കുറ്റകൃത്യം ദൂഷിതാവസ്ഥയുടെ പ്രവൃത്തിയും പ്രതിഫലനവുമാണ്. 2024 ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് പ്രാബല്യത്തിലായ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നീതിന്യായ വ്യവസ്ഥയെ കൂടുതൽ ആശയക്കുഴപ്പത്തിലേക്ക് നയിക്കുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. മര്‍ദനോപകരണമെന്ന രീതിയില്‍ അധികാരം കേന്ദ്രീകരിക്കുന്നത് പൊലീസ്‌രാജിന് വഴിയൊരുക്കുമെന്നതാണ് ചരിത്രം. കൃത്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ തീവ്രവാദം ചൂണ്ടി വേലിക്കെട്ടുകള്‍ ഒരുക്കിയിരിക്കുന്നു. പുതിയ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണ്. നീതി ഉറപ്പാക്കാനാകുമെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണം. “സ്വാതന്ത്ര്യത്തിന് 77 വർഷങ്ങൾക്കുശേഷം, രാജ്യത്തെ നീതിന്യായ വ്യവസ്ഥ കൊളോണിയൽ കാലഘട്ടത്തിലെ ക്രിമിനൽ നിയമങ്ങൾക്ക് പകരം ഇന്ത്യൻ ധാർമ്മികതയുടെ അടിസ്ഥാനത്തില്‍ പ്രവർത്തിക്കും” എന്ന് ഘോഷിച്ചാണ് പുതിയ നിയമനിർമ്മാണം ഏർപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിപ്രായത്തിൽ, ഈ നിയമങ്ങൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥകൾ മെച്ചപ്പെടുത്തും. രാജ്യത്തെ കൂടുതൽ നീതിയുക്തമാക്കും. എന്നാൽ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ വളച്ചൊടിക്കുന്നതിനുള്ള എല്ലാ അപകടങ്ങളും പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് വസ്തുത. കഴിഞ്ഞ വർഷം ഡിസംബറിൽത്തന്നെ പുതിയ നിയമങ്ങൾ പാർലമെന്റ് അംഗീകരിച്ചുവെന്നാണ് വാദം. എന്നാൽ പ്രതിപക്ഷത്തെ സസ്പെന്റു ചെയ്ത് പാര്‍ലമെന്റില്‍ നിന്നും മാറ്റിനിർത്തിയിരിക്കുകയായിരുന്നു എന്നതാണല്ലോ യാഥാർത്ഥ്യം.
നിയമങ്ങൾ പാസാക്കുന്നതിന് മുമ്പുള്ള അനിവാര്യ സംവാദങ്ങളൊന്നും നിയമനിര്‍മ്മാണ സഭകളില്‍ നടന്നതേയില്ല. നിലവിലുള്ള നിയമങ്ങളിൽ ഭേദഗതികള്‍ നടപ്പിലാക്കി പരിഷ്കരണം സധ്യമാക്കാമായിരുന്നു. കൊളോണിയൽ കാലഘട്ടം മുതൽ, ഏത് എതിർപ്പിനെയും അടിച്ചമർത്താൻ രാജ്യദ്രോഹ നിയമം ഉപയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താനും പങ്കെടുക്കുന്നവരെ തടവിലാക്കാനും രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്തു. ഇന്ത്യൻ പീനൽ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട്, ക്രിമിനൽ പ്രൊസീജ്യർ കോഡ് എന്നിവയ്ക്ക് പകരമുള്ള പുതിയ നിയമങ്ങൾക്ക് കീഴിൽ രാജ്യദ്രോഹത്തിന് പകരം ‘ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന’ പ്രവൃത്തികളുടെ ഒരു നീണ്ട നിര അടയാളപ്പെടുത്തിയിരിക്കുന്നു. നടപ്പാക്കൽ നടപടിക്രമങ്ങൾ വിശദീകരിക്കവെ, റദ്ദാക്കിയ നിയമങ്ങൾ പ്രകാരം രജിസ്റ്റര്‍ ചെയ്ത ക്രിമിനൽ കേസുകളില്‍ 2024 