Site iconSite icon Janayugom Online

കളികള്‍ കളികളാകട്ടെ; യുദ്ധമാകാതിരിക്കട്ടെ

കായിക മത്സരങ്ങളില്‍ എതിരാളികള്‍ തമ്മില്‍ പാലിക്കുന്ന മര്യാദ, വിശിഷ്ടവും വിഖ്യാതവുമാണ്. അതുകൊണ്ടാണ് ‘കളിക്കളത്തിലെ മാന്യത അഥവാ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്’ എന്ന പ്രയോഗം തന്നെ നിലനില്‍ക്കുന്നത്. മാന്യന്‍മാരുടെ കളിയെന്ന വിശേഷണം നേടിയെടുത്ത കായിക ഇനമാണ് ക്രിക്കറ്റ്. ഈ വര്‍ഷം ആദ്യം നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ ഇന്ത്യ — പാക് മത്സരത്തിനിടയില്‍ ഇന്ത്യന്‍ താരം വിരാട് കോലി ആഗോള മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു ചിത്രമുണ്ടായിരുന്നു. ഇന്ത്യ ജയിച്ചുകയറിയ മത്സരത്തിനിടെ പാക് താരം നസീം ഷായുടെ ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന കോലിയുടെ ചിത്രമായിരുന്നു അത്. കളിക്കളത്തിലെ പോരാട്ടവീര്യത്തിനപ്പുറം തോറ്റവനെ ആശ്വസിപ്പിക്കുന്നവരെയാണ് ലോകം ആദരിക്കുക. അതുകൊണ്ടാണ് കോലിയുടെ ആ ചിത്രം ലോകം നെഞ്ചേറ്റിയത്. ഇന്ത്യയും പാകിസ്ഥാനും നിരന്തരമായി തുടരുന്ന അതിർത്തി തർക്കങ്ങള്‍ സംഘര്‍ഷത്തിലെത്തുന്ന രണ്ട് രാജ്യങ്ങളായിട്ടും, അതൊന്നും ബാധിക്കാത്ത ക്രിക്കറ്റ് എന്ന ഒറ്റ വികാരമായിരുന്നു ലോകം കണ്ടത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യ — പാക് താരങ്ങളുടെ നിലപാടുകള്‍ കായികമാന്യതയുടെ മനോഹാരിത ഇല്ലാതാക്കുന്നതാണ് എന്ന് പറയാതെ വയ്യ. സൂപ്പർ ഫോർ മത്സരത്തിനിടെ പാക് താരങ്ങളുടെ പ്രകോപനപരമായ ചെയ്തികള്‍ രാഷ്ട്രീയ വിവാദമുയര്‍ത്തിയിരിക്കുകയാണ്. എകെ 47 തോക്കുകൊണ്ട് വെടിയുതിർക്കുന്നത് അനുകരിച്ച പാക് ഓപ്പണർ സാഹിബ്സാദാ ഫർഹാന്റെയും, ഇന്ത്യൻ യുദ്ധവിമാനങ്ങൾ നിലംപൊത്തുന്നതായി അംഗവിക്ഷേപം നടത്തിയ പേസർ ഹാരിസ് റൗഫിന്റെയും നടപടികളാണ് വിവാദത്തിനിടയാക്കിയത്. ഇന്ത്യയെ അപമാനിച്ച പാകിസ്ഥാനുമായി ഇനി കളിക്കരുതെന്നും ഏഷ്യ കപ്പ് ബഹിഷ്കരിക്കണമെന്നുമൊക്കെ ആവശ്യം ഉയരുന്നുണ്ട്.
ഇന്ത്യക്കെതിരെ അർധശതകം തികച്ചശേഷമാണ് ഫർഹാൻ പ്രകോപനപരമായ ആഘോഷം നടത്തിയത്. ബാറ്റ് കൊണ്ട് വെടിയുതിർക്കുന്നതായി കാണിച്ചാണ് ഫർഹാൻ വിജയം ആഘോഷിച്ചത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ യുദ്ധ വിമാനങ്ങൾ പാക് സൈന്യം വെടിവച്ചിട്ടെന്ന് ധ്വനിപ്പിക്കുന്നതായിരുന്നു അംഗവിക്ഷേപങ്ങൾ. പാക് കളിക്കാരൻ ഇന്ത്യയെ ലോകത്തിനു മുന്നിൽ അവഹേളിക്കുമ്പോള്‍ പാകിസ്ഥാന് നമ്മളെന്തിന് ലോകോത്തര വേദിയൊരുക്കിക്കൊടുക്കണം എന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. പാകിസ്ഥാൻ മുന്നോട്ടുവച്ച 172 എന്നത് ദുബായിലെ വേഗം കുറഞ്ഞ പിച്ചിൽ അത്ര മോശം സ്കോറായിരുന്നില്ലെങ്കിലും ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേര്‍ന്ന് മറുപടി നല്‍കി, വിജയം പിടിച്ചെടുത്തു. ഒരര്‍ത്ഥത്തില്‍ എകെ 47 തോക്കിന് ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചുള്ള മറുപടി. മത്സരശേഷം പരസ്പരം കെെകൊടുക്കാതെയാണ് രണ്ട് ടീമുകളും കളം വിട്ടത്. 