തെരഞ്ഞെടുപ്പിലെ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊള്ളാനോ മത ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷ മനോഭാവത്തിൽ സംയമനത്തിനോ തീവ്ര ഹിന്ദുത്വ ശക്തികളും, തങ്ങളുടെ നയസമീപനങ്ങളിൽ അയവുവരുത്താൻ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളും, തയ്യാറല്ലെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിജെപി ആദ്യമായി അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ, ചൊവ്വാഴ്ച ഒഡിഷയിലെ തീരനഗരമായ ബാലസോറിൽ രണ്ട് മത സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമുണ്ടായി. ബക്രീദ് ബലിയുടെ പേരിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ അനവധി വീടുകളും കച്ചവടസ്ഥാപനങ്ങളും ആക്രമണത്തിനിരയായി. കല്ലേറിലും ലാത്തിയടിയിലും അനേകംപേർക്ക് പരിക്കേറ്റു. സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രി മോഹൻ ചരൺ മാജി സംസ്ഥാനത്തെ തീവ്ര ഹിന്ദുത്വ ശക്തികളോടൊപ്പം അവരുടെ വിധ്വംസക പ്രവർത്തനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും പങ്കുവഹിച്ചിരുന്ന വ്യക്തിയാണ്. മത ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തെപ്പറ്റി ആശങ്ക ഉയർത്തുന്ന സംഭവങ്ങൾക്ക് കടിഞ്ഞാണിടാൻ പുതിയ സർക്കാരിന് എത്രത്തോളം കഴിയുമെന്ന ചോദ്യം പ്രസക്തമാണ്. ബിജെപി സംസ്ഥാന ഭരണം കയ്യാളുന്ന അസമിലെ ദറാങ് ജില്ലയിലെ ധൽപൂരിൽനിന്നും ബംഗാളി മുസ്ലിങ്ങളെ കൂട്ടത്തോടെ കുടിയിറക്കുന്ന വാർത്തകളാണ് വരുന്നത്. 2021ൽ അതേസ്ഥലത്ത് അരങ്ങേറിയ കൂട്ട കുടിയിറക്കിന്റെ ക്രൂരമായ തുടർച്ചയാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ബംഗാളി മുസ്ലിങ്ങൾ തലമുറകളായി ജീവിച്ചിരുന്ന പ്രദേശത്തുനിന്നാണ് ബംഗ്ലാദേശികൾ, അനധികൃത നിർമ്മിതികൾ എന്നാരോപിച്ച് ബുൾഡോസറുകളും മറ്റും ഉപയോഗിച്ച് വീടുകൾ ഇടിച്ചുനിരത്തിയുള്ള കൂട്ട കുടിയിറക്കൽ നടപടി. സമാനരീതിയിലാണ് ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ അക്ബർനഗറിൽ 1200ൽപരം വീടുകളും കച്ചവട സ്ഥാപനങ്ങളും ഇടിച്ചുനിരത്തിയുള്ള കൂട്ട കുടിയിറക്കൽ.
ബുൾഡോസർ രാജിന് കുപ്രസിദ്ധമായ മധ്യപ്രദേശിലും മതന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും വ്യാപകവും ക്രൂരവുമായ അരക്ഷിതത്വത്തെയാണ് നേരിടുന്നത്. അവിടുത്തെ രത്തലം ജില്ലയിലെ ജവ്റ പട്ടണത്തിൽ ഏതാനും മുസ്ലിം ഭവനങ്ങൾ തകർക്കപ്പെടുകയും നാല് സമുദായാംഗങ്ങളെ ദേ ശീയ സുരക്ഷാ നിയമമനുസരിച്ച് തുറുങ്കിലടയ്ക്കുകയും ചെയ്തത് മൂന്നാം മോഡിസർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ്. സ്ഥലത്തെ ക്ഷേത്രത്തിൽ പശുവിന്റെ തലയറുത്ത് വലിച്ചെറിഞ്ഞുവെന്ന ആരോപണത്തിന്റെ പേരിലാണ് പൊലീസും അധികൃതരും തത്സമയ ശിക്ഷ നടപ്പാക്കിയത്. സംസ്ഥാനത്തെ മണ്ടലയിലെ ബൈൻവാഹിയിൽ ഗോഹത്യയും പശുവിറച്ചി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നുവെന്നും