രാജ്യത്തെ പ്രധാന നക്സൽ കേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ കഴിഞ്ഞ ദിവസം 29 നക്സലൈറ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്ന സംഭവമുണ്ടായി. ഏറ്റുമുട്ടലെന്ന് സുരക്ഷാ ഉദ്യോഗസ്ഥരും അല്ലെന്ന് നക്സലൈറ്റുകളും വിശേഷിപ്പിച്ച സംഭവം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഉണ്ടായത്. 25 ലക്ഷം രൂപ വിലയിട്ട മുതിർന്ന നേതാവ് ശങ്കർ റാവു ഉൾപ്പെടെയുള്ളവരെ വധിച്ചുവെന്നാണ് സുരക്ഷാസേന അറിയിച്ചത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ബസ്തർ ഐജി പി സുന്ദർ രാജ് അറിയിക്കുകയുണ്ടായി. എകെ 47 ഉൾപ്പെടെയുള്ള നിരവധി ആയുധങ്ങളും തിരച്ചിലിൽ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ബിനഗുണ്ഡ ഗ്രാമത്തോട് ചേർന്നുകിടക്കുന്ന വനമേഖലയിലാണ് സൈന്യത്തിന്റെ നടപടിയുണ്ടായത്. മാവോയിസ്റ്റ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡിആർജി-ബിഎസ്എഫ് സംഘം ഏറ്റുമുട്ടൽ നടത്തിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ട്. ഈ വർഷം ഇതുവരെയായി 79 നക്സലുകളെ വധിച്ചതായാണ് കണക്ക്. അവയെല്ലാം ഏറ്റുമുട്ടലുകളെന്നാണ് ഔദ്യോഗിക വിശദീകരണമുണ്ടാകാറുള്ളത്. 2019ല്‍ 65, 2020ല്‍ 36, 2021ല്‍ 47, 2022ല്‍ 30, 2023ല്‍ 24 വീതം നക്സലുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ പ്രതിരോധിക്കുന്നതിനായി അതിര്‍ത്തി രക്ഷാസേനയുടെ വിഭാഗത്തിന് പുറമെ ജില്ലാ സംരക്ഷണ സേന (ഡിആർജി) എന്ന പേരില്‍ പ്രത്യേക വിഭാഗവും രൂപീകരിച്ചിട്ടുണ്ട്. എങ്കിലും ബസ്തര്‍ മേഖലയില്‍ നിന്ന് ഇടയ്ക്കിടെ നക്സലുകളുമായുള്ള ഏറ്റുമുട്ടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഏപ്രിൽ 26നാണ് ബസ്തർ മേഖലയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏതുവിധത്തിലും മേഖലയില്‍ സമാധാനപരമായ വോട്ടെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സര്‍ക്കാരും പറഞ്ഞത്. അതിന്റെ ഭാഗമായി അരലക്ഷത്തിലധികം അധിക സൈന്യത്തെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അതിനിടയിലാണ് നക്സലുക ള്‍ സൈന്യവുമായി ഏറ്റുമുട്ടിയെന്നും 29 പേര്‍ കൊല്ലപ്പെട്ടെ ന്നും അധികൃതര്‍ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ സംഭവത്തിലും സംശയങ്ങളും ദുരൂഹതകളും ഉന്നയിക്കപ്പെടുന്നുണ്ട്.
ഇതുകൂടി വായിക്കൂ; പൊതുതെരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്കോ?
