1917ലെ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വഴികാട്ടിയും ചാലകശക്തിയുമായിരുന്നു മഹാനായ ലെനിൻ. ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ ശില്പിയായ ലെനിൻ 1924 ജനുവരി 21ന് അന്തരിക്കുമ്പോൾ 54 വയസായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ നിർണായക സംഭവമായ ഒക്ടോബർ വിപ്ലവത്തിന്റെ സിദ്ധാന്തവുമായും പ്രയോഗവുമായും ഇഴുകിചേർന്നതാണ് ലെനിൻ എന്ന പേര്. മാർക്സിന്റെയും ഏംഗൽസിന്റെയും വിപ്ലവ സിദ്ധാന്തങ്ങളെ വികസിപ്പിച്ചെടുത്ത ലെനിന്റെ സൈദ്ധാന്തിക പ്രവർത്തനങ്ങൾ സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അസാധാരണമായ സംഗമമായിരുന്നു. മരണത്തിന് 100 വർഷങ്ങൾക്ക് ശേഷവും താൻ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച ലോകമെമ്പാടുമുള്ള തൊഴിലാളിവർഗത്തിന്റെ കൂട്ടായ ഓർമ്മകളിൽ അദ്ദേഹം ജീവിക്കുന്നു.
ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക് പാർട്ടി റഷ്യൻ തൊഴിലാളിവർഗത്തിന്റെയും പാവപ്പെട്ട കർഷകർ ഉൾപ്പെടെ ഇതര മർദിത ജനവിഭാഗങ്ങളുടെയും വർഗസമരത്തെ മുന്നോട്ട് നയിച്ച് ചരിത്രത്തിലെ സമാനതകളില്ലാത്ത കരുത്തായി മാറി. ബോൾഷെവിക്കുകളുടെ വിപ്ലവ മുന്നേറ്റങ്ങൾ ഫ്യൂഡലിസത്തിനും സാമ്രാജ്യത്വത്തിനും മേൽ തൊഴിലാളിവർഗത്തിന്റെ വിജയപതാക പാറിച്ചു. ഇതാണ് ‘മഹത്തായ ഒക്ടോബർ ജനാധിപത്യ സോഷ്യലിസ്റ്റ് വിപ്ലവം’. അത് ഫ്യൂഡലിസത്തെയും കുത്തക സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്തുകയും ചരിത്രത്തിലാദ്യമായി സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് വഴിതുറക്കുകയും ചെയ്തു. ലെനിന്റെ ശാസ്ത്രീയ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അമൂല്യമാണ്. വൈരുധ്യാത്മക ഭൗതികവാദം തത്വശാസ്ത്രം, രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ, ശാസ്ത്രീയ കമ്മ്യൂണിസം എന്നിങ്ങനെ മാർക്സിസത്തിന്റെ എല്ലാ ഘടകങ്ങളെയും അദ്ദേഹം വികസിപ്പിച്ചു. “സാമ്രാജ്യത്വം-മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം” എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ വർത്തനമാനകാലത്തും ലോകത്തിനും തൊഴിലാളിവർഗത്തിനും കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്ക് പ്രത്യേകമായും കാലികവും അമൂല്യവുമാണ്.
