Site iconSite icon Janayugom Online

ഏകാധിപത്യം ഉറപ്പിക്കുന്നതിനുള്ള പുതിയ നിയമം

ടിയന്തരാവസ്ഥയുടെ കാലൊച്ചകളാണ് നാം ഇതുവരെ കേട്ടുകൊണ്ടിരുന്നതെങ്കിൽ പ്രഖ്യാപിക്കാതെ അത് അടിച്ചേല്പിക്കുന്നതിന് പലവിധത്തിൽ രാജ്യം സാക്ഷികളാകുകയാണ്. അതിലൊന്നായി, മുഖ്യമന്ത്രിമാരുൾപ്പെടെ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനുള്ള 130-ാം ഭരണഘടനാ ഭേദഗതി ബില്ലിന് ബിജെപിയുടെ സ്വേച്ഛാധിപത്യ സർക്കാർ രൂപം നൽകിയിരിക്കുകയാണ്. ഇതടക്കം മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിന് കേന്ദ്രസർക്കാരിനും അവർ പ്രതിഷ്ഠിക്കുന്ന പാവ ഗവർണർമാർക്കും എളുപ്പവഴിയൊരുക്കുകയാണ് ഭരണഘടനാ ഭേദഗതി ബില്ലിന്റെ ആത്യന്തിക ലക്ഷ്യം. ഭരണഘടനയെയും നിയമവ്യവസ്ഥയെയും ജനാധിപത്യത്തെയും ചവറ്റു കുട്ടയിലാക്കി, അമിതാധികാരം കാട്ടുന്നതിനുള്ള അവസരമൊരുങ്ങുകയാണ് ബില്ലിലൂടെ. അന്വേഷണ ഏജൻസികൾ മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങൾ പോലും ഭരണകക്ഷിയുടെ ദാസ്യവേല ചെയ്തുതുടങ്ങിയ വേളയിലാണ് ഗവർണർമാരെയും രാഷ്ട്രപതിയെയും ഉപയോഗിച്ച് ഭരണത്തില്‍ നിന്ന് രാഷ്ട്രീയ എതിരാളികളെ പുറത്താക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയ ബിൽ കൊണ്ടുവന്നിരിക്കുന്നത്. അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്തതിന് കേസെടുക്കപ്പെട്ട് 30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ 31ാം ദിവസം പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാർ എന്നിവർ പുറത്താകുമെന്നാണ് വ്യവസ്ഥ. പ്രധാനമന്ത്രിയുടെ കാര്യത്തില്‍ രാഷ്ട്രപതി, മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ ഗവർണർ, ലഫ്റ്റ്നന്റ് ഗവർണർ, സംസ്ഥാന മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രി എന്നിവർക്ക് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള അധികാരമാണ് നൽകിയിരിക്കുന്നത്. സംസ്ഥാന മന്ത്രിമാരെ പുറത്താക്കുന്നതിന് മുഖ്യമന്ത്രി തയാറാകുന്നില്ലെങ്കിൽ അടുത്തദിവസം മുതൽ മന്ത്രി സ്വയമേവ പദവിയിൽ നിന്ന് വിരമിച്ചതായി കാണക്കാക്കുന്നതാണെന്നുമുണ്ട്. 

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ജനങ്ങളുടെ പ്രതീക്ഷകളെയും ആ­ഗ്രഹങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും രാഷ്ട്രീയത്തിനതീതമായി പൊതുതാല്പര്യത്തിനും ജനക്ഷേമത്തിനും വേ­ണ്ടി മാത്രമേ പ്രവർത്തിക്കൂ എന്നും ഉറപ്പുവരുത്തുകയാണ് ബില്ലിന്റെ ലക്ഷ്യങ്ങളെയും കാരണങ്ങളെയും കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പദവി വ­ഹിക്കുന്ന മന്ത്രിമാരുടെ സ്വഭാവവും പെരുമാറ്റവും സംശയാതീതമായിരിക്കണമെന്നതിനാൽ ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട് അറസ്റ്റിലാകുകയും കസ്റ്റഡിയിൽ കഴിയുകയും ചെയ്യുന്ന ഒരു മന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിൽ നിയമ നടപടികൾ തടസപ്പെടുത്താനും സ്വാധീനിക്കാനും സാധിക്കുമെന്നതിനാൽ ജനങ്ങൾക്ക് ഭരണഘടനാപരമാ­യ വിശ്വാസക്കുറവിന് കാരണമാകുമെന്നതിനാലാണ് ഈയൊരു നിർദേശമെന്നും പറയുന്നു. കേൾക്കുമ്പോൾ സുഖമുള്ള കാര്യമാണെങ്കിലും 11 വർഷമായി രാജ്യവും വിവിധ സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി സർക്കാരുകളുടെയും അന്വേഷണ ഏജൻസികളുടെയും നടപടിക്രമങ്ങളുടെ അനുഭവത്തിൽ നിന്ന് ഇവയെല്ലാം ഭയം ജനിപ്പിക്കുന്നതാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ്, സിബിഐ, എൻഐഎ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേസ് ചുമത്തുകയും 30 ദിവസത്തിലധികം ജയിലിലിടുകയും ചെയ്ത്, എതിരാളികളെ പുറത്താക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് ഇതിലൂടെ. 

