Site iconSite icon Janayugom Online

തൊഴിൽ സുരക്ഷയില്ലാതെ ഗിഗ് തൊഴിലാളികൾ

വാചകമടിയും നയനൈപുണ്യവും, രണ്ടും രണ്ടാണ്. ദശലക്ഷക്കണക്കിന് ഗിഗ് തൊഴിലാളികളോടുള്ള കേന്ദ്ര ബജറ്റിന്റെ സമീപനവും ഇതാണ്, കേവലം വാചകമടി മാത്രം. എല്ലാ ഗിഗ് തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡുകൾ നൽകുമെന്നും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിന് അവരെ ഒരു ദേശീയ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുമെന്നും സർക്കാർ പറയുന്നു. അർത്ഥമില്ലാത്ത വാഗ്ദാനങ്ങൾ ആണിവ. ഗിഗ് തൊഴിലാളികൾക്കായി പ്രത്യേകം വ്യവസ്ഥകൾ പ്രഖ്യാപിച്ച് പ്രാവർത്തികമാക്കുന്നില്ലെങ്കിൽ ഏതൊരു തിരിച്ചറിയൽ രേഖയും തൊഴിലാളികൾക്ക് ഒരു നേട്ടവും നൽകില്ല. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ കടലാസിൽ മാത്രമാണുള്ളത്. ശക്തമായയൊരു നിയമം നടപ്പിലാക്കുന്നതിനും ദേശീയതലത്തിൽ ക്ഷേമ പദ്ധതികൾ സജ്ജമാക്കുന്നതിനും വേണ്ടിയുള്ള ഗിഗ് തൊഴിലാളികളുടെ പോരാട്ടങ്ങളോട് ഭരണകൂടം മുഖംതിരിക്കുകയായിരുന്നു. അർധമനസോടെയുള്ള നടപടികളല്ല, ദേശീയ ചട്ടക്കൂടാണ് ഗിഗ് തൊഴിലാളികൾക്ക് വേണ്ടത്. തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾ ഏറെ അസ്വസ്ഥത നിറഞ്ഞതാണ്. വരുമാനം വളരെക്കുറവാണ്. തൊഴിൽ സാഹചര്യങ്ങൾ അനിശ്ചിതത്വമേറിയതും. തൊഴിലുടമയാകട്ടെ തൊഴില്‍ക്രമീകരങ്ങളോടെ പ്രവർത്തിക്കുന്നവരുമല്ല. അവരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഒരു സംവിധാനവും നിലവിലില്ല. ബന്ധിത തൊഴിൽ സംസ്കാരത്തിന്റെ തുടർച്ചയെന്നും വിവക്ഷിക്കാം. തൊഴിലുടമ അവർക്ക് അദൃശ്യനും അപ്രാപ്യനുമാണ്. 

സമ്പദ്‌വ്യവസ്ഥയിൽ വികസിച്ച ചൂഷണ സംവിധാനത്തിന്റെ തുടർച്ചയാണ് ഗിഗ്. ഓൾ ഇന്ത്യ ഗിഗ്, പ്ലാറ്റ്ഫോം, ആപ്പ് അധിഷ്ഠിത തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ഈ തൊഴിലാളികളുടെ നിലവിലുള്ള അപകടകരമായ തൊഴിൽ സാഹചര്യങ്ങളെ കൃത്യമായി ചിത്രീകരിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷമായി, ഉബർ, ഒല, ഓട്ടോസ് എന്നിവയുടെ കാബ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗിഗ് തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾക്കായി യൂണിയൻ പോരാടുന്നു. നിയമാനുസൃതമായ അവകാശങ്ങൾക്കായും മെച്ചപ്പെട്ട തൊഴിൽ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വേണ്ടി, സംസ്ഥാന — കേന്ദ്ര സർക്കാരുകളുമായി ചർച്ച നടത്തുന്നതിനും ഗിഗ് തൊഴിലാളികൾക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് സമഗ്രവും നീതിയുക്തവുമായ നിയമ നിർമ്മാണവും ആവശ്യപ്പെട്ട് പോരാടുന്നതിന് ഒരൊറ്റ ഐക്യവേദിയിലേക്ക് വരാനും രാഷ്ട്രീയത്തിനതീതമായി എല്ലാ ട്രേഡ് യൂണിയനുകളോടും ജനറൽ സെക്രട്ടറി ആഹ്വാനം ചെയ്തു. ഈ തൊഴിലാളികൾ ഒരുതരം പുതിയ അടിമകളാണ്. യജമാനന്മാർ അവർക്ക് എല്ലായ്പോഴും അപ്രാപ്യരാണ്. ഫലപ്രദമായ ചൂഷണ സംവിധാനമുള്ള ഒരു പുതിയ സമ്പദ്‌വ്യവസ്ഥയുടെ ആവിർഭാവമാണിത്. 2000 ങ്ങളിൽ, ഇന്റർനെറ്റ് പോലുള്ള വിവരവിനിമയ സാങ്കേതികവിദ്യകളുടെ വികസനവും സ്മാർട്ട്ഫോണുകളുടെ വ്യാപനവും കാരണം സമ്പദ്‌വ്യവസ്ഥയുടെയും വ്യവസായത്തിന്റെയും ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് വേഗതയേറി. ഡിജിറ്റൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ പ്ലാറ്റ്ഫോമുകൾ പ്രവേശനക്ഷമത, സൗകര്യം, വില മത്സരക്ഷമത എന്നിവയിൽ കേന്ദ്രീകരിച്ച് നിലവിലുള്ള ഓഫ്‌ലൈൻ ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായ തൊഴിലുകളും തൊഴിൽ രൂപങ്ങളും സൃഷ്ടിച്ചു. 

