ഹിന്ദുക്കൾ അല്ലാത്തവർ “ഒന്നുകിൽ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദു വംശത്തിന്റെ സംസ്കാരം ഉന്നതമെന്ന് പ്രകീർത്തിക്കുകയല്ലാതെ മറ്റൊന്നും ആഘോഷിക്കരുത്. അങ്ങനെയല്ലാത്തവർക്കോ? അവർക്ക് രാജ്യത്ത് തുടരാം. ഹിന്ദു രാഷ്ട്രത്തിന് കീഴ്‌പെട്ട്, ഒന്നും അവകാശപ്പെടാതെ, ഒരു പ്രത്യേകാവകാശവും അർഹിക്കുന്നില്ല എന്ന ബോധ്യത്തിൽ. എന്തെങ്കിലും മുൻഗണനയോ പരിഗണനയോ പൗരന്റെ അവകാശം പോലുമവർക്കില്ല. ആർഎസ്എസിന്റെ മുഖ്യ ശില്പിയായ എം എസ് ഗോൾവാൾക്കറുടെ “നാം നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുമ്പോൾ” എന്ന പുസ്തകത്തിലെ വാക്കുകളാണിത്. ഹിറ്റ്ലറുടെയും നാസിസത്തിന്റെയും അനുയായിയായ അദ്ദേഹം സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടില്ലെന്ന് കരുതി. ഹിന്ദു രാഷ്ട്രം രൂപീകരിക്കണം. എങ്കിൽ മാത്രമേ രാജ്യം സ്വതന്ത്രമാകൂ. ഹിറ്റ്ലറും ഗോൾവാൾക്കറും ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷെ പ്രതിലോമ താല്പര്യങ്ങൾ സമൂഹത്തിൽ മേൽക്കൈ നേടുമ്പോൾ അവർ പുതുജീവൻ പ്രാപിക്കുന്നു. അവർ സാധാരണ ജനതയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഏറ്റെടുക്കുന്നില്ല, കുത്തകകൾക്കും ഭൂവുടമകൾക്കും എതിരായി പോകുന്നുമില്ല. ഗോൾവാൾക്കറുടെ പിൻഗാമിയായി 1973‑ൽ ആർ എസ്എസ് തലവനായി അധികാരമേറ്റ ബാലാസാഹേബ് ദേവറസ് തന്റെ മുൻഗാമിയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ എല്ലാം ചെയ്തു. 2014ന് ശേഷം ബിജെപി ലോക്‌സഭയിൽ കേവല ഭൂരിപക്ഷം നേടിയതോടെ അവരുടെ കുതന്ത്രങ്ങൾക്ക് വേഗതയാർജിക്കുകയും ചെയ്തു.
ബിജെപിയുടെ പത്തുവർഷത്തെ ഭരണം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള നിരന്തര ആക്രമണങ്ങളുടെ കാലമായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും രാജ്യത്തിന്റെ ന്യൂനപക്ഷാക്രമണങ്ങൾക്ക് ശമനമില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ന്യൂനപക്ഷ വേട്ടയുടെ വാർത്തകൾ ആവർത്തിക്കുന്നു. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്‌പൂരിൽ കാളകളെ കച്ചവടത്തിന് കൊണ്ടുപോയ മൂന്ന് മുസ്ലിങ്ങളെ പശുക്കടത്തുകാരെന്ന് മുദ്രകുത്തി കൊന്നു. അലിഗഢിൽ മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ മണ്ഡലയിൽ, ഫ്രിഡ്ജുകളിൽ നിന്ന് “ബീഫ്” കണ്ടെടുത്തുവെന്ന് ആരോപിച്ച് മുസ്ലിങ്ങളുടെ വീടുകൾ തിരഞ്ഞുപിടിച്ച് തകർത്തു. ലഖ്നൗവിൽ മുസ്ലിങ്ങൾ കൂടുതലായി താമസിക്കുന്ന അക്ബർ നഗറിൽ, ആയിരത്തിലധികം കുടുംബങ്ങളുടെ വീടുകൾ നദീതീരനിർമ്മിതികൾക്കായി ബുൾഡോസർ ചെയ്തു. ഗുജറാത്തിൽ വഡോദരയിൽ മുഖ്യമന്ത്രിയുടെ പാർപ്പിട പദ്ധതിയിൽ താഴ്ന്ന വരുമാനക്കാർക്കുള്ള ഭവന സമുച്ചയത്തിൽ ഒരു മുസ്ലിം വനിതയ്ക്ക് ഫ്ലാറ്റ് അനുവദിച്ചതിനെതിരെ സമീപപ്രദേശങ്ങളിലെ ഹിന്ദു സമുദായത്തിൽപ്പെട്ട ആളുകൾ തുറന്ന പ്രതിഷേധത്തിലാണ്. ഹിമാചൽപ്രദേശിലെ നഹാനിൽ, ബക്രീദിനിടെ പശുവിനെ ബലികൊടുത്തുവെന്നാരോപിച്ച് ഒരു മുസ്ലിമിന്റെ കട കൊള്ളയടിച്ച് നശിപ്പിക്കുകയും ചെയ്തു. ഗോവധം ആരോപിച്ച് ഇയാൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. സംഭവത്തെത്തുടർന്ന് പട്ടണത്തിലെ മറ്റ് 16 മുസ്ലിം കച്ചവടക്കാരെയും തല്ലിയോടിച്ചു. ഡൽഹിയിലെ സംഗം വിഹാറിൽ ഒരു ആരാധനാലയത്തിന് സമീപം ചത്തപശുവിന്റെ ജഡം കണ്ടതിനെ തുടർന്ന് പ്രദേശവാസികൾക്ക് എല്ലാം ഉപേക്ഷിച്ച് നാടുവിടേണ്ടി വന്നു. ഹിന്ദുത്വ സംഘടനകളുടെ പ്രകോപനപരമായ ചെയ്തികളും പ്രസംഗങ്ങളുമാണ് കാരണമായത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടിക്ക് മറുമരുന്നായി വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നു എന്നതിന്റെ തെളിവുകളാണ് പ്രകടമാകുന്നത്. ജൂൺ 26 ന് പുറത്തിറക്കിയ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട്, രാജ്യത്ത് സാമുദായിക അന്തരീക്ഷം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അക്രമങ്ങൾ മതസമൂഹങ്ങളുടെ അടിച്ചമർത്തലിന് കാരണമാകുന്നുവെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. ക്രിസ്ത്യൻ സമുദായ അംഗങ്ങളെ ജനക്കൂട്ടം ആക്രമിക്കുകയും മതപരിവർത്തനം ആരോപിച്ച് വേട്ടയാടുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. ഇതിന്റെയെല്ലാം മറവിൽ ആരാധന തടസപ്പെടുത്തുന്നു. അതിനു പരിശ്രമിക്കുന്ന ജനക്കൂട്ടത്തെ സഹായിക്കുന്നത് പൊലീസ് പതിവാക്കിയതായും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ യുഎസ് അംബാസഡർ റഷാദ് ഹുസൈൻ പരാമർശിച്ചു.
രാജ്യാന്തര മതസ്വാതന്ത്ര്യ സൂചിക (റിലീജിയസ് ഫ്രീഡം റിപ്പോർട്ട്) യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതാണ്. ലോകമെമ്പാടും എല്ലാ രാജ്യങ്ങളിലെയും മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥയെ റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
വിദ്വേഷ പ്രസംഗങ്ങൾ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളും ആരാധനാലയങ്ങളും തകർക്കൽ എന്നിവയിൽ വർധന ഉണ്ടായിട്ടുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൂണ്ടിക്കാട്ടി. രാജ്യാന്തര മത സ്വാതന്ത്ര്യ റിപ്പോർട്ട് പ്രകാശനം ചെയ്യുന്നതിനിടെയാണ് ബ്ലിങ്കൻ ഈ പരാമർശം നടത്തിയത്. കൊലപാതകങ്ങൾ, ആക്രമണങ്ങൾ, ഭീഷണിപ്പെടുത്തലുകൾ എന്നിവയുൾപ്പെടെ ക്രിസ്ത്യൻ ഇതര മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ 272 വർഗീയ അക്രമ സംഭവങ്ങൾ 2022ൽ ഉണ്ടായി. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഇതേ വർഷം 731 ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടന്നതായും അക്കമിട്ടു.
അക്രമം തടയുന്നതിൽ പരാജയപ്പെട്ടതിന് കേന്ദ്ര സർക്കാരിനെയും മണിപ്പൂർ സംസ്ഥാന സർക്കാരിനെയും സുപ്രീം കോടതി വിമർശിച്ചു. സംഭവങ്ങൾ അന്വേഷിക്കുന്നതിനും മാനുഷിക സഹായം ഉറപ്പാക്കുന്നതിനും വീടുകളും ആരാധനാലയങ്ങളും പുനർനിർമിക്കുന്നതിനും ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഹിന്ദു പൊതു ആഘോഷങ്ങൾ പലപ്പോഴും വർഗീയ കലാപത്തിലേക്ക് നയിച്ചു, പ്രത്യേകിച്ചും മുസ്ലിങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലൂടെ ഘോഷയാത്രകൾ നടത്തുമ്പോൾ കലാപത്തീ ഉയരുന്നു.
തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നതും വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വ്യക്തിത്വം മറച്ചുവയ്ക്കുന്നതും സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും കുറ്റകരമാക്കി പുതിയ ക്രിമിനൽ നിയമങ്ങൾ ഡിസംബറിൽ പാർലമെന്റ് അംഗീകരിച്ചു. അമുസ്ലിം സ്ത്രീകളെ വിവാഹം കഴിക്കുന്ന മുസ്ലിം പുരുഷൻമാരെ ശിക്ഷിക്കാൻ ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുന്നു. വ്യക്തിനിയമങ്ങളുടെ നിലവിലെ സംവിധാനത്തിന് പകരം ദേശീയ തലത്തിൽ ഒരു ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രി മോഡി ആവശ്യപ്പെടുന്നത്. മുസ്ലിം, സിഖ്, ക്രിസ്ത്യൻ നേതൃത്വവും ഗോത്രവർഗ നേതാക്കളും ചില സംസ്ഥാനങ്ങളും ഈ സംരംഭത്തെ എതിർത്തു, ഇത് രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രം ആക്കാനുള്ള നിരവധി പദ്ധതികളിൽ ഒന്നുമാത്രമാണ്.