ബിജെപി ഇതര സർക്കാരുകളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഈ വിധത്തിൽ ജയിലിലിട്ടതിന്റെ നിരവധി ഉദാഹരണങ്ങൾ ഇതികംതന്നെ രാജ്യത്തുണ്ടായി. ഡൽഹി മുഖ്യമന്ത്രിയായിരുന്നു അരവിന്ദ് കെജ്‌രിവാൾ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേൻ, ഡൽഹി മന്ത്രിയായിരിക്കെ മനീഷ് സിസോദിയ, തമിഴ്‌നാട്ടിലെ സെന്തിൽ ബാലാജി, തൃണമൂൽ കോൺഗ്രസിലെ അഭിഷേക് ബാനർജി, ടിആർഎസിലെ കെ കവിത എന്നിങ്ങനെ അടുത്തിടെ ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി അന്വേഷണ ഏജൻസികൾ കേസെടുത്ത് ജയിലിലാക്കിയവർ അനവധിയാണ്. അതേസമയം വൻ അഴിമതി, ക്രിമിനല്‍ കുറ്റകൃത്യാ രോപണങ്ങള്‍ നേരിട്ട അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ, രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധരെ രാജ സിന്ധ്യ, മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് തുടങ്ങിയവർക്ക് ഒരുദിവസം പോലും ജയിലിൽ കഴിയേണ്ടിവന്നില്ലെന്ന് മാത്രമല്ല അവർക്കെതിരെ കേസുപോലുമുണ്ടായില്ല. ബിജെപി വിരുദ്ധ പക്ഷത്തായിരുന്നപ്പോൾ ഗുരുതര അഴിമതിയാരോപണം നേരിടുകയും കേസിൽ കുടുങ്ങുകയും ചെയ്ത അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നിവർ തങ്ങൾക്കൊപ്പം ചേർന്നപ്പോൾ അതെല്ലാം ഇല്ലാതായതും സമീപകാല അനുഭവങ്ങളായുണ്ട്. വിചാരണ പൂർത്തിയായി കുറ്റക്കാരനെന്ന് കോ‍ടതി വിധിക്കുന്നതുവരെ ജയിലിൽ ഇടുന്നതുപോലും നീതിനിഷേധമാണെന്ന് സുപ്രീം കോടതിയടക്കം വിലയിരുത്തിയിരിക്കെയാണ് കേസിൽപ്പെടുന്നവർ ജനപ്രതിനിധികളാണെങ്കിൽ സ്ഥാനം നഷ്ടപ്പെടുമെന്ന കാടൻ വ്യവസ്ഥകളുമായി പുതിയ നിയമം കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഇത് നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയുമാകുന്നു. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ എന്നിവരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരെയല്ല, ബിജെപി ഇതര സംസ്ഥാന സർക്കാരുകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാകുന്ന കാര്യമാണ്. അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ അതിനെ അപലപിക്കുകയും ജനാധിപത്യത്തെയും ഭരണഘടനയെയും വാഴ്ത്തിപ്പാടുകയും ചെയ്തവർ തന്നെയാണ് സ്വേച്ഛാധിപത്യത്തിന്റെ പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത് എന്നത് കൂടുതൽ ഭീതിപ്പെടുത്തുന്നു. 

Exit mobile version