ഗാസ യുദ്ധഇരകളിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. വ്യക്തമായ ലക്ഷ്യത്തോടുകൂടിയതായിരുന്നു ഗാസയിലെ കൂട്ടക്കുരുതി. ഗാസയുടെ വർത്തമാനത്തെയും ഭാവിയെയും നശിപ്പിക്കുക എന്നായിരുന്നു ഉദ്ദേശ്യം. സ്ത്രീകൾ ജീവന്റെ സംരക്ഷകരാണ്. കുട്ടികൾ ഭാവിയിൽ പൂർത്തീകരിക്കേണ്ട അടിസ്ഥാനകാര്യങ്ങളുടെ നിർമ്മാതാക്കളും. ആക്രമണാത്മക ശക്തികൾ ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നവരാണ്. അറിവിനനുസരിച്ച് അവർ അത് നടപ്പിലാക്കുകയും ചെയ്തു. സ്കൂളുകളും ആശുപത്രികളും സൂതികാലയങ്ങളും തകർക്കപ്പെട്ടു. ഗാസയിൽ സംഭവിച്ചത് സ്ത്രീകളെയും കുട്ടികളെയും അവരുടെ ജീവിതത്തെയും സുരക്ഷയെയും ലോകം എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ സൂചനയാണ്. ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലെ തിരിച്ചറിവും. സ്വാഭാവികമായും ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് ഗാസയിലെ സൈനിക അധിനിവേശത്തിനും സങ്കല്പിക്കാനാവാത്ത അക്രമത്തിനും എതിരെ ശബ്ദമുയരണം. ലോകമെമ്പാടും സ്ത്രീകൾ ലിംഗസമത്വത്തിനായും സ്വാതന്ത്ര്യത്തിനായും പോരാടുകയാണ്. അവർ നിരവധി പ്രക്ഷോഭങ്ങൾ അഴിച്ചുവിട്ടു. അടച്ചിട്ട വാതിലുകൾക്കു മുമ്പില്‍ നിസഹായതയോടെ കാത്തുനിന്നിരുന്ന സാഹചര്യത്തിൽ നിന്ന് സഹായം എത്തിപ്പിടിക്കാനുള്ള ഒരു സാധ്യതയുടെ അന്തരീക്ഷം അവർക്ക് ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയം, കമ്മ്യൂണിസ്റ്റ് ആക്ടിവിസ്റ്റും സ്ത്രീകളുടെ അവകാശങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന ക്ലാര സെറ്റ്കിനിൽ നിന്നാണ് ഉയർന്നത്. 1910ൽ, കോപ്പൻഹേഗനിൽ സ്ത്രീ തൊഴിലാളികളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ അവർ അത് ഉന്നയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത 17 രാജ്യങ്ങളിൽ നിന്നുള്ള 100 വനിതകൾ അവരുടെ നിർദേശത്തെ പിന്തുണച്ചു. 1911ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആദ്യത്തെ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനായി റഷ്യ ആദ്യത്തെ സോഷ്യലിസ്റ്റ് ജനാധിപത്യ വിപ്ലവത്തിന് തയ്യാറെടുക്കുന്ന ഒരു ഘട്ടമായിരുന്നു അത്.
