Site iconSite icon Janayugom Online

പാർലമെന്റിനെയും ജനങ്ങളെയും ഇരുട്ടിൽനിർത്തുന്ന ദുരൂഹനിധികൾ

പിഎം കെയേഴ്സ് നിധി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദേശീയ പ്രതിരോധ നിധി എന്നിവ സംബന്ധിച്ച അംഗങ്ങളുടെ ചോദ്യങ്ങൾ, ലോക്‌സഭാ നടപടിക്രമങ്ങൾ സംബന്ധിച്ച ചട്ടപ്രകാരം, അനുവദിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ലോക്‌സഭാ സെക്രട്ടേറിയറ്റിനോട് നിർദേശിച്ചതായ വാർത്ത ഈ അടുത്തദിവസമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 30നാണ് ഇതുസംബന്ധിച്ച നിർദേശം ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചതത്രെ. ചോദ്യങ്ങൾ ചോദിക്കുന്നത് സംബന്ധിച്ച ചട്ടം 41 അനുസരിച്ച്, ഇന്ത്യാ ഗവണ്മെന്റിന്റെ പ്രാഥമിക പരിഗണനയിൽ വരാത്തതും, ഇന്ത്യാ ഗവണ്മെന്റിന്റെ ഉത്തരവാദിത്തപ്പെട്ട വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിൽ അല്ലാത്തതുമായ കാര്യങ്ങളെപ്പറ്റി ചോദ്യങ്ങൾ ഉന്നയിക്കാൻ പാടില്ലെന്ന നിബന്ധന ഉന്നയിച്ചാണ് മേല്പറഞ്ഞ നിധികളെപ്പറ്റിയുള്ള അംഗങ്ങളുടെ ചോദ്യങ്ങൾ അനുവദിക്കേണ്ടതില്ലെന്ന് പിഎംഒ നിഷ്കർഷിക്കുന്നത്. മേല്പറഞ്ഞ നിധികളുടെ സ്വഭാവവും അതിന് ഇന്ത്യാ ഗവണ്മെന്റുമായുള്ള ബന്ധവും പരിശോധിക്കും മുമ്പ് പാർലമെന്റിന്റെ പ്രവർത്തനം സംബന്ധിച്ച കീ‌ഴ്‌വഴക്കങ്ങളും ചട്ടങ്ങളും അനുസരിച്ച് ലോക്‌സഭാ നടപടികളിൽ ഇടപെടാനും അവയെ നിയന്ത്രിക്കാനും പിഎംഒ ശ്രമിക്കുന്നത് നിയമാനുസൃതവും ധാർമ്മികവുമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ആധുനിക പാർലമെന്ററി ജനാധിപത്യക്രമത്തിൽ നിയമനിർമ്മാണസഭ (ലെജിസ്ലേചർ), രാഷ്ട്രീയ നേതൃത്വം (എക്സിക്യൂട്ടീവ്), നീതിപീഠം (ജുഡീഷ്യറി) എന്നിവയ്ക്ക് തനതും സവിശേഷവുമായ സ്ഥാനമാണ് കല്പിച്ചുനല്കിയിട്ടുള്ളത്. അവ പരസ്പര ഇടപെടൽ കൂടാതെ സ്വതന്ത്രമായും സ്വയംഭരണാധികാരങ്ങളോടുകൂടെയും പ്രവർത്തിക്കണമെന്നാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആ അർത്ഥത്തിൽ പിഎംഒ ഇപ്പോൾ ലോക്‌സഭാ സെക്രട്ടേറിയറ്റിന് നൽകിയിട്ടുള്ള നിർദേശം നിയമനിർമ്മാണസഭയുടെ സ്വാതന്ത്ര്യത്തിലും സ്വയംഭരണാവകാശത്തിലും രാഷ്ട്രീയ നേതൃത്വത്തിന്റെ കടന്നുകയറ്റമായെ വിലയിരുത്തപ്പെടാനാവു.

പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്രമായി, എല്ലാ സ്വയംഭരണാവകാശത്തോടെയും പ്രവർത്തിക്കേണ്ട നിയമനിർമ്മാണസഭയുടെ സമ്പൂർണ നിയന്ത്രണം സഭാനാഥനിൽ, ലോക്‌സഭയിൽ സ്പീക്കറില്‍ നിക്ഷിപ്തമാണ്. ലോക്‌സഭയും ലോക്‌സഭാ സെക്രട്ടേറിയറ്റും ഗവണ്മെന്റിന്റെ അഥവാ രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങൾക്കും അധികാരപരിധിക്കും പുറത്താണ്. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയിലെ (കോൺസ്റ്റിറ്റുവെന്റ് അസംബ്ലി) ചർച്ചകളിൽ ഇത് അർത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ബ്രിട്ടീഷ് കോളനിഭരണത്തിൽ നിലനിന്നിരുന്ന ‘സെന്റൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ’ അധ്യക്ഷനായിരുന്ന വിത്തൽഭായി പട്ടേൽ ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ അന്നത്തെ വൈസ്രോയി നടത്തിയിരുന്ന ഇടപെടലിനെ ശക്തമായി ചെറുക്കുകയും അദ്ദേഹത്തിന് അതിന് വഴങ്ങേണ്ടി വന്നുവെന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ഭരണഘടനയുടെ 98-ാം അനുച്ഛേദം ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ സ്വയംഭരണാധികാരത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. ഇപ്പോൾ പിഎംഒ നടത്തിയിരിക്കുന്ന ഇടപെടൽ ആ ഭരണഘടനാ വ്യവസ്ഥയുടെ ലംഘനവും പാർലമെന്ററി ജനാധിപത്യത്തിനെതിരെ ഒരു സ്വേച്ഛാധിപതി നടത്തുന്ന വെല്ലുവിളിയുമാണ്. പാർലമെന്റിന്റെ (ഇവിടെ ലോക്‌സഭ) അന്തസും സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പ്രാഥമികമായും നിക്ഷിപ്തമായിരിക്കുന്നത് സ്പീക്കറിലാണ്. ഒരു ലോക്‌സഭാംഗം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നതോടെ അദ്ദേഹം കക്ഷിരാഷ്ട്രീയത്തിന് ഉപരിയായി സഭയിലെ ഓരോ അംഗത്തിന്റെയും അവകാശം സംരക്ഷിക്കാൻ സ്വതന്ത്രമായി പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. എന്നാൽ ഇപ്പോഴത്തെ സ്പീക്കർ തന്റെ സ്ഥാനത്തിന്റെ അന്തസും നിഷ്പക്ഷതയും പരസ്യമായി ഉപേക്ഷിച്ച് ഭരണകക്ഷിയുടെ വക്താവും, സ്വേച്ഛാധിപതിയായി മാറിയ പ്രധാനമന്ത്രിയുടെ വിശ്വസ്തവിധേയനുമായി മാറിക്കഴിഞ്ഞുവെന്നത് സഭയിലെ സമകാലിക സംഭവവികാസങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പരിണിതഫലമാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ അവിശ്വാസപ്രേമേയത്തിന് നോട്ടീസ് നൽകാൻ നിർബന്ധിതമായത്.

പിഎം കെയേഴ്സ് അടക്കം പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നിധികൾക്ക് ഗവൺമെന്റുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനും അതിലൂടെ നടക്കുന്ന ഭാരിച്ച പണമിടപാടുകൾ പാർലമെന്റിന്റെയും പൗരന്മാരുടെയും നിരീക്ഷണത്തിന് പുറത്താണെന്ന് ഉറപ്പുവരുത്താനുള്ള ശ്രമമാണ് പിഎംഒയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഈ നിധികളിലേക്ക് എത്തിച്ചേരുന്ന അനേകകോടിരൂപയുടെ സംഭാവനകൾ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ ജനങ്ങളും കോർപറേറ്റുകളടക്കമുള്ള സ്ഥാപനങ്ങളും മറ്റ് ഉദാരമതികളും അർപ്പിക്കുന്ന വിശ്വാസത്തിന്റെയും ആദരവിന്റെയും പ്രതിഫലനമാണ്. അങ്ങിനെയെങ്കിൽ അവ സംബന്ധിച്ച കണക്കുകളും അവയുടെ സ്രോതസുകളും എന്തെന്നും ഏതെന്നും അറിയാനുള്ള അവകാശം ജനപ്രതിനിധികൾക്കും ജനങ്ങൾക്കുമുണ്ട്. അവ പാർലമെന്റിനോടുപോലും വെളിപ്പെടുത്താൻ വിസമ്മതിക്കുന്നത് അവയുടെ സ്രോതസ്, വിനിയോഗം എന്നിവയെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ഇന്ത്യൻ ജനാധിപത്യ പ്രക്രിയയെയും തെരഞ്ഞെടുപ്പുകളെത്തന്നെയും നരേന്ദ്ര മോഡി കേവലം പ്രഹസനമാക്കി മാറ്റിയത് തിരുത്താൻ രാജ്യത്തെ പരമോന്നതകോടതിയുടെ ഇടപെടൽ വേണ്ടിവന്നു. അപ്പോഴേക്കും തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയയുടെ മുഖച്ഛായ തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാക്കപ്പെട്ടു. നഗ്നമായ ആ അഴിമതി പുതിയരൂപത്തിൽ തുടരുന്നതിന്റെ കഥകളാണ് ബിജെപിയുടെ ഖജനാവിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന ശതകോടികളുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അട്ടിമറികഥകളുടെ തുടർച്ചയാണ് ഇപ്പോൾ എസ്ഐആറിന്റെ രൂപത്തിൽ കളംനിറഞ്ഞാടുന്നത്. ആ നാണയത്തിന്റെ മറുവശമാണ് പ്രധാനമന്ത്രി നേതൃത്വം നൽകുന്ന ദുരൂഹനിധികളുമെന്നുവേണം കരുതാൻ.

Exit mobile version