന്ത്യയിൽ ഏറ്റവുമധികം ഉള്ളി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ആപ്പിൾ വിളയിക്കുന്നത് ജമ്മു കശ്മീരും. ഈ രണ്ട് സംസ്ഥാനങ്ങളിലെയും കർഷകർ അനുഭവിക്കുന്ന ദുരിതക്കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഉള്ളി കർഷകർ പ്രക്ഷോഭത്തിന്റെ പാതയിലാണ്. സെപ്റ്റംബർ 12 മുതലാണ് സംസ്ഥാനത്തെ ഉള്ളി കർഷകർ പ്രക്ഷോഭമാരംഭിച്ചത്. 2,200 മുതൽ 2,500 രൂപ വരെ ഉല്പാദന ചെലവ് വരുന്ന ഉള്ളിക്ക് 800 മുതൽ 1000 രൂപ വരെ മാത്രമേ ക്വിന്റലിന് ലഭിക്കുന്നുള്ളൂ എന്ന സാഹചര്യത്തിലാണ് അവർ പ്രക്ഷോഭത്തിലേർപ്പെട്ടിട്ടുള്ളത്. റാബി സീസണിൽ അധിക ഉല്പാദനമുണ്ടായെങ്കിലും ഉള്ളിയുടെ ഗുണനിലവാരം കുറവാണെന്ന് പറഞ്ഞ് സംഭരിക്കുന്നവർ പിന്നോട്ടുപോയതു കാരണമാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിന് കർഷകർ നിർബന്ധിതമാകുന്നത്. കൂടുതൽ വില പ്രതീക്ഷിച്ച് അധിക ഉല്പാദനം നടത്തിയതുമൂലം സംഭരണ സംവിധാനങ്ങളുടെ അഭാവം കാരണം ഉല്പന്നം നശിക്കുന്നത് ഒഴിവാക്കുന്നതിന് കുറഞ്ഞ വിലയ്ക്ക് വിറ്റൊഴിവാക്കേണ്ടിവരികയും ചെയ്യുന്നു. അതേസമയം കുറഞ്ഞ വിലയിൽ സംഭരിച്ച്, വിപണിയിൽ ഉള്ളി ലഭ്യത കുറയുമ്പോൾ കൂടിയ വിലയ്ക്ക് വിൽക്കുന്നതിനുള്ള ഇടനിലക്കാരുടെ തന്ത്രമാണിതെന്ന് കർഷകർ ആരോപിക്കുന്നു. ഉള്ളി കയറ്റുമതിയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഭവിക്കുന്ന ഇടിവും കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ്. 2022–23ൽ 25.24 ലക്ഷം ടൺ ഉള്ളി കയറ്റുമതി ചെയ്ത സ്ഥാനത്ത് പിന്നീടുള്ള രണ്ട് വർഷവും കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ കയറ്റുമതി 11.47 ലക്ഷം ടൺ ആയിരുന്നു. ഏകദേശം പകുതിയോളം കുറവാണുണ്ടായത്. അതുകൊണ്ടുതന്നെ കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഏകീകൃത കയറ്റുമതി നയം ആവിഷ്കരിക്കണമെന്നുമാണ് കർഷകരുടെ പ്രധാന ആവശ്യം.
