ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായിരുന്ന രാജീവ് ചന്ദ്രശേഖറിനെതിരെ ഭൂമി തട്ടിപ്പ് നടത്തിയെന്ന ഗുരുതര പരാതി ഉയർന്നിരിക്കുകയാണ്. തനിക്കുള്ള രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങൾ ഉപയോഗിച്ച് വ്യാവസായികാവശ്യത്തിനെന്ന പേരിൽ കൈക്കലാക്കിയ ഭൂമി മറിച്ചുവിറ്റുവെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി അഭിഭാഷകൻ കെ എൻ ജഗദേഷ് കുമാർ, സുപ്രീം കോടതി, കർണാടക ഹൈക്കോടതി, കർണാടക സർക്കാർ എന്നിവർക്ക് നൽകിയ ഹർജിയാണ് വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഒരാഴ്ച മുമ്പ് ചില ഓൺലൈൻ മാധ്യമങ്ങൾ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നു. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡ് (കെഐഎഡിബി) അനുവദിച്ച ഭൂമി യഥാസമയം ഉപയോഗിക്കാതെ മറിച്ചുവിറ്റെന്നാണ് ഹർജിയിൽ പറയുന്നത്. അജിത് ഗോപാൽ നമ്പ്യാർ, രാജീവ് ചന്ദ്രശേഖർ, അഞ്ജലി രാജീവ് ചന്ദ്രശേഖർ, മുൻ കർണാടക മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു എന്നിവരെയാണ് പരാതിയിൽ എതിർകക്ഷികളാക്കിയിരിക്കുന്നത്. 175 ഏക്കർ കൃഷിഭൂമി ഏറ്റെടുത്താണ് വ്യാവസായികാവശ്യത്തിന് എന്ന പേരിൽ ബിപിഎല്ലിന് കളർ ടെലിവിഷൻ, ട്യൂബ്, ബാറ്ററി നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി കൈമാറിയത്. വ്യവസായം തുടങ്ങുന്നതിന് പാട്ടത്തിനാണ് ഭൂമി നൽകിയത്. കൃഷി ഭൂമി എങ്ങനെയാണ് വ്യാവസായിക ഭൂമി ആയതെന്ന പ്രധാന ചോദ്യം ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. ഇതിൽ നിന്നുതന്നെ വഴിവിട്ട സഹായങ്ങൾ ലഭിച്ചു എന്ന് വ്യക്തമാണ്. ഭൂമി നൽകുന്നതിൽ വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നതു സംബന്ധിച്ച്, ഇപ്പോൾ ബിജെപി സഖ്യകക്ഷിയായ എച്ച് ഡി കുമാരസ്വാമിയുടെ പാർട്ടി രംഗത്തെത്തിയതിന്റെ വാർത്തകൾ അക്കാലത്തുണ്ടായിരുന്നു.
1995 ഏപ്രിൽ ഏഴിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ മേയ് 23 ന് 149 ഏക്കർ ഭൂമി ബിപിഎൽ ഇന്ത്യ ലിമിറ്റഡിന് നൽകി, തുടർന്ന് 1996 ഏപ്രിൽ 17ന് പാട്ടക്കരാറും രജിസ്റ്റർ ചെയ്തു. എന്നാൽ 2004 വരെ സ്ഥലത്ത് ഒരു വ്യാവസായിക വികസനവും നടത്തിയില്ല. പക്ഷേ എതിർകക്ഷികൾ പ്രതിനിധീകരിക്കുന്ന ബിപിഎൽ ഇന്ത്യ ലിമിറ്റഡ്, പ്രസ്തുത ഭൂമി ബാങ്ക് ഓഫ് ബഹ്റൈൻ ആന്റ് കുവൈറ്റിന് പണയപ്പെടുത്തി. ഇതിന് സർക്കാർ അനുമതി നല്കുകയും ചെയ്തു. പിന്നീട് പാട്ടഭൂമി വില്പനയ്ക്ക് മാറ്റുന്നതിനുള്ള അനുമതി തേടിയപ്പോൾ അതും അന്നത്തെ സർക്കാർ അനുവദിച്ചു. പാട്ടഭൂമി പണയം വയ്ക്കുന്നതിന് അനുവദിച്ചതും വില്പന ഭൂമിയായി മാറ്റിയതുമെല്ലാം അനധികൃതവും വഴിവിട്ടതുമാണ്. പിന്നീടാണ് വൻ ഭൂമി വില്പനയ്ക്ക് കളമൊരുങ്ങുന്നത്. മാരുതി