Site iconSite icon Janayugom Online

മണിപ്പൂർ ഉയർത്തുന്ന ആശങ്കകൾ

മണിപ്പൂരിൽ സംഘർഷത്തിന് പൂർണ ശമനമുണ്ടായിട്ടില്ല. 31 പേർ കൊല്ലപ്പെട്ടുവെന്ന അനൗദ്യോഗിക കണക്കാണ് പുറത്തുവന്നിട്ടുള്ളത്. വ്യാഴാഴ്ച മുഖ്യമന്ത്രി ബിരേൺ സിങ് നടത്തിയ പ്രസ്താവനയിൽ ചില ജീവനുകൾ നഷ്ടപ്പെട്ടുവെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. വീടുകളും സ്ഥാപനങ്ങളുമടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടു. ഇരുവിഭാഗങ്ങളിൽപെട്ട അക്രമികൾ അഴിഞ്ഞാടിയപ്പോൾ സ്വൈരജീവിതം നഷ്ടപ്പെട്ട 20,000ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് സൈന്യം അറിയിച്ചത്. നിരോധനാജ്ഞയും നിശാനിയമവും പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തതുകൊണ്ട് സംഘർഷത്തിന്റെ വ്യാപ്തിയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും പൂർണമായും ശമിച്ചില്ലെന്നാണ് ഇന്നലെയും പുറത്തുവന്ന വാർത്തകളിലുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പരിപാടികൾ റദ്ദാക്കി രാജ്യ തലസ്ഥാനത്തുതന്നെ തുടർന്നത് സ്ഥിതിഗതികൾ ശാന്തമല്ലെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. മണിപ്പ‌ൂരിലെയും കേന്ദ്ര സർക്കാരിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കൂടാതെ നാഗാലാൻഡ്, മിസോറാം, അസം തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് മണിപ്പൂരിലേക്ക് തീവണ്ടിയുൾപ്പെടെ യാത്രാസംവിധാനങ്ങളെല്ലാം നിർത്തി. ഗോത്രവർഗത്തിൽപ്പെടാത്തതും സംസ്ഥാന ജനസംഖ്യയിലെ ഭൂരിപക്ഷവുമായ മെയ്തി വിഭാഗത്തിന് പട്ടികവർഗ പദവി നൽകണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായതാണ് പുതിയ സംഘർഷത്തിന് വഴിയൊരുക്കിയത്.

 


ഇതുകൂടി വായിക്കു; വായ മൂടിക്കെട്ടിയ ഇന്ത്യ | JANAYUGOM EDITORIAL


ഏപ്രിൽ 19നുണ്ടായ വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നല്കണമെന്ന് മലയോര സമിതി ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടർന്നുണ്ടായ ആശങ്കയിലാണ് ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ ചുരാചന്ദ്പൂരിലെ തോർബങ്ങിൽ ആയിരങ്ങളെ അണിനിരത്തി ബുധനാഴ്ച പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടെയുണ്ടായ ചില അഭ്യൂഹങ്ങളാണ് അക്രമത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാരിൽ ചിലർ മെയ്തി വിഭാഗത്തിൽപ്പെട്ട ചിലരെ അക്രമിച്ചുവെന്നും മറിച്ചുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. തലസ്ഥാനമായ ഇംഫാലുൾപ്പെടെയുള്ള താഴ്‌വാരത്താണ് മെയ്തി വിഭാഗം അധിവസിക്കുന്നത്. സംസ്ഥാനത്തെ മലമ്പ്രദേശങ്ങളിൽ അധിവസിക്കുന്ന കുക്കി ഉൾപ്പെടെയുള്ള വിഭാഗം പട്ടികവർഗത്തിലാണ്. അതേസമയം മെയ്തി എന്നത് ഹിന്ദു വിശ്വാസം പിന്തുടരുകയും പിന്നാക്ക, പട്ടികജാതി സംവരണാനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യുന്നവരും. ഇങ്ങനെ രണ്ട് പ്രമുഖ വിഭാഗങ്ങളാണ് മണിപ്പൂരിലെ ജനസംഖ്യയിൽ മഹാഭൂരിപക്ഷവും. 55 ശതമാനത്തോളം പേർ മെയ്തിയിലും അവശേഷിക്കുന്നവരിലെ 35 ശതമാനത്തിലധികം കുക്കി വിഭാഗങ്ങളിലും ഉൾപ്പെടുന്നു. കുക്കി വിഭാഗത്തിൽപ്പെട്ടവർ 90 ശതമാനവും അധിവസിക്കുന്ന മണിപ്പൂരിന്റെ മലമ്പ്രദേശത്തിനുള്ള പ്രത്യേകത സംസ്ഥാനത്തിന്റെ ഭാഗമായിരിക്കുമ്പോഴും പ്രത്യേകാവകാശങ്ങൾ ഉണ്ടെന്നതാണ്. ഇവിടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിന് പ്രത്യേകാധികാരങ്ങളുള്ള സമിതിയുണ്ട്. മേഖലയിൽ മറ്റിടങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറുന്നതിനുൾപ്പെടെ തടസങ്ങളുമുണ്ട്.


