Site iconSite icon Janayugom Online

മിഥുന്റെ മരണം നൽകുന്ന വേദനയും രോഷവും

ളരെയധികം വേദനയുണ്ടാക്കുന്ന സംഭവമാണ് കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ 13കാരൻ, പടിഞ്ഞാറേ കല്ലട വിളന്തറ മിഥുൻ ഭവനത്തിൽ മിഥുനിന്റെ ദാരുണാന്ത്യം. സ്കൂൾ കോമ്പൗണ്ടിലൂടെ കടന്നുപോകുന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ് ദരിദ്രമായ സാമ്പത്തിക സാഹചര്യങ്ങളിൽ ജീവിക്കുന്ന മിഥുന്റെ മരണമുണ്ടായത്. വ്യാഴാഴ്ച രാവിലെ സഹപാഠികളോടൊപ്പം കളിക്കുന്നതിനിടയിൽ സ്കൂളിനോട് ചേർന്ന് പണിത ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. കാൽതെന്നിയപ്പോൾ ഷെഡ്ഡിന് മുകളിലൂടെ കടന്നുപോകുന്ന ഉയർന്ന വോൾട്ടേജ് വൈദ്യുതി ലൈനിൽ അറിയാതെ പിടിച്ചുപോകുകയും വൈദ്യുതാഘാതമേറ്റ് മരിക്കുകയുമായിരുന്നു. ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമികമായിത്തന്നെ മനസിലാക്കാവുന്നതാണ്. ഷെഡ്ഡ് നിർമ്മിക്കുന്നതിലും വൈദ്യുതി ലൈൻ അപകടകരമായി സ്ഥിതി ചെയ്യുന്നതിലും സ്കൂളിന്റെ സുരക്ഷിതാവസ്ഥ ഉറപ്പുവരുത്തുന്നതിലുമെല്ലാം അതത് വകുപ്പുകളുടെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയുണ്ടായിട്ടുണ്ടെന്നത് നിഷേധിക്കാനാവാത്തതാണ്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം നൂറുകണക്കിന് പേർ നിരന്തരം ഇടപഴകുന്ന കെട്ടിടത്തിന് തൊട്ട്, നിയതമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ വൈദ്യുതി ലൈൻ കടന്നുപോകുന്നു എന്നതാണ് ഒരു വീഴ്ച. അത് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്കൂൾ അധികൃതരിൽ നിന്നോ വൈദ്യുതി വകുപ്പിൽ നിന്നോ ഉണ്ടായില്ല എന്നതും ഇത്തരമൊരു ലൈനിന് കീഴിൽ നിശ്ചിത അകലമോ മാനദണ്ഡമോ പാലിക്കാതെയാണ് ഷെഡ്ഡ് പണിതതെന്നതും വീഴ്ചയാണ്. അക്കാര്യം പരിശോധിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും വീഴ്ചയുണ്ടായി. ഓരോ ഘട്ടത്തിലും സ്കൂൾ ഫിറ്റ്നസ് പരിശോധിക്കുന്ന നടപടികളിലും വീഴ്ചയുണ്ടായി. ഈ നിലയിൽ നോക്കുമ്പോൾ പല ഭാഗങ്ങളിലും നിന്ന് നിരുത്തരവാദിത്തമുണ്ടായിട്ടുണ്ട്. സ്കൂളിൽ വൈദ്യുതി ലൈൻ അരക്ഷിതമായ നിലയിൽ നിൽക്കാൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായെന്നാണ് വെളിപ്പെടുത്തൽ. അതിനുതാഴെ നിശ്ചിത അകലം പാലിക്കാതെ ഷെഡ്ഡ് പണിതിട്ടും വർഷങ്ങളായിരിക്കുന്നു. ഈ വീഴ്ചകള്‍ പരിഹരിക്കുവാൻ ശ്രമങ്ങളുണ്ടായില്ലെന്നത് ആരുടെ ഭാഗത്തുനിന്നാ­ണെങ്കിലും അത് രോഷമുണ്ടാക്കുന്നതാണ്. 