വ്ലാദിമർ ഇല്ലിച്ച് ലെനിൻ മുഖ്യമായും രണ്ട് കാര്യങ്ങളിലൂടെ അമരത്വം നേടി. ഒക്ടോബർ വിപ്ലവത്തിന്റെ നേതാവ് എന്ന നിലയിലുള്ള വിപ്ലവ പ്രവർത്തനങ്ങളിലൂടെയും സാമ്രാജ്യത്വ കാലഘട്ടത്തിൽ മാർക്സിസത്തെ വികസിപ്പിച്ചെടുത്ത സൈദ്ധാന്തിക സംഭാവനകളിലൂടെയും. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വിജയത്തിന് റിവിഷനിസത്തിനും (പുനഃപരിശോധനാവാദം) അവസരവാദത്തിനുമെതിരെയുള്ള പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ വ്യാജ വിപ്ലവ വാചാടോപങ്ങളും അതിസാഹസികതയും അദ്ദേഹം എതിർത്തു. ഒന്നാം ലോകമഹായുദ്ധ സമയത്ത് സാമ്രാജ്യത്വത്തിന്റെ സവിശേഷതകൾ തിരിച്ചറിയുന്നതിനും വികാസം വിശകലനം ചെയ്യുന്നതിനും മാർക്സും ഏംഗൽസും വിവരിച്ച മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രവണതകളെ ലെനിൻ ഉപയോഗിച്ചു. ലെനിനിസ്റ്റ് സിദ്ധാന്തം കുത്തക മുതലാളിത്തത്തിന്റെ തനതുപ്രത്യേകത സമഗ്രമായി വിശദീകരിച്ചു.
മാത്രമല്ല, 1917 ഒക്ടോബർ വിപ്ലവത്തിന്റെ വിജയകരമായ തന്ത്രത്തെ രൂപപ്പെടുത്തുന്ന സൈദ്ധാന്തിക വഴികാട്ടിയായി ഇത് മാറുകയും ചെയ്തു. മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രവണതകൾ വിശകലനം ചെയ്ത് ഒന്നാം ലോകമഹായുദ്ധകാലത്ത് സാമ്രാജ്യത്വത്തിന്റെ സവിശേഷതകളെ ലെനിൻ വ്യക്തമാക്കി. ‘സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം’ എന്ന വിഖ്യാത രചനയിൽ അദ്ദേഹം എഴുതി — “…ലോകത്തെമ്പാടുമുള്ള മഹാഭൂരിപക്ഷം ജനങ്ങളെയും ഒരുപിടി ‘വികസിത’ രാജ്യങ്ങൾ സാമ്പത്തികമായും കോളനിവൽക്കരണത്തിലൂടെയും ശ്വാസംമുട്ടിക്കുന്ന ഒരു ആഗോള വ്യവസ്ഥയായി മുതലാളിത്തം വളർന്നിരിക്കുന്നു. ഈ കൊള്ളമുതൽ പങ്കിടുന്നതിനായി സായുധരായ വൻശക്തികൾ ലോകത്തെ മുഴുവൻ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്.”
ലോകമഹായുദ്ധത്തിലെ സാമ്രാജ്യത്വ പ്രതിസന്ധികളെ വിപ്ലവകരമായ അട്ടിമറികൾക്കായി ഉപയോഗിക്കാനും കോളനികളിലെ വിദേശാധിപത്യവിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. യുദ്ധകാലത്തെ സാമ്രാജ്യത്വ പ്രതിസന്ധിയും സാമ്രാജ്യത്വത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളും സാമ്രാജ്യത്വ ഭരണകൂടങ്ങളെ വിപ്ലവകരമായി അട്ടിമറിക്കുന്നതിന് പ്രയോഗിക്കാനും അത്തരം രാജ്യങ്ങളിൽ വിപ്ലവ ഭരണകൂടങ്ങൾ സ്ഥാപിക്കാനും ലെനിൻ നിർദേശിച്ചു. ദേശീയ ബൂർഷ്വാസിയുമായി സഖ്യത്തിൽ ചേർന്ന് കൊളോണിയൽ വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമായ സ്വാതന്ത്ര്യ മുന്നേറ്റങ്ങളെ തീവ്രമാക്കാനും പ്രേരണ പകർന്നു. സാമ്രാജ്യത്വങ്ങൾക്കിടയിലുള്ള വൈരുധ്യവും പ്രധാനമായ മുതലാളിത്ത കേന്ദ്രങ്ങൾ തമ്മിലുള്ള മത്സരവും കണക്കിലെടുക്കണം. 1917 ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തിലേക്ക് നയിച്ച ബോൾഷെവിക്കുകളുടെ പങ്ക് മികച്ച ഉദാഹരണമാണ്.
