Site iconSite icon Janayugom Online

കെൽട്രോണിന്റെ പുതിയ ചുവടുവയ്പ്

കേരള വികസന മാതൃക സൃഷ്ടിച്ച സി അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പിന് കീഴിൽ സ്ഥാപിതമായ കെൽട്രോൺ ഇന്ന് സുപ്രധാനമായൊരു ചരിത്രഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കെൽട്രോണിന് കീഴിലുള്ള കണ്ണൂർ മാങ്ങാട്ടുപറമ്പിലെ കംപോണന്റ്സ് ലിമിറ്റഡിൽ സൂപ്പർ കപ്പാസിറ്റർ ഉല്പാദന കേന്ദ്രം ഇന്ന് പ്രവർത്തനമാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവർത്തനോദ്ഘാടനം നിർവഹിക്കുന്നത്. സംസ്ഥാനത്ത് ഇലക്ട്രോണിക്സ് ഉല്പാദന രംഗത്ത് വലിയ കുതിപ്പ് സമ്മാനിച്ച സ്ഥാപനമായിരുന്നു കെൽട്രോൺ. മുഖ്യമന്ത്രി സി അച്യുതമേനോന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി മലയാളിയായ കെ പി പി നമ്പ്യാരുടെ നേതൃത്വത്തിൽ 1970കളിലാണ് കെൽട്രോൺ ശൃംഖല ആരംഭിക്കുന്നത്. ലോകത്താകെ ഇലക്ട്രോണിക്സ് വിപ്ലവത്തിന് ആരംഭം കുറിക്കപ്പെട്ട ഘട്ടത്തിൽത്തന്നെ റേഡിയോ ഉല്പാദിപ്പിക്കുവാൻ കെൽട്രോണിലൂടെ കേരളത്തിന് സാധിച്ചു. പിന്നീട് ലോകം ടെലിവിഷനിലൂടെ ദൃശ്യവിരുന്ന് ആസ്വദിച്ചു തുടങ്ങിയ ഘട്ടത്തിൽ ടെലിവിഷൻ ഉല്പാദിപ്പിക്കുകയും ശ്രദ്ധേയമാകുകയും ചെയ്ത സ്ഥാപനമായി കെൽട്രോൺ മാറി. ഇതര സംസ്ഥാനങ്ങൾ വളരെ വൈകിയാണ് ഈ നേട്ടം സ്വായത്തമാക്കിയത്. ആദ്യഘട്ടത്തിലെ മികവ് അതേ തോതിൽ നിലനിർത്താൻ സാധിക്കാതെ പോയെന്നത് യാഥാർത്ഥ്യമാണെങ്കിലും മറ്റ് രംഗങ്ങളിലേക്ക് കടന്ന് കെൽട്രോൺ ശൃംഖലയിലെ മിക്ക സ്ഥാപനങ്ങളെയും ലാഭത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ നമുക്കായി. ഇന്ന് സൂപ്പർ കപ്പാസിറ്റർ ഉല്പാദനരംഗത്ത് ചുവടുവയ്ക്കുന്ന കംപോണന്റ്സ് ഉൾപ്പെടെ ലാഭകരമായി പ്രവർത്തിക്കുന്നവയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഈ സംരംഭം 1,076.85 ലക്ഷം രൂപയാണ് ലാഭമുണ്ടാക്കിയത്. സോഫ്റ്റ്‌വേർ ഉൾപ്പെടെ സാങ്കേതിക വിപ്ലവത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കടക്കാനും കെൽട്രോണിന് സാധിച്ചു. ട്രാഫിക് സിഗ്നലുകൾ, കമ്പ്യൂട്ടർ രംഗത്തെ വിവിധ ഘടകങ്ങൾ എന്നിവയിലും ഇന്ന് കെൽട്രോൺ സംസ്ഥാനത്തിന്റെ അഭിമാനമുയർത്തി നിലകൊള്ളുന്നു. ലാപ്‌ടോപ്പ്, സ്മാർട്ട് ഫോൺ, സൂപ്പർ കമ്പ്യൂട്ടർ, നിർമ്മിത ബുദ്ധി, വിവിധയിനം ടെലിവിഷനുകൾ എന്നിവയുടെ നിർമ്മാണരംഗത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് കെൽട്രോൺ. അതിനിടയിലാണ് സൂപ്പർ കപ്പാസിറ്റർ നിർമ്മാണരംഗത്തേക്ക് കടന്നത്. നേരത്തെ തന്നെ കപ്പാസിറ്ററുകളുടെ നിർമ്മാണത്തിൽ കെൽട്രോണിന് സുപ്രധാനമായ സ്ഥാനമുണ്ടായിരുന്നു.

ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് പ്രതിരോധ ആവശ്യങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂപ്പർ കപ്പാസിറ്ററുകളെന്നത് ഏറ്റവും ഉയർന്ന ശേഷിയുള്ളവയാണ്. അതിനാൽ ഇരുചക്രങ്ങൾ മുതൽ ബഹിരാകാശ പേടകങ്ങളിൽവരെ ഉപയോഗിക്കുന്ന ഘടകവുമാണ്. ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉല്പന്നമാണെന്നാണ് ഇതുസംബന്ധിച്ചുള്ള വിദഗ്ധരുടെ വിശദീകരണം. ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് നൂറ് മടങ്ങ് ഊർജം സംഭരിക്കാൻ കഴിവുള്ളവയാണിവ. അതുകൊണ്ട് ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി സാധിക്കുകയും ചെയ്യും. ഇന്ന് തുടക്കമാകുന്ന പുതിയ പ്ലാന്റിൽ ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ സാധിക്കും. ഓർഗാനിക് ഇലക്ട്രോലൈറ്റിനൊപ്പം ആക്ടിവേറ്റഡ് കാർബൺ ഇലക്ട്രോഡിനെ അടിസ്ഥാനമാക്കിയാണ് സൂപ്പർ കപ്പാസിറ്ററുകൾ നിർമ്മിക്കുന്നത്. ഐഎസ്ആർഒ, ഡിആർഡിഒ, സിഎംഇടി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

42 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിനായി 18 കോടി രൂപയാണ് ചെലവഴിച്ചത്. നാലു കോടി രൂപ ചെലവിൽ ഡ്രൈറൂമുകളും ഇറക്കുമതി ചെയ്തവയുൾപ്പെടെ 11ൽ പരം മെഷീനറികളും ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നു. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്ന് കോടി രൂപയുടെ വാർഷിക ലാഭവുമാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കെസിസിഎൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉല്പാദകരിലൊന്നായി മാറുകയും ചെയ്യും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവയെ വിപുലീകരിക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ശക്തമായ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നടപടിക്രമങ്ങൾ ലഘൂകരിച്ചും നിയമങ്ങളിൽ ഇളവ് നൽകിയും വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നു. അതിന്റെ ഫലമായാണ് സംരംഭക വർഷം പദ്ധതിയിൽ പ്രതീക്ഷിച്ചതിനെക്കാൾ ചെറുകിട വ്യവസായങ്ങളും തൊഴിൽ സൃഷ്ടിയും സാധ്യമാക്കാനായത്. അതിന്റെ ഭാഗമായാണ് സൂപ്പർ കപ്പാസിറ്റർ രംഗത്തേക്കുള്ള കെൽട്രോണിന്റെ കടന്നുവരവ്. കേന്ദ്ര പ്രതിരോധ വകുപ്പ്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്‍ആർഒ) എന്നിവയ്ക്കുവേണ്ടിയുള്ള ഉല്പന്നങ്ങളുടെ നിർമ്മാണ നിർവഹണം ഏറ്റെടുക്കാറുള്ള കെൽട്രോണിന്റെ പുതിയ കാൽവയ്പ് വലിയ സാമ്പത്തിക നേട്ടത്തിനും കാരണമാകുമെന്നുറപ്പാണ്.

Exit mobile version