നാല് പതിറ്റാണ്ട് മുമ്പ് നടന്ന ഭോപ്പാൽ വിഷവാതക ദുരന്തം ഇന്നും നടുക്കുന്ന ഓർമ്മകളാണ്. ഇപ്പോൾ അതേ ഭോപ്പാലിലും പരിസരങ്ങളിലും പ്രസ്തുത ദുരന്തത്തിന്റെ അവശിഷ്ടനീക്കവുമായി ബന്ധപ്പെട്ട ആശങ്കകൾ രൂപപ്പെടുകയും പ്രക്ഷോഭമായി വളരുകയും ചെയ്തിരിക്കുകയാണ്. 1984 ഡിസംബർ രണ്ട്, മൂന്ന് തീയതികളിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പോലും തിട്ടപ്പെടുത്തിയിട്ടില്ല. അമേരിക്കൻ ആഗോള വ്യവസായ ഭീമനായ യൂണിയൻ കാർബൈഡിന്റെ കീടനാശിനി ഫാക്ടറിയിൽ നിന്നുണ്ടായ വാതകച്ചോർച്ചയാണ് വൻ ദുരന്തമായത്. വീര്യംകൂടിയ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച സംഭരണിയിൽ വെള്ളം കയറുകയും രാസപ്രവർത്തനത്തിന്റെ ഫലമായി വിഷവാതകം രൂപപ്പെടുകയും താപനില ഉയർന്ന് വിഷവാതകം പുറത്തേക്ക് പ്രവഹിക്കുകയുമായിരുന്നു. ആദ്യദിനങ്ങളിൽ 5.500ലധികം പേരുടെ ജീവനാണ് നഷ്ടമായത്. പിന്നീട് പാർശ്വഫലങ്ങളുടെ ഫലമായി 10,000ത്തിലധികം പേരെങ്കിലും മരിച്ചുവെന്നാണ് ആരോഗ്യ, സന്നദ്ധ പ്രവർത്തകരുടെ കണക്ക്. മരിച്ചതിന്റെ എത്രയോ മടങ്ങ് അധികമാളുകൾക്കാണ് വൈകല്യമുൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ഇപ്പോഴും ദുരിതംപേറുന്ന ലക്ഷങ്ങൾ ഭോപ്പാലിലും പരിസരങ്ങളിലും ജീവിതം തള്ളിനീക്കുകയാണ്. ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ ബാധിച്ച പ്രസ്തുത ദുരന്തത്തിൽ മതിയായ ധനസഹായം വാങ്ങിനൽകുന്നതിന് പോലും നമ്മുടെ ഭരണാധികാരികൾക്ക് സാധിച്ചിരുന്നില്ല. എഴുത്തുകാരനും സംരംഭകനുമായ സന്തോഷ് ചൗബേയുടെ നോവലിൽ ഭോപ്പാലിലുണ്ടായ ദുരന്തത്തിന്റെ നേർക്കാഴ്ചകളുണ്ട്. ഒരു രാത്രി ഉറങ്ങിക്കിടന്നവർക്കുമീതെയാണ് വിഷവാതകം ചോർന്നെത്തിയത്. അതുകൊണ്ടുതന്നെ ഉറങ്ങുന്നവരായിരുന്നു ശ്വാസതടസവും മറ്റ് ബുദ്ധിമുട്ടുകളും നേരിട്ട് മരിച്ചത്. ഉറങ്ങാതിരുന്നവരും ഉറക്കത്തിന് ഭംഗം വന്നവരും വെപ്രാളപ്പെട്ട് വീടുവിട്ടിറങ്ങി ഓടിയതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. ദിവസങ്ങളോളം എന്താണ് സംഭവിച്ചതെന്നുപോലും അറിയാതെയായിരുന്നു ഭോപ്പാലുകാർ വിഷവാതകം ശ്വസിച്ച് ജീവിച്ചത്. പിന്നീട് ഉന്നതതല അന്വേഷണങ്ങളും പരിശോധനകളും നടന്നപ്പോഴായിരുന്നു സംഭവത്തിന്റെ കാരണമുൾപ്പെടെ നിജസ്ഥിതി പുറത്തായത്.
ദുരന്തത്തിനുശേഷം അവശേഷിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് വലിയ ഭീഷണിയായി നിലനിന്നു.
