Site iconSite icon Janayugom Online

ആർഎസ്എസിനെ വെള്ളപൂശുന്ന ഭോപ്പാൽ ഹൈക്കോടതി വിധി

യൂണിയൻ സര്‍ക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആന്റ് ട്രെയിനിങ് ജൂലൈ ഒമ്പതിന് പുറപ്പെടുവിച്ച ഒരു ഓഫിസ് മെമ്മോറണ്ടം വഴി രാഷ്ട്രീയ സ്വയം സേവക് സംഘിൽ പ്രവർത്തിക്കുന്നതിന് 58 വർഷങ്ങളായി കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കം ചെയ്ത് ഉത്തരവായി. കേന്ദ്രസർക്കാർ ജീവനക്കാർ ആർ
എസ്എസിൽ പ്രവർത്തിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കുന്നതിന് യാതൊരു ശ്രമവും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷം ഭരണം നടത്തിയ ബിജെപി/എൻഡിഎ സർക്കാർ നടത്തിയിരുന്നില്ല. അതിനുമുമ്പ് അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലിരുന്ന സന്ദർഭങ്ങളിലും ആർഎസ്എസിന് എതിരായ നിരോധനം നീക്കുന്നതിന് യാതൊരു ശ്രമവും നടന്നതായി വിവരമില്ല. അവർക്കിരുവർക്കും ആർഎസ്എസുമായുള്ള ബന്ധവും പ്രതിബദ്ധതയും ആരും ചോദ്യംചെയ്യുമെന്നും തോന്നുന്നില്ല. ഇപ്പോൾ, പൊടുന്നനെ ആർഎസ്എസിന് മേലുള്ള നിരോധനം നീക്കാൻ പ്രേരകമായ ചേതോവികാരം എന്തായിരിക്കുമെന്ന ചോദ്യമുയരുക തികച്ചും സ്വാഭാവികം തന്നെ. ‘ചാർസോ പാർ’ മുദ്രാവാക്യവുമായി പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട മോഡിയും സംഘവും ആർഎസ്എസിന്റെ അസ്തിത്വത്തെ ചോദ്യംചെയ്യുന്ന പ്രചരണപരിപാടികളിലാണ് ഏർപ്പെട്ടിരുന്നത്. ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ തന്നെ ആർഎസ്എസിനെ കൂടാതെ സ്വന്തംകാലിൽ നിൽക്കാന്‍ മാത്രം പാർട്ടി കരുത്താർജിച്ചുകഴിഞ്ഞുവെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മുതിർന്നു. മറ്റുപല ബിജെപി നേതാക്കളും ആ സ്വാതന്ത്ര്യ പ്രഖ്യാപനം ഏറ്റുപിടിക്കാനും തയ്യാറായി. നരേന്ദ്ര മോഡി പോലും ആ നിലപാടിനെ ചോദ്യംചെയ്യുകയോ നിരുത്സാഹപ്പെടുത്തുകയോ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടാൻ കഴിയാതെവരികയും ഘടകകക്ഷികളുടെ പിന്തുണയോടെ അധികാരത്തിൽ തുടരേണ്ടിവരികയും ചെയ്തതോടെ മോഡിക്കും സംഘത്തിനുമെതിരെ പരസ്യവും രൂക്ഷവുമായ വിമർശനം ഉന്നയിക്കാൻ സർസംഘചാലക് മോഹൻ ഭാഗവത് തന്നെ നേതൃത്വം നൽകി. തെലുഗുദേശം പാർട്ടിയുടെയും ജനതാദളി(യുണൈറ്റഡ്)ന്റെയും പിന്തുണയോടെ അധികാരത്തിലിരിക്കുന്ന തങ്ങൾ ഉറച്ച മണ്ണിലല്ല ചവിട്ടിനിൽക്കുന്നതെന്ന് മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നവരാണ് മോഡിയും കൂട്ടരും. ആ യാഥാർത്ഥ്യത്തിന്റെ തിരിച്ചറിവാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിരോധനം നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവിന് പ്രേരകമായത്. 