ആരോപിച്ച് 11 മുസ്ലിം ഭവനങ്ങളാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. ഇടിച്ചുനിരത്തപ്പെട്ട വീട്ടുപരിസരത്തുനിന്നും 150 പശുക്കളെ കണ്ടെത്തിയെന്ന പേരിലാണ് സംഭവത്തെ പൊലീസ് ന്യായീകരിക്കുന്നത്. അയൽ സംസ്ഥാനമായ ഛത്തീസ്ഗഢിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിങ്ങളെ ആൾക്കൂട്ടം തല്ലിക്കൊന്നതും അടുത്ത ദിവസമാണ്. ബക്രീദ് ബലിക്കായി ആടുകളെ കൊണ്ടുപോകുകയായിരുന്ന മുസ്ലിങ്ങൾക്കുനേരെ ആൾക്കൂട്ട ആക്രമണം ഗുജറാത്തിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്തെ വഡോദരയിൽ ഒരു മുസ്ലിം സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അനുവദിക്കപ്പെട്ട ഫ്ലാറ്റിൽ അവരെ താമസിക്കാൻ അനുവദിക്കാതെ ജനക്കൂട്ടം ഉപരോധം ഏർപ്പെടുത്തിയതും ദേശീയ മാധ്യമങ്ങളിൽ വാർത്തയായി. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ മേഡക്കിൽ ബക്രീദ് ആഘോഷങ്ങൾക്ക് തയ്യാറെടുത്ത മുസ്ലിങ്ങളെ ജനക്കൂട്ടം ആക്രമിക്കുകയും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി തല്ലിത്തകർക്കുകയുമുണ്ടായി. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ബിജെപി, സഖ്യകക്ഷികളുടെ പിന്തുണയോടെ കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ച് ഭരണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് അരങ്ങേറിയ വർഗീയ അക്രമസംഭവങ്ങളുടെ ചുരുക്കപ്പട്ടികയാണ് മേൽ വിവരിച്ചിട്ടുള്ളത്.
ഒരുവർഷത്തിലേറെയായി മണിപ്പൂരിൽ തുടർന്നുവരുന്ന വംശീയ കലാപം ശമനംകൂടാതെ തുടരുന്നതിന്റെ വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കാനാവാത്തത് മോഡി സർക്കാരിന്റെ പരാജയമാണെന്ന് ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടും അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കഴിയാത്തത് രാഷ്ട്രീയ നിശ്ചയദാർഢ്യത്തിന്റെ അഭാവമല്ലാതെ മറ്റെന്താണ്?
പ്രതികൂലമായ ലോക്‌സഭാ തെരഞ്ഞെടുപ്പ്ഫലം ബിജെപിയിലോ സംഘ്പരിവാറിലോ അവരുടെ സംസ്ഥാന സർക്കാരുകളുടെ നയപരിപാടികളിലോ പുനർചിന്തനത്തിനോ സംയമനത്തിനോ സഹായകമായിട്ടില്ല എന്നാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ അരങ്ങേറിയ മേൽവിവരിച്ച സംഭവങ്ങൾ വ്യക്തമാക്കുന്നത്. ബിജെപിയും സംഘ്പരിവാറും പിന്തുടരുന്ന ഫാസിസ്റ്റ് ആശയങ്ങൾക്കും പ്രവണതയ്ക്കുമെതിരെ ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിരോധം ഉയർത്താനാവുന്നില്ലെങ്കിൽ മതന്യൂനപക്ഷങ്ങളുടെയും ജനാധിപത്യ മതേതര ശക്തികളുടെയും റിപ്പബ്ലിക്കിന്റെ തന്നെയും നിലനില്പ് ചോദ്യം ചെയ്യപ്പെടും. ശക്തമായ തിരിച്ചുവരവ് നടത്തിയ പ്രതിപക്ഷവും അതിന് വഴിയൊരുക്കിയ ജനങ്ങളും പാർലമെന്റിലും പുറത്തും ഒരുപോലെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും നിയമവാഴ്ചയ്ക്കും വേണ്ടിയുള്ള ചെറുത്തുനില്പ് ശക്തമാക്കണമെന്നാണ് സമീപകാല സംഭവവികാസങ്ങൾ ആവശ്യപ്പെടുന്നത്.