സാധാരണയായി ‘ജോലി’ എന്നത് നിശ്ചിത പ്രവർത്തന ഷെഡ്യൂളും ആനുകൂല്യങ്ങളും ഉള്ള ഒരു സംവിധാനമാണ്. ജോലികള്‍ തന്നെ വിഷയങ്ങൾ അധിഷ്ഠിതമായും പ്രവർത്തനം മാറി. സാമ്പത്തിക സാഹചര്യം മാറുന്നതനുസരിച്ച്, സാങ്കേതിക പുരോഗതി അടിസ്ഥാനമാക്കി ജോലിയുടെ നിർവചനം മാറാൻ തുടങ്ങി. അധ്വാനവും വ്യത്യസ്തമാണ്. സ്വതന്ത്രവും വ്യക്തിഗത സവിശേഷതകളും സാഹചര്യത്തിന് വിധേയപ്പെട്ടിരിക്കുന്നു. ഇടപാടുകൾ കമ്പ്യൂട്ടറുകളുടെ ഉപയോഗം വഴിയായി. സേവന വ്യവസായത്തിൽ വാണിജ്യവൽക്കരണം നടപ്പിലായി. പ്ലാറ്റ്ഫോം സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി നിലവിലുള്ള ഇടനിലക്കാരുടെ പങ്ക് അവഗണിക്കപ്പെട്ടു. ഉപഭോക്താക്കളും സേവനദാതാക്കളും തമ്മിലുള്ള ഇടപാടുകൾ സമാഹരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോം വ്യാപകമായി. പരമ്പരാഗത വാണിജ്യമേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം ബിസിനസ് മാതൃകകൾക്ക് വ്യത്യസ്ത പ്രവർത്തനച്ചെലവുകളും കണ്ടെത്താനാകും. 2016ലെ ഒരു പഠനം വ്യക്തമാക്കിയത് അമേരിക്കയിലും ഇംഗ്ലണ്ടിലും ഉടനീളം, ഏതെങ്കിലും തരത്തിലുള്ള സ്വതന്ത്ര ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം 162 ദശലക്ഷമായിരുന്നു. അവരുടെ പ്രതിഫലം അവർ ചെയ്യുന്ന ഗിഗുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് വിതരണം, വാടക തുടങ്ങിയ സേവനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ദീർഘകാല തൊഴിലാളികൾക്ക് ദീർഘകാല തൊഴിലുടമ — ജീവനക്കാരൻ ബന്ധമുണ്ട്. അതിൽ തൊഴിലാളിക്ക് മണിക്കൂറുകളോ മാസങ്ങളോ അടിസ്ഥാനമാക്കി വേതനമോ ശമ്പളമോ ലഭിക്കുന്നു. ഒരു പ്രത്യേക ജോലി പൂർത്തിയാക്കാൻ അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലേക്ക് തൊഴിലാളികളെ നിയമിക്കുന്ന രീതിയും നിലവിൽ വന്നു. ഇത്തരം ഓൺ ഡിമാൻഡ് കമ്പനികൾ വഴിയുള്ള ജോലികളുടെ ഏകോപനം തൊഴിൽദാതാക്കളുടെ പ്രവേശന, പ്രവർത്തനച്ചെലവുകൾ കുറയ്ക്കുകയും ഗിഗ് മാർക്കറ്റുകളിൽ തൊഴിലാളികളുടെ പങ്കാളിത്തം കൂടുതൽ താൽക്കാലികമാക്കുകയും ചെയ്യുന്നു. പൂർണസമയ ഗിഗ് തൊഴിലാളികൾ തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റൽ സർവീസ് ഓൺ ഡിമാൻഡ് പ്ലാറ്റ്ഫോമുകളും ജോബ് മാച്ചിങ് ആപ്പുകളും ഉപയോഗിക്കുന്നു. താൽക്കാലിക തൊഴിലാളികള്‍ ചിലപ്പോൾ ഡിജിറ്റൽ നാടോടികൾ ആയിരിക്കാം. ഡിജിറ്റൽ നാടോടികൾ ജോലിയും ഒഴിവുസമയവും സംയോജിപ്പിച്ച് ചലനാത്മകമായ ജീവിതശൈലി നയിക്കുന്നു. ഇതിനായി പ്രത്യേക നൈപുണ്യങ്ങള്‍ ചേർന്നുള്ള ഉപകരണങ്ങളും ആവശ്യമാണ്. 