ഇതുകൂടി വായിക്കു; മാറേണ്ടത് കേരളമല്ല മോഡിജീ …


അതുപോലെതന്നെ മെയ്തികൾ കൂടി പട്ടിക വിഭാഗത്തിലെത്തുമ്പോൾ സംവരണാനുകൂല്യങ്ങൾ പരിമിതപ്പെടുമെന്ന ആശങ്കയും കുക്കികൾക്കിടയിലുണ്ട്. ഇതെല്ലാമാണ് അവരുടെ പ്രതിഷേധത്തിന് കാരണമായത്. മാത്രവുമല്ല മെയ്തി വിഭാഗക്കാർ പട്ടിക വിഭാഗത്തിൽപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ചു തുടങ്ങിയത് പത്തുവർഷത്തോളം മുമ്പായിരുന്നു. അവർ കോടതിയെ സമീപിക്കുകയായിരുന്നു. 2013ൽ ഹൈക്കോടതി കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടി. 2014 മുതൽ കേന്ദ്രത്തിലും 2017 മുതൽ മണിപ്പൂരിലും ബിജെപിയാണ് അധികാരത്തിലിരിക്കുന്നത്. ഇരുസർക്കാരുകളും തൃപ്തികരമായ മറുപടി നല്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മെയ്തികൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. തങ്ങളുടെ മേഖലകളിൽ കുടിയേറ്റം നടക്കുന്നുവെന്നും അതിൽ നിന്ന് രക്ഷ നേടുന്നതിനാണ് പട്ടികവർഗ സംവരണം ആവശ്യപ്പെടുന്നതെന്നുമായിരുന്നു മെയ്തി വിഭാഗത്തിന്റെ നിലപാട്.

ഇക്കാര്യത്തിൽ ആറുവർഷത്തോളമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ നിലപാടുകളിൽ ദുരൂഹതയുണ്ട്. മണിപ്പൂർ മലയോര മേഖലാ സമിതിയിൽ ബിജെപിക്കാണ് മുൻകയ്യെങ്കിലും മെയ്തികളോട് അനുഭാവമുള്ള സമീപനമാണ് പൊതുവെ ബിജെപി സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. അതുകൊണ്ടാണ് പത്തുവർഷം മുമ്പ് മെയ്തികളുടെ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടും തൃപ്തികരമായ മറുപടി നല്കാതിരുന്നത്. സംസ്ഥാന നിയമസഭയിൽ ബിജെപിക്കുള്ള 32ൽ 25 പേർ മെയ്തികൾക്ക് ഭൂരിപക്ഷമുള്ള ഇംഫാൽ താഴ്‌വരയിൽ നിന്നുള്ളവരായതിനാലാണ് ബിജെപി അത്തരമൊരു നിലപാടെടുക്കുന്നത്. അധികാരം നേടുന്നതിന് വേണ്ടി എന്ത് നിലപാടുകളും സ്വീകരിക്കുന്നതിന് ബിജെപി സന്നദ്ധമാകുന്നു എന്നതിന്റെ കൂടി ഫലമാണ് മണിപ്പൂരിലെ ഇപ്പോഴത്തെ സംഭവങ്ങളെന്നും നിഗമനത്തിലെത്താവുന്നതാണ്. ഏതായാലും നമ്മുടെ അതിർത്തി സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരിൽ നിന്ന് വരുന്ന വാർത്തകൾ ദുഃഖകരമാണ്. പ്രദേശത്ത് സമാധാനമുണ്ടാക്കുന്നതിന് കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ അവരുടെ ദുഷ്ട ബുദ്ധി ഉപേക്ഷിച്ച് എല്ലാ വിഭാഗങ്ങളുടെയും ആശങ്ക ഇല്ലാതാക്കുന്ന നിലപാട് അടിയന്തരമായും സ്വീകരിക്കേണ്ടതുണ്ട്.

Exit mobile version