ജൂലൈ ഒന്നുവരെ ആ നിയമങ്ങളുടെ വ്യവസ്ഥയില്‍ തന്നെ വിചാരണ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവര്‍ത്തിച്ചു. ജൂലൈ ഒന്ന് അർധരാത്രിക്ക് ശേഷം പുതിയ നിയമങ്ങള്‍ പ്രാവർത്തികമാകുമെന്നും മൂന്ന് മാസത്തോളം പാർലമെന്റിൽ നിയമങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ക്രിമിനൽ നിയമങ്ങള്‍, ഭാരതീയ ന്യായ സന്‍ഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) എന്നിവ ഇന്ത്യന്‍ പീനൽ കോഡ് (ഐപിസി), ക്രിമിനൽ നടപടിക്രമ കോഡ് 1973 (സിആര്‍പിസി), ഇന്ത്യൻ എവിഡൻസ് ആക്ട് 1872 (ഐഇഎ) എന്നിവയ്ക്കു പകരമായി, പ്രതിപക്ഷം പുറത്തുനില്‍ക്കെ പാര്‍ലമെന്റ് അംഗീകരിച്ചു. ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. 2023 ഡിസംബർ 25ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷുകാരുടെ കാലത്തെ ക്രിമിനൽ നിയമങ്ങളെ ഒഴിവാക്കുക എന്നതായിരുന്നു നിയമനിർമ്മാണങ്ങൾക്ക് നൽകിയ ന്യായീകരണം. പുതിയ നിയമങ്ങൾ ഈ ലക്ഷ്യം എത്രത്തോളം നിറവേറ്റുമെന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്. ബിഎൻഎസ് ഭരണകൂടത്തിന്റെയും പൊലീസിന്റെയും അധികാരങ്ങൾ വിപുലീകരിക്കുന്നു. പുരാതന ധാർമ്മികതയെ അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യങ്ങൾ നിലനിർത്തുന്നു. വിശാലവും അവ്യക്തവുമായ നിർവചിക്കപ്പെട്ട കുറ്റകൃത്യങ്ങളിലൂടെ ശിക്ഷാശൃംഖലയെ വിശാലമാക്കുന്നു. ഉദാഹരണത്തിന്, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങൾ. കൊളോണിയല്‍ കാലത്തെന്ന പോലെ, പൊലീസിന്റെ അധികാരം തുടർച്ചയായി ശക്തിപ്പെടുത്തുകയും ഭരണകൂടം അത് പ്രജകളുടെമേൽ പ്രയോഗിക്കുകയും ചെയ്യുന്നു.
ഐപിസി 124എ വകുപ്പു പ്രകാരമുള്ള രാജ്യദ്രോഹത്തിന്റെ പട്ടികയില്‍ ഉൾപ്പെടുന്ന ‘രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ’ എന്നതിനുപകരം ബിഎൻഎസിൽ ‘ഭരണകൂടത്തിനോടുള്ള വെറുപ്പ്, അവഹേളനം അല്ലെങ്കിൽ അസംതൃപ്തി എന്നിവ ഉളവാക്കുന്ന പ്രവർത്തനങ്ങള്‍ എന്നിങ്ങനെ വിപുലീകരിക്കുന്നു. ‘വിഘടന പ്രവർത്തനങ്ങൾ’ അല്ലെങ്കിൽ ‘വിഘടനവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്താണെന്ന് ബിഎന്‍എസ് വിശദീകരിക്കുന്നുമില്ല. വ്യക്തികളുടെ അറസ്റ്റിലൂടെയും നീണ്ടുനിൽക്കുന്ന തടങ്കലിലൂടെയും വിയോജിപ്പുകളെ അടിച്ചമർത്താൻ ഭരണകൂടം എങ്ങനെ ഉപയോഗിക്കും എന്നതുതന്നെയാണ് രാജ്യദ്രോഹ നിയമങ്ങളിലുള്ള ആശങ്ക. വ്യക്തികളെ തടങ്കലിൽ വയ്ക്കാൻ നിയമ നിർവഹണ ഏജൻസികൾക്ക് അധികാരം നൽകുന്ന വിശാലമായ പദങ്ങളുള്ള വ്യവസ്ഥകൾ പുതിയ നിയമത്തില്‍ സുഗമമാക്കിയിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ മാനദണ്ഡങ്ങളിൽ കൂടുതൽ അവ്യക്തത സൃഷ്ടിക്കുന്നത് അവയുടെ അപകടകരമായ ആഘാതം വർധിപ്പിക്കാൻ വഴിയൊരുക്കും.