ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന ഇന്ത്യയിലെ വിധിയെഴുത്ത് തീയതികള്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. 543 ലോക്‌സഭാ മണ്ഡലങ്ങളുടെ പ്രതിനിധികളെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുക്കേണ്ടത്. ഏപ്രില്‍ 19ന് 21 സംസ്ഥാനങ്ങളിലായി 102, 26ന് 13 സംസ്ഥാനങ്ങളിലെ 89, മേയ് ഏഴിന് 12 സംസ്ഥാനങ്ങളിലെ 94, 13ന് 10 സംസ്ഥാനങ്ങളിലെ 96, 20ന് എട്ട് സംസ്ഥാനങ്ങളിലെ 49, 25ന് ഏഴ് സംസ്ഥാനങ്ങളിലെ 57, ജൂണ്‍ ഒന്നിന് അവസാന ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലുമാണ് വിധിയെഴുത്ത് നടക്കുക. കേരളത്തില്‍ രണ്ടാം ഘട്ടമായ ഏപ്രില്‍ 26നാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ പ്രക്രിയ കൂടുതല്‍ ലഘൂകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒഴിച്ചുകൂടാനാകാത്ത നടപടിക്രമങ്ങള്‍ കാരണമാണ് ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും വിസ്തൃതമായ രാജ്യത്തെ വോട്ടെടുപ്പ് പൂര്‍ത്തീകരിക്കുന്നതിന് നീണ്ട കാലയളവ് ആവശ്യമായി വരുന്നത്. ഇത്രയും നീണ്ട പ്രക്രിയയിലൂടെ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നുവെന്നതുകൊണ്ടുമാത്രമല്ല ഇന്ത്യന്‍ തെരഞ്ഞെടുപ്പിന് പ്രാധാന്യമുള്ളത്. 96.8 കോടി വോട്ടര്‍മാരും അവരില്‍ 1.84 കോടി 18നും 19നും ഇടയിലും 19.74 കോടി 20നും 29നും ഇടയിലും പ്രായമുള്ളവരാണ് എന്നതാണ്. അതായത് ആകെ വോട്ടര്‍മാരുടെ അഞ്ചിലൊന്ന്. 47.15 കോടി വനിതകളും 49.7 കോടി പുരുഷന്മാരും സമ്മതിദാനാവകാശം വിനിയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആകെ വോട്ടര്‍മാരില്‍ ആറു കോടിയോളം വര്‍ധനയുമുണ്ട്. ഒരു രാജ്യത്തിന്റെ ഭരണ സംവിധാനം ആകെയും ചെറുതും വലുതുമായ കക്ഷികള്‍ മുഴുവനും അവരുടെ സമയവും അധ്വാനവും വിനിയോഗിച്ചാണ് പ്രക്രിയ പൂര്‍ണതയിലെത്തിക്കുന്നത്.
ഇതുകൂടി വായിക്കൂ: കുട്ടികള്‍ പട്ടിണികിടക്കുമ്പോള്‍
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും നമ്മുടെ ജനാധിപത്യ സംവിധാനത്തെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും വര്‍ധിച്ചുവരികയാണ്. പത്തുവര്‍ഷമായി രാജ്യം ഭരിക്കുന്ന ബിജെപിയുടെ ഭരണത്തിന് കീഴിലാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പെന്നത് അവ വല്ലാതെ വര്‍ധിപ്പിക്കുന്നു. നമ്മുടെ ജനാധിപത്യ — ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയോ അല്ലെങ്കില്‍ പക്ഷപാതപരമായി മാറുകയോ ചെയ്തിരിക്കുന്നുവെന്നത് നമ്മുടെ അനുഭവമാണ്. ഈ തെരഞ്ഞെടുപ്പ് പ്രക്രിയയെ നിയന്ത്രിക്കുന്നതിന് ചുമതലപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും അതില്‍ നിന്ന് വിമുക്തമാണെന്ന് വിശ്വസിക്കുവാന്‍ മതിയായ ഒരു തെളിവുമില്ല. മുന്‍ തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമെതിരെയുണ്ടായ പെരുമാറ്റച്ചട്ട ലംഘന ആരോപണവും അതില്‍ നടപടിയെടുക്കുന്നതില്‍ വരുത്തിയ വീഴ്ചയും അശോക് ലവാസയെന്ന കമ്മിഷണറുടെ കാലമെത്താത്ത