ഇതെഴുതുമ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരം നടന്ന 542 സീറ്റുകളിൽ 201 എണ്ണത്തിന്റെ ഫലപ്രഖ്യാപനം മാത്രമേ പുറത്തുവന്നിട്ടുള്ളു. ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ സീറ്റ് ബിജെപി എതിരില്ലാതെ, തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും മുമ്പേ നേടിയിരുന്നു. ലഭ്യമായ ലീഡ് നില അനുസരിച്ച് എൻഡിഎ മുന്നണിക്ക് മന്ത്രിസഭാ രൂപീകരണത്തിന്, മറ്റെല്ലാ ഘടകങ്ങളും അനുകൂലമാണെങ്കിൽ അവകാശം ഉന്നയിക്കാൻ കഴിഞ്ഞേക്കും. എൻഡിഎയ്ക്ക് നേതൃത്വം നൽകുന്ന ബിജെപിയുടെ സ്വന്തം രാഷ്ട്രീയകുതന്ത്രം അനുകരിക്കാൻ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായി ഉയർന്നുവരുന്ന കോൺഗ്രസും അവർ ഉൾപ്പെട്ട ഇന്ത്യ മുന്നണിയും തുനിയുകയും, അതിൽ വിജയിക്കുകയും ചെയ്താൽ മൂന്നാമതും സർക്കാർ രൂപീകരിക്കാമെന്ന ബിജെപിയുടെയും മോഡി-ഷാ പ്രഭൃതികളുടെയും സ്വപ്നസൗധം നിലംപൊത്തുമെന്നാണ് ഇതുവരെയുള്ള സൂചന. അധികാരോന്മാദത്തിൽ മോഡിയും കൂട്ടരും ഉദ്ഘോഷിച്ച ‘ചാർസോ പാർ’ എന്ന ആകാശകുസുമം ഇതിനകം കരിഞ്ഞുണങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബിജെപിയുടെ മുഖമായിരുന്ന മോഡിയുടെ വാരാണസി മണ്ഡലത്തിലെ ഗണ്യമായി ഇടിഞ്ഞ ഭൂരിപക്ഷം ബിജെപിയുടെ ഊതിവീർപ്പിച്ച പ്രതിച്ഛായയുടെ കാറ്റഴിച്ചുവിട്ടു. അതിരുകടന്ന അഹന്തയോടെ കൊട്ടിഘോഷിച്ച ഇരട്ട എന്‍ജിൻ സർക്കാരെന്ന അവകാശവാദത്തിന് ഉത്തർപ്രദേശ് ജനത നൽകിയ തിരിച്ചടിയുടെ ആഘാതത്തിൽനിന്നും മോചിതമാകാൻ അവർക്ക് പെട്ടെന്നൊന്നും കഴിഞ്ഞേക്കില്ല. ഒരു ദശകമായി നടത്തിയ അവകാശവാദങ്ങൾ അപ്പാടെ വിഴുങ്ങാതെയും, കരുതലോടെ വാർത്തെടുത്ത മുഖച്ഛായ നഷ്ടപ്പെടുത്താതെയും, ആത്മാഭിമാനമുള്ള ആർക്കും അധികാരത്തിൽ തുടരാനുമാവില്ല. സഖ്യകക്ഷികളുടെ സംഭാവനകളെ അവഗണിച്ച്, ഒറ്റയ്ക്കുനേടിയ ഭൂരിപക്ഷമെന്ന അതിരുകടന്ന അഹങ്കാരത്തിന്റെ പിൻബലത്തിൽ ഏകഛത്രാധിപത്യത്തിലേക്ക് സ്വയം പ്രതിഷ്ഠിച്ച മോഡിക്ക് സഖ്യകക്ഷികളുടെ സമ്മർദങ്ങൾക്ക് വഴങ്ങാതെ അധികാരത്തിൽ തുടരാനാവില്ലെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. എക്സിറ്റ് പോളിന്റെ പിൻബലത്തിൽ ഒരുദിവസം ദർശിച്ച ഓഹരിവിപണിയുടെ കുതിപ്പ് യഥാർത്ഥ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ കൂപ്പുകുത്തിയത് ചങ്ങാത്ത മുതലാളിത്തത്തെ ആരാണ് താങ്ങിനിർത്തിയിരുന്നതെന്ന് തുറന്നുകാട്ടുന്നു. ആ ചോരക്കളിയിൽ ഏറ്റവുമധികം നഷ്ടം നേരിട്ടത് അഡാനിക്കാണെന്നത് തെല്ലും യാദൃച്ഛികവുമല്ല.
