Site iconSite icon Janayugom Online

രാജ്യം വിളിക്കുന്നു

പ്രതിസന്ധിയിലാണ് കേന്ദ്രഭരണകൂടം. മുന്നിലുള്ള വെല്ലുവിളികൾ അവർ തിരിച്ചറിയുന്നുമുണ്ട്. അവരുടെ പ്രത്യയശാസ്ത്ര ഭണ്ഡാരമായ ആർഎസ്എസ് തങ്ങളുടെ വീണ്ടെടുപ്പിന് ഉതകുന്ന വരുംകാല പദ്ധതികളുടെ രൂപകല്പനയുടെ തിടുക്കത്തിലുമാണ്.  ഏതാനും മാസങ്ങൾ മുമ്പ് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലിലും അവർ വിജയിച്ചു. വിജയാഘോഷങ്ങളും ഗംഭീരമായി. പക്ഷെ, വരാനിരിക്കുന്ന ദുർഘടകാലങ്ങൾ സംഘ്പരിവാർ സംവിധാനത്തെ ഉറ്റുനോക്കുന്നു. വിഴുങ്ങാനിരിക്കുന്ന ആ പ്രതിസന്ധിക്കു നിദാനം സാമ്പത്തികവും രാഷ്ട്രീയവുമാണ്. ആർഎസ്എസ് ഇതറിയുന്നുണ്ട്. സമസ്തമേഖലയിലുമുള്ള ജനങ്ങൾ കൊടിയ ദുരിതത്തിലേക്ക് വഴുതുകയുമാണ്. തങ്ങൾക്കു പരിഹരിക്കാവുന്നതിനപ്പുറമാണ് ഇത്തരം വർത്തമാന, വരുംകാല പ്രതിസന്ധിയെന്നും പരിവാർ തിരിച്ചറിയുന്നു. ജീവിതത്തിന്റെ ദുരിത സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ ബിജെപിയുടെ രാഷ്ട്രീയ സ്വപ്നങ്ങൾ മുടിയും.

പൊതുസമൂഹത്തെ ഹീനമായ പ്രവൃത്തികളിലേക്ക് ആനയിക്കുക എന്നതാണ് ആർഎസ്എസ് കാണുന്ന മറുവിധിയും തന്ത്രവും. എത്രത്തോളം കൂടുതലായി ആളുകൾ അതിൽ മുഴുകുന്നുവോ അതിലേറെ അവർ ജീവിതത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിക്കുന്നു. ജനങ്ങൾ വെറുപ്പും വിദ്വേഷവും നിറയുന്ന ഒരു ലോകത്ത് ജീവിക്കണമെന്ന് ആർഎസ്എസ്-ബിജെപി നേതൃത്വം ആഗ്രഹിക്കുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, പകർച്ചവ്യാധി, മരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും ആരും ചോദിക്കരുതെന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഭരണകക്ഷിയായ ബിജെപിയെയാകട്ടെ പ്രതിലോമ രാഷ്ട്രീയമുള്ള വേറൊരു വലതുപക്ഷ ഭരണമായി കണക്കാക്കാനാവില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം അതിന്റെ എല്ലാ അടിസ്ഥാന സ്വഭാവങ്ങളോടും ചേർന്ന പാർട്ടിയാണിത്. വംശീയ അഹങ്കാരവും ധനമൂലധനത്തോടുള്ള അടിമത്തവും ഇഴചേർന്ന ഹിറ്റ്ലർ ശൈലിയുടെ രാഷ്ട്രീയചേരുവകളിൽ പാകപ്പെടുത്തിയതാണത്. പ്രചാരണത്തിൽ വിദഗ്ധരായ അവർ തങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് എന്തെല്ലാം വേണമോ അതെല്ലാം ചെയ്യുന്നു.


