Site iconSite icon Janayugom Online

ഹേമ കമ്മിറ്റി: അന്വേഷണം ധീരമായ ഇടതുനിലപാട്

മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളിലേക്ക് മാത്രമല്ല അനാശാസ്യ പ്രവണതകളിലേക്ക് കൂടി വെളിച്ചം പകർന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ വിവാദത്തിന് വഴി തുറന്നിരുന്നു. റിപ്പോര്‍ട്ടിന് പിറകേ കുറച്ചുവർഷങ്ങൾക്ക് മുമ്പ് വിസ്ഫോടനം പോലെ സംഭവിച്ച മീ ടു വെളിപ്പെടുത്തലുകളുടെ പരമ്പര തന്നെ മലയാള ചലച്ചിത്ര മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരം വെളിപ്പെടുത്തലുകളുടെ ഫലമായി ചലച്ചിത്ര രംഗത്തെ പ്രബല സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്സ് (എഎംഎംഎ) ജനറൽ സെക്രട്ടറിയായ നടൻ സിദ്ദിഖിനും സർക്കാരിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷൻ രഞ്ജിത്തിനും സ്ഥാനം വിട്ടൊഴിയേണ്ടിയും വന്നു. അത് സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമുണ്ടായിരിക്കുന്നു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഐജി ജി സ്പര്‍ജന്‍കുമാറിന് പുറമെ എസ് അജീത ബീഗം, മെറിന്‍ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ എന്നീ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥരടക്കമുള്ളതാണ് സമിതി. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾ പ്രസ്തുത മേഖലയില്‍ തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ അഭിമുഖങ്ങളിലും പ്രസ്താവനകളിലും വിവരിച്ചിട്ടുണ്ടെന്നും ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു എന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും പിന്നീട് പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളെയും ഗൗരവത്തോടെ കാണുന്ന സമീപനമാണ് സർക്കാരും ഇടതുപക്ഷവും സ്വീകരിച്ചിട്ടുള്ളത്. അതിന്റെ തെളിവായാണ് പ്രത്യേക അന്വേഷണത്തിനുള്ള തീരുമാനം. റിപ്പോർട്ടിനെ സർക്കാരിനും ഇടതുപക്ഷത്തിനുമെതിരായ ആയുധമായി ഉപയോഗിക്കുവാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ചില കോണുകളിൽ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനമുണ്ടായിരിക്കുന്നത്. തുടക്കം മുതല്‍ ഇരകള്‍ക്കൊപ്പമാണെന്ന നിലപാട് സര്‍ക്കാരും ഇടതുപക്ഷവും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ടും മറ്റ് വെളിപ്പെടുത്തലുകളും ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് നടന്നത്. 

പ്രശസ്തയായ നടി അക്രമിക്കപ്പെടുകയും അതിന് പിന്നാലെ ചലച്ചിത്ര മേഖലയിലെ അനാശാസ്യ പ്രവണതകളെക്കുറിച്ച് ആരോപണങ്ങൾ ഉയരുകയും ചെയ്തപ്പോൾ എൽഡിഎഫ് സർക്കാരാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത് എന്ന വ­സ്തുത മറച്ചുവച്ചാണ് ഇ­പ്പോൾ പലരും ‘ആട്ടം കാണാൻ’ ശ്രമിക്കുന്നത്. ചലച്ചിത്ര മേഖലയിലെ വനിതാ പ്രവർത്തകർ ചേർന്ന് രൂപം നൽകിയ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) എന്ന സംഘടനയുടെയും ആക്രമിക്കപ്പെട്ട നടിയുടെയും നിലപാടുകളും അതിന് കരുത്ത് പകർന്നു. 2019ൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതും അത് പരസ്യപ്പെടുത്താൻ സാധിക്കാതെ പോയതിന്റെ കാരണങ്ങളും പകൽപോലെ വ്യക്തമാണ്. രഹസ്യാത്മകത കാത്തുസൂക്ഷിക്കണമെന്ന് കമ്മിറ്റിതന്നെ ശുപാർശ ചെയ്തിരുന്നതാണ്. വിവരങ്ങൾ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ടുള്ള വ്യവഹാരങ്ങളും വിവിധ കോടതികളിൽ ഉണ്ടായി. അതിൽ തീർപ്പുണ്ടാകുന്നതിന് വന്ന കാലതാമസം സർക്കാരിന്റെ തലയിൽ കയറ്റിവയ്ക്കുന്നതിനാണ് ശ്രമം നടക്കുന്നത്. ചില ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാമെന്ന് വിവരാവകാശ കമ്മിഷൻ ഉത്തരവുണ്ടായപ്പോൾ വീണ്ടും ചിലർ കോടതിയെ സമീപിച്ചത് അടുത്ത ദിവസങ്ങളിൽ നാം കണ്ടതാണ്. ഇതെല്ലാം മറച്ചുപിടിച്ചാണ് നാലുവർഷങ്ങൾക്കിപ്പുറം റിപ്പോർട്ട് പുറത്തുവന്നപ്പോൾ, വൈകിയത് സർക്കാരിന്റെ കുറ്റമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ നടന്നത്. റിപ്പോർട്ട് പുറത്തുവന്നപ്പോൾ എതിരാളികൾക്ക് വടി കൊടുക്കുന്ന വിധത്തിലുള്ള സമീപനങ്ങൾ ചിലരിൽ നിന്നുണ്ടായി എന്ന് പറയേണ്ടിവരുന്നതിലും ഖേദവുമുണ്ട്. 

വിവിധ കലകളുടെയും ശാസ്ത്ര — സാങ്കേതിക തികവിന്റെയും സമന്വയവും ആയിരങ്ങളുടെ ഉപജീവനമാർഗവുമാണ് ചലച്ചിത്ര മേഖല. കഥയും കവിതയും സംഗീതവും ഉൾപ്പെടെ സകല കലകളുടെയും സംഗമമാണ് ചലച്ചിത്രത്തിലൂടെ സാധ്യമാകുന്നത്. അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും അതിന്റെ നിലനില്പിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെ അതിനകത്തുള്ള പുഴുക്കുത്തുകളും ജീർണതകളും ഇല്ലാതാക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അവിടം സ്ത്രീവിരുദ്ധതയുടെ ഇടമാകാതിരിക്കുവാനുള്ള ജാഗ്രതയുമുണ്ടാകണം. കുറ്റക്കാരുണ്ടെങ്കിൽ നിയതമായ വഴികളിലൂടെ കണ്ടെത്തി മതിയായ ശിക്ഷ നൽകുന്നതിന് സാഹചര്യങ്ങളുണ്ടാകുകയും വേണം. അതിന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ഏതുവിധത്തിൽ സഹായകമാകുമെന്ന ആരോഗ്യകരമായ ചർച്ചകളും നടപടികളുമാണ് ഉണ്ടാകേണ്ടത്. അതിന് പകരം വിവാദങ്ങളും ആരോപണങ്ങളും സൃഷ്ടിച്ച് മേഖലയെത്തന്നെ പ്രതിസന്ധിയിലാക്കുന്ന പ്രവണത ആശാസ്യമല്ല. ഏതായാലും സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ പ്രഖ്യാപനത്തോടെ ഇടതു സര്‍ക്കാരിനെതിരായ കുപ്രചരണങ്ങള്‍ അവസാനിപ്പിക്കുമെന്ന് കരുതാവുന്നതാണ്. 

Exit mobile version