സ്കൂളുകളുൾപ്പെടെ കൂടുതൽ ആളുകൾ എത്തിച്ചേരുന്ന സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും സുരക്ഷ പരിപാലിക്കുന്ന കാര്യത്തിൽ കർശന നിയമങ്ങളും ചട്ടങ്ങളുമാണ് നമ്മുടെ സംസ്ഥാനത്തുള്ളത്, പ്രത്യേകിച്ച് സ്കൂൾ സുരക്ഷയുടെ കാര്യത്തി­ൽ. 2019ൽ വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവമുണ്ടായപ്പോഴും സുരക്ഷയുടെ കാര്യത്തിൽ ലംഘനങ്ങളുണ്ടായതായി ആരോപണമുണ്ടായതാണ്. സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷ­ഹ്‌ല ഷെറിനാ (ഒമ്പത്) ണ് 2019 നവംബറിൽ പാമ്പ് കടിയേറ്റ് മരിച്ചത്. ക്ലാസ് നടക്കുന്നതിനിടെ കുട്ടിയുടെ കാൽ, ഭിത്തിയോട് ചേർന്ന പൊത്തിൽപ്പെടുകയും മുറിവുപറ്റുകയുമായിരുന്നു. കാലില്‍ പാമ്പുകടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനാൽ സമീപ ആശുപത്രികളിലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ആ സംഭവമുണ്ടായപ്പോൾ സ്കൂൾ സുരക്ഷയുടെ കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും കർശന നിർദേശങ്ങളുണ്ടായി. എന്നാൽ അപൂർവം ചിലയിടങ്ങളിൽ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ലെന്നും അത് പരിശോധിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നുവെന്നുമുള്ള വസ്തുതയാണ് കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണം വെളിപ്പെടുത്തുന്നത്. 

വിവിധ വകുപ്പുകളിൽ നിന്നും അധികൃതരിൽ നിന്നും വീഴ്ചയുണ്ടായെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും മറ്റ് ഉന്നതരും അറിയിച്ചിട്ടുണ്ട്. സ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മാനേജ്മെന്റിന് നോട്ടീസ് നൽകുന്നതിനും ഡിഇഒയുടെ ചുമതലയുള്ള എഇഒയിൽ നിന്ന് വിശദീകരണം തേടി നടപടിയെടുക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുകയാണ്. മിഥുന്റെ സഹോദരൻ സുജിന്റെ 12-ാം തരം വരെയുള്ള പരീക്ഷാഫീസിൽ ഇളവ് നൽകുകയും കുടുംബത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതുമുൾപ്പെടെ തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. മറ്റ് വകുപ്പുകളിൽ നിന്നും കർശന നടപടികളുണ്ടാകണമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. വൈദ്യുതി വകുപ്പിൽ നിന്നും, മാനേജ്മെന്റ് സ്കൂളാണെങ്കിലും നടത്തിപ്പ് ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും സമഗ്രമായ അന്വേഷണവും കർശന നടപടികളുമുണ്ടാകണം. പകരം പരസ്പരം പഴിചാരുന്ന സമീപനങ്ങളും അവധാനതയില്ലാത്ത പ്രതികരണങ്ങളും ചില കോണുകളിൽ നിന്നുണ്ടായത് ഖേദകരമാണ്. അതോടൊപ്പം ഇത് ഗുരുതരമായ വീഴ്ചയാണെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ, മാനുഷികപ്രശ്നമാണെന്ന് കാണാതെ രാഷ്ട്രീയ വിഷയമാക്കുന്ന സമീപനം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അവർക്ക് വാദിക്കാമെങ്കിലും എന്തിനുമേതിനെയും രാഷ്ട്രീയ ലാക്കോടെ കാണുന്ന സമീപനം ആശാസ്യമല്ല. ഇത്തരം ദാരുണസംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. 

Exit mobile version