വിരമിക്കലിലേക്ക് നയിച്ചതിന്റെയും ഓര്‍മ്മകള്‍ വച്ചുവേണം ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തുവാന്‍. ഇത്തവണ സമാനമായി അരുണ്‍ ഗോയലിന്റെ രാജിയുണ്ടായി. ഉടന്‍തന്നെ വിശ്വസ്ത വിധേയരായ രണ്ടു പേരെ നിയമിക്കുകയും ചെയ്തു. പുതിയതായി നിയമിക്കപ്പെട്ട രണ്ടില്‍ ഒരാള്‍, ഗ്യാനേഷ് കുമാറിന്റെ ട്രാക്ക് റെക്കോഡ് പക്ഷപാതപരമാണെന്നതിന് തെളിവുകളേറെയുമാണ്. വോട്ടെടുപ്പ് പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച ചില ചോദ്യങ്ങളെ അവഗണിച്ച രീതിയും സംശയം ബലപ്പെടുത്തുകതന്നെയാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഏറ്റവും അനിവാര്യമാണ് അത് നടത്തുന്നവരുടെ നിഷ്പക്ഷത സംശയരഹിതമായിരിക്കണമെന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികളും ആശങ്കകളും കഴിഞ്ഞ കുറേ നാളുകളായി ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഇവിഎമ്മിന് പകരം കടലാസ് ബാലറ്റ് എന്ന ആവശ്യത്തെ ഇത്തവണയും പരിഗണിച്ചില്ല. എന്നുമാത്രമല്ല മുഴുവന്‍ വിവി പാറ്റുകളും പരിശോധിക്കണമെന്ന നിര്‍ദേശവും അവഗണിക്കപ്പെട്ടു. ഇവയും സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് സംബന്ധിച്ചുയരുന്ന ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബിജെപി ആശയത്തിനനുസൃതമായി നിലപാട് സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോഴത്തെ വോട്ടെടുപ്പ് പ്രക്രിയ തീരുമാനിച്ചപ്പോള്‍ അതിന് കടക വിരുദ്ധമായ സമീപനം വ്യക്തമാക്കിയെന്നത് ശ്രദ്ധിക്കാതെ പോകരുത്. ഒരു പക്ഷേ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മണ്ഡലത്തില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്തേണ്ടിവരുന്നത് ഈ തെരഞ്ഞെടുപ്പിലായിരിക്കും. പത്തുമാസത്തിലധികമായി വംശീയ കലാപം അരങ്ങു തകര്‍ക്കുന്ന മണിപ്പൂരിലെ ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തിലാണ് രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്തുന്നത്. ജമ്മു കശ്മീരില്‍ ഈ തെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടത്താത്തതിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വിശദീകരിച്ച കാരണവും ഒരു തെരഞ്ഞെടുപ്പ് എന്ന അവകാശവാദത്തിന്റെ പ്രായോഗികതയെ പൊളിച്ചടുക്കുന്നു. ക്രമസമാധാന പ്രശ്നവും മറ്റും കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം കശ്മീരിലെ തെരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കാന്‍ പ്രയാസമാണെന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ രാജ്യത്തെ 543 ലോക്‌സഭാ മണ്ഡലങ്ങളിലെയും 28 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന ചോദ്യവും പ്രസക്തമാണ്. ഇതെല്ലാംകൊണ്ടുതന്നെ പേരിന് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുകയും ഫലത്തില്‍ സ്വേച്ഛാധിപത്യത്തിന് വഴിയൊരുക്കുകയും ചെയ്യുന്നതായിരിക്കും 2024ലെ പൊതുതെരഞ്ഞെടുപ്പ് എന്ന ഭയാനകമായ ആശങ്കയുടെ പശ്ചാത്തലത്തിലാണ് രാജ്യം വോട്ടുചെയ്യാനൊരുങ്ങുന്നത്.