Site iconSite icon Janayugom Online

ഹിമന്ത ബിശ്വ ശർമ്മ: പേയിളകിയ വർഗീയ വിദ്വേഷ പ്രചാരകൻ

തഖിയ്യ (നിസ്കാരതൊപ്പി) ധരിച്ച രണ്ട് പുരുഷന്മാർ, അവർക്ക് നേരെ ഒരാൾ തോക്ക് ചൂണ്ടിയിരിക്കുന്നു. തോക്ക് ചൂണ്ടിയിരിക്കുന്നത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ്. അസമിലെ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണിത്. വംശീയ ഉന്മൂലനത്തിനും വംശഹത്യക്കും വേണ്ടിയുള്ള പരസ്യമായ ആഹ്വാനം. അതും സംസ്ഥാന ഭരണാധികാരിയുടെ പക്കൽ നിന്നും. ഫെബ്രുവരി ഏഴിന് “പോയിന്റ് ബ്ലാങ്ക് ഷോട്ട്” എന്ന അടിക്കുറിപ്പോടെ അ‌പ്‌ലോഡ് ചെയ്ത വീഡിയോയിൽ, മറ്റൊരു ചിത്രം കൂടി തെളിയുന്നുണ്ട്; തഖിയ്യ ധരിച്ചവരുടെ നിരയ്ക്കുനേരെ ശർമ്മ വെടിയുതിർക്കുന്നത്. തുടർന്ന് കൗബോയ് വേഷത്തിൽ ആഘോഷമായി തോക്കേന്തി നിൽക്കുന്ന ശർമ്മയുടെ ചിത്രം തെളിഞ്ഞുവരുന്നു. ഇതോടൊപ്പം “ബംഗ്ലാദേശികളോട് ദയയില്ല”, “വിദേശി രഹിതം അസം” തുടങ്ങിയ വാക്യങ്ങളും അടിക്കുറിപ്പായുണ്ട്. കൊലപാതകങ്ങളെ മഹത്വവൽക്കരിക്കുന്ന ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ‘പോയിന്റ് ബ്ലാങ്ക്’ വീഡിയോ വരുംകാല ഭീകര ദിനങ്ങളുടെ സൂചനയാണ്. ഇത് വെറുമൊരു ‘ട്രോൾ’ ആയി തള്ളിക്കളയാനാവില്ല. വന്യവും ക്രൂരവുമായ രക്തച്ചൊരിച്ചിലിനും കൂട്ടക്കൊലയ്ക്കും വംശഹത്യക്കും പ്രേരിപ്പിക്കുകയാണിവിടെ. വംശഹത്യയിലേക്ക് അധികം ദൂരമില്ല എന്നുതന്നെയാണ് ഈ വീഡിയോ അടിവരയിടുന്നത്. ബിജെപി ഭരണകൂടത്തിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. കഴിഞ്ഞ 11 വർഷമായി ഈ വിദ്വേഷം സാധാരണവൽക്കരിക്കാനാണ് അവർ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുള്‍പ്പെടെ ബിജെപിയിലെയോ അവരെ നയിക്കുന്ന ആർഎസ്എസിലെയോ ഒരു നേതാവും ഈ പ്രവൃത്തിയെ അപലപിച്ചില്ല. എതിർത്ത് ഒരക്ഷരംപോലും ഉച്ചരിച്ചതുമില്ല. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. 

