രാജ്യത്തെ ദരിദ്രജനവിഭാഗങ്ങളെ സഹായിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, പൂര്‍ണമായും സംസ്ഥാനങ്ങളുടെ ചുമതലയിലേക്ക് മാറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണ് കേന്ദ്ര മോഡി സര്‍ക്കാര്‍. ഇതിന്റെ തെളിവുകള്‍ നിരന്തരം ഉത്തരവുകളായും സര്‍ക്കുലറുകളായും പുറത്തുവരികയാണ്. ദേശീയ സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും നൽകുന്ന പെൻഷൻ വർധിപ്പിക്കുന്നതിനും ഗുണഭോക്താക്കളുടെ പട്ടിക പുതുക്കുന്നതിനുമുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം. ദേശീയ സാമൂഹിക സഹായ പദ്ധതിക്ക് (എൻഎസ്എപി) കീഴിലുള്ള ഗുണഭോക്താക്കളുടെ പട്ടിക പരിഷ്കരിക്കാനും സ്വന്തം ഫണ്ടിൽ നിന്ന് പണം നൽകാനും സംസ്ഥാന സർക്കാരുകൾക്ക് അവകാശമുണ്ടെന്ന് രാജ്യസഭയിൽ സമർപ്പിച്ച രേഖാമൂലമുള്ള മറുപടിയിൽ, ഗ്രാമവികസന സഹമന്ത്രി മന്ത്രി കമലേഷ് പാസ്വാൻ അറിയിച്ചു. ക്ഷേമ പദ്ധതികളിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗ്രാമീണ കുടുംബങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ആം ആദ്മി പാർട്ടി അംഗം രാഘവ് ഛദ്ദയാണ് സഭയില്‍ ആവശ്യപ്പെട്ടത്. നിലവിൽ, 3.09 കോടി ഗുണഭോക്താക്കളെയാണ് എൻഎസ്എപിയുടെ കീഴിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിവരങ്ങളനുസരിച്ച്, ഏകദേശം 5.86 കോടി അധിക ഗുണഭോക്താക്കൾക്ക് സംസ്ഥാന പെൻഷൻ പദ്ധതികൾ വഴി സഹായം നൽകുന്നുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. യോഗ്യരായ കൂടുതല്‍ ഗുണഭോക്താക്കളുണ്ടെങ്കിൽ, സംസ്ഥാനങ്ങൾക്ക് സ്വന്തം സ്രോതസുകളിൽ നിന്ന് സാമ്പത്തിക സഹായം നൽകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. അതായത് ജനങ്ങളെ സുരക്ഷിതരാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ സ്വയമേവ ഏറ്റെടുക്കണം. ജിഎസ്‌ടി നടപ്പാക്കലിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ ഇടിയാനിടയാക്കിയ ശേഷമാണ് കേന്ദ്രം സാമൂഹ്യസുരക്ഷയുടെ ബാധ്യതയും സംസ്ഥാനങ്ങള്‍ക്കാണെന്ന് കെെകഴുകുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് വിഹിതം 90–10 എന്നതില്‍ നിന്ന് 60–40 ആയി മാറ്റിക്കൊണ്ടുള്ള ബില്ലിലൂടെ ഗ്രാമീണ തൊഴില്‍ സുരക്ഷയുടെ ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലേക്ക് മാറ്റിയത് ഒരു മാസം മുമ്പാണ്.
