Site iconSite icon Janayugom Online

വിവര സുരക്ഷാ നിയമം പഴുതുകള്‍ സംശയാസ്പദം

editorialeditorial

ഏറ്റവും സുരക്ഷിതമാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യയെന്നാണ് സങ്കല്പമെങ്കിലും പഴുതുകളും വീഴ്ചകളും അതുവഴിയുള്ള തട്ടിപ്പുകളും നിരവധിയാണെന്ന് കണക്കുകളും അനുഭവങ്ങളും വ്യക്തമാക്കുന്നു. എങ്കിലും ജീവിതത്തില്‍ സര്‍വതല സ്പര്‍ശിയാണ് ഡിജിറ്റല്‍ സാങ്കേതികത. ബാങ്കിങ് ഇടപാടുകള്‍ മാത്രമല്ല, വാങ്ങല്‍, വില്പന, സേവനങ്ങള്‍ നേടലും നല്‍കലും എന്നിങ്ങനെ നിത്യജീവിതവുമായി അഭേദ്യ ബന്ധമുള്ളതാണ് ഇത്. ഒരു ഫോണ്‍ നമ്പറിലൂടെയോ ഒറ്റത്തവണ രഹസ്യ നമ്പറിലൂടെ(ഒടിപി)യോ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഇവയ്ക്ക് പക്ഷേ ആദ്യം വേണ്ടത് നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ സമാഹരിക്കുക എന്നതാണ്. ആവശ്യപ്പെടുന്ന എല്ലാ വ്യക്തിഗത‑കുടുംബ വിവരങ്ങളും ലഭ്യമല്ലെങ്കില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഉള്‍പ്പെടെ ആര്‍ജിക്കുവാന്‍ കഴിയാത്തവിധം ചങ്ങലക്കെട്ടുകള്‍ നിറഞ്ഞതാണ് പ്രസ്തുത സംവിധാനം. ഉത്തരാധുനിക കാലത്തെ വിപണി ഡിജിറ്റല്‍ അധിഷ്ഠിതമാണ് എന്നതിനാല്‍ കൂടെപ്പിറപ്പിനെ പോലെ രൂപപ്പെട്ടതാണ് വിവരവില്പന എന്നത്. അതുകൊണ്ടുതന്നെയാണ് പല രാജ്യങ്ങളില്‍ നിന്നും വിവരവില്പന സംബന്ധിച്ച വാര്‍ത്തകള്‍ നിത്യേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിപണിയോട് വിധേയത്വം പുലര്‍ത്തുന്ന ഭരണാധികാരികളുള്ള രാജ്യങ്ങളില്‍ അത് കൂടുതല്‍ എളുപ്പവുമാണ് എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അത്തരമൊരു രാജ്യമാണ് എന്നതിനാല്‍ ഇന്ത്യ വിവരച്ചോര്‍ച്ചയുടെയും അരക്ഷിതാവസ്ഥയുടെയും കാര്യത്തില്‍ മുന്‍നിരയിലുമാണ്. മൂന്നാഴ്ച മുമ്പാണ് കോവിന്‍ വിവരച്ചോര്‍ച്ചയുടെ വാര്‍ത്ത പുറത്തുവന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ പൗരന്മാര്‍ക്ക് പ്രതിരോധ കുത്തിവയ്പ് ഉള്‍പ്പെടെ ആരോഗ്യ പരിരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ സംവിധാനത്തിലാണ് കോവിന്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചത്. ഇതില്‍ ചോര്‍ച്ചയുണ്ടായെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. നേരത്തെ രണ്ടുതവണ ഇതേ ആരോപണമുയര്‍ന്നപ്പോള്‍ അത് നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ പക്ഷേ ഇത്തവണയും നിഷേധിച്ചുവെങ്കിലും നേരത്തെ ഉണ്ടായതാണെന്ന ന്യായീകരണം നല്‍കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ നേരത്തെയും ഇപ്പോഴും ചോര്‍ച്ചയുണ്ടായി എന്ന കാര്യം സ്ഥിരീകരിക്കുകയായിരുന്നു ഇതിലൂടെ.

 