സമൂഹത്തിൽ വിദ്വേഷവും വിഷവും പടർത്തുന്ന ഈ പ്രവൃത്തിക്കെതിരെ കർശന നടപടിയുണ്ടാകണം. നീതിന്യായ വ്യവസ്ഥ ഇടപെടുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും വേണം. അസമിൽ വലിയൊരു ദുരന്തം സംഭവിക്കുന്നതിന് മുമ്പ് ഹിമന്ത ബിശ്വ ശർമ്മയെയും ബന്ധപ്പെട്ട പ്രവർത്തകരെയും നിയമവലയത്തിനുള്ളിലാക്കണം. വർഗീയ സൗഹാർദം തകർക്കുന്നതിനും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതിനും മുഖ്യമന്ത്രിക്കും കൂട്ടാളികൾക്കുമെതിരെ സുപ്രീം കോടതി ഉടൻ നടപടിയെടുക്കണം. രാജ്യത്തിന്റെ മതേതരത്വം എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണം. തെരഞ്ഞെടുപ്പ് കമ്മിഷനും ഇതിൽ നിശബ്ദമായിരിക്കാൻ കഴിയില്ല. വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഒരു സംസ്ഥാനത്ത് ഒരു വിഭാഗത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തെക്കുറിച്ച് കമ്മിഷൻ ബോധവാന്മാരാകണം. രാജ്യവ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് അസം ബിജെപി പോസ്റ്റ് നീക്കം ചെയ്തെങ്കിലും കുറ്റക്കാരായ നേതാക്കൾക്കെതിരെ യാതൊരു നടപടികളും ഉണ്ടായില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇതേ ഹാൻഡിൽ തന്നെ ‘ബിജെപി ഇല്ലാത്ത അസം’ എന്ന പേരിൽ ഒരു എഐ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിൽ തഖിയ്യ ധരിച്ചൊരാൾ റോഡരികിൽ മാംസം തയ്യാറാക്കുന്നു. അതിനോടു ചേർന്ന് ‘ബീഫ് നിയമവിധേയമാക്കും’ എന്നൊരു ബാനറും ചേർത്തിരിക്കുന്നു. ബുർഖ ധരിച്ച സ്ത്രീകളുടെ കൂട്ടത്തെ ചൂണ്ടിക്കാട്ടി ‘അനധികൃത കുടിയേറ്റക്കാർ’ തുടങ്ങിയ അടിക്കുറിപ്പുകളോടെ മുസ്ലിം വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ചു. ഇതിനെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, തങ്ങളുടെ ഉള്ളടക്കം ഫീൽഡ് വർക്കിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ട്വിറ്ററിൽ തങ്ങൾ ഇതിലും തീഷ്ണമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ബിജെപിയുടെ സമൂഹമാധ്യമ കൺവീനർ ബിശ്വജിത് ഖൗണ്ട് പറഞ്ഞു. അവസരം ലഭിക്കുമ്പോഴെല്ലാം ബിജെപി വർഗീയ കാർഡ് ഉപയോഗിച്ച് സമൂഹത്തെ ധ്രുവീകരിക്കാൻ ശ്രമിക്കുന്നു എന്നത് രഹസ്യമല്ല. മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസ്താവനകൾ നടത്തുന്നതിനും അവരെ അധിക്ഷേപിക്കുന്നതിനും ശർമ്മയും അസമിലെ ബിജെപിയും കുപ്രസിദ്ധരാണ്. 

