പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധന (എസ്ഐആർ) യെപ്പറ്റി ചർച്ചയ്ക്ക് വിസമ്മതിക്കുന്ന സർക്കാരിന്റെ നിഷേധാത്മക നിലപാടിനെത്തുടർന്ന്, ഇന്നലെ ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ, ലോക്‌സഭയുടെ പ്രവർത്തനം വീണ്ടും തടസപ്പെട്ടു. ബിഹാർ എസ്ഐആർ ചർച്ച നിഷേധിച്ച സർക്കാർ സമീപനത്തിൽ കഴിഞ്ഞ പാർലമെന്റ് സമ്മേളനവും പൂർണമായി പാഴായിരുന്നു. കേരളമടക്കം അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ഒമ്പത് സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇപ്പോൾ എസ്ഐആർ നടന്നുവരുന്നത്. രാജ്യത്തെ ജനസംഖ്യയിൽ ഗണ്യമായ ഒരുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ എസ്ഐആർ അനവസരത്തിലും തിടുക്കത്തിലും നടപ്പാക്കുന്നതിനെതിരെ പല സംസ്ഥാന ഭരണകൂടങ്ങളും ഉദ്യോഗസ്ഥതലത്തിലും പ്രതിപക്ഷപാർട്ടികളും ഉയർത്തിയ പ്രതിഷേധങ്ങൾ വകവയ്ക്കാതെയും ആവശ്യമായ സമയം അനുവദിക്കാതെയുമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായി എസ്ഐആർ നടപടികളുമായി മുന്നോട്ടുപോയത്. ഇതിനെതിരെ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാരുകളും വിവിധ പ്രതിപക്ഷപാർട്ടികളും പൗരസംഘടനകളും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയുമാണ്. യാഥാർത്ഥ്യബോധമില്ലാതെ, പരിമിതമായ സമയത്തിനുള്ളിൽ എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മർദം ഇതിനകം അതിനായി നിയോഗിക്കപ്പെട്ട നിരവധി ബൂത്ത്തല ഓഫിസർമാരുടെ ജീവൻതന്നെ അപഹരിച്ചു. അവരിൽ ചിലർ ജോലിഭാരത്തിന്റെ സമ്മർദത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നത് എസ്ഐആർ നടത്തിപ്പിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അവലംബിക്കുന്ന മനുഷ്യത്വഹീനമായ സമീപനമാണ് തുറന്നുകാട്ടുന്നത്. എസ്ഐആർ നടത്തിപ്പിനുള്ള തങ്ങളുടെ ഭരണഘടനാപരമായ അവകാശ അധികാരങ്ങളെക്കുറിച്ചും ആ പ്രക്രിയയുടെ സുഗമമായ മുന്നേറ്റത്തെക്കുറിച്ചും സുപ്രീം കോടതിയിലടക്കം വീമ്പിളക്കിയിരുന്ന കമ്മിഷൻ കഴിഞ്ഞദിവസം പൊടുന്നനെ എസ്ഐആർ നടത്തിപ്പിന്റെ കാലാവധി ഒരാഴ്ചകൂടി നീട്ടിയത് തെറ്റായ നിലപാടിന്റെ സ്വയം തിരുത്തലും വിമർശനങ്ങളുടെ സാധൂകരണവുമല്ലാതെ മറ്റൊന്നുമല്ല.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിഹാറിലും, രാജ്യത്തെ മറ്റ് മൂന്നിലൊന്ന് വരുന്ന സംസ്ഥാനങ്ങളിൽ ഇപ്പോഴും നടന്നുവരുന്ന എസ്ഐആർ, വോട്ടർപട്ടികയുടെ നിരുപദ്രവമായ ശുദ്ധീകരണ പ്രക്രിയ അല്ലെന്ന് സാമാന്യബോധമുള്ള എല്ലാവരും തിരിച്ചറിയുന്നു. അത്, തങ്ങൾക്ക് അനുകൂലമായി വോട്ടുചെയ്യില്ലെന്ന് ബിജെപിയും സംഘ്പരിവാറും കരുതുന്ന ജനവിഭാഗങ്ങളെയും രാഷ്ട്രീയ പ്രതിയോഗികളെയും