ഇതുകൂടി വായിക്കു;പലസ്തീന്‍: മോഡി സര്‍ക്കാര്‍ നിലപാട് അപലപനീയം


വ്യക്തിഗത ഡിജിറ്റല്‍ വിവര സുരക്ഷയ്ക്ക് ലോക രാജ്യങ്ങളില്‍ നിയമങ്ങളുണ്ടെങ്കിലും ഇവിടെ അത് രൂപീകരിക്കുവാന്‍ കേന്ദ്രം നാളിതുവരെ തയ്യാറായിരുന്നില്ല. വളരെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്തുത നിയമത്തിന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭായോഗം രൂപം നല്‍കിയിരിക്കുകയാണ്. ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ അധ്യക്ഷനായ പ്രത്യേക വിദഗ്ധ സമിതി തയ്യാറാക്കിയ ബില്ലിന്റെ കരട്, 2019ല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച് 2021 ഡിസംബറില്‍ പാർലമെന്റിന്റെ സംയുക്ത സമിതിക്ക് അയച്ചിരുന്നു. ഈ ബില്ല് പിന്‍വലിക്കുകയും കഴിഞ്ഞ നവംബറില്‍ പുതിയ ബില്ലിന്റെ ആദ്യ കരട് പ്രസിദ്ധീകരിച്ച് പൊതുജനാഭിപ്രായം തേടിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം കരട് തയ്യാറാക്കുകയുമായിരുന്നു. ഇതാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. തത്വത്തില്‍ ഇത്തരമൊരു നിയമം ആവശ്യമാണെന്ന് സമ്മതിക്കുമ്പോഴും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിന് സര്‍ക്കാരിന് അവസരം നല്‍കുന്നതാണെന്ന വിലയിരുത്തല്‍ ഗൗരവമുള്ളതാണ്. ദേശീയ സുരക്ഷ പോലുള്ള കാരണങ്ങളില്‍ ഡാറ്റ സമാഹരിക്കുവാനും വിനിയോഗിക്കുവാനും സര്‍ക്കാരിന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ദേശീയ സാഹചര്യത്തില്‍ ഈ വ്യവസ്ഥ സര്‍ക്കാരിന് വ്യക്തിഗത വിവരങ്ങള്‍ എപ്പോഴും സമാഹരിക്കുന്നതിനും ഉപയോഗിക്കുന്നതിനും എളുപ്പമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദേശീയ സുരക്ഷയെന്നത് എല്ലാതലത്തിലും ദുരുപയോഗം ചെയ്യപ്പെടുന്ന പശ്ചാത്തലമാണുള്ളത് എന്നതും തിരിച്ചറിയണം. കോളനിവാഴ്ചക്കാലത്ത് രൂപം നല്‍കിയ ദേശസുരക്ഷാ നിയമം കാലഹരണപ്പെട്ടതാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുപോലും വ്യാപകമായി ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രസ്തുത നിയമം പുനഃപരിശോധിക്കുമെന്ന് പരമോന്നത കോടതിയോട് പറഞ്ഞ ശേഷം നിയമ കമ്മിഷന്റെ റിപ്പോര്‍ട്ട് വാങ്ങി കൂടുതല്‍ ശക്തമാക്കണമെന്ന നിലപാട് പറഞ്ഞവരാണ് കേന്ദ്രം ഭരിക്കുന്നത്.


ഇതുകൂടി വായിക്കു; നെഹ്രുവില്‍ നിന്ന് മോഡിയിലെത്തുമ്പോള്‍


ഇതെല്ലാംവച്ച് പരിശോധിച്ചാല്‍ ഡാറ്റാ സുരക്ഷാ നിയമത്തില്‍ ദേശസുരക്ഷയുടെ പേരില്‍ ഇളവ് നല്‍കുന്നത് അപകടകരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. യുദ്ധം, ആരോഗ്യ അടിയന്തരാവസ്ഥ, അന്വേഷണ ഏജന്‍സികളുടെ അഭ്യര്‍ത്ഥന, കോടതി ഉത്തരവ്, ദുരന്തങ്ങള്‍ എന്നിവ ഈ ഇളവിന് കാരണമായി പറഞ്ഞാല്‍ മതിയെന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. കാരണം ഇവയെല്ലാം ഏത് സന്ദര്‍ഭത്തിലും സമാഗതമാകാവുന്ന സാഹചര്യമാണിപ്പോഴുള്ളത്. കോവിന്‍ വിവരങ്ങള്‍ ചോര്‍ത്തിയത് കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ ബിജെപി മുന്നിലാണെന്നുമുള്ള വസ്തുത പരിഗണിക്കുമ്പോള്‍ ഈ പഴുത് ബോധപൂര്‍വമാണെന്നും കരുതണം. പിഴ സംബന്ധമായ കാര്യങ്ങള്‍ക്ക് ഒരു സ്വതന്ത്ര ഡാറ്റ സംരക്ഷണ ബോര്‍ഡ്, തര്‍ക്കപരിഹാര സമിതി എന്നിവ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അവയുടെ ഘടന ഉള്‍പ്പെടെ വ്യക്തമായാല്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്തെങ്കിലും ഫലമുണ്ടാകുമോയെന്ന നിഗമനത്തില്‍ എത്താന്‍ സാധിക്കൂ. 250 കോടി രൂപ വരെ പിഴ നിശ്ചയിച്ചിട്ടുണ്ടെങ്കിലും പിഴയടച്ച് നിയമലംഘനത്തില്‍ നിന്ന് സ്വയം ഒഴിവാകാമെന്ന വ്യവസ്ഥയും പോരായ്മയാണ്. ഫലത്തില്‍ മറ്റ് പലതുമെന്നതുപോലെ ദുരുപയോഗ സാധ്യത വളരെയധികം തുറന്നിടുന്നതാണ് നിര്‍ദിഷ്ട വ്യക്തിഗത ഡിജിറ്റല്‍ ഡാറ്റാ സുരക്ഷാ നിയമമെന്ന കാര്യത്തില്‍ സംശയമില്ല.

Exit mobile version