14ന് നടന്ന ആദ്യമത്സരത്തിലും പാകിസ്ഥാൻ താരങ്ങളുമായി ഹസ്തദാനത്തിന് നിൽക്കാതെയാണ് സൂര്യകുമാർ യാദവും ശിവം ദുബെയും മൈതാനത്തുനിന്ന് മടങ്ങിയത്. സ്പോർട്സ്മാൻ സ്പിരിറ്റ് കാത്തുസൂക്ഷിക്കാത്ത താരങ്ങളുടെ നിലപാട് ഇന്ത്യയെന്ന രാജ്യത്തിന്റെ പാരമ്പര്യത്തിന് ചേരുന്നതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പാക് ടീമിനെ അത് ബാധിക്കില്ല, കാരണം രാഷ്ട്രീയപരമായി അന്തഃഛിദ്രം നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ഭരണാധികാരികള്‍ അത് മറച്ചുവയ്ക്കാന്‍ ഏതു നെറികേടിനെയും അംഗീകരിക്കും.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ — പാക് താരങ്ങളുടെ ഈ പ്രകടനം എന്നത് നിഷേധിക്കുന്നില്ല. ഇതിന്റെ പേരില്‍ പാകിസ്ഥാനുമായി ഇന്ത്യ മത്സരങ്ങള്‍ കളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയിരുന്നു. ദേശീയ താല്പര്യത്തെക്കാള്‍ വലുതല്ല ക്രിക്കറ്റ് എന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. പക്ഷേ, കോടതി അത് തള്ളി. കളിയെ കളിയായി കാണാനാണ് നീതിപീഠം പറഞ്ഞത്. കളി അങ്ങനെ തന്നെ കാണണം, പ്രത്യേകിച്ച് താരങ്ങള്‍. യുദ്ധത്തിൽ ഏതു രാജ്യത്തെയും പൗരന്മാർ അവരവരുടെ രാജ്യത്തെ പിന്തുണയ്ക്കുക സ്വാഭാവികം. അത് തെറ്റും ശരിയും നോക്കിയിട്ടാേ യുദ്ധം ആഗ്രഹിച്ചിട്ടോ ആകണമെന്നില്ല, അവനവന്റെ രാജ്യം എന്ന വികാരമാണ് മുന്നില്‍ നില്‍ക്കുക. എന്നാൽ കളിക്കളത്തിൽ നിൽക്കുന്ന കളിക്കാരൻ എങ്ങനെയാണ് ശത്രു ആവുക. അവര്‍ കളിയിലെ എതിരാളികള്‍ മാത്രമാണ് എന്ന വികാരമുള്ളവരായിരിക്കണം മത്സരാര്‍ത്ഥികള്‍. അപ്പോഴാണ് കളി മാന്യമാവുക, കളിക്കളം മത്സരവേദി മാത്രമാവുക. തലശേരി ഒ ചന്തുമേനോൻ സ്‌മാരക ഗവ. യുപി സ്കൂളിലെ വിദ്യാര്‍ത്ഥി അഹാന്‍ അനൂപിനെ കഴിഞ്ഞ ദിവസം കേരളം ആദരിച്ചത്, ആ കുഞ്ഞ് എഴുതിയ കളിനിയമത്തിന്റെ പേരിലാണ്. ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്നാണ് ആ മൂന്നാം ക്ലാസുകാരന്‍ എഴുതിയത്. താേറ്റവരെ മാത്രമല്ല ആരെയും കളിയാക്കരുത്, ശത്രുവാക്കരുത്. അവര്‍ സഹ കളിക്കാരും സഹ ജീവികളുമാണ്. ലോക ക്രിക്കറ്റിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന താരങ്ങള്‍ അത് തിരിച്ചറിയുകയും കളിക്കളത്തിന്റെ മര്യാദ പാലിക്കുകയും ചെയ്യട്ടെ.

Exit mobile version