കൂട്ടത്തോടെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കി പട്ടിക ‘ശുദ്ധീകരി‘ക്കാനുള്ള ബോധപൂർവമായ രാഷ്ട്രീയ കുടിലതന്ത്രത്തിന്റെ ഭാഗമാണ്. അത്, ദേശിയ പൗരത്വ രജിസ്റ്റർ പിൻവാതിലിലൂടെ ന്യൂനപക്ഷങ്ങളുടെയും ദുർബല ജനവിഭാഗങ്ങളുടെയുംമേൽ അടിച്ചേല്പിക്കാനുള്ള രാഷ്ട്രീയ ഗൂഢതന്ത്രമാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഭരണഘടനാ സ്ഥാപനത്തെ ആയുധമാക്കി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നത്. ജനസംഖ്യയിൽ വലിയൊരു വിഭാഗം പൗരന്മാരെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വിഷയം പാർലമെന്റ് ചർച്ചചെയ്യണമെന്ന തികച്ചും ന്യായവും ജനകീയവുമായ ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വിഷയം പരമോന്നത കോടതിയുടെ പരിഗണനയിലിരിക്കെ ഇപ്പോൾ പാർലമെന്റ് ചർച്ച അനുചിതമാണെന്നും സ്വയംഭരണാധികാരമുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നുമുള്ള വാദഗതികളാണ് ചർച്ചയ്ക്കെതിരെ സർക്കാർ ഇതുവരെ ഉന്നയിച്ചുപോന്നത്. എന്നാൽ, ഇപ്പോൾ തങ്ങൾ ചർച്ചയ്ക്ക് എതിരല്ലെന്നും തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ഒട്ടാകെ ചർച്ചാവിധേയമാക്കണമെന്നുമുള്ള പുതിയ വാദഗതിയാണ് ഇന്നലെ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു മുന്നോട്ടുവച്ചത്. അതിനും പ്രതിപക്ഷം സന്നദ്ധമാണെന്നുവന്നപ്പോൾ തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം വേണമെന്ന മറുവാദംകൊണ്ട് ചർച്ച വൈകിക്കാനുള്ള തന്ത്രമാണ് സർക്കാർ പുറത്തെടുക്കുന്നത്.
തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ വികലമാക്കി ദുരുപയോഗം ചെയ്താണ് മോഡിയുടെ നേതൃത്വത്തിൽ ബിജെപി — എൻഡിഎ മുന്നണി അധികാരത്തിലേറിയതും തുടർന്ന് നിലനിർത്തിപ്പോരുന്നതും. കോർപറേറ്റ് പണക്കൊഴുപ്പും സംഘ്പരിവാർ സംഘടനകളുടെ പേശീബലവും ഫാസിസ്റ്റ് ഹിന്ദുത്വ ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ മാരക രാഷ്ട്രീയ വിഷക്കൂട്ടാണ് നരേന്ദ്ര മോഡിയെ അധികാരത്തിലേറ്റിയതും നിലനിർത്തുന്നതും. അത് സജീവമായി നിലനിർത്താനുള്ള ഹീനതന്ത്രത്തിന്റെ ഭാഗമാണ് ഒരു ഭരണഘടനാ സ്ഥാപനത്തെത്തന്നെ ദുരുപയോഗം ചെയ്ത് ഇപ്പോൾ നടത്തുന്ന വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയ. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിന്റെ മുന്നിൽ ഒരു ഭരണഘടനാ സ്ഥാപനവും ‘വിശുദ്ധപശു‘വല്ല. ഭരണഘടനയുടെ അടിസ്ഥാനഘടനയെയും മൂല്യങ്ങളെയും ഹനിക്കാത്ത, ചോദ്യം ചെയ്യാത്ത, എന്തും ചർച്ച ചെയ്യാനുള്ള പരമോന്നത ജനാധിപത്യ, ഭരണഘടനാ സ്ഥാപനമാണ് പാർലമെന്റ്. അതിനെ ഭൂരിപക്ഷത്തിന്റെ പേരിൽ നോക്കുകുത്തിയാക്കാനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നത്.