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പരാതിക്കായി കാത്തുനിൽക്കാതെ സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ 2023 ഏപ്രിലിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ആൾക്കൂട്ട അക്രമങ്ങൾ തടയുന്നതിനും വർഗീയ സൗഹാർദം വളർത്തുന്നതിനും ഇത്തരമൊരു നടപടി അത്യാവശ്യമാണെന്ന് കോടതി വിലയിരുത്തി. എന്നാൽ അസമിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് വർഗീയ വിദ്വേഷം പടർത്തുന്നതിലും വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്നു. ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ അവസരം ലഭിക്കുമ്പോഴെല്ലാം ബിജെപി വർഗീയ കാർഡ് ഉപയോഗിച്ച് സമൂഹത്തെ തുണ്ടുകളാക്കാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ നേരിട്ട് വർഗീയ വിദ്വേഷം പടർത്തുന്ന രീതിയില്‍ മുസ്ലിങ്ങളെ അധിക്ഷേപിക്കുന്നതിലും വംശഹത്യയുടെ സൂചനകൾ പകരുന്നതിലും മടിയില്ലാതെ പ്രവർത്തിക്കുന്നു. കഴിഞ്ഞ ജനുവരി 25ന്, അസമിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ യാതൊരു തർക്കവുമില്ലെന്ന് ശർമ്മ അവകാശപ്പെട്ടു. “ഏത് ഹിന്ദുവിനാണ് നോട്ടീസ് ലഭിച്ചത്? ഏത് അസമീസ് മുസ്ലിമിനാണ് നോട്ടീസ് ലഭിച്ചത്? ന്യൂനപക്ഷങ്ങൾക്കും കടന്നുകയറിയവർക്കും സമാനമായിട്ടുള്ളവർക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇല്ലെങ്കിൽ അവർ നമ്മുടെ തലയ്ക്ക് മുകളിൽ കയറി നിരങ്ങും. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ അവരെ ഉപദ്രവിക്കും.” ജനുവരി 27ന് അദ്ദേഹം പറഞ്ഞു, “അസമിൽ പ്രത്യേക തീവ്രമായ പുനഃപരിശോധന നടക്കുമ്പോൾ നാല് മുതൽ അഞ്ച് ലക്ഷം വരെ ‘മിയ’ വോട്ടർമാരെ ഒഴിവാക്കും.” യാതൊരു മടിയുമില്ലാതെ മുഖ്യമന്ത്രി ഹിമന്ത് ശർമ്മ കൂട്ടിച്ചേർത്തു: “വോട്ട് മോഷ്ടിക്കുക എന്നതിനർത്ഥം ഞങ്ങൾ ചില മിയ വോട്ടുകൾ മോഷ്ടിക്കാൻ ശ്രമിക്കുന്നു എന്നാണ്. അവരെ അസമിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്, പകരം അവർ ബംഗ്ലാദേശിൽ വോട്ട് ചെയ്യട്ടെ.”
സാമ്പത്തിക ബഹിഷ്കരണവും ജിഹാദ് ആരോപണങ്ങളും തൊട്ടടുത്ത ദിവസം, ജനുവരി 28നും മുഖ്യമന്ത്രി ആവർത്തിച്ചു “മിയകൾക്ക് എങ്ങനെയൊക്കെ ബുദ്ധിമുട്ടുണ്ടാക്കാൻ കഴിയുമോ അതൊക്കെ ചെയ്യണം. റിക്ഷാ കൂലി അഞ്ച് രൂപയാണെങ്കിൽ അവർക്ക് നാല് രൂപ മാത്രം നൽകുക. അവർ കഷ്ടപ്പാടുകൾ അനുഭവിച്ചാൽ മാത്രമേ അസം വിട്ടു പോവുകയുള്ളൂ.” 2025 ഓഗസ്റ്റ് 14ന് മുഖ്യമന്ത്രി അവകാശപ്പെട്ടത് മുസ്ലിം കുടിയേറ്റക്കാർ വീട് വാടകയ്ക്കെടുക്കുന്നു, പശുവിനെ അറുക്കുന്നു, തുടർന്ന് അവിടെ ഒരു പള്ളി ഉയരുന്നു എന്നാണ്. ഇത് ആ പ്രദേശത്തെ ‘സത്രങ്ങളെ’ (വൈഷ്ണവ ആശ്രമങ്ങൾ) അവിടം വിട്ടുപോകാൻ നിർബന്ധിതമാക്കുന്നു. മുഖ്യമന്ത്രിയുടെ ആക്ഷേപം ഇങ്ങനെ നീളുകയാണ്. ഒരു വർഷം മുമ്പ് അദ്ദേഹം മുസ്ലിങ്ങൾക്കെതിരെ “ഫ്ലഡ് ജിഹാദ്” ആരോപണവും ഉന്നയിച്ചിരുന്നു. 2023ലെ പച്ചക്കറി വില വർധനവിന് കാരണം ‘മിയ’ കച്ചവടക്കാരാണെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ കണ്ടെത്തെൽ. മുസ്ലിം ഭൂരിപക്ഷ ജില്ലകളിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക് തോക്ക് ലൈസൻസ് വിതരണം ചെയ്യുന്നതിനെയും ശർമ്മ ന്യായീകരിച്ചു. അക്രമഭീഷണി നേരിടുന്നതിനാലാണ് വ്യാപകമായി തോക്ക് ലൈസൻസ് വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ “ഭൂമി ജിഹാദ്” വിരുദ്ധ അവകാശവാദം മൂലം ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങൾ അസമിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു. 

Exit mobile version