ഓരോ രാജ്യത്തിലെയും തൊഴിലാളിവർഗ പ്രസ്ഥാനം അവരുടെ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് വിശാലമായ ഒരു ബൂർഷ്വാ ജനാധിപത്യ വിപ്ലവം നടത്തുന്നതിന് വിശാലമായ ജനാധിപത്യ സഖ്യം രൂപീകരിക്കണമെന്ന് അത് പ്രായോഗികമായി തെളിയിച്ചു. വിപ്ലവ പ്രക്രിയയെ ഒരു അവിഭാജ്യമായ സമഗ്രതയായി ലെനിൻ കണ്ടു. സാമ്രാജ്യത്വ ശൃംഖലയിലെ ഏറ്റവും ദുർബലമായ കണ്ണിയാണ് സാറിസ്റ്റ് റഷ്യയെന്നും അദ്ദേഹം കണ്ടെത്തി. വിപ്ലവത്തിന് പാകമായിരിക്കുന്ന ഇടം. 1917 ലെ റഷ്യൻ വിപ്ലവം, സോവിയറ്റ് വിപ്ലവം, ലോക തൊഴിലാളിവർഗ വിപ്ലവം കൊളോണിയൽ വിരുദ്ധ ദേശീയ വിപ്ലവ പോരാട്ടം എന്നിവ ഉൾക്കൊള്ളുന്ന ഒരു ലോക വിപ്ലവ പ്രക്രിയയ്ക്ക് ആരംഭം നൽകി.
കൊളോണിയൽ നുകത്തിൽ നിന്ന് മോചനം നേടുന്നതിന് വിശാലമായ ഒരു സഖ്യം രൂപീകരിക്കാൻ അദ്ദേഹം സാമ്രാജ്യത്വ ചൂഷണത്തിലുള്ള കൊളോണിയൽ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. ഉയർന്നുവരുന്ന തൊഴിലാളിവർഗ — കമ്മ്യൂണിസ്റ്റ് ശക്തികൾ ദേശീയ വിമോചനത്തിന്റെ അത്തരം പോരാട്ടങ്ങളിൽ പങ്കെടുക്കുന്നതിലും ജനതയെ അണിനിരത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കണം. ദേശീയ വിമോചനത്തിനായി വിശാലമായ സഖ്യം രൂപീകരിക്കാൻ അദ്ദേഹം കിഴക്കൻ കമ്മ്യൂണിസ്റ്റുകാരോട് ആവശ്യപ്പെട്ടു. അതിനെ അദ്ദേഹം ബൂർഷ്വാ ജനാധിപത്യ വിപ്ലവം എന്ന് വിശേഷിപ്പിച്ചു. ബൂർഷ്വാ നേതൃത്വത്തിലാണെങ്കിലും അവരുടെ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളിലും പങ്കെടുക്കണം.
1920ലെ തന്റെ കൊളോണിയൽ തീസിസുകളിൽ ലെനിൻ ഇത് കൂടുതൽ വ്യക്തമാക്കി. മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം കഴിഞ്ഞ് 109 വർഷങ്ങളും ലെനിന്റെ മരണശേഷം 102 വർഷങ്ങളും പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ പൈതൃകം ഉന്നതശോഭയിൽ നിലകൊള്ളുന്നു. 1989–91 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെയും തകർച്ചയെത്തുടർന്ന് സാമ്രാജ്യത്വ ശക്തികൾ സോഷ്യലിസം മരിച്ചുവെന്നും ആ ചരിത്രം അവസാനിച്ചു എന്നും ആർത്തുവിളിച്ചു. എന്നാൽ ചരിത്രം തന്നെ അവരെ തിരുത്തി. സാമ്രാജ്യത്വത്തിന്റെ ജീർണത മാർക്സിസം — ലെനിനിസം സജീവമെന്ന് ആവർത്തിച്ച് തെളിയിക്കുന്നു. ചൂഷണത്തിൽ നിന്നും മനുഷ്വത്വരാഹിത്യത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുന്ന ഏക പ്രത്യയശാസ്ത്രമായി അത് വീണ്ടും മുൻനിരയിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യും.