ആർഎസ്എസിൽ ചേരാൻ ഉദ്യോഗസ്ഥർക്കുള്ള നിരോധനം നീക്കംചെയ്ത ഉത്തരവിന് നിമിത്തമായത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന നിരോധനത്തിനെതിരെ ഒരു മുന്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ഭോപ്പാൽ ഹൈക്കോടതിയെ സമീപിച്ചതാണ്. നിരോധനം രാഷ്ട്രസേവനത്തിനുള്ള തങ്ങളുടെ അഭിലാഷത്തെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി മന്ദീഭവിപ്പിച്ചതായി പരാതിക്കാരൻ ആരോപിച്ചു. കിട്ടിയ അവസരം പാഴാക്കാതെ മോഡി സർക്കാർ നിരോധനം പിൻവലിച്ച്, മുറിഞ്ഞുപോയ, നാഗ്പൂരിലേക്കുള്ള പാലം പുതുക്കിപ്പണിയാൻ സന്നദ്ധമായി. പ്രശ്നം അവിടെ അവസാനിപ്പിക്കാതെ ഭോപ്പാൽ ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് തങ്ങളുടെ ‘രാജാവിനെക്കാൾ കടുത്ത രാജഭക്തി’ പ്രകടിപ്പിക്കാനുള്ള അവസരമായി അതിനെ മാറ്റി. ഇന്ത്യാവിഭജന കാലത്ത് ദശലക്ഷക്കണക്കിന് മനുഷ്യരുടെ കൂട്ടക്കൊലയ്ക്കും മനുഷ്യരാശിക്കെതിരായ അതീവ ഹീനവും നിന്ദ്യവുമായ കുറ്റകൃത്യങ്ങൾക്കും രാഷ്ട്രപിതാവിന്റെ അരുംകൊലക്കും സ്വതന്ത്ര ഇന്ത്യയിൽ അരങ്ങേറിയ എണ്ണമറ്റ വർഗീയ കലാപങ്ങൾക്കും ഉത്തരവാദിയായ ഒരു ഫാസിസ്റ്റ് സംഘടനയെയും അനുബന്ധ സംഘടനകളെയും അവരെ നയിക്കുന്ന അങ്ങേയറ്റം പ്രതിലോമകരമായ ആശയവൈകൃതങ്ങളെയും വെള്ളപൂശുന്ന രേഖയാണ് ഭോപ്പാൽ ഹൈക്കോടതിയുടെ വിധിപ്രസ്താവത്തിന്റെ പേരിൽ പുറത്തുവന്നത്. ഗാന്ധിവധ വിചാരണക്കോടതി മുതൽ പ്രിവി കൗൺസിൽ വരെയുള്ള നിയമനടപടികളും വിധി പ്രഖ്യാപനങ്ങളും അവയുടെ നിർവഹണവും ചരിത്രത്തിന്റെ ഭാഗമാണ്. ഗാന്ധി വധക്കേസിലെ ഗൂഢാലോചനയെപ്പറ്റി അന്വേഷിച്ച സുപ്രീം കോടതി ജഡ്ജി ജീവൻലാൽ കപൂർ കമ്മിഷന്റെ റിപ്പോർട്ടും രാഷ്ട്രത്തിന് മുന്നിലുണ്ട്. ഏറ്റവും അവസാനം 2017ൽ ഗാന്ധിവധം സംബന്ധിച്ച കുറ്റാന്വേഷണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പങ്കജ് പഹഡ്നിസ് എന്നയാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷൻ തള്ളിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയും എൽ നാഗേശ്വരയും ഉൾപ്പെട്ട ബെഞ്ചിന്റെ വിധിയും നമുക്ക് മുന്നിലുണ്ട്. 

അവയെയും രാജ്യത്തിന്റെ ചരിത്രത്തെയും ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെയും അപ്പാടെ അവഗണിച്ചുള്ള വിധിയാണ് ഭോപ്പാൽ ഹൈക്കോടതി ജൂലൈ 25ന് പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാർ ജീവനക്കാർ ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കുന്നത് രാഷ്ട്രസേവനത്തിൽ അവരുടെ ആശയാഭിലാഷങ്ങൾക്കൊത്ത് ഉയർന്നു പ്രവർത്തിക്കാൻ പ്രചോദനമാകുമെന്ന നിഗമനത്തിലാണ് ഭോപ്പാൽ ഹൈക്കോടതിയിലെ ജഡ്ജിമാരായ ശുശ്രുത അരവിന്ദ് ധർമ്മാധികാരിയും ഗജേന്ദ്ര സിങ്ങും എത്തിച്ചേരുന്നത്. ആർഎസ്എസിനെപ്പോലെ ‘അന്താരാഷ്ട്രത്തലത്തിൽ വിഖ്യാത’മായ ഒരു സംഘടനയെ അഞ്ചുപതിറ്റാണ്ട് നിരോധിത പട്ടികയിൽ ഉൾപ്പെടുത്തുകയും ആ തെറ്റുതിരുത്താൻ വൈകുകയും ചെയ്തതിൽ ന്യായാധിപർക്കുള്ള ആത്മരോഷം വിധിപ്രസ്താവം മറച്ചുവയ്ക്കുന്നില്ല. ആർഎസ്എസിന്റെ ഏത് പ്രവർത്തനമാണ് മതനിരപേക്ഷമല്ലാത്തത് എന്നും വിധി പ്രസ്താവം ആരായുന്നു. ഭോപ്പാൽ ഹൈക്കോടതി വിധി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് ആർഎസ്എസിൽ ചേർന്ന് പ്രവർത്തിക്കാനുള്ള മോഡി സർക്കാരിന്റെ ഉത്തരവിന് നിയമസാധുത നൽകുക മാത്രമല്ല ചെയ്യുന്നത്. അത് ആർഎസ്എസ് എന്ന തീവ്ര വർഗീയ ഫാസിസ്റ്റ് സംഘടനയ്ക്കും, പ്രത്യയശാസ്ത്രത്തിനും അവരുടെ രക്തപങ്കിലമായ പ്രതിലോമ ചരിത്രത്തിനും സാധുതയും മാന്യതയും കല്പിച്ചുനൽകുക കൂടിയാണ്. ആർഎസ്എസും അതിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവും ഇന്ത്യയുടെ ഉന്നത നീതിന്യായ സംവിധാനത്തിൽപ്പോലും എത്രത്തോളം ആഴത്തിൽ വേരോട്ടം ഉണ്ടാക്കിയിരിക്കുന്നു എന്നതിന്റെ പരസ്യപ്രഖ്യാപനം കൂടിയാണ് ഭോപ്പാൽ ഹൈക്കോടതി വിധി. 

Exit mobile version