ജനാഭിലാഷത്തിന് വിരുദ്ധമായ കൂറുമാറ്റവും കുതിരക്കച്ചവടവും അതോടൊപ്പം കേന്ദ്രാധികാരത്തിന്റെ കളിപ്പാവകള്‍ മാത്രമായി തരംതാഴുന്ന ഗവര്‍ണര്‍ പദവിയും രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പരിസരത്ത് സുപ്രധാനമായ വിധികളാണ് ഇന്നലെ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായ സാഹചര്യം, രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ജനാധിപത്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന കേന്ദ്ര നടപടി എന്നീ വിഷയങ്ങളിലുള്ള വ്യത്യസ്ത ഹര്‍ജികളില്‍ വാദംകേട്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ സര്‍ക്കാരിനെ അട്ടിമറിച്ച് ശിവസേനയിലെ വിഘടിത വിഭാഗം നേതാവായ ഷിന്‍ഡെയുടെ നേതൃത്വത്തില്‍, ബിജെപി സഹായത്തോടെ മന്ത്രിസഭ രൂപീകരിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ എം ആർ ഷാ, കൃഷ്ണ മുരാരി, ഹിമ കോലി, പി എസ് നരസിംഹ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിധിച്ചത്. ഉദ്ധവിന്റെ നേതൃത്വത്തില്‍ മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാരിനോട് വിശ്വാസ വോട്ട് തേടാന്‍ ആവശ്യപ്പെട്ടത് ഭരണഘടനയില്‍ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നതാണെന്ന് കൂടി സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. വിശ്വാസ വോട്ടിന് നിര്‍ദേശം നല്കുന്നതിന് മതിയായ ഒരു കാരണവും ഗവര്‍ണറുടെ മുന്നിലുണ്ടായിരുന്നില്ല. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷം പോലും പറഞ്ഞിട്ടില്ലെന്നും ഒരു പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉപാധിയല്ല വിശ്വാസവോട്ടെടുപ്പെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. അതുപോലെതന്നെ ഈ വിഷയത്തില്‍ നിയമസഭയുടെ വിപ്പായി ഷിന്‍ഡെ വിഭാഗത്തിലെ ഭരത് ഗോഗാ വാലയെ നിയമിച്ച സ്പീക്കറുടെ നടപടി തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. പാര്‍ട്ടിയാണ് വിപ്പിനെ നിയോഗിക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എംവിഎയിലെ പ്രമുഖ കക്ഷിയായ ശിവസേനയില്‍ രൂപപ്പെട്ട ഭിന്നത മുതലെടുത്ത് കേന്ദ്രഭരണം നടത്തുന്ന ബിജെപി, കളിപ്പാവയെപ്പോലെ പ്രതിഷ്ഠിച്ച ഗവര്‍ണറെ ഉപയോഗിച്ചാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ചതെന്ന് വളരെ കൃത്യമായി വിധിച്ചിരിക്കുകയാണ് സുപ്രീം കോടതി. അതേസമയം വിശ്വാസ വോട്ട് തേടാതെ രാജിവച്ചു എന്നതുകൊണ്ട് താക്കറെയെ തിരികെ അവരോധിക്കുവാനാകില്ലെന്നും കോടതി വ്യക്തമാക്കുന്നു.
