Site iconSite icon Janayugom Online

ജനദുരിതങ്ങൾ മറച്ചുവയ്ക്കാൻ മോഡിയുടെ വന്ദേമാതരം വായന

മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് രൂപയുടെ മൂല്യമിടിഞ്ഞ് ഒരു ഡോളറിന് 50 രൂപ നിരക്കിലെത്തിയപ്പോൾ അതിനെതിരെ ആഞ്ഞടിച്ചൊരു സംസ്ഥാന മുഖ്യമന്ത്രിയുണ്ടായിരുന്നു ഇന്ത്യയിൽ. പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്ന ഇന്ത്യയിലെ ഭരണാധികാരികൾ വീണ വായിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ, നരേന്ദ്ര മോഡിയെന്ന് പേരുള്ള, ഗുജറാത്തിലെ ആ മുഖ്യമന്ത്രി 11 വർഷമായി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. രൂപയുടെ മൂല്യം 90 കടന്ന് കുതിക്കുകയാണ്. അപ്പോൾ മോഡി ഇന്ത്യയുടെ പാർലമെന്റിൽ വന്ന് വന്ദേമാതരം പാടുന്നു. പൊതുമേഖലാ വിമാനക്കമ്പനികൾ വിറ്റ്, കുത്തകവൽക്കരണം നടപ്പിലാക്കിയതിന്റെ ഫലമായി നാടണയാനും തൊഴിലിടത്തിലെത്താനുമാകാതെ പതിനായിരങ്ങൾ വിമാനത്താവളങ്ങളിൽ ഗതികെട്ട് നിൽക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്. തൊഴിലില്ലായ്മ ഇതുവരെയില്ലാത്തത്രയും ഉയരത്തിലാണെന്ന കണക്കുകൾ നമുക്ക് മുന്നിൽ തുറന്നിട്ടത് കേന്ദ്ര സർക്കാരിന്റെ ആനുകാലിക തൊഴിൽ ശക്തി സർവേ തന്നെയാണ്. 

ലോകത്തെ 130 കോടി പട്ടിണിക്കാരിൽ 24 കോടിയോളം ജീവിക്കുന്നത് ഇവിടെയാണെന്ന കണക്കുകൾ പുറത്തുവന്നിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. ആ നേരത്താണ് വന്ദേമാതര ഗാനത്തിന്റെ 150-ാം വാർഷികത്തെ മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ആഘോഷമാക്കുന്നത്. ജോലി സമ്മർദംകൊണ്ട് 30ലധികം ബൂത്ത് ലെവൽ ഓഫിസർമാരും അത്രയും തന്നെ സമ്മതിദായകരും ആത്മഹത്യയിലൂടെയും കുഴഞ്ഞുവീണും മരിച്ച തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) സംബന്ധിച്ച് സഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കുന്നതിന്, മൂന്ന് ദിവസം സഭ സ്തംഭിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധം വേണ്ടിവന്നു. എന്നാൽ 150 വർഷം മുമ്പ് രചിക്കപ്പെട്ട വന്ദേമാതരം എന്തുകൊണ്ട് ദേശീയ ഗാനമായില്ലെന്ന് കണ്ടെത്തുന്നതിനും അതിന്റെ കാരണമായി വ്യാജ നിർമ്മിതികൾ അവതരിപ്പിക്കുന്നതിനും ജനപ്രതിനിധി സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിവച്ച ചർച്ചയ്ക്ക് 12 മണിക്കൂറാണ് വിനിയോഗിച്ചത്. 

ഇവിടെയാണ് മോഡിയെന്ന കുറുക്കൻ കൗശലക്കാരനെ തിരിച്ചറിയേണ്ടത്. ഇപ്പോൾ മേൽപറഞ്ഞ ജീവിത പ്രശ്നങ്ങൾക്കുമേൽ വന്ദേമാതരം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. മടിത്തട്ട് മാധ്യമങ്ങൾ (ഗോദി മീഡിയ) വന്ദേമാതരത്തോട് പൂർവസൂരികൾ ചെയ്തതെന്ന് മോഡി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന വ്യാജചരിത്രങ്ങൾക്ക് വൻ പ്രാധാന്യം നൽകുന്നു. വന്ദേമാതരം ദേശീയ ഗാനമാകാതെ പോയതിന് ജവഹർലാൽ നെഹ്രു ഉൾപ്പെടെ സ്വാതന്ത്ര്യ സമരനേതാക്കളെ കുറ്റപ്പെടുത്തുകയാണ് മോഡി ചെയ്തത്. മുഹമ്മദലി ജിന്നയോട് നെഹ്രു ഉൾപ്പെടെ നേതാക്കൾ പ്രീണനം കാട്ടിയെന്ന പ്രസ്താവനയിലൂടെ മുസ്ലിം വിദ്വേഷവും ഹിന്ദുത്വ വികാരവും ഒരുപോലെ തൊട്ടുണർത്തുകയാണ് മോഡി. ഒരാഴ്ച മുമ്പാണ് ബാബറി മസ്ജിദിന്റെ പേരിൽ സമാനമായ പ്രസ്താവന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൽ നിന്നുണ്ടായത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു പൊതുഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് നിർമ്മിക്കാൻ ആഗ്രഹിച്ചുവെന്നും സർദാർ പട്ടേൽ അതിന് അനുവദിച്ചില്ലെന്നുമായിരുന്നു രാജ്നാഥിന്റെ പ്രസ്താവന. ബാബറി മസ്ജിദ് തകർക്കപ്പെട്ടിട്ട് 33 വർഷം പിന്നിടുന്നതിനിടെ ഇത്തരമൊരു ആഖ്യാനം കേട്ടതായി തോന്നുന്നില്ല. അതേരീതിയാണ് വന്ദേമാതരത്തിന്റെ പേരിലുമുണ്ടായിരിക്കുന്നത്. ഇതുവരെയില്ലാതിരുന്ന കണ്ടെത്തലുകൾ അവതരിപ്പിക്കുകയായിരുന്നു മോഡി. 