രാജ്യാന്തര വനിതാ പ്രസ്ഥാനത്തിന്റെ രൂപരേഖ തയ്യാറാക്കുകയും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാക്കളിൽ അലക്സാണ്ടർ കോളന്റോയി, എലേന, നദിയാഷ്ദ ക്രൂപ്‌സ്കയ എന്നിവരും ഉൾപ്പെടുന്നു. സ്ത്രീകൾക്കുള്ള വോട്ടവകാശം ഉൾപ്പെടെ വിവിധ വിഷയങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെട്ടു. വിപ്ലവത്തിനായുള്ള ആർപ്പുവിളിയും സ്ത്രീ തൊഴിലാളികളിൽ നിന്നാണ് ഉയർന്നത്. ഫെബ്രുവരി വിപ്ലവത്തിന് തൊട്ടുമുമ്പായിരുന്നു ഇത്. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിനായി ക്ലാര സെറ്റ്കിൻ ഉയർത്തിയ ആശയം ഒരു പ്രത്യേക ദിനവുമായി ബന്ധപ്പെട്ടിരുന്നില്ല. 1917ലെ ഒരു യുദ്ധകാല പണിമുടക്കിൽ റഷ്യൻ സ്ത്രീകൾ “അപ്പവും സമാധാനവും” മുദ്രാവാക്യം ഉയർത്തിയ ശേഷമാണ് മാർച്ച് എട്ട് എന്ന തീയതി തെരഞ്ഞെടുത്തത്. പണിമുടക്കിന് നാല് ദിവസം കഴിഞ്ഞ്, സാർ സ്ഥാനമൊഴിയാൻ നിർബന്ധിതനായി. റഷ്യയിൽ അന്ന് ഉപയോഗത്തിലിരുന്ന ജൂലിയൻ കലണ്ടർ അനുസരിച്ച്, വനിതാ പണിമുടക്ക് ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ മിക്കയിടത്തും ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിൽ, ആ തീയതി മാർച്ച് എട്ടാണ്. പല രാജ്യങ്ങളിലും അന്താരാഷ്ട്ര വനിതാ ദിനം ദേശീയ അവധിയാണ്. ചൈനയിൽ, സ്റ്റേറ്റ് കൗൺസിൽ നിർദേശമനുസരിച്ച് സ്ത്രീകൾക്ക് പകുതി ദിനം അവധിയാണ്. മാർച്ചുകൾ, പ്രസംഗങ്ങൾ, സംഗീതക്കച്ചേരികൾ, പ്രദർശനങ്ങൾ, സംവാദങ്ങൾ ഇങ്ങനെ ആഗോളതലത്തിൽ ആയിരക്കണക്കിന് പരിപാടികൾ നടക്കുന്നു. ഇറ്റലിയിൽ, രാജ്യാന്തര വനിതാ ദിനത്തെ ഫെസ്റ്റ ഡെല്ല ഡോണ എന്ന് വിളിക്കുന്നു. മിമോസ പൂക്കൾ സമ്മാനിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റഷ്യയിൽ പൂക്കളുടെ വില്പന ഇരട്ടിയാകാറുണ്ട്. അമേരിക്കയിൽ, മാർച്ച് വനിതകളുടെ ‘ചരിത്ര മാസം’ ആണ്. ഇന്ത്യയിൽ, സ്ത്രീകൾ സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്നു. സ്ത്രീമുന്നേറ്റ പോരാട്ടങ്ങളിലും നിറഞ്ഞു. 1954ൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ സംഘടിപ്പിക്കപ്പെട്ടു.
2025 ബീജിങ് പ്രഖ്യാപനത്തിന്റെയും പ്ലാറ്റ്ഫോം ഫോർ ആക്ഷന്റെയും 30-ാം വാർഷികമാണ്. ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടിയുള്ള ആഗോള പരിശ്രമത്തിൽ ഒരു വഴിത്തിരിവാണിത്. 1995ൽ ചൈനയിലെ ബീജിങ്ങിൽ നടന്ന നാലാമത്തെ ലോക വനിതാ സമ്മേളനത്തിൽ 189 സർക്കാരുകൾ അംഗീകരിച്ച ബീജിങ് പ്രഖ്യാപനം ലിംഗസമത്വത്തിനുള്ള പ്രവർത്തനങ്ങളുടെ രൂപരേഖയായി തുടരുന്നു. ലോകമെമ്പാടും സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്കായുള്ള ഏറ്റവും പുരോഗമനപരവും വ്യാപകമായി അംഗീകരിക്കപ്പെട്ടതുമായ അടിസ്ഥാനശിലയും ഇതുതന്നെ. വർധിച്ചുവരുന്ന അരക്ഷിതാവസ്ഥയും സങ്കീർണമായ പ്രതിസന്ധികളും ജനാധിപത്യത്തിലുള്ള വിശ്വാസം കുറയുന്നതും പൗര ഇടം ചുരുങ്ങുന്നതും തിരിച്ചറിയേണ്ടതുമുണ്ട്. കഴിഞ്ഞ വർഷം മാത്രം, 612 ദശലക്ഷം