Site icon Janayugom Online

ഇന്ത്യന്‍ തൊഴില്‍രംഗം അടിമവല്‍ക്കരണത്തിലേക്ക്

പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വാക് ഫ്രീ ഫൗണ്ടേഷ’ന്റെ 2023ലെ ‘ആഗോള അടിമത്ത സൂചിക’ അനുസരിച്ച് ആധുനിക അടിമത്തത്തിൽ ജീവിക്കുന്ന 18.3 ദശലക്ഷം ജനങ്ങളുമായി 167 രാജ്യങ്ങളിൽ 53-ാം സ്ഥാനത്താണ് ഇന്ത്യ. ലോകത്ത് ആകെ അടിമത്തം അനുഭവിക്കുന്ന 49.6 ദശലക്ഷം പേരിൽ ഗണ്യമായ ഒരു പങ്ക് ഇന്ത്യയിലാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ദാരിദ്ര്യം, വിദ്യാഭ്യാസ രാഹിത്യം, ജാതിവിവേചനം, ലിംഗ വിവേചനം, കുടിയേറ്റം, നിയമ നിർവഹണത്തിന്റെ അഭാവം, കുറഞ്ഞ നിരക്കിലുള്ള കൂലിവേല, സംഘടിത കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹമടക്കമുള്ള സാമൂഹികസമ്പ്രദായ വൈകൃതങ്ങൾ തുടങ്ങിയവയെല്ലാം അടിമവേലയ്ക്ക് കാരണമാകുന്നതായി പഠനങ്ങൾ വിലയിരുത്തുന്നു. ഇത്തരം സാഹചര്യങ്ങളാണ് അടിമവേലയിൽനിന്നും രക്ഷപ്പെടാനാവാതെ ലക്ഷങ്ങളെ തളച്ചിടുന്നത്. രാജ്യത്തെ ആയിരം തൊഴിലെടുക്കുന്നവരിൽ എട്ടുപേരെങ്കിലും ഇപ്പോൾത്തന്നെ അടിമവല്‍ക്കരണത്തിന്റെ നിഴലിലാണെന്നാണ് പഠനങ്ങൾ പറയുന്നത്. കേന്ദ്ര ട്രേഡ് യൂണിയനുകൾ നിശിതമായി എതിർത്തുപോരുന്ന നാല് വിവാദ ലേബർ കോഡുകൾ നടപ്പാകുന്നതോടെ തൊഴിലിന്റെ അടിമവല്‍ക്കരണം വ്യാപകമാകുമെന്ന ഭീഷണി നിലനിൽക്കുന്നു. 2014ൽ നരേന്ദ്ര മോഡി അധികാരത്തിൽവന്നത് ‘എല്ലാ കൈകൾക്കും അന്തസുള്ള തൊഴിൽ’ എന്ന വാഗ്ദാനവുമായാണ്. ഓരോ വർഷവും രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മോഡി വാഗ്ദാനം നൽകിയിരുന്നു. വർഷംപ്രതി അത്രത്തോളം തൊഴിലന്വേഷകർ ഇന്ത്യൻ തൊഴിൽവിപണിയിൽ എത്തിച്ചേരുന്നുണ്ട്. മോഡിയുടെ ഭരണം 10വർഷം പൂർത്തിയാകുമ്പോൾ 1.25 കോടി തൊഴിൽ അവസരങ്ങൾ മാത്രമേ സൃഷ്ടിക്കാനായുള്ളു എന്നതാണ് വസ്തുത. മോഡി സർക്കാർ തൊഴിൽ, തൊഴിലാളികൾ എന്നിവ സംബന്ധിച്ച യാതൊരു സ്ഥിതിവിവരക്കണക്കും ഇക്കാലയളവിൽ പുറത്തുവിട്ടിട്ടില്ല. അടുത്തകാലത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില കൂട്ട നിയമനമേളകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പുകൾക്ക് ഭരണകൂടം മുന്നോട്ടുവന്നിട്ടുണ്ട്. തൊഴിലില്ലായ്മയാണ് രാജ്യത്ത് ഇന്ന് ജനങ്ങൾ, വിശിഷ്യ യുവത നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി.