ശക്തമായ കാലവർഷത്തെ തുടർന്ന് റോഡുകൾ തകർന്ന് ഗതാഗതം സ്തംഭിച്ചതിനാൽ ഉല്പാദിപ്പിച്ച ആപ്പിൾ ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കാനാകാതെ നശിച്ചുപോകുന്നതാണ് ജമ്മു കശ്മീരിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. രാജ്യത്തെ മൊത്തം ആപ്പിൾ ഉല്പാദനത്തിന്റെ 70% നടക്കുന്നത് ഇവിടെയാണ്. പ്രധാന കയറ്റുമതിയും ഇവിടെ നിന്നുതന്നെ. സംസ്ഥാനത്തെ ഏകദേശം 35 ലക്ഷം കുടുംബങ്ങൾ ആപ്പിൾ ഉല്പാദനവും വ്യാപാരവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവരാണെന്ന കണക്കുമുണ്ട്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിളനാശം സംഭവിച്ചതിന് പുറമേയാണ് ലഭിച്ച ആപ്പിൾ പോലും വില്‍ക്കാനാകാതെ നശിക്കുന്ന സ്ഥിതിയുണ്ടായിരിക്കുന്നത്. മൂന്നാഴ്ചയിലധികമായി ഗതാഗത സംവിധാനം താറുമാറായി കിടക്കുന്നത് പരിഹരിക്കാൻ ദേശീയപാതാ അതോറിട്ടി തയ്യാറാകാത്ത സാഹചര്യത്തിൽ ഇവിടെയും കർഷകർ പ്രക്ഷോഭത്തിലാണ്. കയറ്റി അയയ്ക്കുന്നതിന് സാധിക്കാത്തതിനാൽ ആപ്പിൾ വിപണികളും ചെറുകിട സംഭരണ കേന്ദ്രങ്ങളും അടഞ്ഞു കിടക്കുകയാണ്. അതുകൊണ്ടുതന്നെ സ്വന്തമായി സംഭരണ സംവിധാനങ്ങളില്ലാതെ നൂറുകണക്കിന് ടൺ ആപ്പിൾ നശിക്കുന്നു. കർഷകർ റോഡിലുപേക്ഷിച്ച ആപ്പിൾ കൂനകൾ നശിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകവുമാണ്.
രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ബിജെപി സർക്കാർ കർഷകരോട് കാട്ടുന്ന വഞ്ചനയുടെ ഉദാഹരണമാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ. ചെറുകിട, ഇടത്തരം കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായിട്ടില്ലെന്നാണ് മഹാരാഷ്ട്ര, കശ്മീർ അനുഭവങ്ങളിലൂടെ വ്യക്തമാകുന്നത്. ഉറപ്പായ കുറഞ്ഞ താങ്ങുവില, മതിയായ സംഭരണ സംവിധാനം എന്നിവയാണവ. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ മതിയായ നഷ്ടപരിഹാരമോ പകരം വിപണന സംവിധാനങ്ങളോ ഏർപ്പെടുത്താത്ത സർക്കാർ അലംഭാവവും ദുരിതം വർധിപ്പിക്കുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം കർഷകർക്കും സർക്കാരുകൾക്കും നൽകുന്നതാണ് കശ്മീരിലെ ആപ്പിൾ ഉല്പാദനം. അതുകൊണ്ടുതന്നെ ഇവ സംഭരിച്ച് വിമാനത്തിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കേന്ദ്രസർക്കാരിന് ചെയ്യാവുന്നതാണ്. എന്നാൽ അതിന് സന്നദ്ധമാകുന്നില്ല. കുറഞ്ഞ താങ്ങുവില ഏർപ്പെടുത്തിയാൽ വിപണി വില്പന വേളയിൽ അതെങ്കിലും കർഷകർക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടാകും. അതുപോലെ തന്നെയാണ് കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ ഉപയോഗിച്ച് സംഭരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയെന്നത്. നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്), നാഷണൽ അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്) എന്നിവയെ ഉപയോഗിച്ച് ഉല്പന്നങ്ങൾ വാങ്ങുകയും സംഭരിക്കുകയും തുടർന്ന് വിപണിയിൽ വിൽക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ ഫലപ്രദമായി ആവിഷ്കരിച്ചാൽ തന്നെ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് കർഷകരുടെ നിർദേശം. ഒരു സംസ്ഥാനം ഇതര പ്രദേശങ്ങളുമായി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ട് രണ്ടാഴ്ചയിലധികമായിട്ടും പ്രതിവിധിക്ക് ദേശീയപാതാ അതോറിട്ടിക്ക് ആയിട്ടില്ലെന്നതാണ് ജമ്മു കശ്മീരിലെ കർഷക പ്രശ്നത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന്. അത് യഥാർത്ഥത്തിൽ ദേശീയ നാണക്കേടാണ്.

