ഏഴ് ഘട്ടങ്ങളിലായി 18-ാം ലോക്‌സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം ചർച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. ഇന്ത്യക്കകത്തു മാത്രമല്ല, രാജ്യാന്തര പൗരസംഘടനകളും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നിരീക്ഷണത്തിലാക്കിയിരിക്കുന്നു. ഭരണത്തിലിരിക്കുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യവും തമ്മിലുള്ള തെരഞ്ഞെടുപ്പ് ഇത്രമേൽ ഉറ്റുനോക്കപ്പെടാൻ ഒട്ടേറെ കാരണങ്ങളുണ്ട്. അതിൽ പ്രധാനം വർഗീയ വിഭജന പ്രചരണം തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ചൊൽപ്പടിയിലാക്കിയിട്ടും വിജയം അകലെയെന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബോധ്യപ്പെട്ട പ്രധാനമന്ത്രി തന്നെ വിദ്വേഷപ്രസംഗത്തിന് നേതൃത്വം കൊടുക്കുന്നതും തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടിങ് കണക്കുകൾ പുറത്തുവിടാൻ വിമുഖത കാണിച്ചതും അട്ടിമറിശ്രമങ്ങളാണെന്ന് സൂചനയുണ്ടായതാണ് പൗരസംഘടനകൾ നിരീക്ഷണവുമായി രംഗത്തുവരാൻ കാരണം. ഇത്രമാത്രം ആക്രമണോത്സുകമായ തെരഞ്ഞെടുപ്പിന് പണക്കൊഴുപ്പ് കൂടി അകമ്പടിയാകുമ്പോൾ ജനാധിപത്യം ശരിക്കും ആശങ്കയിൽത്തന്നെയാണ്. ശതകോടികളാണ് രാഷ്ട്രീയ പാർട്ടികൾ, പ്രത്യേകിച്ച് ബിജെപി തെരഞ്ഞെടുപ്പിൽ ഒഴുക്കുന്നത്. ചില പ്രാദേശിക പാർട്ടികൾ അവയുടെ സ്വാധീനവലയത്തിന് പുറത്തുപോലും കോടികൾ ഒഴുക്കുന്നു. ഇത്തരക്കാർക്കിടയിലാണ് ഇടതുപക്ഷത്തെപ്പോലെ ജനങ്ങളെ മാത്രം വിശ്വസിച്ച് പ്രചരണം നടത്തുന്ന പാർട്ടികളുമുള്ളത് എന്നതും ശ്രദ്ധേയം.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പിടിച്ചെടുത്ത പണവും സൗജന്യവും കള്ളപ്പണത്തിന്റെ മലവെള്ളപ്പാച്ചിൽ വെളിപ്പെടുത്തുന്നു. മാർച്ച് ഒന്ന് മുതൽ മേയ് 18 വരെ 8,889 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ പിടിച്ചെടുത്തുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വെളിപ്പെടുത്തിയിട്ടുള്ളത്. കള്ളപ്പണം, മയക്കുമരുന്ന്, മദ്യം, വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാനായി എത്തിച്ച വസ്തുക്കളിൽ പകുതിയോളം (ഏകദേശം 45ശതമാനം) മയക്കുമരുന്നുകളാണ് എന്നത് ഞെട്ടിക്കുന്ന വിവരമാണ്. കൂടുതൽ കള്ളപ്പണം പിടിച്ചെടുത്തത് തെലങ്കാനയിൽ നിന്നാണ്, 114.41 കോടി. 2019ൽ ഇത് 70.98 കോടി മാത്രമായിരുന്നു. കർണാടക 92.55, ഡൽഹി 90.79, ആന്ധ്രാ പ്രദേശ് 85.32, മഹാരാഷ്ട്ര 75.49 കോടി എന്നിങ്ങനെയാണ് കണക്ക്. മദ്യം കൂടുതൽ പിടിച്ചെടുത്തത് കർണാടകയിൽ നിന്നാണ്, 175.36 കോടി. പശ്ചിമ ബംഗാൾ 90. 42,തെലങ്കാന 76.26,യുപി 53.62,മഹാരാഷ്ട്ര 49.17 കോടി എന്നിങ്ങനെയാണ് കണക്ക്. മയക്കുമരുന്ന് കൂടുതൽ പിടിച്ചെടുത്തത് മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലാണ്- 1187.8 കോടി. പഞ്ചാബ് 665.67,ഡൽഹി 358.42,തമിഴ്‌നാട് 330. 91,മഹാരാഷ്ട്ര 265.51 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾ. വിലപിടിപ്പുള്ള ലോഹങ്ങൾ പിടിച്ചെടുത്തത് കൂടുതലും ഡൽഹിയിലാണ്, 195.01 കോടി. മഹാരാഷ്ട്രയിൽ 188.18 കോടിയുടെയും ആന്ധ്രാ പ്രദേശിൽ 142.56 കോടിയുടെയും ഗുജറാത്തിൽ 128.56 കോടിയുടെയും വസ്തുക്കൾ പിടിച്ചു. സൗജന്യത്തിനായുള്ള വസ്തുക്കൾ കൂടുതൽ പിടിച്ചെടുത്തത് രാജസ്ഥാനിൽ നിന്നാണ്, 756.77 കോടി. കേരളത്തിൽ നിന്ന് പോലും ഇക്കാലയളവിൽ 15.66 കോടി രൂപ പണമായി പിടിച്ചെന്നാണ് കണക്ക്.