ഇതുകൂടി വായിക്കു; രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ്
ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ അമിതാധികാര പ്രവണത പ്രകടമായി തുടങ്ങിയതിനുശേഷം രൂക്ഷമായതാണ് ഡല്‍ഹിയുടെ അധികാരത്തര്‍ക്കം. ഭരണഘടനാനുസൃതമായും നിയമപരമായും നിര്‍വചിക്കപ്പെട്ട അധികാരവും അധികാര വിഭജനവുമുള്ള പ്രദേശമാണ് രാജ്യതലസ്ഥാനമെങ്കിലും ഗവര്‍ണറെ ഉപയോഗിച്ചും അല്ലാതെയും ദൈനംദിന ഭരണ, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പോലും തടസപ്പെടുത്തുന്ന പ്രവണത ശക്തമായതും ദേശീയ ശ്രദ്ധയാകര്‍ഷിച്ചതും വിവാദവിഷയമായതും നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനു ശേഷമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ഫലവത്താകുന്നില്ലെന്നു വന്നപ്പോള്‍ ഈയൊരു കുതന്ത്രത്തിലൂടെ വഴിമുടക്കുവാനാണ് കേന്ദ്രം ശ്രമിച്ചത്. ഈ ഒരവസ്ഥയിലാണ് ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും കേന്ദ്രത്തിന്റെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും അധികാരങ്ങളും സംബന്ധിച്ച വ്യക്തമായ അതിര്‍ത്തി നിര്‍ണയിക്കണമെന്ന ആവശ്യമുയര്‍ന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര നിലപാടിന് തിരിച്ചടി നല്കുന്ന വിധിയാണ് പരമോന്നത കോടതിയില്‍ നിന്നുണ്ടായത്. മഹാരാഷ്ട്ര വിഷയം പരിഗണിച്ച അതേ ബെഞ്ചുതന്നെയാണ് ഈ ഹര്‍ജിയും പരിഗണിച്ചത്. ഭൂമി, പൊതുക്രമം, പൊലീസ് എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും അധികാരം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഭരണഘടനാ ബെഞ്ച് വിധിച്ചിരിക്കുകയാണ്. ഡൽഹിക്കും കേന്ദ്രത്തിനും അവരുടേതായ അധികാരമുണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങളുടെ ഇച്ഛാശക്തിയുടെ പ്രകടനമാണെന്നും കോടതി കൂട്ടിച്ചേർത്തു. ലഫ്റ്റനന്റ്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കുവാന്‍ ബാധ്യസ്ഥനാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലിരിക്കുന്ന വ്യക്തിയാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയ‑നയപരമായ സമീപനങ്ങള്‍ ഡല്‍ഹി സര്‍ക്കാരിനുമേല്‍ അടിച്ചേല്പിക്കുവാന്‍ ശ്രമിക്കുന്നതും അവിടെ ഭരണ പ്രതിസന്ധിക്കുപോലും കാരണമാകുന്നതും. അത്തരമൊരു സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായ വിധി കേന്ദ്ര സര്‍ക്കാരിനും രാഷ്ട്രീയ പാവയായി കളിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്കും താക്കീതാണ്.
ഇതുകൂടി വായിക്കു; യോഗ്യനായ ഡയറക്ടറെ കിട്ടാത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പുനഃപ്രതിഷ്ഠിക്കുവാനാകില്ലെന്ന വിധി നീതിന്യായ വ്യവസ്ഥയുടെ കാലവിളംബത്തിന്റെ കൂടി ഫലമാണെന്നതിനാല്‍ നിരാശയുണ്ടാക്കുന്നു. എങ്കിലും ജനാധിപത്യ സംവിധാനം ഉയര്‍ത്തിപ്പിടിക്കുകയും കൂറുമാറ്റവും കുതിരക്കച്ചവടവും നടത്തുന്നവര്‍ക്കും വഴിവിട്ട നിലയില്‍ അധികാരം പിടിക്കുന്നവര്‍ക്കും തിരിച്ചടിയും താക്കീതും നല്കുകയും ചെയ്യുന്നു എന്നതിനാല്‍ ഈ രണ്ട് വിധികളും സുപ്രധാനമാണ്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേറിയതിനുശേഷം രൂഢമൂലമായ ജനാധിപത്യ‑ഭരണഘടനാ വിരുദ്ധ, സ്വേച്ഛാധിപത്യ പ്രവണതകള്‍ ആവര്‍ത്തിക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ വിധികള്‍. ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിന് നമ്മുടെ നീതിപീഠങ്ങള്‍ കാവല്‍ക്കാരായുണ്ടെന്ന ബോധ്യം സാധാരണക്കാര്‍ക്ക് നല്കുന്നതിനും ഈ വിധികള്‍ ഇടയാക്കുന്നുണ്ട്.