Site iconSite icon Janayugom Online

തൊഴിലുറപ്പ് പദ്ധതിയെ പേര് മാറ്റി കൊല്ലരുത്

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്തെ ഗ്രാമീണ ജീവിതത്തിൽ വരുത്തിയ മാറ്റം ശ്രദ്ധേയമായിരുന്നു. ഇടതുപക്ഷ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പൊതുമിനിമം പരിപാടിയുടെ സമ്മർദത്തെ തുടർന്നായിരുന്നു പദ്ധതി ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തത്. 2014ൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതുമുതൽ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്നതിന് നടപടികൾ ആരംഭിച്ചിരുന്നതാണ്. ബജറ്റിൽ വിഹിതം വെട്ടിക്കുറയ്ക്കുക, തുക യഥാസമയം നൽകാതിരിക്കുക, ഡിജിറ്റൽ സാങ്കേതികതയുടെ പേരിൽ തൊഴിലാളികളെ പുറത്താക്കുക എന്നിങ്ങനെ വിവിധ നടപടികളാണ് സ്വീകരിച്ചുപോന്നത്. കഴിഞ്ഞയാഴ്ച കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പാർലമെന്റിൽ നൽകിയ മറുപടി അനുസരിച്ച് 2019–20 നും 2024–25 നും ഇടയിൽ രാജ്യത്തുടനീളം 4.57 കോടി തൊഴിൽ കാർഡുകൾ ഇല്ലാതാക്കി. 

2025 നവംബർ ഒന്ന് മുതലാണ് എല്ലാ തൊഴിലാളികൾക്കും ആധാർ അടിസ്ഥാനമാക്കിയുള്ള ഇ‑കെവൈസി നിർബന്ധമാക്കിയത്. രജിസ്റ്റർ ചെയ്ത ഏകദേശം 27.6 കോടി തൊഴിലാളികളോട് ഈ പ്രക്രിയ ഉടൻ പൂർത്തിയാക്കാനും ആവശ്യപ്പെട്ടു. ഒരുമാസത്തിനിടെ മാത്രം 27 ലക്ഷത്തിലധികം തൊഴിലാളികൾ പുറത്തായി. ഇതിന് പുറമേ നേരത്തെ നടപ്പിലാക്കിയ മൊബൈൽ മോണിറ്ററിങ് സിസ്റ്റം വഴി അറ്റൻഡൻസ് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും, തത്സമയ ഫോട്ടോ പകർത്തി അവരുടെ ആധാർ ചിത്രവുമായി ബന്ധപ്പെടുത്തണമെന്നുമുള്ള നിർദേശവും ലക്ഷക്കണക്കിനാളുകളെ പദ്ധതിക്ക് പുറത്താക്കുന്ന സ്ഥിതിയുണ്ടാക്കി. ഈ നടപടികളിലൂടെ പദ്ധതിയോടും സാധാരണ മനുഷ്യരോടുമുള്ള സർക്കാരിന്റെ സമീപനം വ്യക്തമാണ്. ബോധപൂർവമായി ഒഴിവാക്കുകയും പദ്ധതി താറുമാറാക്കുകയുമാണ് കേന്ദ്രം ചെയ്യുന്നതെന്നും ഇതിൽ നിന്ന് ബോധ്യമാകുന്നു. 

ഇതിന്റെ അടുത്ത ഘട്ടമായിരുന്നു കഴിഞ്ഞ ദിവസം പദ്ധതിയുടെ പേര് മാറ്റം പ്രഖ്യാപിച്ചത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെന്നത് പൂജ്യ ബാപ്പു എന്നാക്കി മാറ്റുന്നുവെന്നായിരുന്നു പ്രഖ്യാപിച്ചത്. അവിടെയും അവസാനിപ്പിക്കാതെ പദ്ധതി തന്നെ റദ്ദാക്കി പുതിയ നിയമത്തിനുള്ള കരട് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. വികസിത് ഭാരത് — റോസ്ഗാർ, അജീവിക മിഷൻ (ഗ്രാമീൺ) ബിൽ എന്ന പേരിലാണിത്. ഉറപ്പായ തൊഴിൽ ദിനങ്ങൾ 100 ൽ നിന്ന് 125 ആയി വർധിപ്പിക്കാൻ നിർദേശിക്കുന്നുണ്ട്. എ­ന്നാൽ തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തണമെന്ന ആവശ്യം തുടക്കം മുതൽ ഉന്നയിക്കപ്പെടുന്നതാണ്. അത് പുതിയ ബില്ലിൽ പരിഗണിച്ചിട്ടില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം കുറയ്ക്കുകയും സംസ്ഥാനങ്ങളുടേത് വർധിപ്പിക്കുകയും ചെയ്യുന്ന നിർദേശങ്ങളുണ്ട്. നിലവിലുള്ള നിയമപ്രകാരം, വേതന ചെലവ് പൂർണമായും കേന്ദ്രമാണ് വഹിച്ചിരുന്നത്. 