ഇതുകൂടി വായിക്കൂ: ധ്രുവീകരണായുധമായി ഇനി മുതല്‍ ഹിന്ദി ഭാഷയും


തെരഞ്ഞെടുപ്പിലെ ബിജെപി വിജയം, പ്രതിപക്ഷ പാർട്ടികൾക്കിടയിലെ അനൈക്യത്തിന്റെ ഫലമാണെന്ന് ആർഎസ്എസിന് അറിയാം. വിശ്വസനീയമായ ഒരു രാഷ്ട്രീയ ബദലിന്റെ അഭാവത്തിൽ മാത്രമേ ബിജെപിക്ക് വിജയം നേടാനാകൂ. കേരളം, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ പ്രകടമായതുപോലെ വിശ്വസനീയമായ ഒരു ബദൽ മുന്നോട്ടുവച്ചാൽ ജനങ്ങൾ ബദൽ തെരഞ്ഞെടുക്കും.
എന്നാൽ ബദൽ വേദി യാഥാർത്ഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്താൻ ആർഎസ്എസ്-ബിജെപി എന്തുതന്ത്രവും മെനയും. അതുകൊണ്ട് രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്താനുള്ള രാഷ്ട്രീയക്കളിക്ക് കേന്ദ്ര അന്വേഷണ ഏജൻസികളെ വിന്യസിക്കുകയാണ്.
‘ആത്മനിർഭർ ഭാരത്’ എന്ന പേരിൽ അവർ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങൾ സ്വാശ്രയ ഇന്ത്യക്ക് വിനാശകരവും ജനങ്ങൾക്ക് ദുരന്തവുമാണ്. ദേശീയ ധനസമ്പാദന പദ്ധതി, ബാങ്കുകളുടെ ലയനം, ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം തുടങ്ങിയ നിർദേശങ്ങളെല്ലാം അതിസമ്പന്നരുടെ ആകാശം കവിഞ്ഞ അത്യാഗ്രഹത്തിൽ കേന്ദ്രീകൃതമാണ്. ഹൃദയവും ആത്മാവും നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അടിയറവച്ചിരിക്കുന്നു. ഇത്തരം നയങ്ങൾ ദാരിദ്ര്യവും തൊഴിലില്ലായ്മയും ബുദ്ധിമുട്ടുകളും മാത്രമേ സാധാരണക്കാർക്ക് സമ്മാനിക്കൂ. ഈ പശ്ചാത്തലത്തിലാണ് ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ജനങ്ങളുടെ മാനസികാവസ്ഥ തങ്ങളുടെ നയങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് ഭരണകൂടത്തിന് ബോധ്യവുമാണ്. കർഷക സമരത്തിന്റെ വിജയം എല്ലാവർക്കും മികച്ച പാഠവുമാണ്.

ഒരു പോരാട്ടം വിജയിക്കുന്നതിന് വിശാലാടിസ്ഥാനത്തിലുള്ള ഐക്യത്തിന്റെ ആവശ്യകത ഇത് അടിവരയിടുന്നു. മാർച്ച് 28,29 തീയതികളിലെ തൊഴിലാളികളുടെ പൊതു പണിമുടക്കിന്റെ അനുഭവവും ഇതേ സന്ദേശമാണ് നൽകുന്നത്. ആർഎസ്എസ്-ബിജെപി കുടുംബം ജനങ്ങളുടെ ഇടയിൽ വർധിച്ചുവരുന്ന അസംതൃപ്തിയും അവരുടെ മാനസികാവസ്ഥയും കരുതലോടെ വീക്ഷിക്കുന്നുണ്ട്.  2024ലെ തെരഞ്ഞെടുപ്പ് വരെ ഇതേ മനോഭാവമാണ് ജനമനസുകളിൽ എങ്കിൽ പരാജയമാകും ഫലമെന്ന് സംഘ്പരിവാർ തിരിച്ചറിയുന്നുമുണ്ട്. ഫാസിസ്റ്റ് പരിവാറിന് ഇത്തരമൊരു പരാജയം ചിന്തിക്കാൻ പോലും കഴിയില്ല. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായുള്ള അവരുടെ തന്ത്രങ്ങൾ വ്യക്തവുമാണ്. ജനതയെ അവരുടെ ദുരിതങ്ങളിലേക്ക് ചിന്തിക്കാൻ അനുവദിക്കരുത്. ജനം തങ്ങളുടെ സങ്കടങ്ങൾക്ക് ഉത്തരം തേടരുത്. ഭരണകൂട നയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ജനതയെ തടയണം. തങ്ങളുടെ ആയുധപ്പുരയിൽ, ഈ ലക്ഷ്യങ്ങൾ നിറവേറ്റാൻ വിദ്വേഷത്തിന്റെ ആയുധങ്ങൾ മാത്രമാണ് ആർഎസ്എസ് സംഭരിച്ചിരിക്കുന്നത്. അതിതീവ്ര ദേശീയതയുടെയും മതമൗലികവാദത്തിന്റെയും ആശയങ്ങൾ കൊണ്ട് ആയുധങ്ങളുടെ മുന കൂർപ്പിക്കുന്നു. ഇത്തരം രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ദൈവങ്ങളും ഉത്സവങ്ങളും വിശ്വാസവും പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു.


