ഭാരതം വിവിധ മതങ്ങളുടെ ഭൂമിയാണ്. വിവിധങ്ങളായ സമൂഹങ്ങൾക്ക് തനതായ ആത്മീയ വഴികളുമുണ്ട്. നാടിന്റെ സംസ്കാരം ഇവയെല്ലാം കൂടിക്കലർന്നതും ബഹുമുഖവുമാണ്. ജീവിതചര്യകളെ സ്വാധീനിക്കുന്നത് വിശ്വാസങ്ങളുടെ പ്രത്യേകതകളെ അടിസ്ഥാനമാക്കിയാണെന്നും കാണാനാകും. കുറഞ്ഞ വരുമാനമുള്ളവരും താഴേത്തട്ടിലുള്ളവരും കഠിനാധ്വാനം ചെയ്യുകയും പ്രതിഫലത്തിനായി ദീർഘകാലം കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇത്തരം സാമൂഹിക‑സാമ്പത്തിക അസമത്വം ചിലർക്ക് അനുകൂലമായി. ഇത് തുടരുന്നതിനും നിലനിർത്തുന്നതിനും അത്തരക്കാര്‍ സമൂഹത്തിൽ വർഗീകരണം നടപ്പിലാക്കി. ഒരാളുടെ താല്പര്യം സംരക്ഷിക്കുന്നതിന് അപരൻ ഇല്ലാതാകേണ്ട ദുരവസ്ഥ. സ്വത്വബോധ പ്രതിസന്ധിയോടൊപ്പം ഒറ്റപ്പെടലും നിരാശയും കീഴാളർ എന്ന വിളിപ്പേരുള്ളവരെ സൃഷ്ടിച്ചു. ജാതിസമ്പ്രദായവും വിഭജനവും തീവ്രമായിത്തന്നെ തുടർന്നു. ഇത്തരം സമ്പ്രദായങ്ങൾ മാറ്റുന്നതിനുള്ള ഏത് നടപടിയെയും മേലാളർ കൂട്ടായി തടയുകയും ചെയ്തു. സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയുടെ തോത് മനസിലാക്കുന്നതിനും അതിന്റെ വ്യാപ്തി നിർണയിക്കുന്നതിനും ജാതിസെൻസസ് അനിവാര്യമാണ്. വിദ്യാഭ്യാസം, ജോലി, ആരോഗ്യ സൗകര്യങ്ങൾ, ഇതര അടിസ്ഥാന ആവശ്യങ്ങൾ എന്നിവയിൽ പുലർത്തേണ്ട സംവരണത്തിന്റെ നിലവാരം അറിയാൻ ഇത് സഹായിക്കും. 1931ലാണ് അവസാനമായി ജാതിസെൻസസ് നടത്തിയത്. എല്ലാ ജാതി വിവരങ്ങളും അതിന്റെ അടിസ്ഥാനത്തിലാണ് പ്രവചിച്ചിരിക്കുന്നത്. മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനവും ഇതായിരുന്നു. 2011ലെ സെൻസസിന്റെ ഭാഗമായി ജാതിവിവരങ്ങൾ ശേഖരിച്ചുവെങ്കിലും വിവരങ്ങൾ പരസ്യമാക്കിയില്ല. ജാതിവിവരങ്ങളുമായി ബന്ധപ്പെട്ട വ്യക്തമായ കണക്കുകൾ സുപ്രീം കോടതി ഉൾപ്പെടെ ആവശ്യപ്പെടുമ്പോൾ നല്കാൻ പുതിയൊരു സെൻസസ് സ്വാഭാവികമായും സഹായിക്കും.
ഇതുകൂടി വായിക്കു; തണ്ടൊടിഞ്ഞ താമരയും തളിര്‍ക്കുന്ന ജനാധിപത്യവും
പക്ഷെ നിലവിലെ സെൻസസ് നടപടികളില്‍ ഒട്ടേറെ അപാകതകളുണ്ട്. ആദിവാസി വിഭാഗങ്ങളുടെ ആരാധനാ മൂർത്തികളുമായി ബന്ധപ്പെടുത്തിയുള്ള മതത്തിന് പ്രത്യേക കോളം വേണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. സെൻസസ് പരിഗണനയിൽ നിലവിലുള്ളത് ആറ് മത വിഭാഗങ്ങളാണ്. ഹിന്ദു, ഇസ്ലാം, ക്രിസ്തു, ജൈന, ബുദ്ധ, സിഖ് എന്നിവ. ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ആദിവാസികൾ തങ്ങളുടെ വിശ്വാസത്തെ സർന എന്ന് വിളിക്കുന്നു. പക്ഷെ സർന എവിടെയും ഒരു പ്രത്യേക മതമായി ഉൾപ്പെടുത്തിയിട്ടില്ല. കർണാടകയിൽ, ഒരു പ്രമുഖ മതവിഭാഗമാണെങ്കിലും ലിംഗായത്തുകളെ വേറിട്ട് പരാമർശിക്കുന്നില്ല. തങ്ങൾ ആഗ്രഹിക്കുന്ന പോലെ ഏത് മതവിഭാഗത്തിനും പേര് ചേര്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ സർക്കാർ നിശ്ചയിച്ച പട്ടികയില്‍ ആറ് മതവിഭാഗങ്ങൾ ഒഴികെ മറ്റാരെയും അംഗീകരിക്കുന്നില്ല. ഝാർഖണ്ഡ് നിയമസഭ 2020 നവംബർ 11ന് പ്രത്യേക സമ്മേളനം ചേർന്ന്, സെൻസസില്‍ ഗോത്രവർഗക്കാർക്കായി പ്രത്യേക മത ധർമ്മസംഹിത അവതരിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. ‘സർന ആദിവാസി ധർമ്മം’ — ഗോത്രവർഗ പ്രകൃതിയെ ആരാധിക്കുന്നവരുടെ പൊതുവായ പേരായി പ്രമേയം ചൂണ്ടിക്കാട്ടി. പക്ഷെ നിലവിലെ സാഹചര്യത്തിൽ, ഗോത്രവർഗത്തിലുള്ളവർക്ക് ഹിന്ദുത്വം എന്ന് അടയാളപ്പെടുത്തുകയോ മറ്റ് മതങ്ങളും വിശ്വാസങ്ങളും (ഒആർപി) എന്ന പട്ടിക ഉൾക്കൊള്ളുകയോ ചെയ്യുകയല്ലാതെ മറ്റു വഴികളില്ല. സെൻസസിൽ സർന മതത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യം ആര്‍എസ്എസിനെയും പരിവാര സംഘടനകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇതുകൂടി വായിക്കു;ഇങ്ങേരാരാ ചേരന്‍ചെങ്കുട്ടുവനോ!