മൂന്ന് ഉപ പദ്ധതികളാണ് എൻഎസ്എപിയുടെ പരിധിയിലുള്ളത്. 60 മുതൽ 79 വയസ് വരെ പ്രായമുള്ളവർക്ക് 200 രൂപ പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതിയും ഭിന്നശേഷിക്കാര്‍ക്കും 40 വയസിനു മുകളിലുള്ള വിധവകൾക്കും പ്രതിമാസം 300 രൂപ ലഭിക്കുന്ന പദ്ധതിയും. ഇവയിലെ ഗുണഭോക്താക്കൾക്ക് 80 വയസ് തികയുമ്പോൾ, പ്രതിമാസ തുക 500 രൂപയായി വര്‍ധിക്കും. 2007ലാണ് വാർധക്യകാല പെൻഷൻ തുക 75ൽ നിന്ന് 200 രൂപയായി കേന്ദ്രം ഉയര്‍ത്തിയത്. 80 കഴിഞ്ഞ ഗുണഭോക്താക്കള്‍ക്കുള്ള തുക 500 ആയി വർധിപ്പിച്ചത് 2011ലാണ്. വിധവാ പെൻഷനും ഭിന്നശേഷി പെൻഷനും 2012ൽ 200 രൂപയില്‍ നിന്ന് 300 രൂപയായി വർധിപ്പിച്ചു. അതായത് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു രൂപ പോലും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ വര്‍ധിപ്പിച്ചിട്ടില്ല. കേരളം ഉദാഹരണമായെടുത്താല്‍ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം ലഭിക്കുന്ന 2,000 രൂപയില്‍ യഥാക്രമം 1,800, 1,700 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ്. 62 ലക്ഷത്തോളം പേര്‍ക്ക് കേരളം പെന്‍ഷന്‍ നല്‍കുമ്പോള്‍, കേന്ദ്ര മാനദണ്ഡമനുസരിച്ച് കേവലം 8.46 ലക്ഷം പേര്‍ക്കാണ് കേന്ദ്ര വിഹിതം ലഭിക്കുന്നത്. ഇതുപോലും കൃത്യമായി ലഭിക്കാത്ത സാഹചര്യത്തില്‍ ഈയിനത്തിലുള്ള തുകയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിക്കുകയാണ് പതിവ്. ഇത്തരത്തിൽ കഴിഞ്ഞ ഡിസംബര്‍ വരെ കേരളത്തിന് ലഭിക്കാനുള്ളത് 265 കോടി രൂപയാണ്.
‘എൻഎസ്എപി പോലുള്ള ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള ഗുണഭോക്താക്കളുടെ പരിഷ്കരണത്തെ കേന്ദ്രസർക്കാർ നിരന്തരം എതിർക്കുകയായിരുന്നു. രാഷ്ട്രീയ, സാമൂഹിക ഘടനയിൽ ഒട്ടും സ്വാധീനമില്ലാത്ത ഏറ്റവും ദുർബലരായ ആളുകളാണ് അര്‍ഹരായ ഗുണഭോക്താക്കൾ. കേന്ദ്രസർക്കാർ സൗകര്യപൂർവം ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക് കൈമാറുകയാണ്,’ എന്നാണ് അസിം പ്രേംജി സർവകലാശാലയിലെ ഫാക്കൽട്ടി അംഗമായ ദീപ സിൻഹ വിലയിരുത്തുന്നത്. ഇന്ത്യയുടെ സാമൂഹ്യസുരക്ഷാ പരിരക്ഷ 2021ൽ 24.4% ആയിരുന്നത് 2024ൽ 48.8% ആയി ഉയർന്ന് ഇരട്ടിയായെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ 2024–26 കാലയളവിലെ ലോക സാമൂഹിക സംരക്ഷണ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസ്, പെൻഷനുകൾ, തൊഴിൽ സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ കോടിക്കണക്കിന് ആളുകൾക്ക് ലഭ്യമാക്കിയ സർക്കാർ സംരംഭങ്ങളാണ് ഈ പുരോഗതിക്ക് കാരണമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിലൂടെയുണ്ടായ ഈ നേട്ടങ്ങളുടെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ യാതൊരു നാണവുമില്ലാത്ത മോഡി സര്‍ക്കാര്‍ കൂടുതല്‍ ചുമതല സംസ്ഥാനങ്ങളെ ഏല്പിച്ച് ഉത്തരവാദിത്തം മറക്കുകയാണ്. മികച്ച സാമ്പത്തിക മാനേജ്മെന്റിലൂടെ കേരളം പിടിച്ചുനിന്നുവെങ്കിലും ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ഝാർഖണ്ഡ് തുടങ്ങി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ കൂടുതൽ ഗുണഭോക്താക്കളെ പദ്ധതിയില്‍ ചേർക്കാനോ പെൻഷൻ തുക പരിഷ്കരിക്കാനോ സാധ്യതയില്ല. ഇത് അർഹരും നിസഹായരുമായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷ നിഷേധിക്കാനിടയാക്കും.