3.63 കോടി രൂപയുടെ മദ്യവും 45.82 കോടിയുടെ മയക്കുമരുന്നും സൗജന്യവിതരണത്തിനായി കൊണ്ടുവന്ന 5.69 കോടിയുടെ വസ്തുക്കളും സംസ്ഥാനത്തു നിന്ന് പിടിച്ചിട്ടുണ്ടെന്ന് കമ്മിഷൻ പറയുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്താകെ പിടിച്ചത് 3,476 കോടി രൂപയുടെ മൂല്യമുള്ള വസ്തുക്കളാണ് എന്നത് താരതമ്യം ചെയ്യുമ്പോൾ കള്ളപ്പണത്തിന്റെ ഒഴുക്കിന്റെ വളർച്ച ബോധ്യമാകും.
ഇത്തവണ തെരഞ്ഞെടുപ്പിൽ ആകെ 1.20 ലക്ഷം കോടിയിലധികം രൂപ ചെലവഴിച്ചേക്കുമെന്നാണ് സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ കണക്കുകൂട്ടൽ. അങ്ങനെയെങ്കില്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായിരിക്കും ഇത്. ഇതിൽ 20 ശതമാനം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവ്. ബാക്കി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും വഹിക്കുന്നതാണ്. 80 കോടി പാവങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുന്നതിന് കേന്ദ്ര സർക്കാർ ഒരു മാസം ചെലവഴിക്കുന്നത് ഏകദേശം 15,000 കോടി രൂപയാണ്. അതായത് ഏതാണ്ട് എട്ട് മാസത്തേക്ക് സൗജന്യ റേഷൻ വിതരണം ചെയ്യാൻ കഴിയുന്ന തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ ചെലവാകുമെന്ന് കണക്കാക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ 60,000 കോടിയാണ് ചെലവായത്. 2014ൽ ഏകദേശം 30,000 കോടി ചെലവഴിച്ചു. അതായത് ഓരോ അഞ്ച് വര്‍ഷത്തിലും തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയാകുന്നു. എഡിആർ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ആകെ 1,142 കോടിയാണ് ചെലവഴിച്ചത്. 626 കോടിയിലധികം രൂപയാണ് കോൺഗ്രസിന്റെ ചെലവ്. അന്ന് രാഷ്ട്രീയ പാർട്ടികൾ പരസ്യത്തിനായി മാത്രം ഏകദേശം 1500 കോടി ചെലവഴിച്ചു. ബിജെപി 650 കോടിയും കോൺഗ്രസ് 476 കോടി രൂപയുമാണ് ഇങ്ങനെ ചെലവഴിച്ചത്. അതിന്റെ ഇരട്ടിയെങ്കിലും ഇത്തവണ ചെലവഴിക്കപ്പെടുമെന്ന് കണക്കുകൂട്ടുമ്പോള്‍ കള്ളപ്പണത്തിന്റെ കുത്താെഴുക്ക് എത്രമാത്രമായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്.