Site iconSite icon Janayugom Online

എ ആർ റഹ്‌മാൻ പങ്ക് വച്ച ഉത്ക്കണ്ഠ

ന്ത്യയിലെ ഏറ്റവും പ്രശസ്തനായ സംഗീത സംവിധായകരിൽ ഒരാളും ഓസ്കാര്‍ ജേതാവുമായ എ ആർ റഹ്‌മാൻ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ച തന്റെ ചില അനുഭവങ്ങൾ ഉത്ക്കണ്ഠാകുലമാണ്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾക്കെതിരെ പതിവുപോലെ ബിജെപി, സംഘ്പരിവാർ നേതാക്കളും അവരെ അനുകൂലിക്കുന്നവരും രംഗത്തുവന്നിട്ടുണ്ട്. ചർച്ചയായതിനെ തുടർന്ന് അദ്ദേഹം നൽകിയ വിശദീകരണത്തിലും ആദ്യം പറഞ്ഞ കാര്യങ്ങൾ നിഷേധിച്ചില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

1990കളിൽ ഹിന്ദി സിനിമാ (ബോളിവുഡ്) മേഖല, തന്നെ സ്വീകരിച്ചെങ്കിലും കഴിഞ്ഞ കുറച്ചുവർഷങ്ങളായി താൻ അവഗണിക്കപ്പെടുന്നുവെന്ന ദുഃഖമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ബോളിവുഡിനുള്ളിലെ അധികാരമാറ്റമാണ് ഇതിന് കാരണമെന്ന് പറഞ്ഞ അദ്ദേഹം, സാമുദായിക പക്ഷപാതത്തെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. എന്നാൽ അത് ഒരിക്കലും നേരിട്ടുള്ളതല്ലെന്ന് അദ്ദേഹം പറയുന്നിടത്താണ് ഇതിന്റെ അപകടം പതിയിരിക്കുന്നത്. പ്രത്യേക മതവിഭാഗങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി എല്ലായിടത്തും അവലംബിക്കപ്പെടുമ്പോൾ എ ആർ റഹ്‌മാന്റെ വെളിപ്പെടുത്തൽ അവിശ്വനീയമല്ല. മാത്രമല്ല സിനിമയെ ഭിന്നിപ്പിനുള്ള ഉപാധിയാക്കുന്നുവെന്നും അത്തരം സിനിമകളിലേക്ക് വിളിച്ചാൽ പോകാതിരിക്കുകയാണെന്നും കൂടി അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്.

തമിഴ് സിനിമാ സംഗീതത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 1991ൽ മണിരത്നത്തിന്റെ റോജയിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്, പിന്നീട് ബോംബെ, ദിൽ സേ… എന്നിവയ്ക്ക് സംഗീതം നൽകി. സുഭാഷ് ഘായിയുടെ താൽ (1999) ഉൾപ്പെടെ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ ഹിറ്റാകുകയും വടക്കേ ഇന്ത്യയിൽ ചിരപരിചിതനും അനിവാര്യഘടകവുമായി മാറി. വാരിവലിച്ച് സംഗീതം ചെയ്യുന്ന പ്രകൃതക്കാരനായിരുന്നില്ല എന്നതുകൊണ്ട് തന്നെ ഒഴിവാക്കുന്നതിന് എളുപ്പമായെന്ന സൂചന നൽകുന്നുവെങ്കിലും ബോധപൂർവമായ മാറ്റിനിർത്തലാണ് നടക്കുന്നതെന്ന് ആ വാക്കുകളിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.

ബോളിവുഡ് സിനിമയ്ക്കുവേണ്ടി താനുമായി സംസാരിച്ച ചില വിദേശകമ്പനികൾ മറ്റുകാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി. ഈ വാക്കുകൾ സമകാലിക ഇന്ത്യൻ സാഹചര്യങ്ങളിൽ തള്ളിക്കളയേണ്ടതല്ല. ഇതിനെ ചില മുസ്ലിം പേരുകളുള്ള നടന്മാർക്ക് ലഭിക്കുന്ന സ്വാഭാവിക പരിഗണനയെന്ന എതിർവാദംകൊണ്ട് പ്രതിരോധിക്കാവുന്നതുമല്ല. തങ്ങൾക്ക് ഇഷ്ടമില്ലാത്ത പ്രദേശങ്ങളെയും സമുദായങ്ങളെയും കുറ്റപ്പെടുത്തുകയും ഇകഴ്‍ത്തുകയും ചെയ്യുന്ന രീതി ബോളിവുഡിൽ കഴിഞ്ഞ കുറച്ചുനാളുകളായി വിവാദത്തിന് കാരണമായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്.

