Site iconSite icon Janayugom Online

അഡാനിക്കുവേണ്ടി എല്‍ഐസിയെ തകര്‍ക്കരുത്

ഇന്ത്യയിലെ ഏറ്റവും അഭിമാനകരവും സാമ്പത്തിക അടിത്തറയുള്ളതുമായ ഇന്‍ഷുറന്‍സ് സംരംഭമാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി). ആഗോളവല്‍ക്കരണ നയങ്ങളുടെ ഫലമായി നിരവധി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചുവെങ്കിലും വിശ്വാസ്യതയില്‍ എല്‍ഐസി തന്നെയാണ് ഇപ്പോഴും രാജ്യത്ത് മുന്നിലുള്ളത്. പ്രസ്തുത സംരംഭം പോളിസി ഉടമകളില്‍ നിന്ന് സംഭരിക്കുന്ന തുക ഓഹരിക്കമ്പോളങ്ങളില്‍ നിക്ഷേപിക്കുന്നതിനുള്ള തീരുമാനം ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായുണ്ടായതാണ്. രാജ്യത്തെ ഏറ്റവും ശക്തമായ പൊതുമേഖലാ ഇന്‍ഷുറന്‍സ് സംരംഭമായ എല്‍ഐസിയെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എങ്കിലും കേന്ദ്രസര്‍ക്കാരിന്റെ പിന്‍ബലത്തോടെ രാജ്യത്തെ സാധാരണക്കാരായ കോടിക്കണക്കിനുപേര്‍ അധ്വാനിച്ചുണ്ടാക്കി നിക്ഷേപിക്കുന്ന തുക, സ്വകാര്യ കമ്പനികളിലും ഓഹരി വിപണിയിലും നിക്ഷേപിക്കുന്നത് എല്‍ഐസി തുടര്‍ന്നുപോന്നു. അതുകൊണ്ടുതന്നെ പോളിസിയെടുക്കുന്ന ഗുണഭോക്താക്കള്‍ കണക്കുകൂട്ടുന്ന വരുമാനം പോളിസി കാലാവധിയെത്തിയാല്‍ തിരികെ ലഭിക്കാത്ത സ്ഥിതിയുണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ഇത്തരം നിക്ഷേപങ്ങളില്‍ അസാധാരണമായ വര്‍ധനയുണ്ടായെന്നും അതില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുപ്പമുള്ളവരുടെ കമ്പനികളില്‍ വാരിക്കോരി നിക്ഷേപം നടക്കുന്നുവെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ അഡാനി കമ്പനിയില്‍ പതിനായിരക്കണക്കിന് കോടി രൂപ നിക്ഷേപിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇതില്‍ 33,000 കോടി രൂപ കഴിഞ്ഞ മേയ് മാസത്തില്‍ നിക്ഷേപിക്കുന്നതിന് നടപടികളായി. കൂടുതല്‍ തുക അഡാനി കമ്പനികളില്‍ എത്തിക്കുന്നതിനുള്ള സമ്മര്‍ദം കേന്ദ്രസര്‍ക്കാരും സാമ്പത്തിക സേവന വകുപ്പ്, നിതി ആയോഗ് എന്നിവയും ചേര്‍ന്ന് നടത്തുന്നതായും വാര്‍ത്തയിലുണ്ടായിരുന്നു. നേരത്തെ കൊച്ചുകൊച്ചു വ്യാപാരങ്ങള്‍ നടത്തിയിരുന്ന അഡാനിയുടെ വ­ളര്‍ച്ച ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. ന­രേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയതിനുശേഷം ദേശീയ സാമ്പത്തിക രംഗത്ത് കടന്നുവരികയും പ്രധാനമന്ത്രി ആയതിനുശേഷം ശക്തിയാര്‍ജിക്കുകയും ചെയ്ത സംരംഭകനായിരുന്നു അഡാനി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പ്രകൃതി വിഭവങ്ങളും കയ്യടക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാ­റ്റില്‍ പറക്കുന്നതാണ് പിന്നീടുണ്ടായത്. അഡാനിയെ തളര്‍ച്ചയിലെല്ലാം കയ്യയച്ച് സഹായിക്കുന്നതിന് മോഡിക്കും കേന്ദ്രസര്‍ക്കാരിനും ഒരു മടിയുമുണ്ടായില്ല. ഒരുവര്‍ഷം മുമ്പ് 2000 കോടി രൂപയുടെ കൈക്കൂലിയുമായി ബന്ധപ്പെട്ട് യുഎസില്‍ കേസുണ്ടായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അഡാനി ഓഹരികളില്‍ തകര്‍ച്ചയുണ്ടായപ്പോഴാണ് എല്‍ഐസിയെക്കൊണ്ട് കൂടുതല്‍ തുക അദ്ദേഹത്തിന്റെ സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കുന്നതിന് നീക്കമുണ്ടായതെന്നാണ് സമയക്രമങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത്. 

അഡാനിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട്, എല്‍ഐസിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയുടെ മൂലധനം സ്വകാര്യ കമ്പനികളില്‍ നിക്ഷേപിക്കുന്നത് മോഡിക്കാലത്ത് പതിന്മടങ്ങ് വര്‍ധിച്ചുവെന്ന തുറന്നുപറച്ചിലാകുന്നുണ്ട്. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് അഡാനി കമ്പനികളില്‍ നിക്ഷേപിച്ചതെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രതികരണത്തില്‍ 2014ന് ശേഷം സ്വകാര്യ കമ്പനികളിലെ നിക്ഷേപം പത്ത് മടങ്ങിലധികം വര്‍ധിച്ചുവെന്ന് എല്‍എ‌െസി സമ്മതിക്കുന്നു. മികച്ച 500 കമ്പനികളിലായി എല്‍ഐസിയുടെ നിക്ഷേപ മൂല്യം 2014 മുതലുള്ള 10 വര്‍ഷത്തിനിടെ 1.56 ലക്ഷം കോടിയിൽ നിന്ന് 15.6 ലക്ഷം കോടിയായി വര്‍ധിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്. നിക്ഷേപിച്ച തുകയുടെ മൂല്യത്തില്‍ സ്വാഭാവികമായുണ്ടാകുന്ന വര്‍ധന എന്ന നിലയിലാണ് അവതരിപ്പിക്കുന്നതെങ്കിലും അഡാനി കമ്പനികളെ സംബന്ധിച്ച് അത് കൂടുതല്‍ കൂടുതല്‍ നിക്ഷേപിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനര്‍ത്ഥം സ്വകാര്യ മേഖലയിലെ നിക്ഷേപമെന്ന നിലയില്‍ അഡാനിയെ വഴിവിട്ട് സഹായിക്കുന്നുവെന്നാണ്. വിദേശത്തും സ്വദേശത്തും പുതിയ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നുവെന്ന അറിയിപ്പുകള്‍ അഡാനി കമ്പനികളെ സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നുവെങ്കിലും അതോടൊപ്പം തിരിച്ചടികളും വാര്‍ത്തയാകുന്നുണ്ട്. ഓസ്ട്രേലിയയിലെ നിക്ഷേപത്തിന് തിരിച്ചടിയുണ്ടായതിന് പിറകേയാണ് പൊതുമേഖലാ ബാങ്കില്‍ നിന്ന് സഹായം നല്‍കുന്നതിനുള്ള നീക്കം വിവാദമായത്. അതിന് പിന്നാലെയാണ് യുഎസിലെ കേസിനെ തുടര്‍ന്ന് ഓഹരിയില്‍ വന്‍ നഷ്ട‌മുണ്ടായപ്പോള്‍ എല്‍ഐസിയുടെ നിക്ഷേപ വിവരം പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ ഇഷ്ടതോഴനുവേണ്ടിയുള്ള മോഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കയ്യയച്ച സഹായങ്ങള്‍ സംശാസ്പദവും അതേസമയം ആശങ്കാജനകവുമാണ്. ഈ സാഹചര്യത്തില്‍ 30 കോടിയിലധികം ഇന്ത്യക്കാരുടെ കൊച്ചുകൊച്ചു സമ്പാദ്യങ്ങള്‍ അഡാനിക്ക് നിക്ഷേപമായി നല്‍കി എല്‍ഐസിയെന്ന സ്ഥാപനത്തെ തകര്‍ക്കരുതെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്. 

Exit mobile version