2010ൽ ദേശീയ പരിസ്ഥിതി എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം യൂണിയൻ കാർബൈഡ് പ്ലാന്റിലെയും പരിസരത്തെയും മണ്ണ് വിവിധ കീടനാശിനികളാലും നാഫ്തോൾ, മെർക്കുറി എന്നിവയാലും മലിനമായതായി കണ്ടെത്തി. ഇവയാകട്ടെ പരിസരവാസികളിൽ ഓർമ്മക്കുറവ്, നാഡീസംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും സൂചിപ്പിച്ചിരുന്നു. 1.25 ലക്ഷത്തോളം വരുന്ന പ്രദേശവാസികൾ ഇവയുടെ ദുരിതം തുടർന്നും അനുഭവിച്ചുവരികയാണെന്നും കണ്ടെത്തലുണ്ടായി. അതുകൊണ്ടുതന്നെ അവശിഷ്ടങ്ങൾ നീക്കണമെന്ന ആവശ്യങ്ങളും പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും നിരവധിയുണ്ടായി. എങ്കിലും ഭീമമായ അളവിലുള്ള അവശിഷ്ടങ്ങൾ നീക്കി നശിപ്പിക്കുന്നതിന് ഒട്ടേറെ വെല്ലുവിളികളുണ്ടായി. എവിടേക്ക് നീക്കുമെന്നും എങ്ങനെ നശിപ്പിക്കുമെന്നുമുള്ള പ്രശ്നം വലിയ പ്രതിസന്ധിയായി. ചെറിയ അളവിലുള്ള മാലിന്യനീക്കം പോലും പരിസരവാസികൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയ സാഹചര്യത്തിൽ വലിയ തോതിലുള്ളവയുടെ നീക്കം പിന്നെയും അനിശ്ചിതമായി തുടർന്നു. ആദ്യം ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വൻതോതിൽ ഒഴിഞ്ഞുകിടക്കുന്ന ചില സ്ഥലങ്ങൾ പരിഗണിച്ചുവെങ്കിലും അതാത് സർക്കാരുകളുടെയും പരിസരവാസികളുടെയും എതിർപ്പിനെ തുടർന്ന് നടന്നില്ല. വിഷ മാലിന്യം ഭോപ്പാലിൽതന്നെ നിക്ഷേപിച്ചിരിക്കുന്നത് മറ്റൊരു ദുരന്തത്തിന് കാരണമായേക്കുമെന്ന് നിരീക്ഷിച്ച മധ്യപ്രദേശ് ഹൈക്കോടതി ഇവ മാറ്റാൻ ഡിസംബർ മൂന്നിന് നാലാഴ്ചത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി. തുടർന്നാണ് ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെ ഇൻഡോറിന് സമീപമുള്ള പിതാംപൂരിലെ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ പരിസരങ്ങളിലും 1.80 ലക്ഷത്തോളം പേർ അധിവസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. മാലിന്യം നിക്ഷേപിക്കാനുള്ള തീരുമാനത്തിനെതിരെ ബന്ദ്, ആത്മാഹൂതി ശ്രമങ്ങൾ എന്നിങ്ങനെ പ്രതിഷേധം നടത്തിയ പരിസരവാസികൾ ഇപ്പോഴും എതിര്‍പ്പ് തുടരുകയാണ്.
ഒരു ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തത്തിന് കാരണമായേക്കുമെന്നാണ് ജനം ഭയക്കുന്നത്. നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ദുരന്തത്തിനും അതിനുശേഷമുള്ള നഷ്ടപരിഹാരം നൽകുന്നതിലും മാലിന്യനീക്കത്തിലും യൂണിയൻ കാർബൈഡ് എന്ന ഭീമനെ എല്ലാ സർക്കാരുകളും മാറ്റിനിർത്തുകയാണ് ചെയ്തതെന്ന് കാണാവുന്നതാണ്. ഇവിടെയും അത് സർക്കാരിന്റെയും ജനങ്ങളുടെയും മാത്രം ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തും ഇനിയൊരു ദുരന്ത സാഹചര്യം ഉണ്ടാകില്ലെന്നുറപ്പാക്കിയുമുള്ള നടപടികളാണ് മധ്യപ്രദേശ് — കേന്ദ്ര സർക്കാരുകളിൽ നിന്നുണ്ടാകേണ്ടത്.