സ്വാതന്ത്ര്യസമരത്തിന്റെ പരിസരങ്ങളിൽ പോലും വന്നിട്ടില്ലാത്തവർക്ക് അക്കാല യാഥാർത്ഥ്യങ്ങൾ നേരിട്ടറിയണമെന്നില്ല. പക്ഷേ അതവർക്ക് വായിച്ചുപഠിക്കാവുന്നതാണ്. രചിക്കപ്പെട്ട കാലത്ത് വന്ദേമാതരത്തിലെ ചില വരികൾ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും മതേതര സ്വഭാവമുള്ള ഒരു രാജ്യത്തിന് അനുയോജ്യമായ അന്തഃസത്ത മുഴുവനായും അതിൽ അടങ്ങിയിട്ടില്ലെന്ന വസ്തുതയാണ് ദേശീയഗാനമായി അംഗീകരിക്കുന്നതിന് വിഘാതമായത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾക്കിടയിൽ അതുസംബന്ധിച്ച സംവാദങ്ങൾ സ്വാഭാവികമായും ഉണ്ടാകുകയും ചെയ്തു. അതിൽ നെഹ്രു ഒരു പക്ഷത്തോ ജിന്ന മറുപക്ഷത്തോ ആയിരിക്കുകയും ചെയ്തിരിക്കാം. അതുകൊണ്ടാണ് എല്ലാവിധ വൈവിധ്യങ്ങളും ഉൾക്കൊള്ളുന്ന ഒരു രാജ്യത്തിന്റെ ആന്തരിക ശക്തിയും അതേസമയം വിച്ഛിന്നതയും ഒരുപോലെ പ്രകടിപ്പിക്കുന്ന രബീന്ദ്ര നാഥ് ടാഗോറിന്റെ ജനഗണ മന ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടത്. ഈ വസ്തുതകൾ മറച്ചുവച്ച് കേവലം നുണകളാണ് മോഡി അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്. വിദ്വേഷവും വിഭജനമനോഭാവവും സൃഷ്ടിച്ച് വലതുപക്ഷ തീവ്ര ഹിന്ദുത്വത്തെ ശക്തിപ്പെടുത്തുകയും സാമുദായിക ധ്രുവീകരണമുണ്ടാക്കി അതിലൂടെ വരാനിരിക്കുന്ന ചില സംസ്ഥാനങ്ങളിലെയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടുറപ്പിക്കുകയുമാണ് ലക്ഷ്യം.

2026 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പശ്ചിമ ബംഗാളും അസമുമുണ്ട്. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ വേണ്ടത്ര ഏശാനിടയില്ലെങ്കിലും മറ്റ് രണ്ടിടങ്ങളില്‍ അല്പമെങ്കിലും വോട്ട് സമാഹരിക്കാൻ ഈ വിവാദം കൊണ്ട് സാധിച്ചേക്കുമെന്നത് മോഡിയുടെയും കൂട്ടരുടെയും ദുഷ്ടബുദ്ധിയിൽ ഉദിച്ചതാണ്. വന്ദേമാതരം രചയിതാവായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ബംഗാളിയെന്ന സ്വത്വവും ആന്തരികാർത്ഥത്തിൽ തീവ്ര ഹിന്ദുത്വ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന ആ ഗീതത്തിലെ വരികളും രണ്ട് സംസ്ഥാനങ്ങളിലെയും സാമുദായിക, ഭാഷാ ധ്രുവീകരണത്തിന് സഹായിച്ചേക്കുമെന്ന കുടിലബുദ്ധിയല്ലാതെ ഈ ആഘോഷ പ്രണയത്തിൽ മറ്റൊന്നുമില്ല.

Exit mobile version