സുസുകി കമ്പനിക്ക് 87.3275 ഏക്കർ ഭൂമിയാണ് വില്പന നടത്തിയത്. കൂടാതെ ബിഒസി ഇന്ത്യ ലിമിറ്റഡ്, ജിൻഡാൽ അലൂമിനിയം തുടങ്ങിയ സംരംഭങ്ങള്‍ക്കും വൻതുക പ്രതിഫലമായി വാങ്ങി ഭൂമി മറിച്ചുവിറ്റെന്നാണ് ഹർജിയിൽ ആരോപിച്ചിട്ടുള്ളത്. വ്യാവസായിക വളർച്ച പരിപോഷിപ്പിക്കുന്നതിന് ചെറുകിട, വൻകിട സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ ഭൂമി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കെഐഎഡിബി വൻതോതിൽ ഭൂമി ഏറ്റെടുത്തിരുന്നു. കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരങ്ങളും സംസ്ഥാനത്തുണ്ടായി. നിർബന്ധിത ഏറ്റെടുക്കൽ അവസാനിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഹയാദല, ഗോകെരെ, ബച്ചേനഹള്ളി ഗ്രാമങ്ങളിലെ 439 ഏക്കറിലധികം ഫലഭൂയിഷ്ഠ കൃഷിഭൂമി ഏറ്റെടുക്കാനുള്ള കെഐഎഡിബി നീക്കം കർഷകരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 79 കർഷകർക്കാണ് നോട്ടീസ് നൽകിയത്. പ്രദേശവാസികളുടെ സമരം സംഘർഷങ്ങൾക്കും കാരണമായിരുന്നു. സർക്കാർ ഏറ്റെടുത്ത ഭൂമി, സംരംഭകരെന്ന പേരിൽ കൈക്കലാക്കിയവർ മറിച്ചുവിറ്റെന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു. 1.55 ലക്ഷം ഏക്കറിലധികം കൃഷിഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും അവയിൽ 70% യഥാർത്ഥ വ്യാവസായിക ആവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ഹർജിയിൽ ആരോപിക്കുന്നുണ്ട്.
നേരത്തെ പലതവണ ഇതേ ആരോപണമുയർന്നിരുന്നുവെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി സർക്കാരിന്റെ ഒത്താശകളും അദ്ദേഹത്തിന് തുണയായെന്നാണ് കരുതേണ്ടത്. ഇത്തരമൊരു തട്ടിപ്പ് മനസിലാക്കുകയും പുറത്തുപറയുകയും ചെയ്തതിന്റെ പേരിൽ തനിക്ക് നിരന്തരം ഭീഷണിയുണ്ടെന്നും സംരക്ഷണം ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. അതും ഇതിനോട് ചേർത്ത് വായിക്കണം. എന്നുമാത്രമല്ല വീണ്ടും ഈ വിഷയം കഴിഞ്ഞ ദിവസം ഉയർന്നുവന്നതുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ മാധ്യമ പ്രവർത്തകർക്ക് വ്യക്തമായ മറുപടി നൽകാൻ രാജീവ് ചന്ദ്രശേഖര്‍ തയ്യാറായില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. എന്തായാലും കർണാടകയിലെ ബിജെപി ഭരണകാലത്ത് വിവിധ വകുപ്പുകളിൽ അഴിമതി ആരോപണങ്ങൾ ഉയർന്നതും അതിൽ കെഐഎഡിബിയുടെ ഭൂമി ഏറ്റെടുക്കലും ഉൾപ്പെട്ടിരുന്നതാണ്. ഇപ്പോൾ കർണാടക സർക്കാരിനും വിവിധ കോടതികൾക്ക് മുന്നിലും എത്തിയിരിക്കുന്ന ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട ഹർജി ഗൗരവസ്വഭാവത്തിലുള്ളതാണ്. അതുകൊണ്ട് ശക്തമായ അന്വേഷണം നടത്തി നടപടിയെടുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകേണ്ടതുണ്ട്.

