ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ ഒരുമാസത്തോളമായി തുടരുന്ന ഭരണകൂട നിര്‍മ്മിത കലാപങ്ങള്‍ ശമിച്ചിട്ടില്ല. ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയപ്പെട്ടതിനാല്‍ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരാത്തതാണ്. മേയ് മൂന്ന് മുതലാണ് സംസ്ഥാനത്ത് സംഘര്‍ഷം ആരംഭിച്ചത്. ആദ്യദിവസങ്ങളില്‍ ഒരു ഡസനിലധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. പിന്നീടും സംഘര്‍ഷങ്ങള്‍ തുടര്‍ന്നു. ഇടയ്ക്ക് കുറച്ച് ദിവസം നേരിയ ശമനമുണ്ടായെങ്കിലും രണ്ടു ദിവസം മുമ്പ് വീണ്ടും സംഘര്‍ഷം വ്യാപകമായി. ബിജെപി മുഖ്യമന്ത്രി ഭരിക്കുന്ന മണിപ്പൂരില്‍ ഒരു മാസത്തോളമായി സൈന്യമാണ് ക്രമസമാധാനപാലനം നിര്‍വഹിക്കുന്നത്. അധികൃതരുടെ ഒത്താശയോടെ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ച് സൈന്യവും പൊലീസും നടത്തുന്ന അതിക്രമങ്ങളുടെ നിരവധി വിവരങ്ങളാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്. മുസ്ലിം സമുദായത്തില്‍പ്പെട്ട ഒരാളുടെ കടയ്ക്ക് തീയിട്ടതിന്റെ പേരില്‍ ഇന്‍സ്പെക്ടര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനടക്കം ദ്രുതകര്‍മ്മ സേനയില്‍ 103-ാം ബറ്റാലിയനിലെ മൂന്ന് അംഗങ്ങളെ പിടികൂടിയ സംഭവമുണ്ടായി. തലസ്ഥാനമായ ഇംഫാലില്‍ ന്യാ ചെക്കോണ്‍ മേഖലയില്‍ നാഗാ വിഭാഗത്തില്‍പ്പെടുന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാംസ വില്പനശാലയ്ക്കാണ് തീയിട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സേനാംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്. ഇത്തരത്തില്‍ വേലിതന്നെ വിളവ് തിന്നുന്ന നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇക്കാരണത്താല്‍ അരക്ഷിതാവസ്ഥ വര്‍ധിച്ച ജനങ്ങള്‍ കൂട്ടത്തോടെ തോക്ക് കൈവശം വയ്ക്കുന്നതിനുള്ള അപേക്ഷയുമായി അധികൃതരുടെ മുന്നിലെത്തുന്നുവെന്ന വ്യത്യസ്തമായ വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ജില്ലാ കളക്ടറേറ്റുകളില്‍ സാധാരണ ഘട്ടങ്ങളില്‍ പ്രതിമാസം 50ല്‍ താഴെ അപേക്ഷകളാണ് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സിനായി ലഭിക്കാറുണ്ടായിരുന്നത്. എന്നാല്‍ മേയ് മൂന്നിന് അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിന് ശേഷം നാനൂറോളം അപേക്ഷകള്‍ ലഭിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതെല്ലാം സംസ്ഥാനത്തെ ബിരേണ്‍ സിങ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വവും പക്ഷപാതിത്വവുമാണ് വെളിപ്പെടുത്തുന്നത്.
