Site iconSite icon Janayugom Online

കലയൊഴുകിയ അഞ്ചുദിനങ്ങൾ

249 മത്സര ഇനങ്ങൾ. 15,000ത്തിലധികം കൗമാരകലാകാരന്മാർ. അവർക്കൊപ്പമെത്തിയ അധ്യാപകരും രക്ഷിതാക്കളുമായ പതിനായിരങ്ങൾ. കണ്ടാസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനുമെത്തിയ ലക്ഷങ്ങൾ. കേരളത്തിലൂടെ നിറഞ്ഞും ശാന്തമായുമൊഴുകുന്ന 25 നദികളുടെ പേരിൽ 25 വേദികളിലായി തിരുവനന്തപുരത്തിന്റെ ദിനരാത്രങ്ങളെ കലാമാമാങ്കത്തിൽ ആറാടിച്ച 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല താഴ്ന്നിരിക്കുന്നു. ഓരോ വർഷവും പങ്കാളികളുടേയും കാണികളുടേയും എണ്ണത്തിൽ വർധനയുണ്ടാകുന്നു. എല്ലാംകൊണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കലാ ഉത്സവം കൂടിയാണ് സ്കൂൾ കലോത്സവം. ഇത്ര ചിട്ടയായും സമയക്രമം പാലിച്ചും നടക്കുന്ന ബൃഹത്തായ മറ്റൊരുത്സവം ഉണ്ടാകില്ല. ഒട്ടേറെ പ്രത്യേകതകളോടെയാണ് തിരുവനന്തപുരം കലോത്സവം സമാപിച്ചത്. വേദികൾക്കെല്ലാം നദികളുടെ പേരുകളാണ് നൽകിയതെന്നത് ഒരു പ്രത്യേകത. അതിലൂടെ സംസ്ഥാനത്തിന്റെ ജലസമ്പന്നത മാത്രമല്ല സാഹിത്യ‑കലാ-സാംസ്കാരിക സ്മരണകളും വേദികളിൽ നിറഞ്ഞു. വളരെ നേരത്തെയുള്ള ഒരുക്കങ്ങളും കുറ്റമറ്റ നടത്തിപ്പുരീതികളും എല്ലാവരെയും കൂട്ടിച്ചേർക്കുന്ന സംഘാടന മികവും മേളയുടെ മറ്റൊരു വലിയ പ്രത്യേകതയാണ്. കടുത്ത രാഷ്ട്രീയ മനോഭാവവും സാംസ്കാരിക രംഗത്തുപോലും പരസ്പര മത്സരങ്ങളും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ അങ്ങനെയൊരു ഉൾച്ചേർക്കലും കൂട്ടായ്മയും അത്ഭുതകരം തന്നെ. ഔദ്യോഗിക സംവിധാനങ്ങൾക്ക് കീഴിലാകുമ്പോൾ സംഭവിക്കാവുന്ന പാകപ്പിഴകൾ ഏതുമില്ലാതെയാണ് സംസ്ഥാന തലസ്ഥാനത്ത് കലോത്സവം കൊടിയിറങ്ങിയത്. അധ്യാപകരും വിദ്യാർത്ഥികളും പൊതുജനങ്ങളുമായി ലക്ഷക്കണക്കിന് പേർ എത്തിച്ചേരുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. 

പരമ്പരാഗത ഇനങ്ങൾക്ക് പുറമേ തദ്ദേശീയ കലാരൂപങ്ങളെയും മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയെന്നതും പ്രത്യേകതകളിൽ ഒന്നാണ്. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയത്. ആദിമ ഗോത്രവിഭാഗങ്ങളെയും അവരുടെ കലാരൂപങ്ങളെയും മുഖ്യധാരയിലെത്തിക്കുകയായിരുന്നു ഇതിലൂടെ സാധ്യമാകുന്നത്. പാർശ്വവൽക്കൃത വിഭാഗങ്ങളുടെ കലാരൂപങ്ങൾക്കും ഇതുവഴി അവസരം ലഭിച്ചു. എങ്കിലും വിജയികളുടെ നിർണയം നടന്നതിന്റെ വാർത്തകൾ അല്പം നിരാശയുണ്ടാക്കുന്നതാണ്. പ്രസ്തുത വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള മേഖലകളിലെ സ്കൂളുകളിൽ ചിലതെങ്കിലും പിന്തള്ളപ്പെട്ടു. വൻതുക നൽകി പരിശീലനം നടത്താൻ സാധിക്കുന്ന ആഡംബര സ്കൂളുകളിൽ ചിലത് ഈ കലാരൂപങ്ങളുടെ മത്സരങ്ങളിലും ആധിപത്യം പുലർത്തി. സാമ്പത്തിക പരിശീലന സജ്ജീകരണങ്ങൾ മത്സര ഇനങ്ങളിൽ ആധിപത്യം പുലർത്തുന്നു എന്നതിന്റെ സൂചന തന്നെയാണിത്. വിധി നിർണയത്തിൽ പതിവിന് വിപരീതമായി പരാതികൾ അധികമുണ്ടായില്ലെന്നതും തിരുവനന്തപുരം കലോത്സവത്തെ വേറിട്ടതാക്കുന്നു. വിദ്യാർത്ഥികൾ വേദികളിൽ മത്സരിക്കുമ്പോൾ അധ്യാപകരും രക്ഷകർത്താക്കളും സ്കൂളുകളും പുറത്ത് മത്സരിക്കുന്ന കാഴ്ചകൾ പതിവായിരുന്നു. വിധി നിർണയിക്കുന്നവരെ കുറിച്ചുള്ള പരാതികൾ, ക്രമക്കേട് ആരോപണങ്ങൾ എന്നിവയും അരങ്ങുതകർക്കാറുണ്ടായിരുന്നു. അതൊന്നും വലിയ തോതിൽ ഇത്തവണയുണ്ടായില്ല. അത്തരം പാകപ്പിഴകൾ സംഭവിക്കാതിരിക്കുവാൻ കർശനമായ നിരീക്ഷണം എല്ലാ മത്സരത്തിലും വിധി നിർണയിക്കുന്നവരുടെ മേലുണ്ടാകുമെന്ന സർക്കാരിന്റെ മുന്നറിയിപ്പ് ഫലപ്രദമായി എന്നുവേണം കരുതുവാൻ. 

പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നതാണ് സംസ്ഥാന സ്കൂൾ കലോത്സവം. സ്കൂൾതലം മുതൽ സബ്‌ജില്ല, ജില്ലാതല ഘട്ടങ്ങൾ പിന്നിട്ട് സംസ്ഥാന മത്സരത്തിനെത്തുന്ന വിദ്യാർത്ഥികൾ അതതിനങ്ങളിൽ തീർച്ചയായും അത്രമേൽ കഴിവുള്ളവരായിരിക്കും. എന്നാൽ സ്കൂൾ കലോത്സവങ്ങളിലും പിന്നീട് കോളജ്, സർവകലാശാലാതല മത്സരങ്ങളിലും പങ്കെടുക്കുന്നു എന്നതൊഴിച്ചാൽ മഹാഭൂരിപക്ഷവും ഈ രംഗത്ത് തുടരുന്നില്ലെന്ന പോരായ്മ പരിശോധിക്കപ്പെടേണ്ടതാണ്. പലരും ലഭിക്കുന്ന അധികമാർക്കുകൾക്ക് പ്രാധാന്യം നൽകുന്ന പ്രവണതയുമുണ്ട്. തൊഴിൽ, കുടുംബജീവിതം തുടങ്ങിയ സാഹചര്യങ്ങളിലേക്ക് മാറുമ്പോൾ തങ്ങളുടെ അഭിരുചികൾ ഉപേക്ഷിക്കുന്നവരാണ് മഹാഭൂരിപക്ഷവും. അതിന് പല കാരണങ്ങളുണ്ടെങ്കിലും പ്രധാനം അവരെ പ്രോത്സാഹിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും മതിയായ അവസരങ്ങൾ പിന്നീട് ഇല്ലെന്നതുതന്നെയാണ്. കുറേ പേരെങ്കിലും തുടരുന്നത് സ്വകാര്യ സംവിധാനങ്ങളും ദൃശ്യ, ശ്രവ്യരംഗത്ത് വളർന്നുവന്നിരിക്കുന്ന ആധുനിക സംവിധാനങ്ങളായ ചാനലുകളുടെയും മറ്റും മത്സരാവസരങ്ങൾ ഉണ്ട് എന്നതിനാലാണ്. സർക്കാർതലത്തിലുള്ള സംവിധാനങ്ങൾ ഈ രംഗത്ത് പരിമിതവുമാണ്. ഉള്ളവ സ്വകാര്യവൽക്കരണത്തിന്റെ പാതയിലായതിനാൽ എല്ലാവർക്കും അവസരം ലഭിക്കാതെ പോകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഒരു വരുമാനമാർഗമായി തങ്ങളുടെ അഭിരുചികളെ ഉപയോഗിക്കുവാനുള്ള അവസരം വളരെ പരിമിതമായ ആളുകൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ കുറച്ചധികം പേരെയെങ്കിലും ഈ രംഗത്തുതന്നെ പിടിച്ചുനിർത്തുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് ഗൗരവതരമായ ആലോചനകളുണ്ടാകണം. കലോത്സവം വൻവിജയമാക്കുന്നതിന് പ്രവർത്തിച്ച സംഘാടകരെയും മാറ്റുരച്ച് വിജയിച്ചവരെയും ഹാർദവമായി അഭിവാദ്യം ചെയ്യുന്നു. 

Exit mobile version