ബിജെപിയുടെയും സംഘ്പരിവാറിന്റെയും രാഷ്ട്രീയ അജണ്ടകളുടെ പ്രചരണ മാധ്യമമാക്കി സിനിമകളെ മാറ്റിയതും നാം കണ്ടതാണ്. കേരള സ്റ്റോറിയെന്ന ചലച്ചിത്രം തന്നെയാണ് അതിന്റെ മികച്ച ഉദാഹരണങ്ങളിൽ ഒന്ന്. പതിനായിരക്കണക്കിനാളുകളെ മതപരിവർത്തനം നടത്തി, ഭീകരപ്രവർത്തനത്തിന് കൊണ്ടുപോയെന്ന ഔദ്യോഗിക രേഖകളുടെയോ കെട്ടുകഥകളുടെ പോലുമോ പിൻബലമില്ലാതെയാണ് കേരള സ്റ്റോറിയെന്ന സിനിമ കേരളത്തെ അപകീർത്തിപ്പെടുത്തുന്നതിന് ചമച്ചത്. സംഘ്പരിവാറിന് നമ്മുടെ സംസ്ഥാനത്ത് വേരുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ അതിന് പ്രതികാരമെന്നോണം സിനിമയെടുത്ത് അപമാനിക്കുന്ന ഹീന നടപടിയാണുണ്ടായത്. വൻ എതിർപ്പുണ്ടായപ്പോൾ മതംമാറ്റിയവരുടെ എണ്ണത്തിൽ കുറവ് വരുത്തിയെന്നല്ലാതെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ തയ്യാറായില്ല.

അതേ സിനിമ രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടി അംഗീകരിക്കപ്പെട്ടതും കൂട്ടിവായിക്കേണ്ടതാണ്.
ഹൈന്ദവ വിശ്വാസത്തിന് പോറലേ‍ല്പിക്കുന്നുവെന്ന് വ്യാഖ്യാനിച്ച് എത്രയോ സിനിമകൾക്ക് അനുമതി നൽകാൻ മടിക്കുന്ന വിധം സെൻസർ ബോർഡ് പോലും എ ആർ റഹ്‌മാൻ ഇപ്പോൾ പറഞ്ഞതുപോലെ അധികാരമാറ്റത്തിന്റെ പ്രതിഫലനങ്ങൾ കാട്ടുന്നുണ്ട്. ഒരു ഭാരതസർക്കാർ ഉല്പന്നം, ജാനകി വേഴ്സസ് ദി സ്റ്റേറ്റ് ഓഫ് കേരള എന്നീ സിനിമകളുടെ പേര് നിർണയം പോലും ആ മാറ്റം പ്രകടിപ്പിച്ചു. ആദ്യത്തേത് കേന്ദ്രസർക്കാരിനെ പ്രതിനിധാനം ചെയ്തതുകൊണ്ടാണെങ്കിൽ രണ്ടാമത്തേത് കേരള സർക്കാരിനെ ആയതല്ല പേരുമാറ്റ പിടിവാശിക്ക് കാരണമായത്; ജാനകിയെന്ന സംജ്ഞയെച്ചൊല്ലിയായിരുന്നു. അതേസമയം മുസ്ലിം ഭരണാധികാരികളെ കറ്റവാളികളും സമുദായത്തെ രണ്ടാംകിട പൗരന്മാരുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് അംഗീകാരം നൽകുന്നതിന് മടികാട്ടുന്നുമില്ല.

ഉത്തരേന്ത്യയുടെ സാമൂഹ്യ പരിസരങ്ങൾ അതിന് അനുരോധവുമാണ്. ബംഗാളിൽനിന്നുള്ള മുസ്ലിങ്ങളെ മാത്രമല്ല ആ സംസ്ഥാനത്തുനിന്ന് ജീവിതോപാധി തേടിയെത്തുന്ന പാവപ്പെട്ടവനെ പോലും ബംഗ്ലാദേശിയെന്ന് മുദ്രകുത്തി വഴിയിൽ തടയുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന വിധം വെറുപ്പ് പല പ്രദേശങ്ങളിലും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കശ്മീരി മുസ്ലിം ഭൂരിപക്ഷ പ്രദേശത്തോടുള്ള വിദ്വേഷം തീർക്കുന്നതിന്, പ്രവർത്തനമാരംഭിച്ച മെഡിക്കൽ കോളജിന്റെ അംഗീകാരം റദ്ദാക്കുകയും നിയമ സർവകലാശാല സ്ഥലംമാറ്റുകയും ചെയ്യുന്നവിധം അധികാര സ്ഥാപനങ്ങൾ വെറുപ്പ് പ്രകടിപ്പിക്കുകയാണ്. ഇങ്ങനെയൊരു കെട്ടകാലത്താണ് എ ആർ റഹ്‌മാനെ പോലുള്ള വിഖ്യാത സംഗീത സംവിധായകന് തന്റെ ആകുലതകൾ പങ്കുവയ്ക്കേണ്ടിവന്നതെന്നത് ആശങ്കാജനകവും അതേസമയം നാണക്കേടുമാണ്.

Exit mobile version