ഗിഗ് വർക്ക് ഡിജിറ്റൽ നാടോടികൾക്ക് സ്വതന്ത്രമായ ജോലി അവസരങ്ങൾ നൽകുന്നു. അവ സാധാരണയായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി അകലെയിരുന്ന് നിർവഹിക്കാൻ കഴിയും. ഇന്റർനെറ്റ് കണക്ടിവിറ്റി ഉപയോഗിച്ച് എവിടെവച്ചും യാത്രാവേളയിലും ജോലി ചെയ്യാനും അനുവദിക്കുന്നു. പങ്കാളിത്ത സമ്പദ്‌വ്യവസ്ഥയിലെ തൊഴിലും സീറോ അവർ കരാറുകളിലൂടെയുള്ള (ഒരു തൊഴിലുടമ ഒരു ജീവനക്കാരന് കുറഞ്ഞതോ ഉറപ്പായതോ ആയ പ്രവൃത്തി സമയം നൽകേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന തൊഴിൽ കരാർ) തൊഴിലും തമ്മിൽ വേർതിരിക്കേണ്ടത് പ്രധാനമാണ്. ഇംഗ്ലണ്ടിലായിരുന്നു ഇതിന് തുടക്കം. ഗിഗ് ഇക്കണോമിയിൽ തൊഴിൽ എന്നത് ഒരു പ്രധാന പ്രവർത്തന സൂചകത്തിന് പ്രതിഫലം സ്വീകരിക്കുന്നതിനെ അർത്ഥമാക്കുന്നുണ്ട്. ഉദാഹരണത്തിന്, പാഴ്സലുകൾ വിതരണം ചെയ്യുക, ടാക്സി സഞ്ചാരം എന്നിവയിൽ ലഭിക്കുന്ന പ്രതിഫലം. മറ്റൊരു സവിശേഷത, ജീവനക്കാർക്ക് ഓർഡർ നിരസിക്കാം എന്നതാണ്. തൊഴിലുടമകൾക്ക് തൊഴിൽ ഉറപ്പ് നൽകേണ്ടതില്ലെങ്കിലും ജീവനക്കാർക്ക് സീറോ അവർ കരാറിന് കീഴിൽ ഓർഡർ എടുക്കാൻ വിസമ്മതിക്കാനും കഴിയും. സാധാരണയായി ലക്ഷ്യം അടിസ്ഥാനമാക്കിയുള്ളതും അന്തിമ ഉപയോക്താവിന് അദൃശ്യവുമായ ജോലിയാണിത്. ഇതിനെ ഗോസ്റ്റ് വർക്ക് എന്ന് വിളിക്കുന്നു. ഒരു കമ്പനിക്ക് വേണ്ടി പ്രത്യേക ജോലികളിൽ പ്രവർത്തിക്കുന്നുവെങ്കിലും ചുമതല ഏല്പിക്കുന്നതിനും ആവശ്യമായ ഏറ്റവും കുറഞ്ഞ പരിശീലനത്തിനും അപ്പുറം അവർക്ക് കമ്പനിയുമായി ഒരു ബന്ധവുമില്ല. മെഷീൻ ലേണിങ്ങിലോ ഓട്ടോമേഷനിലോ സഹായിക്കുന്നതിന് ചെറിയ ജോലികൾ പൂർത്തിയാക്കുക എന്നതാണ് ഗോസ്റ്റ് വർക്കിന്റെ ഒരു പ്രധാന സ്വഭാവം. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും 2021ലെ റിപ്പോർട്ട് അനുസരിച്ച്, ആഴ്ചയിൽ 55 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന തൊഴിലാളിയുടെ മരണനിരക്ക് (35–40 വയസില്‍ ജോലി ചെയ്യുന്നവരെ അപേക്ഷിച്ച്) വർധിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായി ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ വികാസത്തെ കാണാൻ കഴിയും. ഇത് 2000ത്തിലെ 6,00,000 മരണങ്ങളിൽ നിന്ന് 2016ൽ 7,50,000 ആയി ഉയർന്നു. 2016ൽ ലോക ജനസംഖ്യയുടെ ഒമ്പത് ശതമാനം പേരും ആഴ്ചയിൽ 55 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. പുരുഷന്മാരിലും പടിഞ്ഞാറൻ പസഫിക്, തെക്കുകിഴക്കൻ ഏഷ്യന്‍ മേഖലകളിലെ തൊഴിലാളികളിലും ഇത് പ്രകടമെന്നും റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഗിഗ് തൊഴിലാളികൾക്കിടയിലെ മാനസികാരോഗ്യ അവസ്ഥ മോശമെന്നും റിപ്പോർട്ടിലുണ്ട്. 

Exit mobile version