ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും വിവാദമാക്കിയ എമ്പുരാന്‍ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരായ വേട്ട തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മ്മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുകയും സംവിധായകന്‍ പൃഥ്വിരാജിന് ആദായ നികുതി (ഐടി) വകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ മറ്റൊരു നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിനെതിരെയും വിശദീകരണ നോട്ടീസ് നല്‍കിയിരിക്കുകയാണ്. എമ്പുരാന്‍ സിനിമയുടെ പേരിലുള്ള പ്രതികാരമല്ലെന്ന് കേന്ദ്രത്തിന്റെ വളര്‍ത്തുജീവികളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഇഡിയും ഐടി വകുപ്പും വിശദീകരിക്കുകയും ബിജെപി നേതാക്കള്‍ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ബോധ്യമാകുന്നത്, പ്രതികാര നടപടി തന്നെയെന്നാണ്. അത് ബോധ്യമാകണമെങ്കില്‍ വിശകലന വിദഗ്ധരുടെ പ്രവചനങ്ങള്‍ തേടിപ്പോകേണ്ട ആവശ്യമില്ല. റെയ്ഡിനെയും നോട്ടീസ് അയച്ചതിനെയും ന്യായീകരിച്ച് രംഗത്തുവന്ന രണ്ട് ഏജന്‍സികളുടെയും വിശദീകരണത്തിലെ നാള്‍വഴികള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. വെള്ളിയാഴ്ച ചെന്നൈയിലെയും കോഴിക്കോട്ടെയും ഗോകുലം സ്ഥാപനങ്ങള്‍ റെയ്ഡ് നടത്തിയതിനൊപ്പം അന്നുതന്നെ സ്ഥാപന മേധാവിയും എമ്പുരാന്‍ സിനിമാ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുകയുണ്ടായി. ഇതിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), വിദേശ നാണയ വിനിമയ നിയമം (ഫെമ) എന്നിവയുടെ ലംഘനം കണ്ടെത്തിയെന്നും ബന്ധപ്പെട്ട രേഖകളും ഒന്നര കോടി രൂപയും പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചിരിക്കുന്നത്. 2022ല്‍ ഇഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നാണ് അവര്‍തന്നെ അറിയിച്ചിരിക്കുന്നത്. പ്രസ്തുത കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡ്, ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ നടപടികള്‍ മൂന്ന് വര്‍ഷം വൈകി ആരംഭിക്കുന്നതിന് പിന്നിലെ യുക്തി എമ്പുരാനോടുള്ള പ്രതികാരമല്ലെന്ന് പറഞ്ഞാല്‍ ബോധ്യമാകുന്നതല്ല.
സമാനമായി പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനുമെതിരായ നീക്കത്തിലും കാലഗണന പ്രശ്നം തന്നെ. 2021ല്‍ നിര്‍മ്മാണം ആരംഭിക്കുകയും 2022 ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തുകയും ചെയ്ത കടുവ, 2022 ഏപ്രിലില്‍ പുറത്തിറങ്ങിയ ജനഗണമന, അതേവര്‍ഷം ഡിസംബറില്‍ തിയേറ്ററുകളിലെത്തിയ ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിശദീകരണം തേടിയാണ് പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. മൂന്നുവര്‍ഷങ്ങള്‍ക്കുശേഷമാണ് നോട്ടീസ് നല്‍കിയത് എന്നതിനെക്കാള്‍ പ്രധാനം മാര്‍ച്ച് 27ന് എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തിയതിന്റെ രണ്ടാമത്തെ ദിവസം 29നാണ് അത് അയച്ചിരിക്കുന്നത് എന്നതാണ്. എപ്രില്‍ 29നകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ആശിർവാദ് ഫിലിംസിൽ 2022ൽ നടന്ന റെയ്ഡിന്റെ തുടർ നടപടിയെന്നാണ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകിയതിലെ ആദായ നികുതി വകുപ്പിന്റെ വിശദീകരണം. ലൂസിഫർ, മരയ്ക്കാർ എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. ദുബായിൽ വച്ച് മോഹൻലാലിന് രണ്ടരക്കോടി കൈമാറിയതിലും ആന്റണിയോട് ആദായ നികുതി വകുപ്പ് വ്യക്തത തേടിയിട്ടുണ്ട്. 2019ലാണ് ലൂസിഫര്‍ സിനിമ പ്രദര്‍ശനത്തിനെത്തിയത്. മരയ്ക്കാര്‍ റിലീസ് ചെയ്തതാകട്ടെ 2021 ഡിസംബറിലും. അതുകഴിഞ്ഞ് 2022ലാണ് ആശിര്‍വാദ് ഫിലിംസില്‍ റെയ്ഡ് നടത്തിയത്. ഇതിനെല്ലാം ശേഷം മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആന്റണിക്ക് നോട്ടീസ് നല്‍കിയത് എന്നത് എമ്പുരാനോടുള്ള പ്രതികാരമാണെന്നതിന്റെ വ്യക്തമായ തെളിവാണ്.
ഗോകുലം ഗോപാലനും ആന്റണി പെരുമ്പാവൂരും നിര്‍മ്മാതാക്കളെന്ന നിലയിലും നിര്‍മ്മാതാവ്, സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പൃഥ്വിരാജും രാജ്യത്തെ ആദായ നികുതി, റിസര്‍വ് ബാങ്ക് തുടങ്ങിയ സാമ്പത്തിക ഏജന്‍സികളുടെ പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ തന്നെയാണ്. തങ്ങളുടെ വരുമാനത്തിന്റെ വിശദാംശങ്ങളും നിയമപരമായ നികുതികളും മറ്റും നല്‍കുക എന്നത് അവരുടെ ഉത്തരവാദിത്തവുമാണ്. പക്ഷേ അത് നല്‍കാതെ വരികയോ നല്‍കിയതില്‍ സംശയങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ തുടര്‍നടപടികള്‍ ആരംഭിക്കുകയാണ് വേണ്ടത്. അത് ചെയ്യാതിരിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ സംഭവിച്ച വീഴ്ചയാണെന്ന് സമ്മതിക്കാനെങ്കിലും ഈ ഏജന്‍സികള്‍ തയ്യാറാകണം. അതിന് പകരം എമ്പുരാന്‍ എന്ന ചലചിത്രത്തിനെതിരെ സംഘ്പരിവാര്‍ രംഗത്തിറങ്ങിയതിനു പുറകേ നടപടികള്‍ ആരംഭിച്ചത് നിഷ്കളങ്കമാണെന്ന് പറഞ്ഞാല്‍ ഒരു വിധത്തിലും ബോധ്യമാകാത്തതാണ്. ഏന്തൊക്കെ ന്യായീകരണം നടത്തിയാലും ഇഡി, ഐടി വകുപ്പ്, എന്‍ഐഎ, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ മുന്‍കാല നടപടികള്‍ മഹാഭൂരിപക്ഷവും കളങ്കിതവും രാഷ്ട്രീയ എതിരാളികളോട് പ്രതികാര ബുദ്ധിയുള്ളതുമായിരുന്നു എന്നത് സംശയരഹിതമായ വസ്തുതയാണ്. ബിജെപി അധികാരത്തിലെത്തിയതിനുശേഷമുള്ള 11 വര്‍ഷത്തോളമായി ഈ ഏജന്‍സികള്‍ കേന്ദ്ര ഭരണകക്ഷിയുടെ ഇച്ഛകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ നടപടികള്‍ കൂടുതല്‍ സംശയാസ്പദമാകുന്നത്.