 


ഇതുകൂടി വായിക്കൂ; ഭാരത ‌രത്നയുടെ സങ്കുചിത വോട്ട് രാഷ്ട്രീയം


ഒരു ദേശീയ തൊഴിൽനയത്തിന്റെ അഭാവമാണ് രാജ്യത്തെ ഭീമമായ തൊഴിൽ രാഹിത്യത്തിന്റെ കാരണമെന്ന് 2014ലെ 45-ാമത് ഇന്ത്യൻ ലേബർ കോൺഫറൻസ് ചൂണ്ടിക്കാട്ടിയിരുന്നു. തൊട്ടടുത്തവർഷത്തെ ലേബർ കോൺഫറൻസ് ഈ ആവശ്യം വീണ്ടും ഉന്നയിക്കുകയുണ്ടായി. അവയ്ക്ക് മറുപടിനൽകുന്നതിന് പകരം തൊഴിൽ രംഗത്തെ സമുന്നത ത്രികക്ഷി കൂടിയാലോചനാ വേദിയുടെ വാർഷിക സമ്മേളനം എന്ന പതിവുതന്നെ അവസാനിപ്പിക്കുകയാണ് മോഡി സർക്കാർ ചെയ്തത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ലേബർ ബ്യൂറോയുടെ 2013–14ലെ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 4.9 ശതമാനമായിരുന്നു. ഗ്രാമങ്ങളിൽ 4.7ഉം പട്ടണങ്ങളിൽ 5.5ഉം ശതമാനം വീതം. പുരുഷന്മാർക്കിടയിൽ 4.1ഉം സ്ത്രീകളിൽ 7.7ഉം ശതമാനം വീതമായിരുന്നു അത്. ലേബർ കോൺഫറൻസിന് അന്ത്യം കുറിച്ചതുപോലെ അത്തരം സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിടുന്ന പതിവും കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് ഇപ്പോൾ ആശ്രയിക്കാവുന്ന കണക്കുകളിൽ ഒന്ന് പ്രമുഖ ബിസിനസ് ഇൻഫർമേഷൻ കമ്പനിയും ചിന്താ കേന്ദ്രവുമായ ‘സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി’ (സിഎംഐഇ) കാലാകാലങ്ങളിൽ പുറത്തുവിടുന്ന സ്ഥിതിവിവര ക്കണക്കുകളാണ്. അവർ ഇന്നലെ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മ 7.7 ശതമാനത്തിൽ എത്തിനിൽക്കുന്നു. ജനുവരി മാസത്തെ 6.8 ശതമാനത്തിൽ നിന്നും ഒരു മാസത്തിനുള്ളിൽ ഒരു ശതമാനം കണ്ടാണ് തൊഴിലില്ലായ്മ കുതിച്ചുയർന്നത്. 2023 ഒക്ടോബറിൽ ഇത് 10.1 ശതമാനവും ഡിസംബറിൽ 8.7 ശതമാനവും ആയിരുന്നു. തൊഴിൽ രംഗത്തെ അത്യന്തം കലുഷിതമായ അന്തരീക്ഷത്തിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്. തൊഴിലില്ലായ്മ സംബന്ധിച്ച് കാലാകാലങ്ങളിൽ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിരുന്ന സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചത് വസ്തുതകൾ മറച്ചുവയ്ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ്.

 


ഇതുകൂടി വായിക്കൂ;മോഡി ഭരണത്തിലെ ‘സത്യം’ മറച്ചുവച്ച ബജറ്റ്


 

തൊഴിലില്ലായ്മ സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ തമസ്കരിച്ച് ഉച്ചസ്ഥായിയിലുള്ള അവകാശവാദങ്ങളാണ് സാമ്പത്തിക വളർച്ചയെപ്പറ്റിയും വികാസത്തെപ്പറ്റിയും മോഡിയും അദ്ദേഹത്തിന്റെ മന്ത്രിമാരും നടത്തിവരുന്നത്. മുദ്ര വായ്പകൾ വഴി വൻതോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതായി അവർ പറയുന്നു. സർക്കാർ, പൊതുമേഖലാ തൊഴിൽ അവസരങ്ങൾ അപ്പാടെ നിഷേധിക്കുകയും നാല് ലേബർ കോഡുകൾ പോലുള്ള നിയമങ്ങൾ വഴി തൊഴിൽ അവകാശങ്ങളും തൊഴിലാളികൾക്ക് ലഭ്യമായിരുന്ന നിയമ സംരക്ഷണങ്ങളും അവസാനിപ്പിക്കുകയും ചെയ്യുന്നതോടെ അന്തസുള്ള തൊഴിൽ, ന്യായമായ കൂലി എന്നിവ ആകാശ കുസുമങ്ങളായി മാറുന്നു. രാജ്യത്തെ തൊഴിലാളികളെ അടിമ വ്യവസ്ഥയുടെ ഇരുണ്ട യുഗത്തിലേക്കാണ് മോഡി ഭരണം തള്ളിവിടുന്നത്. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മയ്ക്കെതിരെയും തൊഴിൽ അവകാശങ്ങൾക്കും വേണ്ടിയുള്ള രാഷ്ട്രീയ സമരം മുമ്പെന്നത്തെക്കാളും പ്രസക്തി കൈവരിച്ചിരിക്കുന്നു.

Exit mobile version