സ്ത്രീകളും പെൺകുട്ടികളും സായുധ സംഘട്ടനത്തിന്റെ വന്യമായ യാഥാർത്ഥ്യങ്ങൾക്കിടയിലായിരുന്നു. ക്രൂരതയുടെ അളവുകോൽ 50 ശതമാനം ഉയർന്നിരിക്കുന്നു. ഇവരിൽ വലിയൊരു ഭാഗം ഗാസയിൽ നിന്നുള്ളവരാണ്. വാസ്തവത്തിൽ വനിതാ ദിനം ജീവിതത്തിന്റെ മറ്റ് പല വശങ്ങളെയും സ്വാംശീകരിക്കുന്നു. “എല്ലാ വനിതകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം” എന്ന വിഷയത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാൻ ഒന്നിക്കുക എന്നതാണ് ആഹ്വാനം. ബീജിങ് പ്രഖ്യാപനത്തിന്റെയും പ്രവർത്തന വേദിയായ “എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി” എന്നതിന്റെ 30-ാം വാർഷികത്തോടുമനബന്ധിച്ച് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനം മൂന്ന് പ്രധാന മേഖലകളിൽ നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ ഉറപ്പിക്കുക, മുഴുവൻ മനുഷ്യാവകാശങ്ങൾക്കുമായി നിരന്തരം പോരാടുക, എല്ലാത്തരം അക്രമങ്ങളെയും വിവേചനങ്ങളെയും ചൂഷണങ്ങളെയും നേരിട്ട് വിജയം നേടുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
ലിംഗസമത്വം സാധ്യമാക്കുന്നതിന് വ്യവസ്ഥാപരമായ തടസങ്ങൾ പരിഹരിക്കേണ്ടതുണ്ട്. പുരുഷാധിപത്യം തകർക്കണം. വേരൂന്നിയ അസമത്വങ്ങളെ രൂപാന്തരപ്പെടുത്തണം. ഉൾക്കൊള്ളലും ശാക്തീകരണവും ഉറപ്പാക്കുന്നതിന് പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദങ്ങൾ കേൾക്കണം. വിദ്യാഭ്യാസം, തൊഴിൽ, നേതൃത്വം, തീരുമാനമെടുക്കൽ എന്നിവയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിലൂടെയും യുവതികൾക്കും പെൺകുട്ടികൾക്കും മുന്നോട്ടു നയിക്കാനുള്ള അവസരങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെയും അധികാര ഘടനകളെ പുനർനിർവചിക്കുകയും നവീകരിക്കുകയും വേണം. 1995ൽ ബീജിങ് പ്ലാറ്റ്ഫോം ഫോർ ആക്ഷൻ അംഗീകരിച്ചതിനുശേഷം സ്ത്രീകളുടെ അവകാശങ്ങളിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എങ്കിലും ലോകം പുതിയതും കൂടിക്കലർന്നതുമായ പ്രതിസന്ധികളെ നേരിടുന്നു. ഒപ്പം അവകാശങ്ങളും കൈമോശം വരുന്നു. ഈ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന് നിർദേശിക്കുന്ന നിറങ്ങൾ വെള്ള, പർപ്പിൾ, പച്ച എന്നിവയാണ്. നീതിക്കും അന്തസിനും പർപ്പിൾ, പ്രത്യാശയ്ക്ക് പച്ച, വെള്ള പരിശുദ്ധിയെ പ്രതിനിധീകരിക്കുന്നു. നിറങ്ങൾക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. വനിതാ സാമൂഹിക, രാഷ്ട്രീയ യൂണിയൻ (ഡബ്ല്യുഎസ്‌പിയു) ഈ നിറങ്ങളെ പ്രയോജനപ്പെടുത്തി. സ്ത്രീകളുടെ വോട്ടവകാശത്തിനായി പോരാടാൻ 1903ൽ യുകെയില്‍ രൂപീകരിച്ച സംഘടനയാണ് ഡബ്ല്യുഎസ്‌പിയു. അന്താരാഷ്ട്ര വനിതാ ദിന വെബ്സൈറ്റ് ‘പ്രചോദിപ്പിക്കുക അംഗീകരിക്കുക’ എന്ന പ്രമേയം തെരഞ്ഞെടുത്തു. “തടസങ്ങൾ തകർക്കുക, മാറ്റങ്ങൾ സാധ്യമാക്കുക, സ്ത്രീകളെ വിലമതിക്കുകയും ബഹുമാനം ഉറപ്പാക്കുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കുക” എന്നിവ ലക്ഷ്യമാകണം.