ഇതുകൂടി വായിക്കൂ: വൈദ്യുതി പ്രതിസന്ധി കേന്ദ്രത്തിന്റെ മറ്റൊരു പിടിപ്പുകേട്


 

രാജ്യത്തെ പല സംസ്ഥാനങ്ങളിലും രാമനവമി ആഘോഷവേളയിൽ സംഭവിച്ചത് അതാണ്. സാമുദായിക സംഘർഷം ആളിക്കത്തിക്കാൻ ആർഎസ്എസ് ആഘോഷവേളയെ ഉപയോഗിച്ചു. ഫാസിസ്റ്റ് വിദ്വേഷത്തിന്റെ ഈ വിഷം ജെഎൻയുവിലെ ചരിത്രപ്രസിദ്ധമായ കാമ്പസിലും ചീറ്റാൻ സംഘ്പരിവാർ മടിച്ചില്ല. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ചുവിടാൻ രാമനവമിയും നോൺ വെജിറ്റേറിയൻ മെനുവും കൂട്ടിച്ചേർത്തു. രാമനവമി ഏറ്റുമുട്ടലുകൾ വിശാലവും നീണ്ടുനിൽക്കുന്നതുമായ ഒട്ടേറെ കണക്കുകൂട്ടലുകൾ നിറഞ്ഞതായിരുന്നു. ആ ലക്ഷ്യങ്ങൾ സംഘ്പരിവാറിന്റെ രാഷ്ട്രീയ തന്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ ജനങ്ങൾ ഒറ്റക്കെട്ടായി വരരുത്.

സാമുദായിക അടിസ്ഥാനത്തിൽ ജനങ്ങളെ ധ്രുവീകരിക്കാൻ പരിവാർ ആഗ്രഹിക്കുന്നു. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ എല്ലാം പുറംപോക്കുകളിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. നിരപരാധികളായ വിദ്യാർത്ഥികൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ഈ ആക്രമണങ്ങൾ അവരുടെ ഒത്താശയോടെ ആസൂത്രണം ചെയ്തതാണെന്ന് അധികാരികളുടെ നിസ്സംഗസമീപനം ബോധ്യപ്പെടുത്തുന്നു. ആർഎസ്എസ് എന്ന വർഗീയ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വിവിധങ്ങളായ രൂപകല്പനയുടെ തുടർച്ചയാണിത്. സകല കരുത്തോടും കൂടി ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. മതേതര ഇന്ത്യയുടെ ആണിക്കല്ലിളക്കാൻ പോന്ന നീക്കങ്ങളാണ് ആർഎസ്എസ് നടത്തുന്നത്. ആർഎസ്എസ്, ബിജെപി കൂട്ടത്തിന് അധികാരമോഹം മാത്രമേയുള്ളൂ. പക്ഷേ, ജനങ്ങളുടെ മനസിൽ ഈ മഹത്തായ രാജ്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുണ്ട്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും സ്വപ്നങ്ങൾ പേറുന്ന, ഭരണഘടനാ മൂല്യങ്ങൾ നെഞ്ചേറ്റുന്ന ജനങ്ങൾക്ക് വിജയിക്കാനാകണം. കടന്നുപോകുന്ന ഓരോ ദിവസവും രാജ്യത്തിന് നിർണായകമാണ്. മതേതര ജനാധിപത്യ, ഇടതുപക്ഷ ശക്തികൾ എപ്പോഴും ജാഗ്രതയിലായിരിക്കണം.

Exit mobile version