അതേസമയം അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള വസ്തുക്കളുടെയും ഭരണചെലവുകളുടെയും വിഹിതം സംസ്ഥാനങ്ങൾ പങ്കിടണമായിരുന്നു. എന്നാൽ പു­തിയ ബില്ലിലെ വകുപ്പ് 22 പ്രകാരം, വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾ, മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ ഒഴികെ സംസ്ഥാനങ്ങൾ മൊത്തം ചെലവിന്റെ 40% വഹിക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭാരം വർധിക്കുന്നുണ്ടെങ്കിലും, പദ്ധതി എവിടെ, എങ്ങനെ നടപ്പാക്കണം എന്നതിൽ കേന്ദ്രത്തിന് കൂടുതൽ നിയന്ത്രണം നൽകുന്നു. കേന്ദ്രം നിർദേശിക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, ഓരോ സാമ്പത്തിക വർഷത്തേക്കും സംസ്ഥാനം തിരിച്ചുള്ള വിഹിതം കേന്ദ്ര സർക്കാർ നിർണയിക്കുമെന്നും പറഞ്ഞിരിക്കുന്നു. അതായത് സംസ്ഥാനങ്ങൾ കൂടുതൽ തുക വിനിയോഗിക്കേണ്ടി വരുമ്പോഴും പദ്ധതി നിർവഹണവും നിയന്ത്രണവും കേന്ദ്രത്തിൽ നിക്ഷിപ്തമാകുമെന്നർത്ഥം. 

വകുപ്പ് 5(1) പ്രകാരം ഒരു സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്ന ഗ്രാമപ്രദേശങ്ങളുമായി നേരിട്ട് ഇടപെടുന്നതിന് കേന്ദ്ര സർക്കാരിന് സാധ്യമാണ്. മറ്റൊരു പ്രധാന മാറ്റം കേരളം പോലുള്ള സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്. കാർഷിക രംഗത്തേക്ക് തൊഴിലാളി ലഭ്യത സുഗമമാക്കുന്നതിന് കാർഷിക സീസണുകളിൽ പദ്ധതി താൽക്കാലികമായി നിർത്താൻ പുതിയ ബിൽ അനുവദിക്കുന്നു. മൊബൈൽ ആപ്പ് അധിഷ്ഠിത ഹാജർ, ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനങ്ങൾ, ജോലിസ്ഥലങ്ങളുടെ ജിയോടാഗിങ് എന്നിവ നിയമ പരമായി നിർബന്ധിതമാക്കുകയും ചെയ്യുന്നു. ഗ്രാമീണ മേഖലയിലെ കോടിക്കണക്കിന് പേർക്ക് 100 ദിന തൊഴിൽ എന്നത് അവകാശമാക്കിയതായിരുന്നു എംജിഎൻആർഇജിഎ. 

എന്നാൽ 125 ദിവസമെന്നാക്കി, തൊഴിൽ നിഷേധവും സാങ്കേതികതയ്ക്ക് നിയമപരമായ ഉറപ്പുനൽകി കൂടുതൽ പേരെ ഒഴിവാക്കുന്നതിനുമാണ് പുതിയ ബില്ല് ഇടയാക്കുകയെന്ന് ഇതിനകം തന്നെ വിമർശനമുയർന്നുകഴിഞ്ഞു. നിയമം കൂടുതൽ ശക്തിപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് പകരം പേരുമാറ്റി പദ്ധതിയെ കൊല്ലുന്ന സമീപനമാണ് കേന്ദ്രത്തിൽ നിന്നുണ്ടായിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. 

Exit mobile version