പതിറ്റാണ്ടുകളായി, ആർഎസ്എസും അതിന്റെ അനുബന്ധ സംഘടനകളും ആവർത്തിച്ചിരുന്നത് ആദിവാസികൾ സ്വതന്ത്ര മതവിശ്വാസികളായ സമൂഹങ്ങളല്ല, വനങ്ങളിൽ താമസിക്കുന്ന ഹിന്ദുക്കളാണ് എന്നായിരുന്നു. എന്നാൽ സർന ധർമ്മസംഹിതയ്ക്കായുള്ള ആവശ്യം ഝാർഖണ്ഡിലും അയൽ സംസ്ഥാനങ്ങളിലും തരംഗമായതോടെ ആർഎസ്എസ് ഇപ്പോൾ മൗനം പാലിക്കുകയാണ്. ബിജെപി ഭരണകൂടം തങ്ങൾക്ക് അനുകൂലമായ കാര്യങ്ങൾ ചെയ്യുമെന്ന് അവർക്കറിയാം. സർന ധർമ്മസംഹിതയെന്ന ആവശ്യം നിരസിക്കാൻ ഒരുവഴി അവർ കണ്ടെത്തും. ആദിവാസികൾ സ്വതന്ത്ര വ്യക്തിത്വമാണെന്ന് അംഗീകരിക്കാൻ സംഘ്പരിവാറിനാകില്ല. അവരുടെ സാംസ്കാരികവും മതപരവുമായ വിശ്വാസങ്ങളുടെ അടിസ്ഥാനം ഹിന്ദുത്വ സമ്പ്രദായത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഹിന്ദു സാമൂഹിക ഘടനയിൽ വർണസമ്പ്രദായം അവിഭാജ്യമാണ്. ആദിവാസികൾ അതിൽ നിന്ന് അകലെയാണ്. വിവിധ ആദിവാസി വിഭാഗങ്ങളുടെ സാംസ്കാരികവും മതപരവുമായ ആചാരങ്ങൾ എല്ലായ്പ്പോഴും വെള്ളം, കാട്, മണ്ണ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സർന മതം എന്ന് വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനമാണിത്. സർന ധർമ്മസംഹിത തങ്ങളുടെ സാംസ്കാരിക സ്വത്വത്തിന്റെ അനിവാര്യതയെന്ന് ആദിവാസികൾ വിശ്വസിക്കുന്നു. 2011ലെ സെൻസസിൽ, സർന മതത്തിൽപ്പെട്ട 50 ലക്ഷം പേര്‍ ‘മറ്റുള്ളവർ’ എന്ന കോളം തെരഞ്ഞെടുത്തു. ആർഎസ്എസ് അവരെ വനവാസികൾ എന്നു വിളിച്ചു. കുടിയേറ്റക്കാർ എന്ന പദം ‘ഹിന്ദു രാഷ്ട്ര’ത്തിന്റെ നിർണായക ഘടകമായ വൈദികരുടെ പിൻഗാമികൾക്ക് മാത്രമേ ഉതകൂ. അതിനാൽ യഥാർത്ഥ നിവാസികൾ എന്ന നിലയിൽ ‘ആദിവാസികൾ’ സംഘത്തിന്റെ പദ്ധതികൾക്ക് വെല്ലുവിളിയാണ്. ഝാർഖണ്ഡിലും സമീപ ഗോത്രമേഖലകളിലും സംഘത്തിനെതിരെ കടുത്ത അതൃപ്തി നിലനിൽക്കുന്നു. സംഘ്പരിവാറിന്റെ പ്രവർത്തനങ്ങൾ തങ്ങളുടെ സാംസ്കാരിക സ്വത്വം അടിയറവയ്ക്കാനുള്ള പ്രലോഭനമെന്ന് ആദിവാസി സമൂഹങ്ങൾക്ക് ബോധ്യമുണ്ട്. അടുത്ത സെൻസസ് പ്രക്രിയ എപ്പോൾ നടക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. 2021ൽ നടത്തേണ്ടതായിരുന്നു, പക്ഷെ കോവിഡ് മഹാമാരി കാരണം മാറ്റിവയ്ക്കേണ്ടി വന്നു. ഇനി 2024ൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.