ഇതുകൂടി വായിക്കു: എന്നിട്ടുമവര്‍ ജനാധിപത്യത്തെയും സ്ത്രീസുരക്ഷയെയും കുറിച്ച് പറയുന്നു
ഇതിന്റെയെല്ലാം ഒടുവിലാണ് കുക്കി വിഭാഗങ്ങളില്‍പ്പെടുന്ന 33 പേരെ വെടിവച്ചുകൊന്നുവെന്ന് മുഖ്യമന്ത്രി എന്‍ ബിരേണ്‍ സിങ് വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ 40 പേരെന്നാണ് പറഞ്ഞതെന്നും പിന്നീട് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ 33 എന്ന് തിരുത്തുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ കണക്ക് കൂടുതലായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. വംശവിദ്വേഷവും ഇതര വിഭാഗങ്ങളോടുള്ള വെറുപ്പും പടര്‍ത്തി അതിനിടയിലെ വിടവുകളില്‍ നുഴഞ്ഞു കയറിയാണ് മണിപ്പൂരില്‍ ബിജെപി അധികാരം പിടിച്ചതെന്നും അതിന്റെ അനന്തരഫലമാണ് സംസ്ഥാനത്തുണ്ടായ സംഘര്‍ഷമെന്നും ഈ മാസമാദ്യം സംഭവങ്ങളുണ്ടായപ്പോള്‍ തന്നെ വിലയിരുത്തലുണ്ടായിരുന്നു. മെയ്തി വിഭാഗവുമായുള്ള ബിജെപിയുടെ രഹസ്യബാന്ധവവും അവര്‍ക്കനുകൂലമായ ഭരണ നടപടികളും പ്രശ്നം വഷളാക്കിയെന്നത് വസ്തുതയാണ്. അതിനിടെയാണ് മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നല്കണമെന്ന ഹൈക്കോടതി വിധിയുണ്ടാകുന്നത്. പ്രസ്തുത വിധിക്കുള്ള കാരണം മെയ്തി വിഭാഗത്തോടുള്ള ബിജെപി സര്‍ക്കാരിന്റെ അനുഭാവ സമീപനമാണെന്ന് ഇതര സമൂഹങ്ങള്‍, പ്രത്യേകിച്ച് കുക്കി വിഭാഗങ്ങള്‍ കരുതുന്നു. അതുകൊണ്ടാണ് കുക്കി അനുകൂല സംഘടനകള്‍ കോടതി വിധിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നതും പിന്നീട് അസാധാരണമായ സംഘര്‍ഷങ്ങള്‍ സംഭവിച്ചതും.
ഇതുകൂടി വായിക്കു: അങ്ങനെ അവര്‍ക്ക് ചെങ്കോലും ആയി…
എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളല്ല ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ജനസംഖ്യയില്‍ വലിയ വിഭാഗമായ മെയ്തിയെ സ്വപക്ഷത്തു നിര്‍ത്തുന്നതിന് പക്ഷപാതപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതുവരെയുള്ള സംഘര്‍ഷത്തില്‍ 80ലധികം പേരാണ് മരിച്ചത്. ഇരുവിഭാഗങ്ങളിലുംപെട്ടവര്‍ മരിച്ചിട്ടുണ്ടെങ്കിലും പൊലീസിന്റെ പക്ഷപാതിത്വവും നിഷ്ക്രിയത്വവും തന്നെയാണ് നിഴലിച്ചതെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്. കോടതിവിധിക്കെതിരെ നടന്ന പ്രകടനത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് എന്നതുകൊണ്ടുതന്നെ മെയ്തിവിരുദ്ധ വിഭാഗമായ കുക്കികളാണ് കാരണക്കാര്‍ എന്ന മുന്‍ധാരണയിലാണ് നടപടികള്‍ മുന്നോട്ടുപോയത്. ഇക്കാരണത്താലാണ് ഹൈക്കോടതി വിധിക്കെതിരായ സുപ്രീം കോടതിയുടെ നടപടിയുണ്ടായിട്ടും കുക്കി വിഭാഗങ്ങള്‍ക്ക് വിശ്വാസം പോരാത്തത്. സ്വസമുദായാംഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവരെ വധിച്ച്, അകത്തുകടന്ന് സൈനികര്‍ പൗരന്മാരെ കൊല്ലുകയാണെന്നാണ് കുക്കി വിഭാഗം ആരോപിക്കുന്നത്. ഈ പശ്ചാത്തലവും ബിജെപി സര്‍ക്കാരിന്റെ വിദ്വേഷ മനോഭാവവും പ്രകോപനങ്ങളുമാണ് വീണ്ടും അശാന്തി സൃഷ്ടിക്കുന്നതിനും ഭീകരരെന്ന് മുദ്ര കുത്തി കുക്കി വിഭാഗത്തില്‍പ്പെട്ടരുടെ കൂട്ടഹത്യക്കും കാരണമായിരിക്കുന്നത്. അതുകൊണ്ടുതന്നെ മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യതന്നെയാണ്.