പ്രധാനമായും ഇ തുസംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളിലെ വൈരുധ്യ ങ്ങള്‍ തന്നെയാണ്. 18 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് 29 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന വിവരമാണ് പുറത്തുവരുന്നതും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതും. നേരത്തെ തന്നെ മേഖലയിലുള്ളതിന് പുറമെ 60,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി പ്രദേശത്ത് വിന്യസിച്ചതായി ജില്ലാ പൊലീസ് ഐജി അറിയിച്ചിരുന്നു. ഇത്രയും സുരക്ഷാ സന്നാഹങ്ങള്‍ നിലനില്‍ക്കെ ഏറ്റുമുട്ടലിന് നക്സലൈറ്റുകള്‍ സന്നദ്ധമായി എന്ന് വിശ്വസിക്കുവാന്‍ പ്രയാസമുള്ളകാര്യമാണ്. എങ്കിലും നമുക്ക് ഔദ്യോഗിക വിശദീകരണത്തില്‍ വിശ്വസിക്കാം. പക്ഷേ ഏറ്റുമുട്ടലുകളെല്ലാം നിഷ്കളങ്കമാണെന്ന് കരുതുവാന്‍ സാമാന്യബുദ്ധി അനുവദിക്കുന്നില്ല. കാരണം നേരത്തെയുണ്ടായ, പ്രത്യേകിച്ച് ബിജെപി അധികാരത്തിലെത്തിയതിനു ശേഷമുള്ള ചില ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാജമായിരുന്നുവെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ട സാഹചര്യത്തില്‍. മാവോയിസം സാമൂഹ്യ പ്രശ്നങ്ങളുടെ പരിഹാരമാര്‍ഗമായി അംഗീകരിക്കുന്നില്ലെങ്കിലും അവരെ വെടിവച്ച് ഇല്ലാതാക്കാമെന്ന ഫാസിസ്റ്റ് സമീപനത്തോട് യോജിക്കാനാവില്ല. പ്രധാന നക്സൽ കേന്ദ്രമെന്നറിയപ്പെടുന്ന ബസ്തർ മേഖല ആദിവാസി-ദളിത് വിഭാഗങ്ങൾ — അതും അതിദരിദ്രർ — അധിവസിക്കുന്ന പ്രദേശം കൂടിയാണ്. ജനങ്ങളുടെ ഉന്നമനം എന്ന മുദ്രാവാക്യവുമായാണ് സിപിഐ (മാവോയിസ്റ്റ്) സംഘടന ഇവിടെ പ്രവർത്തനമാരംഭിക്കുന്നത്. നിരോധിത സംഘടനയായിട്ടും സിപിഐ (മാവോയിസ്റ്റ്)ക്ക് പലപ്പോഴും സഹായങ്ങൾ ലഭിക്കുന്നതും സംരക്ഷണവലയം തീർക്കുന്നതും ദരിദ്ര ജനവിഭാഗങ്ങളാണെന്ന വിവരങ്ങൾ നേരത്തെതന്നെ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ ജനവിഭാഗങ്ങളുടെ ദാരിദ്ര്യം, തൊഴിലില്ലായ്മ, പ്രാദേശികമായ പിന്നാക്കാവസ്ഥ എന്നിവ പരിഹരിച്ച് ജനവിശ്വാസമാര്‍ജിക്കുവാന്‍ ശ്രമിക്കുക എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് സുപ്രധാനമായും അവലംബിക്കേണ്ടത്. സായുധ സമരത്തിലൂടെയും സാമൂഹ്യമാറ്റം അംഗീകരിക്കാതെയും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ വഴിമാറിപ്പോയവരെ ചര്‍ച്ചകളിലൂടെയും മറ്റും നേര്‍വഴിക്ക് നയിക്കുവാനുള്ള ശ്രമങ്ങളുമുണ്ടാകണം. ഓരോ ഏറ്റുമുട്ടലുകള്‍ നടക്കുമ്പോഴും നക്സലുകളില്ലാത്ത സാഹചര്യം സൃഷ്ടിക്കുമെന്ന് ഭരണാധികാരികള്‍ അവകാശപ്പെടുന്നുണ്ട്. ഇത്തവണയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാന പ്രതികരണം തന്നെയാണ് നടത്തിയത്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഭരണകൂട പരാജയമാണ് വ്യക്തമാക്കുന്നത്. അതുപോലെതന്നെ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ദേശബോധം ഉണര്‍ത്തുന്നതിനുള്ള മറ്റൊരു നടപടിയോ എന്ന സംശയവും അസ്ഥാനത്തല്ല. ഇതെല്ലാം കൊണ്ടുതന്നെ 29 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരേണ്ടതുണ്ട്.