ഈ തെരഞ്ഞെടുപ്പുഫലം ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതിരോധശേഷിക്കാണ് അടിവരയിടുന്നത്. മോഡിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രതിലോമ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും വിഭാവനം ചെയ്യുന്ന ഇന്ത്യയെന്ന ആശയത്തെയാണ് രാഷ്ട്രം സുദൃഢമായി നിരാകരിച്ചിരിക്കുന്നത്. വൈവിധ്യത്തിന്റെ ഏകത്വമാണ് ഇന്ത്യയുടെ സൗന്ദര്യവും ഒരു രാഷ്ട്രമെന്ന നിലയിൽ അതിന്റെ നിലനില്പിന്റെ മൂലക്കല്ലുമെന്നാണ് തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്നത്. മൃഗീയ ഭൂരിപക്ഷത്തിൽ അധിഷ്ഠിതമായ സ്വേച്ഛാധിപത്യമല്ല വൈവിധ്യങ്ങളെ ആഘോഷിക്കുന്ന ബഹുസ്വരതയാണ് ഇന്ത്യൻ ജനതയ്ക്ക് സ്വീകാര്യമെന്ന അസന്ദിഗ്ധ പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പിലൂടെ പ്രബുദ്ധജനത നടത്തിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് നൽകുന്ന പാഠം ഉൾക്കൊള്ളാൻ ഗണ്യമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ പ്രതിപക്ഷ ഇന്ത്യ മുന്നണി അമാന്തിച്ചുകൂടാ. രാജ്യത്തെ ഒരു ഫാസിസ്റ്റ് അധിനിവേശത്തിൽനിന്നും രക്ഷിക്കാനുള്ള ജനങ്ങളുടെ വ്യഗ്രതയാണ് മുന്നണിക്ക് നേട്ടമായത്. അത് കോൺഗ്രസടക്കം ഏതെങ്കിലും ഒരു പാർട്ടിയുടേയൊ ഏതെങ്കിലും ഒരു നേതാവിന്റെയോ നേട്ടമായി വിലയിരുത്താൻ ശ്രമിക്കുന്നത് ഇപ്പോൾ കൈവരിച്ച നേട്ടങ്ങൾക്കുതന്നെ വിനയായി ഭവിക്കരുത്. തെരഞ്ഞെടുപ്പിന്റെ അന്തിമഫലവും അതിന്റെ വിശദമായ വസ്തുതാവിവരങ്ങളും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. എന്നാൽ പ്രഥമദൃഷ്ടിയിൽ ആർക്കും ബോധ്യപ്പെടുന്ന ചില വസ്തുതകളുണ്ട്. കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും കൈവരിക്കാനായ വിജയത്തിന്റെ മുഖ്യ ബലതന്ത്രം, പൊതുവായ പ്രതിയോഗിക്കെതിരെ സാധ്യമായതിന്റെ പരമാവധി ഐക്യം കൈവരിക്കാനായി എന്നതുതന്നെയാണ്. കോൺഗ്രസ് മുഖ്യ രാഷ്ട്രീയ ശക്തിയായിടങ്ങളിലല്ല, മറിച്ച് പ്രാദേശിക രാഷ്ട്രീയപാർട്ടികൾക്ക് ഗണ്യമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണ് അവർക്കും ഘടകകക്ഷികൾക്കും നിർണായക മുന്നേറ്റം സാധ്യമായത്. തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നേടിയ വിജയം കോൺഗ്രസിന് താരതമ്യേന സ്വാധീനമുള്ള മധ്യപ്രദേശ്, കർണാടക, തെലങ്കാന തുടങ്ങിയിടങ്ങളിൽ കൈവരിക്കാനായില്ല എന്നത് ആ പാർട്ടി ആത്മപരിശോധനാ വിഷയമാക്കുന്നത് ഇനിയും ഏറെക്കാലം നീണ്ടുനിന്നേക്കാവുന്ന ചെറുത്തുനില്പുകൾക്ക് സഹായകമാവും.
കേരളത്തിലെ തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷ ജനാധിപത്യ ശക്തികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്. ബിജെപി തൃശൂർ വഴി കേരളത്തിൽ ആദ്യമായി തങ്ങളുടെ അക്കൗണ്ട് തുറന്നു. ബാക്കി 18 സീറ്റിലും വിജയിച്ച യുഡിഎഫിന് തങ്ങളുടെ അംഗബലം നിലനിർത്താനായി. തൃശൂരിലെ വിജയം കോൺഗ്രസ് അവർക്ക് വെള്ളിത്താലത്തിൽ സമ്മാനിച്ചതാണെന്ന് ഒറ്റനോട്ടത്തിൽ ആർക്കും ബോധ്യപ്പെടും. സംസ്ഥാന നിയമസഭയിലും ത്രിതല പഞ്ചായത്ത് സംവിധാനത്തിലും എൽഡിഎഫ് നിലനിർത്തിപ്പോന്ന മേൽക്കെെ എന്തുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നഷ്ടമാകുന്നുവെന്നതിനെപ്പറ്റി വിശദമായ ആത്മപരിശോധനയ്ക്ക് മുന്നണി സന്നദ്ധമാകുമെന്ന സൂചനകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ നിഷ്പക്ഷമതികളായ ജനാധിപത്യ മതനിരപേക്ഷ ജനവിഭാഗങ്ങളെ ഇടതുപക്ഷത്തിനൊപ്പം നിർത്തുന്നതിൽ എന്താണ് വിഘാതമായി വർത്തിക്കുന്നതെന്ന് കൃത്യവും വ്യക്തവുമായി വിശകലനം ചെയ്ത് കണ്ടെത്തി അവയ്ക്ക് പരിഹാരം കാണുക വഴിയേ ഈ പ്രവണതയ്ക്ക് വിരാമമിടാൻ കഴിയൂ. അതിന് മുന്നണി നേതൃത്വവും ഘടകകക്ഷികളും എൽഡിഎഫ് സർക്കാരും സന്നദ്ധമാവുകയും ആവശ്യമായ തിരുത്തലുകൾക്കും ദിശാമാറ്റങ്ങൾക്കും മുതിരുമെന്നുമാണ് എൽഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങൾ പ്രതീക്ഷിക്കുന്നത്.