ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തെയും ചേർത്തുപിടിച്ചുള്ള ബജറ്റാണ് ധന മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനകംതന്നെ ഒരു കോടിയിലധികം പേരെ വിവിധ സാമൂഹ്യ — ക്ഷേമ ധനസഹായങ്ങൾ നൽകി തണലേകിയ സർക്കാരാണ് എൽഡിഎഫിന്റേത്. ഒരു കോടിയിലധികം പേർക്ക് സൗജന്യ ചികിത്സയും അതിദാരിദ്ര്യനിർമ്മാർജനവും കടക്കെണിയിലായവർക്ക് കിടപ്പാട സംരക്ഷണനിയമവും അഞ്ച് ലക്ഷത്തിലധികം പേർക്ക് കയറിക്കിടക്കാനുള്ള കൂരയൊരുക്കിയതും പുതിയതായി ആരംഭിച്ച സ്ത്രീസുരക്ഷാ പെൻഷനും കണക്ട് ടു വർക്ക് പദ്ധതിയുമെല്ലാം സർക്കാരിന്റെ ജനകീയ പ്രതിബദ്ധത ഇതിനകം തന്നെ വിളിച്ചോതിയിട്ടുണ്ട്. വർത്തമാന യാഥാർത്ഥ്യങ്ങളെക്കണ്ട്, ‘മതമല്ല, മതമല്ല, എരിയുന്ന വയറിലെ തീയാണ് പ്രശ്ന’മെന്ന് പ്രഖ്യാപിക്കാനുള്ള ആർജവം ആ പ്രതിബദ്ധതയാൽ സൃഷ്ടിക്കപ്പെടുന്നതാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവരെയും ഉൾച്ചേർത്തിരിക്കുന്നുവെന്നതാണ് സംസ്ഥാന ബജറ്റിന്റെ ഏറ്റവും പ്രധാന സവിശേഷത. വിവിധ വിഭാഗങ്ങളെയും മേഖലകളെയും പ്രത്യേകമായി പരിഗണിക്കുന്നു എന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ ഓരോ ബജറ്റിനെയും വേറിട്ടതാക്കിയത്. വിജ്ഞാന സമ്പദ്ഘടന, ഹരിതം, വനിതാക്ഷേമം, സംരംഭകത്വം എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റുകളായിരുന്നു ഇതുവരെയുണ്ടായിരുന്നതെങ്കിൽ ഇത്തവണ വയോജനങ്ങളെ പ്രത്യേകമായി പരിഗണിച്ചുകൊണ്ട് ‘എൽഡര്‍ലി ബജറ്റെ‘ന്ന വിശേഷണമാണ് നൽകിയിരിക്കുന്നത്. നമ്മുടെ ജനസംഖ്യയിലെ വലിയ വിഭാഗമായി മാറിയിരിക്കുന്ന വയോജനങ്ങൾക്ക് താങ്ങാകുന്ന വിവിധ പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയും അതിനായി തുക നീക്കിവയ്ക്കുകയും ചെയ്ത്, ആ വിശേഷണത്തെ ധനമന്ത്രി അർത്ഥപൂർണമാക്കുകയും ചെയ്തിരിക്കുന്നു. വിവിധ കാലയളവുകളിൽ വയോജന ക്ഷേമത്തിനുവേണ്ടി ആരംഭിച്ച എല്ലാ പദ്ധതികളും കൂടുതൽ വിപുലവും ശക്തവുമായി തുടരുന്നതിനൊപ്പം വിരമിക്കൽ ഹോമുകൾ സജ്ജമാക്കാൻ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും സ്വകാര്യ വ്യക്തികൾക്കും സർക്കാർ സബ്സിഡിക്കായി 30 കോടി, വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്നവർക്ക് ഓൺ കോൾ വോളണ്ടിയർ സേവനം ലഭ്യമാക്കുന്നതിനായി 10 കോടി വീതം നീക്കിവച്ചത് അതിന്റെ ഉദാഹരണമാണ്. ഇതോടൊപ്പം വിവിധ വിഭാഗങ്ങൾക്കായി പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന ഇൻഷുറൻസ് പരിരക്ഷയും ക്ഷേമപരിപാടികളുമെല്ലാം ഗുണകരമാകുന്നത് മുതിർന്ന പ്രായക്കാർക്ക് കൂടിയാണ്.
ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് വിപണിയിടപെടലിനായി പദ്ധതിയേതര വിഹിതമുൾപ്പെടെ 2333.64 കോടി നീക്കിവച്ചിരിക്കുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 267.24 കോടി അധികമാണ്. കൺസ്യൂമർഫെഡ് വഴി 75 കോടിയും വിപണിയിടപെടലിനായി വിനിയോഗിക്കും. മറ്റൊരു സുപ്രധാന തീരുമാനമാണ് തിരുവനന്തപുരം – കാസർകോട് റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി നീക്കിവച്ചു. അങ്കണവാടി വർക്കർ, ആശ വർക്കർ, പ്രീ-പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്‌മാർ, ലൈബ്രേറിയൻമാർ എന്നിവരുടെ വേതനം, കാൻസർ, ലെ പ്രസി, എയ് ഡ്സ്, ക്ഷയ രോഗബാധിത പെൻഷൻ എന്നിവ പ്രതിമാസം 1000, അങ്കണവാടി ഹെൽപ്പർ 500, പത്രപ്രവർത്തക പെൻഷൻ 1500, സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ 25 രൂപ വീതം വർധിപ്പിച്ചിരിക്കുന്നു. എടുത്തുപറയേണ്ട മറ്റൊരു തീരുമാനമാണ് ആർട്സ് ആന്റ് സയൻസ് കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയത്. സാമ്പത്തിക പ്രയാസം മൂലം പഠനമുപേക്ഷിക്കേണ്ടിവരുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വാതായനം തുറന്നുനൽകുന്ന തീരുമാനമാണിത്. അധ്യാപകരുടെയും ജീവനക്കാരുടെയും ആശങ്കകൾക്ക് പരിഹാരം നൽകുന്ന പ്രഖ്യാപനങ്ങളുമുണ്ടായി. ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നനായി കമ്മിഷൻ, മൂന്ന് മാസത്തിനകം റിപ്പോർട്ട് ലഭ്യമാക്കി തുടർനടപടികൾ, ഡിഎ കുടിശിക ഫെബ്രുവരി മുതൽ, പങ്കാളിത്ത പെൻഷൻ രീതിക്കുപകരം അടിസ്ഥാന ശമ്പളത്തിന്റെ 50% ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി എന്നിവ അതിന്റെ സൂചനകളാണ്.
തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുൻവർഷത്തിൽ നിന്നും അധികമായി 1,000 കോടി, ലൈഫ് 1,497.26 കോടി, അയ്യൻകാളി തൊഴിലുറപ്പ് 200 കോടി രൂപ വീതം നീക്കിവച്ചത് അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള കരുതലിന്റെ മറ്റൊരുദാഹരണമാണ്. വന്യജീവി ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിന് 100 കോടി, റോഡപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ, നേറ്റിവിറ്റി കാർഡിന് 20 കോടി, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്കായി 15 കോടി തുടങ്ങിയവയും പ്രഖ്യാപിച്ചിരിക്കുന്നു. സാധാരണ മനുഷ്യരോട് കൂടുതൽ കരുതൽ കാട്ടുമ്പോൾത്തന്നെ ഇടത്തരക്കാരും സംരംഭകരും സർക്കാർ ജീവനക്കാരുമുൾപ്പെടെ എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്ന പ്രഖ്യാപനങ്ങളാണ് എൽഡിഎഫ് സർക്കാരിന് വേണ്ടി ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. തന്റെ പ്രസംഗത്തിൽ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട്, മുൻഗണന സാധാരണ മനുഷ്യരിലാണ്, അവരുടെ ജീവിത സുരക്ഷയാണ്, ഞങ്ങൾ പ്രവർത്തിക്കുന്നത് അവരുടെ ദുരിതമകറ്റാനാണ്, അതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും ആ രാഷ്ട്രീയം ഓരോ നിശ്വാസത്തിലും ഉയർത്തിപ്പിടിക്കുമെന്നും ധനമന്ത്രി പറഞ്ഞുവയ്ക്കുന്നുണ്ട്. അത് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുതിർന്നുവീഴുന്ന ആത്മാർത്ഥതയുടെ പ്രതിഫലനമാണ്. അതിനൊപ്പം ബദൽ സാമ്പത്തിക നയപ്രഖ്യാപനമായും സംസ്ഥാന ബജറ്റ് മാറിയിരിക്കുന്നു.

